Breaking News

ഉടുതുണിക്കും രാഷ്ട്രീയമുണ്ട്

dayabaiഗൗരി.എസ്,  എസ്.എന്‍ കോളേജ്

എല്ലാവര്‍ക്കും വേഷമേ വേണ്ടൂ. അതുകൊണ്ടാണ് എല്ലാവരും വേഷം കെട്ടുന്നത്. വേഷം കെട്ടാത്തതുകൊണ്ടാണ് ലോകമറിയുന്ന നാലു പതിറ്റാണ്ടുകളായി ആദിവാസികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ദയാഭായി എന്ന 75 കാരിയെ കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്നിറക്കിവിട്ടത്. ആദിവാസി വേഷം ധരിച്ച ഒരു സ്ത്രീ കെ.എസ്.ആര്‍.ടി.സി-യില്‍ നിന്ന് അവകാശത്തെക്കുറിച്ച് പറയുകയോ! കഴുത്തില്‍ വലിയൊരു സ്റ്റീല്‍ റിംഗ്, കൈയ്യില്‍ സ്റ്റീല്‍ വളകള്‍, മൂക്കുത്തി. ആദിവാസികളെപ്പോലെ ചേലചുറ്റിയിട്ടുണ്ട്. ഇറക്കിവിടാന്‍ ഈ വേഷം തന്നെ ധാരാളം. നാടന്‍ മലയാളികള്‍ മനുഷ്യരുടെ വേഷങ്ങളിലാണ് നോക്കുന്നത്. വേഷം നോക്കി ആളെ തീരുമാനിക്കും. തലയ്ക്കകത്ത് ഒന്നും ഇല്ലെങ്കിലും കാണാന്‍ നല്ലൊരു തല ഉണ്ടായാല്‍ മതി. വായില്‍ നോക്കാന്‍ പറ്റിയ ഒരു ഫിഗര്‍ ആണെങ്കില്‍ കണ്ടക്ടര്‍ മാത്രമല്ല സഹയാത്രികരും വേണമെങ്കില്‍ വീട്ടില്‍ കൊണ്ടുചെന്നാക്കിക്കൊടുക്കും.

വിദേശരാജ്യങ്ങളിലെ വിവിധ യൂണിവേഴ്‌സിറ്റികളിലെ വിസിറ്റിങ് പ്രൊഫസറായ ദയാബായിയുടെ വായില്‍ നിന്ന് ഇംഗ്ലീഷ് ആയിരുന്നു വന്നിരുന്നതെങ്കിലും ആ കണ്ടക്ടറും ഡ്രൈവറും അമ്പരന്ന് വായ പൊളിക്കുമായിരുന്നു. (ദയാബായിയെ ഇറക്കിവിട്ട കണ്ടക്ടറും ഡ്രൈവറും മാത്രമല്ല കുറ്റക്കാര്‍ 75 വയസായ ഒരു സ്ത്രീയെ അപമാനിച്ച് ഇറക്കിവിടുന്നത് കണ്ടിട്ടും പ്രതികരിക്കാതിരുന്ന മരത്തലയന്മാരായ ആ ബസിലെ യാത്രക്കാരും കുറ്റവാളികള്‍ തന്നെയല്ലേ? മിണ്ടാതിരിക്കുന്നതാണ് മാന്യത എന്ന് ധരിച്ച ഇവന്മാരില്‍ ഒരുത്തനെങ്കിലും ഒരു ചെറുപ്പക്കാരി പരിഷ്‌കാരിണിയെയായിരുന്നു ഇറക്കിവിട്ടതെങ്കില്‍ പ്രതികരിക്കാതിരിക്കുമോ? അതാണ് ഒരു ശരാശരി മലയാളിയുടെ മനഃശാസ്ത്രം. അകത്തൊന്ന് പുറത്തൊന്ന്; ഉള്ളിന്റെ ഉള്ളില്‍ അറുപിന്തിരിപ്പനും വഷളനുമായ നാം പുറമേ പുരോഗമനവാദിയും പച്ചപരിഷ്‌കാരിയും ഒക്കെയായി അഭിനയിക്കും.)

വസ്ത്രത്തിന്റെ രാഷ്ട്രീയം (ദി ഫിലോസഫി ഓഫ് ഡ്രെസ്സ്) എന്നപേരില്‍ മിനാറോസസും ലൂസി എഡ്വേഡും ചേര്‍ന്ന് എഴുതിയ ഒരു പുസ്തകമുണ്ട്. ഒരു രാജ്യത്തിന്റെ ഔദ്യോഗിക വസ്ത്രധാരണ രീതികളും സംസ്‌കാരവും ഒക്കെയായി ബന്ധപ്പെടുത്തി എഴുതിയ പഠനങ്ങളാണവ. സായിപ്പ് ഏറെക്കാലം നമ്മെ ഭരിച്ചത് അവന്റെ ഭാഷകൊണ്ട് മാത്രമല്ല വേഷം കൊണ്ടുകൂടിയായിരുന്നു. അതുകൊണ്ടാണ് കൊളോണിയല്‍ അടിമത്തം ഇപ്പോഴും ഉള്ളില്‍ പേറി നടക്കുന്ന നമ്മള്‍ ഔദ്യോഗിക ചടങ്ങുകളിലും, നക്ഷത്ര ഹോട്ടലുകളിലും, മുന്തിയ കലാലയങ്ങളിലും, എന്തിന് സ്വകാര്യ ചാനലുകളില്‍ വാര്‍ത്തവായനക്കാര്‍ വരെ സായിപ്പിന്റെ വേഷം കെട്ടിയെത്തണമെന്ന് നിര്‍ബന്ധം പിടിക്കുന്നത്. ഗാന്ധിജി വസ്ത്രധാരണത്തിന്റെ രാഷ്ട്രീയം തിരിച്ചറിഞ്ഞതുകൊണ്ടാണ് അത്തരം വേഷംകെട്ടലുകളുടെ മുഖത്ത് നോക്കി ആഞ്ഞടിച്ചത്. അര്‍ദ്ധനഗ്നനായ ഫക്കീറായി സ്വയം മാറിയത്. ഇന്ത്യയിലെ ഓരോ കുട്ടിയുടേയും മനസില്‍ അര്‍ദ്ധനഗ്നനായ ഈ ഫക്കീറിന്റെ ചിത്രം പതിഞ്ഞുപോയതുകൊണ്ടാണ്, അല്ലെങ്കില്‍ വേഷംകൊണ്ടു നാം ഗാന്ധിജിയേയും നിരാകരിക്കുമായിരുന്നു.


Smiley face

മതപണ്ഡിതര്‍ ധരിക്കുന്ന വേഷങ്ങള്‍ക്ക് പോലും അധികാരത്തിന്റെ ചില ചിഹ്നങ്ങളുണ്ട്. ദൈവം ഹൃദയത്തിലേക്കാണ് നോക്കുന്നതെങ്കിലും മനുഷ്യര്‍, പ്രത്യേകിച്ച് മലയാളികള്‍ വേഷത്തിലേക്കാണ് നോക്കുന്നത്. ”കണ്ടാലറിയില്ലേ?” എന്നാണ് നമ്മള്‍ ചോദിക്കുന്നത്.

കണ്ടാല്‍ ചിലപ്പോള്‍ അറിയണമെന്നില്ല എന്നെങ്കിലും നാം അറിയണം. മധ്യപ്രദേശിലെ ഗോണ്ടുവര്‍ഗ്ഗക്കാരുടെ ജീവിതത്തെ നിര്‍ണയിച്ച ഒരു മഹതിക്ക് അവര്‍ ധരിച്ച വേഷത്തിന്റെ പേരില്‍ അപമാനം സഹിക്കേണ്ടി വന്നത് നമുക്ക് നല്‍കുന്നത് ഒരു പാഠമാണ്. പട്ടുടുത്താലേ രക്ഷയുള്ളൂ, പാവങ്ങളോട് എങ്ങിനേയും പെരുമാറാം എന്ന മലയാളി ധാര്‍ഷ്ട്യത്തിന്റെ പുതിയ പാഠം.

”മനുഷ്യനെ വേഷവും ഭാഷയും നോക്കി വിലയിടുന്ന ഈ നാട്ടില്‍ സ്‌നേഹത്തിന്റേയും അടിത്തട്ടിലുള്ള ജീവിതങ്ങളുടെ നേരിന്റേയും വ്യാപാരിയാണ് ഞാന്‍. മലയാളിയായ എനിക്ക് ഏറ്റവുമധികം അധിക്ഷേപം സഹിക്കേണ്ടി വന്നിട്ടുള്ളത് കേരളത്തിലെ യാത്രകള്‍ക്കിടയിലാണ്.

കറുത്തവരും വിലകുറഞ്ഞ വസ്ത്രമുടുക്കുന്നവരും ആത്മാഭിമാനമില്ലാത്തവരാണെന്ന് ഇവിടുത്തെ വിദ്യാസമ്പന്നരായ സമൂഹം കരുതുന്നുണ്ടോ? പാവങ്ങളെ ചൂഷണം ചെയ്യുന്നവര്‍ എന്നെ കുരയ്ക്കുന്ന പട്ടിയെന്നാണ് വിളിക്കുന്നത്. പരിഷ്‌കാരികളും സമ്പന്നരുമായ നിങ്ങള്‍ അധഃകൃതര്‍ എന്ന് വിളിച്ച് പരിഹസിക്കുന്ന ജനങ്ങള്‍ക്ക് നീതി കിട്ടുവോളം ഞാന്‍ കുരച്ചുകൊണ്ടേയിരിക്കും.”

രണ്ടാഴ്ചമുമ്പ് ദയാബായി പാലക്കാട്ടെ ഒരു ചടങ്ങില്‍ പ്രസംഗിച്ചതാണിങ്ങനെ. ഒരാഴ്ച കഴിയും മുമ്പ് തൃശൂരില്‍ നിന്ന് ആലുവയിലേക്ക് കെ.എസ്.ആര്‍.ഡി.സി ബസില്‍ യാത്ര ചെയ്ത അവരെ അസഭ്യവാക്കുകള്‍ പറഞ്ഞ് കണ്ടക്ടര്‍ ഇറക്കിവിട്ടു. ആദിവാസികളുടെ ഉന്നമനത്തിനായി കഴിഞ്ഞ 4 പതിറ്റാണ്ടിലേറെയായി മധ്യപ്രദേശിലെ ബറൂള്‍ എന്ന വിദൂര ഗ്രാമത്തില്‍ ജീവിക്കുന്ന ദയാബായി ഫാ: വടക്കന്റെ പേരിലുള്ള പുരസ്‌കാരം സ്വീകരിക്കാനാണ് ഇത്തവണ കേരളത്തില്‍ വന്നത്. 19-ന് അവാര്‍ഡ് ചടങ്ങ് കഴിഞ്ഞ് മറ്റൊരു പരിപാടിയിലും പങ്കെടുത്ത് പോലീസ് അകമ്പടിയോടെ കെ.എസ്.ആര്‍.ടി.സി ബസില്‍ കയറിയ ഈ ദേശീയ മനുഷ്യാവകാശ പ്രവര്‍ത്തകയെ തിരിച്ചറിയാന്‍ യാത്രക്കാര്‍ക്കോ, ബസ് ജീവനക്കാര്‍ക്കോ കഴിഞ്ഞില്ല.

ആലുവയില്‍ തനിക്കിറങ്ങേണ്ട സ്‌റ്റോപ്പ് എത്തിയോ എന്ന് ആവര്‍ത്തിച്ച് ചോദിച്ചപ്പോഴാണ് കണ്ടക്ടര്‍ മുരണ്ടത്. ”നിനക്ക് ഞാനല്ലേ ടിക്കറ്റ് തന്നത്?” എന്ന് ചോദിച്ചുകൊണ്ടായിരുന്നു 75 വയസുള്ള ദയാബായിയോട് കണ്ടക്ടര്‍ തട്ടിക്കയറിയത്. പിന്നീട് വാതിലിനടുത്തേക്ക് നീങ്ങിയ അവരെ ”അതവിടെ നില്‍ക്കട്ടെ” എന്ന് പറഞ്ഞ് പരിഹസിക്കുകയും ചെയ്തു.

”അത്, ഇത് എന്നൊന്നും വിളിക്കരുത്. മനുഷ്യരോട് പെരുമാറുന്ന മാന്യതയോടെ സംസാരിക്കൂ.” എന്ന മറുപടിയില്‍ രോഷംകൊണ്ട് ”ഇറങ്ങെടീ മൂധേവി. വയസ് കണക്കാക്കിയാണ്… അല്ലെങ്കില്‍ ഞാന്‍…” എന്നിങ്ങനെ ഉറക്കെ ആക്ഷേപിച്ചുകൊണ്ടാണ് ഇറക്കിവിട്ടത്.

”വാതില്‍ ആഞ്ഞടച്ച് ബസ് വിട്ടുപോയപ്പോള്‍ ഉള്ളില്‍ തികട്ടിവന്ന കരച്ചിലടക്കി നിന്ന എന്റെ അടുത്തേയ്ക്ക് തെരുവിലെ ചില പാവം കച്ചവടക്കാര്‍ വന്ന് എന്താണ് സംഭവിച്ചതെന്ന് അനുകമ്പയോടെ ചോദിച്ചു. എനിക്ക് മറുപടി പറയാനായില്ല. കേരളം വീണ്ടും വീണ്ടും എന്റെ വേഷത്തിലേക്ക് കൈ ചൂണ്ടി പ്പറയുന്നു, നീ വെറും നാലാംകിട സ്ത്രീ. നികൃഷ്ടയായ മനുഷ്യജീവി. അന്നേരം ഞാന്‍ ഓര്‍ത്തത് മറ്റൊന്നാണ് കേരളത്തില്‍ ലക്ഷക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികള്‍ കൂലിവേല ചെയ്യുന്നുണ്ട്. കാഴ്ചയില്‍ അവരും ഞാനും ഒരുപോലെയാണ്. പഠിപ്പില്ലാത്തവര്‍, നിറം മങ്ങിയ തുണി ഉടുത്തവര്‍, ഭാഷയുടെ നാട്യമില്ലാത്തവര്‍… അവരെല്ലാം എത്ര അപമാനം സഹിച്ചാവും ഇവിടെ പൊതുസ്ഥലങ്ങളില്‍ സഞ്ചരിക്കുന്നത്. അവര്‍ക്കുവേണ്ടിയാണ് ഞാന്‍ എന്റെ അപമാനം മാധ്യമങ്ങള്‍ക്ക് മുമ്പില്‍ തുറന്ന് കാട്ടാന്‍ തീരുമാനിച്ചത്.”

തൊണ്ടയിടറിയാണ് ദയാബായി പത്രസമ്മേളനത്തില്‍ സംസാരിച്ചത്. വര്‍ഷത്തിന്റെ പാതിയും യൂറോപ്പിലും അമേരിക്കയിലും പ്രശസ്ത യൂണിവേഴ്‌സിറ്റികളില്‍ വിസിറ്റിങ് പ്രൊഫസറായി വിദ്യാര്‍ത്ഥികള്‍ക്കും വിദ്യാഭ്യാസ വിചക്ഷണന്മാര്‍ക്കും ക്ലാസെടുക്കാന്‍ പോകാറുള്ള അവരെ അവിടെയാരും വിലകുറഞ്ഞ പരുത്തി സാരിയുടേയും കാതിലും കഴുത്തിലുമുള്ള ഗോത്ര മാതൃകയിലുള്ള ആഭരണങ്ങളുടേയും പേരിലും  കുറച്ച് കണ്ടിട്ടില്ല.

നിയമ ബിരുദമെടുത്തശേഷം മുംബൈയിലെ വിഖ്യാതമായ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സില്‍ നിന്ന് എം.എസ്.ഡബ്ലിയു കരസ്ഥമാക്കിയവര്‍ ലോകമെമ്പാടും ആദരിക്കപ്പെടുന്ന ഒരു വ്യക്തിയാണ്. അവരെ തിരിച്ചറിയാത്തത് അവര്‍ക്ക് ജന്മം നല്‍കിയ മരത്തലയന്മാരുടെ നാടായി മാറിക്കൊണ്ടിരിക്കുന്ന കേരളം മാത്രം.

ബീഹാര്‍, ഹരിയാന, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ ആദിവാസികള്‍ക്കും അവഗണിക്കപ്പെട്ട വിഭാഗങ്ങള്‍ക്കുമിടയില്‍ ദീര്‍ഘവര്‍ഷങ്ങള്‍ സേവനം ചെയ്ത അവര്‍ ബംഗ്ലാദേശിലെ യുദ്ധഭൂമിയിലുമെത്തി. പരിക്കേറ്റ മനുഷ്യരെ ശുശ്രൂഷിച്ചും ചിതറിക്കിടന്ന ശവശരീരങ്ങള്‍ സ്വന്തം തോളിലേറ്റി മറവുചെയ്തും അമാനുഷമായ സ്ത്രീശക്തി പ്രകടിപ്പിച്ച അവരെയാണ് കേരളം ഇങ്ങനെ നാണം കെടുത്തിയത്. കരയിച്ചത്.

40 വര്‍ഷമായി മധ്യപ്രദേശിലെ ചിന്ത്‌വാഡ ജില്ലയിലെ തിന്‍സായിലും ബറൂള്‍ എന്ന ആദിവാസി ഗ്രാമത്തിലുമാണ് അവരുടെ ജീവിതം. ആദ്യമായി ആ ഗ്രാമത്തില്‍ പോയപ്പോള്‍ ”നീയാരാണ്? എന്തിനിവിടെ വന്നു? ഞങ്ങള്‍ കാട്ടിലെ കുരങ്ങന്മാരാണ്” എന്നെല്ലാം ആത്മനിന്ദയോടെ പറഞ്ഞ ഊരുമൂപ്പന്റെ വാക്കുകളാണ് ഇന്നത്തെ വേഷമണിയാന്‍ ദയാബായിയെ പ്രേരിപ്പിച്ചത്.

”അവര്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെങ്കില്‍ ആദ്യം അവരുടെ വിശ്വാസം നേടണം. നഗരവാസികളെ ആദിവാസികള്‍ക്ക് ഭയമാണ്. അവരുടെ വിശ്വാസം നേടാന്‍ ഞാന്‍ അവരുടെ വേഷം ധരിച്ചു. അവരുടെ ആഭരണങ്ങള്‍ അണിഞ്ഞു. അവരെപ്പോലെ മണ്‍വീട് സ്വയം കെട്ടിയുണ്ടാക്കി അതിലുറങ്ങി. അവരുടെകൂടെ പാടങ്ങളില്‍ പണിയെടുത്തു. അവരുണ്ണുന്നതെന്തോ അതുമാത്രം ഉണ്ടു.”

ഒടുവില്‍ ആ പാവങ്ങള്‍ തിരിച്ചറിഞ്ഞു. പിന്നീടവര്‍ വിളിക്കുന്നത് ദയാബായി എന്നാണ്. ദയാബായി, അതാണവര്‍ തിരിച്ചറിഞ്ഞ ഉടുതുണിയുടെ രാഷ്ട്രീയം. നമുക്ക് ഒരിക്കലും തിരിച്ചറിയാന്‍ പറ്റാത്തതും.


Smiley face

Comments

comments

Comments are closed.