Breaking News

സ്തനാര്‍ബുദം പേടി വേണ്ട ; നേരത്തെ കണ്ടെത്തിയാൽ ചികിത്സിക്കാം

 

BreastCancerAwareness

ഇന്ത്യയില്‍ സ്തനാര്‍ബുദം കൂടുതലായും കാണുന്നത്  35 മുതല്‍55 വയസുവരെ പ്രായമുള്ള സ്ത്രീകളിലാണ്. കൂടുതല്‍രോഗികളും 35 വയസിനടുത്ത് പ്രായമുള്ളവരും. പുതിയ തലമുറയില്‍കണ്ടുവരുന്ന വൈകിയുള്ള പ്രസവവും മുലയൂട്ടല്‍ കുറയുന്നതും സ്തനാര്‍ബുദ രോഗികളുടെ എണ്ണം കൂടുന്നതിനുള്ള കാരണങ്ങളായി വിദഗ്ധര്‍പറയുന്നു. തുടക്കത്തില്‍ കണ്ടെത്തിയാല്‍ ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയുന്ന രോഗമാണെങ്കിലും  കേരളത്തില്‍   പലരും പരിശോധനകള്‍ക്കും തുടര്‍ചികിത്സകള്‍ക്കും മടിക്കുന്നു. അതിനാല്‍ ഇവിടെ മരണസംഖ്യ കൂടുന്നു. നേരത്തെ കണ്ടെത്തിയാല്‍ സ്തനം നീക്കം ചെയ്യേണ്ട അവസ്ഥ ഒഴിവാക്കാം. ചെലവു കുറഞ്ഞ ലളിതമായ ചികിത്സാ രീതികള്‍ മതിയാവും. രോഗം ചികിത്സിച്ച് ഭേദമാക്കാനുള്ള സാധ്യതയും കൂടുതലാണ്.

രോഗം വരാനുള്ള സാധ്യത സ്ത്രീകളില്‍

12 വയസ്സിന് മുമ്പ് ആര്‍ത്തവം ആരംഭിച്ചവര്‍, 55 വയസ്സിന് ശേഷം ആര്‍ത്തവ വിരാമം സംഭവിച്ചവര്‍ 30 വയസ്സിന് ശേഷം മാത്രം ആദ്യത്തെ ഗര്‍ഭധാരണംനടന്നവര്‍, ഒരിക്കലും ഗര്‍ഭം ധരിക്കാത്തവര്‍, ആര്‍ത്തവ വിരാമത്തിന് ശേഷം അമിത ഭാരം ഉണ്ടായവര്‍, വ്യായാമം ചെയ്യാത്തവര്‍ ദുര്‍മേദസ്സ് ബാധിച്ചവര്‍, നീണ്ടകാല ഹോര്‍മോണ്‍ ചികിത്സ എടുത്തവര്‍, മറ്റ് സ്തനരോഗങ്ങള്‍ ഉണ്ടായിട്ടുള്ളവര്‍ എന്നിവര്‍ക്ക് രോഗം വരാനുള്ള സാധ്യത മറ്റുള്ളവരുടേതിനേക്കാള്‍ കൂടുതല്‍ ആണ്. ഇവര്‍ പരിശോധനകള്‍ കൃത്യമായി നടത്തണം. അമ്മ, മകള്‍. സഹോദരി തുടങ്ങി കുടുംബത്തില്‍ മറ്റാര്‍ക്കെങ്കിലും  സ്തനാര്‍ബുദം ഉണ്ടായിട്ടുണ്ടെങ്കില്‍ പ്രത്യേകം ശ്രദ്ധിക്കണം.
ലക്ഷണങ്ങള്‍

സ്തനത്തിലുണ്ടാകുന്ന കല്ലിപ്പ്, മുഴ, സ്തനാകൃതിയിലെ മാറ്റം, സ്തനചര്‍മത്തിലെ വ്യതിയാനങ്ങള്‍, മുലഞെട്ട് ഉള്ളിലേക്ക് വലിയുക, മുലക്കണ്ണില്‍ നിന്നുള്ള സ്രവങ്ങള്‍, വ്രണങ്ങള്‍. കക്ഷത്തിലുണ്ടാകുന്ന കഴലവീക്കം എന്നിവ സ്തനാര്‍ബുദത്തിന്‌റെ ലക്ഷണങ്ങളായി കണ്ടുവരുന്നു.

സ്വയം  പരിശോധനയിലൂടെ സ്തനാര്‍ബുദം കണ്ടെത്താം

ആരംഭത്തിലേ തന്നെ സ്തനാര്‍ബുദം സ്വയം കണ്ട് പിടിക്കാന്‍ കഴിയുന്ന ലളിതമായ മാര്‍ഗമാണ് ബ്രെസ്റ്റ് സെല്‍ഫ് എക്‌സാമിനേഷന്‍  (ബി.എസ്.ഇ ). നിരീക്ഷണത്തിലൂടെയും തൊട്ടുള്ള പരിശോധനയിലൂടെയും അര്‍ബുദ സാധ്യത പരിശോധിക്കുന്ന മാര്‍ഗമാണിത്. ആര്‍ത്തവം കഴിഞ്ഞ് ഒരാഴ്ചയ്ക്കകമാണ് ബി.എസ്.ഇ. ചെയ്യുന്നത്.  ഒരു കണ്ണാടിയുടെ മുന്നില്‍ നിന്ന് കൈകള്‍ താഴ്ത്തിയിട്ട് നട്ടെല്ല് നിവര്‍ത്തി നിന്നും ഇരു കൈകളും ഒരുമിച്ച് ഉയര്‍ത്തിയും കൈകള്‍ രണ്ടും അരക്കെട്ടിലൂന്നിയും മേല്‍പ്പറഞ്ഞ രോഗ ലക്ഷണങ്ങള്‍ ഉണ്ടോയെന്ന് പരിശോധിക്കാം. തൊട്ടു കൊണ്ടുള്ള പരിശോധന നിന്നുകൊണ്ടോ കിടന്നു കൊണ്ടോ ചെയ്യാം. കൈയിലെ പെരുവിരല്‍ ഒഴികെയുള്ള നാല് വിരലുകള്‍ കൊണ്ടാണ് പരിശോധന നടത്തേണ്ടത്. ഇടത് കൈവിരലുകള്‍ കൊണ്ട് വലത്തേ സ്തനത്തിലും അതിന് ചുറ്റിനും മൃദുവായി അമര്‍ത്തി വൃത്താകൃതിയില്‍ ചലിപ്പിച്ചുകൊണ്ട് പരിശോധിക്കുക. തടിപ്പുകളോ കല്ലിപ്പോ മുഴകളോ ഉണ്ടോ എന്നാണ് പരിശോധിക്കേണ്ടത്. ശേഷം വലതു കൈവിരലുകള്‍ കൊണ്ട് ഇടത് സ്തനവും പരിശോധിക്കുക. കക്ഷത്തിലും എന്തെങ്കിലും കല്ലിപ്പോ തടിപ്പോ ഉണ്ടോ എന്ന് പരിശോധിക്കാം. പ്രായപൂര്‍ത്തിയായ എല്ലാ സ്ത്രീകളും മാസത്തിലൊരിക്കലെങ്കിലും സ്വയം സ്തനപരിശോധന നടത്തണം.

ആരംഭദശയിലുള്ള സ്തനാര്‍ബുദം കണ്ടുപിടിക്കാനുള്ള മാര്‍ഗം മാമോഗ്രഫി ആണ്. വീര്യം കുറഞ്ഞ എക്‌സ്റേ കിരണങ്ങള്‍ സ്തനത്തിലൂടെ കടത്തിവിട്ടാണ് പിരിശോധന നടത്തുന്നത്. ആര്‍ത്തവം കഴിഞ്ഞ് ഒരാഴ്ചയ്ക്കകമാണ് മാമോഗ്രഫി നടത്തേണ്ടത്. പ്രായം കുറഞ്ഞ സ്ത്രീകള്‍ക്ക് സോണോഗ്രഫി നടത്താറുണ്ട് . എം.ആര്‍.ഐ. സ്‌കാനിങ്ങും ഒരു    പരിശോധനാമാര്‍ഗമാണ്

കൗമാര പ്രായത്തില്‍ത്തന്നെ പ്രതിരോധിക്കാം

70 ശതമാനം സ്തനാര്‍ബുദവും ആര്‍ത്തവ വിരാമത്തിന് ശേഷവും 30 ശതമാനം അതിനു മുന്‍പുമാണ് കാണുന്നത്. പ്രായപൂര്‍ത്തിയാകുന്നതിനും ആദ്യത്തെ ഗര്‍ഭധാരണത്തിനും ഇടയിലുള്ള കാലയളവ് സ്തനത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കാണ് വഹിക്കുന്നത്. ശരിയായ ആഹാര രീതി, വ്യായാമം, ആരോഗ്യകരമായ ഭാരം, പുകവലി, മദ്യപാനം തുടങ്ങിയ ദുശ്ശീലങ്ങള്‍ ഒഴിവാക്കല്‍ എന്നീ കാര്യങ്ങള്‍ കൗമാര പ്രായത്തില്‍ത്തന്നെ ശ്രദ്ധിച്ചാല്‍ സ്തനാര്‍ബുദം വരാനുള്ള സാദ്ധ്യതകള്‍ കുറയ്ക്കാം. സോയാബീനില്‍ അടങ്ങിയിരിക്കുന്ന ഐസോ ഫ്ലാനോസ് സ്തനാര്‍ബുദത്തെ പ്രതിരോധിക്കാന്‍ സഹായിക്കും. നാര് കൂടുതലുള്ള ആഹാരവും മത്സ്യവും ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് സ്തനാര്‍ബുദ സാധ്യത കുറയ്ക്കും. ചുവന്ന മാംസം കഴിക്കുന്നത് കുറക്കാം.

സ്തനാര്‍ബുദം പുരുഷന്മാരിലും

പുരുഷന്മാരിലും സ്തനാര്‍ബുദം അപൂര്‍വമായി കണ്ട് വരുന്നു. സ്തനത്തില്‍വേദനയില്ലാത്ത മുഴയായാണ് കാന്‍സര്‍ രൂപപ്പെടുന്നത്. മുഴ നീക്കം ചെയ്യുകയാണ് ചികിത്സ മാര്‍ഗം. സ്തനങ്ങള്‍നീക്കം ചെയ്യേണ്ടി വന്നാല്‍ പുനര്‍നിര്‍മിക്കാനുള്ള സംവിധാനവും നിലവിലുണ്ട്.

Comments

comments