Breaking News

ചെന്നിത്തല പത്രം വായിക്കാത്തതിന് ആരാണ് ഉത്തരവാദി ?

 

റോയ് മാത്യു

ഇല്ലാത്ത കത്തിന്റെ പേരില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് മാധ്യമങ്ങള്‍ക്കെതിരേയാണ് കേസ് എടുക്കേണ്ടതെന്നും, അത് കോണ്‍ഗ്രസിന്റെ രീതി അല്ലാത്തതിനാല്‍ ചെയ്യില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന അത്യന്തം അപകടകരമായ പ്രഖ്യാപനമാണ്. കെ.പി.സി.സി അധ്യക്ഷനും, മുഖ്യമന്ത്രിയും, ആഭ്യന്തര മന്ത്രിയും സംയുക്തമായി നടത്തിയ പത്രസമ്മേളനത്തിലാണ് രമേശ് ചെന്നിത്തല ഹൈക്കമാന്റിനയച്ചു എന്നാരോപിക്കുന്ന കത്തിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉണ്ടായത്. കത്ത് അയച്ചു എന്നുപറയുന്ന രമേശ് ചെന്നിത്തലയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കും നിഷേധിച്ച സാഹചര്യത്തില്‍ അതിന് എന്ത് പ്രസക്തിയാണെന്ന് വി.എം.സുധീരന്‍ ചോദിച്ചതായി പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതിലുപരി കേരളത്തില്‍ ആരും വായിക്കാത്ത ഏതോ പത്രത്തിലാണ് ഈ കത്തിനെക്കുറിച്ചുള്ള ആദ്യ വാര്‍ത്ത വന്നതെന്ന് മന്ത്രി രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. അത് നിങ്ങളെല്ലാവരും ചേര്‍ന്ന് ഏറ്റുപിടിക്കയായിരുന്നു. അതിന് ഒരു ഗൗരവവും കൊടുക്കുന്നില്ലെന്നും രമേശ് പറഞ്ഞു.

ഡിസംബര്‍ 17ലെ ഇക്കണോമിക് ടൈംസ് ദിനപ്പത്രത്തില്‍ ‘BJP force in Kerala says Chennithala’ വസുധ വേണുഗോപാല്‍ എന്ന റിപ്പോര്‍ട്ടറുടെ ബൈലൈനിലാണ് വാര്‍ത്ത പ്രത്യക്ഷപ്പെട്ടത്. രമേശ് ചെന്നിത്തലയെ ഉദ്ധരിച്ചുകൊണ്ടാണ് ആ റിപ്പോര്‍ട്ട് അവസാനിപ്പിക്കുന്നത്.

ഇന്ത്യയില്‍ ഏറ്റവുമധികം സര്‍ക്കുലേഷനുള്ള ബിസിനസ് ദിനപ്പത്രമാണ് എക്കണോമിക് ടൈംസ്. എ.ബി.സിയുടെ കണക്കനുസരിച്ച് 5 ലക്ഷത്തിലധികം സര്‍ക്കുലേഷനും, പത്തിലധികം കേന്ദ്രങ്ങളില്‍ നിന്ന് പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന പത്രത്തെക്കുറിച്ചാണ് ‘കേരളത്തില്‍ ആരും വായിക്കാത്ത ഏതോ ഒരു പത്രമെന്ന്’ചെന്നിത്തല വിശേഷിപ്പിച്ചത്. ചെന്നിത്തല പത്രം വായിക്കാത്തതിന് നമ്മളാരും ഉത്തരവാദിയല്ലല്ലോ. ഈ പത്രം കേരളത്തിലെ കൊച്ചിയില്‍ നിന്നും പ്രസിദ്ധീകരിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ മാധ്യമ ശൃംഖലകളിലൊന്നായ ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള പ്രസിദ്ധീകരണമാണിത്. കേരളത്തില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഒരു പത്രത്തെക്കുറിച്ചുള്ള അജ്ഞതയും വിവരക്കേടുമാണ് ചെന്നിത്തല മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ വിളമ്പിയത്. ഈ വിവരക്കേട് തൊണ്ടതൊടാതെ വിഴുങ്ങിയ മാധ്യമപ്രവര്‍ത്തകരുടെ പൊതുവിജ്ഞാനവും തലച്ചോറുമാണ് പരിശോധനാ വിധേയമാക്കേണ്ടത്. കാരണം കേരളത്തില്‍ ആരും വായിക്കാത്ത ഏതോ ഒരു പത്രത്തിലാണ് വാര്‍ത്ത വന്നതെന്ന് മന്ത്രി വിവരക്കേട് എഴുന്നള്ളിച്ചപ്പോള്‍ അത് ചോദ്യം ചെയ്യാനുള്ള തന്റേടം കാണിക്കാതെ തലകുമ്പിട്ടിരുന്ന മാധ്യമപ്രവര്‍ത്തകരുടെ മേലാണ് കോണ്‍ഗ്രസ് നേതൃത്വം കുതിരകേറിയത്. ആത്മാഭിമാനമുള്ള ഒരുത്തനെങ്കിലും അക്കൂട്ടത്തിലുണ്ടായിരുന്നെങ്കില്‍ മന്ത്രിയുടെ വിവരക്കേടിനെ പൊളിച്ചടുക്കാമായിരുന്നു.

എക്കണോമിക് ടൈംസില്‍ 2015 ഡിസംബര്‍ 17ന് വന്ന വാര്‍ത്ത
എക്കണോമിക് ടൈംസില്‍ 2015 ഡിസംബര്‍ 17ന് വന്ന വാര്‍ത്ത

ചെന്നിത്തലയും, മുഖ്യമന്ത്രിയും, കെ.പി.സി.സി അധ്യക്ഷനും ചേര്‍ന്ന് ചെന്നിത്തല കത്തെഴുതിയിട്ടില്ലാ എന്ന് സമര്‍ത്ഥിക്കുമ്പോള്‍ എന്തുകൊണ്ടാണ് കേരളത്തിലെ മാധ്യമപ്രവര്‍ത്തകരാരും തന്നെ എക്കണോമിക് ടൈംസിന്റെ ലേഖികയോ, എഡിറ്ററേയോ കണ്ട് ഇക്കാര്യത്തെക്കുറിച്ച് വ്യക്തത വരുത്താത്തത്? എന്തടിസ്ഥാനത്തിലാണ് ഇത്തരമൊരു കത്ത് പ്രസിദ്ധീകരിച്ചതെന്ന് ന്യായമായി ചോദിക്കേണ്ടതല്ലേ? ഒരു മാധ്യമ സ്ഥാപനത്തിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്തിട്ടു പോലും ആ പത്രത്തിന്റെ പത്രാധിപ സംഘം പാലിക്കുന്ന മൗനം സംശയാസ്പദമാണ്. തങ്ങള്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ വിശ്വാസ്യത ഉറപ്പാക്കാനുള്ള ബാധ്യത പത്രാധിപര്‍ക്കുണ്ട്.

പത്രത്തിന്റെ വിശ്വാസ്യതയെ ഇന്ത്യയിലെ ഒരു പ്രമുഖ പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വം പരസ്യമായി വെല്ലുവിളിച്ച സാഹചര്യത്തില്‍ പത്രാധിപസമിതി ഇക്കാര്യത്തില്‍ അവരുടെ നിലപാട് വ്യക്തമാക്കിയേ മതിയാവൂ. വായനക്കാര്‍ക്ക് അതറിയാനുള്ള അവകാശമുണ്ട്. വാര്‍ത്ത വ്യാജമാണെങ്കില്‍ അത് തുറന്നുപറയാനുള്ള ആര്‍ജ്ജവം മാധ്യമ സ്ഥാപനം കാണിക്കണം.

ഈ വാര്‍ത്താ വിവാദം കൊടുമ്പിരികൊണ്ടിരിക്കുന്നതിനിടയില്‍ പുറത്തു വന്ന ഏഷ്യാനെറ്റ് ന്യൂസ് ഡല്‍ഹി ലേഖകന്‍ പി.ആര്‍. സുനിലിന്റെ റിപ്പോര്‍ട്ടും ശ്രദ്ധിക്കേണ്ടതുണ്ട്. കോണ്‍ഗ്രസ് ഹൈക്കമാന്റിലെ പേര് വെളിപ്പെടുത്താത്ത ഒരു നേതാവിനെ ഉദ്ധരിച്ചുകൊണ്ട് രമേശ് ചെന്നിത്തലയുടെ മെയില്‍ ഐഡിയില്‍ നിന്നാണ് കത്ത് പോയതെന്നാണ് സുനില്‍ റിപ്പോര്‍ട്ട് ചെയ്തത്. 2015 നവംബര്‍ ഏഴിനാണ് കത്തയച്ചതെന്ന് റിപ്പോര്‍ട്ടില്‍ സുനില്‍ അവകാശപ്പെട്ടിരുന്നു.

മാധ്യമപ്രവര്‍ത്തകരുടെ നിലനില്‍പ്പിനെ തന്നെ ചോദ്യംചെയ്യും വിധത്തിലാണ് കത്ത് വിവാദം എത്തിനില്‍ക്കുന്നത്. എക്കണോമിക് ടൈംസ് പത്രാധിപര്‍ ഇക്കാര്യത്തില്‍ ഇനിയെങ്കിലും തന്റേടത്തോടെയുള്ള നിലപാട് പ്രഖ്യാപിക്കണം.

Comments

comments