റെക്കോഡുകള്‍ തിരുത്തപ്പെടാനുള്ളതാണ്. തിരുത്തുന്നവര്‍ വാഴ്ത്തപ്പെടും അങ്ങനെ ചില പിറവികള്‍ക്ക് വേണ്ടിയാണ് കായിക ലോകം എന്നും കാത്തിരിക്കുന്നത്. ഓരോ വര്‍ഷവും പിറക്കുമ്പോഴും പുതിയ ഉസൈന്‍ ബോള്ട്ടുമാരെയും സെറീന വില്യംസുമാരെയും പരതുകയാണ് ലോകം. പുതിയ ജേതാക്കള്‍ ഇതിഹാസങ്ങളാകുന്നതും കാത്ത് കായിക ലോകം മറ്റൊരു വര്‍ഷത്തിലേക്ക് മറിയുമ്പോള്‍ പോയി മറിയുന്ന ആണ്ടിലൂടെ ഒന്ന് കണ്ണോടിക്കുമ്പോള്‍.
ഉസൈന്‍ ബോള്‍ട്ട്-
പുതുവര്‍ഷത്തില്‍ റിയോയിലെ ഒളിംപിക്സ് കായിക ലോകം ഒരുങ്ങുമ്പോള്‍ ബോള്‍ട്ടിന് പടിയിറക്കത്തിന്റെ ആണ്ടാണ്. റിയോയിലെ ഒളിംപിക്സ് ട്രാക്കില്‍ മറ്റൊരു സ്പ്രിന്റ് ചാമ്പ്യന്‍പ്പട്ടം കൂടിയണിഞ്ഞ് ജെസി ഓവന്‍സിനും കാള്‍ ലൂയിസിനുമൊപ്പം അത്ലറ്റിക്സിന്റെ ചരിത്ര പുസ്കത്തിലെ സുവര്‍ണ താരമാകാന്‍ ഒരുങ്ങുകയാണ് ഈ ജമൈക്കന്‍ കൊടുങ്കാറ്റ്.
സെറീന വില്യംസ്
വെള്ളക്കാരന്റെ തൊലിവെളുപ്പിന് പിന്നാലെ ടെന്നിസ് ആരാധകര്‍ കുടിയിരുന്ന കാലത്തായിരുന്നു കാരിരുമ്പിന്റെ കരുത്തും കറുപ്പിന്റെ അഴകുമായി സെറീന വില്യംസിന്റെ വരവ്. അരങ്ങേറ്റം കുറിച്ച് 16 വര്‍ഷം കടന്നിട്ടും മാരിവില്ലഴകുമായി സെറീന കോര്‍ട്ടിലുണ്ട്. മായുന്ന വര്‍ഷത്തില്‍ മൂന്ന് സിംഗിള്‍സ് ഗ്രാന്സ്ലാം കിരീടവുമായി.
സാനിയ മിര്‍സ
വിവാദങ്ങള്‍ക്കും വീരേതിഹാസങ്ങള്ക്കും ഇടനല്‍കിയ ഇന്ത്യന്‍ കായികരംഗത്ത് മിന്നിത്തിളങ്ങുന്നത് ടെന്നീസ് കോര്‍ട്ടില്‍ സാനിയ മിര്‍സയുടെ നേട്ടങ്ങള്‍. മാര്‍ട്ടിന ഹിംഗിസിനൊപ്പം ഇരട്ട ഗ്രാന്സ്ലാം അണിഞ്ഞ സാനിയ ലോകറാങ്കിംഗില്‍ ഒന്നാം സ്ഥാനവും നിലനിര്‍ത്തി. വിംബിള്‍ഡന്‍, യുഎസ് ഓപ്പണ്‍ ഗ്രാന്‍സ്ലാമിന് പുറമെ വിമ്പിള്‍ഡണില്‍ മികസ്ഡ് ഡബിള്‍സ് കിരീടവും സാനിയ അണിഞ്ഞു.