Breaking News

സുന്ദരികൾ , പണം , ജോലി ; പട്ടാളക്കാർ ജാഗ്രതൈ !

ന്യൂഡൽഹി∙ ഇന്ത്യൻ പ്രതിരോധ മേഖലയിലേക്ക് കടന്നുകയറ്റം നടത്തുന്നതിന് പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസി (ഐഎസ്ഐ) ശ്രമിക്കുന്നതായി പ്രതിരോധ മന്ത്രാലയത്തിന് ആഭ്യന്തരമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. സേനയിൽ നിന്നും വിരമിച്ച സൈനികരെ ജോലി വാഗ്ദാനം നൽകിയും സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തും കൈയ്യിലെടുക്കാൻ ശ്രമം നടക്കുന്നുവെന്നാണ് മുന്നറിയിപ്പ്.

വിരമിച്ച സൈനികർക്ക് സഹായം വാഗ്ദാനം ചെയ്തുകൊണ്ട് ഒരു വ്യാജ സംഘടന വടക്കേന്ത്യയിൽ രൂപീകരിച്ചിട്ടുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം അറിയിച്ചിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. ചില സൈനികർക്ക് ഈ സംഘടനയിൽനിന്ന് സഹായം ലഭിച്ചിട്ടുണ്ട്. തുടക്കത്തിൽ ഇത്തരത്തിലുള്ള സഹായങ്ങൾ ചെയ്തെങ്കിലും പിന്നീട് പ്രതിരോധ രഹസ്യങ്ങൾ ചോർത്തുന്നതിലേക്ക് അവരുടെ ശ്രദ്ധമാറി. നിലവിൽ സേനയിലുള്ളവരോട് പ്രതിരോധ കാര്യങ്ങൾ ചോദിച്ചറിയുന്നതിന് സൈനികർക്ക് ഇവർ നിർദേശം നൽകിയിരുന്നു. ഇത് സൈനികരിൽ സംശയത്തിനിട നൽകിയെന്നും അധികൃതർ പറ‍ഞ്ഞു. പ്രതിരോധ മന്ത്രായലയത്തോട് ഇതേപ്പറ്റി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇവരോട് അടുത്ത വൃത്തങ്ങൾ പറയുന്നു.

ഇന്ത്യൻ സേനയിൽ തന്നെയുള്ളവരെ സ്വാധീനിച്ച് പാക്കിസ്ഥാൻ വിവരങ്ങൾ ശേഖരിക്കുന്നതായുള്ള വിവരങ്ങൾ പുറത്തുവന്നിരുന്നു. ഐഎസ്ഐയ്ക്കു വേണ്ടി വിവരങ്ങൾ ചോർത്തിയ മലയാളിയായ വ്യോമസേന ഉദ്യോഗസ്ഥനെ ഇന്നലെ പിടികൂടുകയും ചെയ്തിരുന്നു. സാമൂഹിക മാധ്യമങ്ങളിൽ കൂടെ ഒരു യുവതിയുടെ സഹായത്തോടെയാണ് രഞ്ജിത്തുമായി അവർ ബന്ധം സ്ഥാപിച്ചത്.

Comments

comments