Breaking News

സാഫ് ; ഇന്ന് ഇന്ത്യ ഇറങ്ങും

സാഫ് ഫുട്ബോൾ സെമിഫൈനലിൽ ഇന്നു കാര്യവട്ടം സ്റ്റേഡിയത്തിൽ 3.30ന് ഇന്ത്യ മാലദ്വീപിനെയും 6.30ന് അഫ്ഗാനിസ്ഥാൻ ശ്രീലങ്കയെയും നേരിടും. പരുക്കും പരിശീലനത്തിനുള്ള സമയക്കുറവും അലട്ടുന്നുണ്ടെങ്കിലും മാലദ്വീപിനെ തോൽപ്പിച്ചു ഫൈനലിലെത്താമെന്ന പ്രതീക്ഷയിലാണു ടീം ഇന്ത്യ. കഴിഞ്ഞ മൂന്നു സാഫ് ടൂർണമെന്റുകളിലും മാലദ്വീപിനെ തോൽപ്പിച്ച ഇന്ത്യയ്ക്കു ചരിത്രം ആത്മവിശ്വാസം പകരും.

മുന്നേറ്റനിരയിലെ പ്രധാന താരം റോബിൻ സിങ് പരുക്കുമൂലം സെമിയിൽ കളിക്കില്ലെന്ന് ഉറപ്പായതോടെ പകരക്കാരനുവേണ്ടി പുതിയ തന്ത്രങ്ങളൊരുക്കുകയാണ് കോച്ച് സ്റ്റീഫൻ കോൺസ്റ്റന്റൈൻ. നേപ്പാളിനെതിരെ അരങ്ങേറ്റം കുറിക്കുകയും രണ്ടു ഗോൾ നേടുകയും ചെയ്ത ടീമിലെ പയ്യൻസ് ഛാങ്തേ ഇന്നു കളിക്കുമെന്നാണു സൂചന.

മാലദ്വീപ് മികച്ച ടീമാണെന്നും കളി കടുപ്പമായിരിക്കുമെന്നും കോൺസ്റ്റന്റൈൻ പറഞ്ഞു. റോബിൻ സിങ്ങിന്റെ അസാന്നിധ്യം തിരിച്ചടിയാണെങ്കിലും ആശങ്കയല്ല. റോബിനു പകരമിറങ്ങിയവരും നന്നായി കളിക്കുന്നുണ്ട്. പുതിയ താരങ്ങൾക്ക് അവസരം നൽകണമെന്ന തീരുമാനം സെമിയിലും ആവർത്തിക്കുമോ എന്ന ചോദ്യത്തിന് കാത്തിരുന്നു കാണൂ എന്നായിരുന്നു കോച്ചിന്റെ മറുപടി.
<p>പുതിയവർക്ക് അവസരം നൽകുന്നതല്ല, അവരെ വേണ്ട രീതിയിൽ വളർത്തിയെടുക്കുക എന്നതാണു പ്രധാനമെന്നും കോൺസ്റ്റന്റൈൻ പറഞ്ഞു. ക്ലബ്ബുകളുടെയും മാധ്യമങ്ങളുടെയും താൽപര്യങ്ങൾക്കു വഴങ്ങുന്ന പലരെയും പിന്നീടു കാണാറില്ല. ഇന്ത്യൻ ടീമിന്റെ കായികശേഷി വർധിപ്പിക്കുന്നതിൽ ഐഎസ്എൽ വലിയ പങ്കൊന്നും വഹിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
നാട്ടുകാർക്കു മുന്നിൽ കളിക്കുന്നത് ഇന്ത്യയ്ക്ക് അനുകൂല ഘടകമാണ്. പക്ഷേ, ഇന്ത്യയുടെ രണ്ടു കളികൾക്കു മാത്രമാണ് ഇതുവരെ കാര്യമായി കാണികളെത്തിയത്. ഇന്നു കൂടുതൽ ആരാധകരെത്തുമെന്നാണു സംഘാടകരുടെ കണക്കുകൂട്ടൽ. മാലദ്വീപിൽനിന്നുള്ള ഫുട്ബോൾ ആരാധകരും ടീമിന്റെ കളി കാണാൻ എത്തിയിട്ടുണ്ട്. ആദ്യറൗണ്ടിലെ രണ്ടു കളികളും ജയിച്ചു ഗ്രൂപ്പ് ജേതാക്കളായാണ് ഇന്ത്യ സെമിയിലെത്തിയത്.
ശ്രീലങ്കയും നേപ്പാളും ഇന്ത്യയ്ക്കു കടുത്ത മൽസരംപോലും സമ്മാനിച്ചില്ല. അതേസമയം, ഭൂട്ടാനെയും ബംഗ്ലദേശിനെയും തോൽപ്പിച്ച മാലദ്വീപ് ശക്തരായ അഫ്ഗാനിസ്ഥാനോടു തോറ്റു. ഈ തോൽവി ടീമിന്റെ പോരായ്മകൾ തിരിച്ചറിയാനും പരിഹരിക്കാനുമുള്ള അവസരമൊരുക്കിയെന്ന് കോച്ച് റിക്കി ഹെർബെർട്ട് പറഞ്ഞു.
ശ്രീലങ്കയ്ക്കെതിരെ, അഫ്ഗാനിസ്ഥാൻ വിജയപ്രതീക്ഷയിലാണ്. ടൂർണമെന്റിലെ ഇതുവരെയുള്ള പ്രകടനം വിലയിരുത്തിയാലും അഫ്ഗാൻതന്നെയാണു മുന്നിൽ. അഫ്ഗാൻ കരുത്തരാണെങ്കിലും ഫലം മാറിമറിയാൻ ഒരു നിമിഷം മതിയെന്നാണ് ശ്രീലങ്കൻ കോച്ച് സമ്പത്ത് പെരേരയുടെ ആത്മവിശ്വാസം നിറഞ്ഞ വാക്കുകൾ.
പ്രതിരോധത്തിലൂന്നിയുള്ള ഗെയിം പ്ലാൻ മാറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. ശ്രീലങ്കയെ വിലകുറച്ചു കാണുന്നില്ലെന്നും ഫൈനലിലെ എതിരാളികളെക്കുറിച്ച് ആശങ്കപ്പെടുന്നില്ലെന്നും അഫ്ഗാൻ കോച്ച് പീറ്റർ സെഗറും ക്യാപ്റ്റൻ ഫൈസൽ ഷായസ്തെയും പറഞ്ഞു.
ശാരീരികക്ഷമതയ്ക്കൊപ്പം കളിക്കളത്തിലെ മാനസിക ആധിപത്യത്തെയും കീഴടക്കാൻ ഇന്ത്യൻ വനിതകൾ പഠിച്ചുതുടങ്ങിയെന്നു കണക്കുകൾ തെളിയിക്കുന്നു. പ്രഫഷനൽ തലത്തിലേക്കുള്ള ഈ വളർച്ച നൽകുന്ന ശുഭപ്രതീക്ഷയിലാണ് ഇന്ത്യൻ കായികരംഗം.

Comments

comments