Breaking News

ബി.ജെ.പി. യില്‍ പുതിയ ഗ്രൂപ്പ് പോര്

ബി.ജെ.പി-യുടെ സംഘടനാ പ്രവര്‍ത്തനത്തില്‍ ആര്‍.എസ്.എസ് പിടിമുറുക്കിയതോടെ പാര്‍ട്ടിയില്‍ പുതിയ ഗ്രൂപ്പ് പോരിന് കളമൊരുങ്ങുന്നു. ആര്‍.എസ്.എസ് മേധാവി ഡോ. മോഹന്‍ ഭാഗവത് കഴിഞ്ഞദിവസം കൊച്ചിയിലെത്തി ഇരു സംഘടനാ നേതാക്കളേയും പ്രത്യേകം കണ്ട് ചര്‍ച്ച നടത്തിയതും ബി.ജെ.പി-യില്‍ ആര്‍.എസ്.എസ് പിടിമുറുക്കുന്നതിന്റെ സൂചനയായിട്ടുവേണം കരുതാന്‍. തെക്കന്‍ ജില്ലകളിലേതുപോലെ വടക്കന്‍ ജില്ലകളിലും ആധിപത്യം ഉറപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്നാണ് ബി.ജെ.പി നേതാക്കള്‍ക്ക് ആര്‍.എസ്.എസ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

ആര്‍.എസ്.എസില്‍ നിന്നും 30-ഓളം നേതാക്കളെ മുഴുവന്‍സമയ പ്രവര്‍ത്തനത്തിനായി ബി.ജെ.പി-യിലേക്ക് നിയോഗിച്ചിട്ടുണ്ട്. ബി.ജെ.പി-യുടെ നേതൃത്വം നിയന്ത്രിക്കാന്‍ ആര്‍.എസ്.എസ് രംഗത്തെത്തിയതില്‍ ബി.ജെ.പി-യിലെ ഒരു വിഭാഗത്തിനു കടുത്ത അതൃപ്തിയുണ്ട്. ആര്‍.എസ്.എസ് പിടിമുറുക്കിയതോടെ നിലവിലുള്ള സംസ്ഥാന ജനറല്‍ സെക്രട്ടറിമാര്‍, വൈസ് പ്രസിഡന്റുമാര്‍, സംസ്ഥാന സെക്രട്ടറിമാര്‍, സംസ്ഥാന വക്താവ് തുടങ്ങിയ പദവികള്‍ക്ക് വേണ്ടിയും ചരടുവലി ശക്തമായിട്ടുണ്ട്. ബി.ജെ.പി ദേശീയ സമിതി അംഗങ്ങളായ പി.കെ.കൃഷ്ണദാസ്, ശോഭാസുരേന്ദ്രന്‍, മുന്‍ സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഗ്രൂപ്പുകളി സജീവമായിരിക്കുന്നത്.

നിലവില്‍ 4 ജനറല്‍ സെക്രട്ടറിമാരില്‍ 2 പേര്‍ മുരളീധരന്‍ പക്ഷക്കാരാണ്. ഒരാള്‍ പി.കെ.കൃഷ്ണദാസ് വിഭാഗം. ഇവരില്‍ മുരളീധര പക്ഷത്തിലെ കെ.പി.ശ്രീശനും, കൃഷ്ണദാസ് വിഭാഗത്തിലെ എ.എന്‍.രാധാകൃഷ്ണനും മാറിയേക്കും. പുതിയ ഗ്രൂപ്പ് നേതാവായ ശോഭാസുരേന്ദ്രന്‍, നിലവിലെ വൈസ് പ്രസിഡന്റ് എം.ടി.രമേശ് എന്നിവരാണ് ആ സ്ഥാനത്തേക്ക് നോട്ടമിട്ടിരിക്കുന്നത്. രമേശിനെ ജനറല്‍ സെക്രട്ടറിയാക്കണമെന്ന് കഴിഞ്ഞതവണയും പി.കെ.കൃഷ്ണദാസ് ആവശ്യപ്പെട്ടിരുന്നു. ശ്രീശനെ വൈസ്പ്രസിഡന്റ് ആക്കാനാണ് മുരളീധരപക്ഷത്തിന്റെ നീക്കം. മുന്‍ സംസ്ഥാന വക്താവ് എം.എസ്.കുമാറും നേതൃത്വത്തിലേക്ക് തിരിച്ചുവന്നേക്കുമെന്നും സൂചനയുണ്ട്.

Comments

comments

Comments are closed.