ചൈനീസ് ഓണ്‍ലൈന്‍ ഭീമനായ ആലിബാബയുടെ ഏറ്റവും വലിയ രണ്ടാമത്തെ വിപണിയായി ഇന്ത്യ മാറുന്നു. നിലവില്‍ ഇന്ത്യയില്‍ 40 ലക്ഷത്തിലധികം ഉപഭോക്താക്കളാണ് ആലിബാബയ്ക്കുള്ളത്. വാണിജ്യരംഗത്ത് വന്‍ മുന്നേറ്റത്തിന് സാധ്യതയുള്ള രാജ്യമാണ് ഇന്ത്യയെന്നും പുതിയ പ്ലാറ്റ്ഫോമിലൂടെ വിപണിയിലേക്ക് ചുവടുവയ്ക്കുകയാണ് ലക്ഷ്യമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.
ജനസംഖ്യ, വ്യവസായം തുടങ്ങിയ കാര്യങ്ങളില്‍ ഇന്ത്യയിലേയും ചൈനയിലേയും സാഹചര്യം സമാനമാണെന്നും കമ്പനി പറയുന്നു. ആലിബാബയുടെ ഇന്ത്യയിലെ സഹസ്ഥാപനം രാജ്യത്തെ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കായി ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം തുറന്നിരുന്നു. സാമ്പത്തിക സഹായം, ഉല്‍പ്പന്നങ്ങളുടെ പരിശോധന, സാങ്കേതിക വിദ്യ തുടങ്ങി നിരവധി സഹായങ്ങള്‍ കമ്പനികള്‍ക്ക് ഈ പ്ലാറ്റ്ഫോമിലൂടെ ലഭ്യമാകും. സംരംഭങ്ങള്‍ക്ക് സഹായം നല്‍കുന്നതിനായി ഐ.സി.ഐ.സി ബാങ്ക്, കൊടക്-മഹേന്ദ്ര ബാങ്ക്, ക്രിസില്‍ റേറ്റിങ്ങ് തുടങ്ങിയ സ്ഥാപനങ്ങളുമായി ആലിബാബ കരാറിലേര്‍പ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ ബിസിനസ് ടു ബിസിനസ് പ്ലാറ്റ്ഫോം സ്ഥാപിക്കുന്നതിലൂടെ ഉപഭോക്താക്കളേയും വ്യാപാരികളേയും ഒരു കുടക്കീഴില് കൊണ്ടുവരികയാണ് ലക്ഷ്യം. ആഗോളതലത്തില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന് ഇന്ത്യന്‍ കമ്പനികളെ സഹായിക്കുന്നതിനായി സ്മൈല്‍ എന്ന പേരിലും പ്ലാറ്റ്ഫോം ആരംഭിച്ചിട്ടുണ്ട്. പ്രമുഖ ഇന്ത്യന്‍ ഓണ്‍ലൈന്‍ കമ്പനികളിലെല്ലാം ഓഹരി പങ്കാളിത്തവും ഇപ്പോള്‍തന്നെ ആലിബാബയ്ക്ക് ഉണ്ട്.