Breaking News

കറുത്ത പെണ്ണിന് വെളുത്ത കുഞ്ഞോ ? സ്ത്രീയെ പരസ്യവിചാരണ ചെയ്ത് ഓണ്‍ലൈന്‍ ആക്ടിവിസ്റ്റുകൾ

 

ഗൗരി.എസ്

സോഷ്യൽ മീഡിയയിലെ സാങ്കേതികമായ പരിമിതികളെ മറികടക്കാൻ മാത്രം നമ്മളിന്നും പഠിച്ചിട്ടില്ല. കുടത്തിൽ നിന്നും തുറന്നു വിട്ട ഭൂതം പോലെ ഫോർവേർഡ്കൾ പരക്കം പായുമ്പോൾ അത് ഷെയർ ചെയ്തവർക്ക് ഒന്നും ചെയ്യാനാകുന്നില്ല.

 
കഴിഞ്ഞ ദിവസം കോഴിക്കോട്ടെ കല്ലാച്ചി ടൗണില്‍ ഒരു സംഭവമുണ്ടായി. കേരളത്തെ ഞെട്ടിക്കുന്ന സംഭവമായിട്ടും എന്തോ നമ്മുടെ മാധ്യമങ്ങളൊന്നും അത്രകണ്ട് എരിവും പുളിയുമൊന്നും ചേര്‍ത്തുകണ്ടില്ല. ഒരു നാടോടി സ്ത്രീ കല്ലാച്ചി മീന്‍ മാര്‍ക്കറ്റില്‍ എത്തുന്നു. ഒക്കത്ത് എട്ടുമാസം പ്രായമുള്ള ഒരു കുഞ്ഞുമുണ്ട്. നല്ല വെളുത്ത് തുടുത്ത ഭംഗിയുള്ള ഒരു കുഞ്ഞ്. സ്ത്രീയാണെങ്കില്‍ കറുത്തിട്ടാണ്. ആളുകള്‍ പിന്നാലെ കൂടാന്‍ തുടങ്ങി. കുഞ്ഞിനെ എവിടുന്നു കിട്ടി? ആരുടെ കുഞ്ഞാണ്? ഇങ്ങനെ ചോദ്യങ്ങള്‍ ശരശരാന്ന് ആ സ്ത്രീയുടെ മേല്‍ പതിക്കാന്‍ തുടങ്ങിയ. കറുത്ത സ്ത്രീ വെളുത്ത കുഞ്ഞിന് ജന്മം നല്‍കി എന്നതാണ് തെറ്റ്. വെളുത്ത സ്ത്രീക്ക് കറുത്ത കുട്ടിയുണ്ടാകുമെങ്കില്‍ എന്തുകൊണ്ട് തിരിച്ചുണ്ടായിക്കൂട എന്നൊന്നും നാട്ടുകാര്‍ ആലോചിച്ചില്ല. അതിനുമാത്രം സമയം ഉണ്ടായില്ല എന്നതാണ് ശരി. ആളുകള്‍ കൂടിക്കൂടി വരുന്നതും ഫോണ്‍ ക്യാമറകള്‍ തന്റെ ചുറ്റും ചറപറാ ക്ലിക്കുന്നതും കണ്ട സ്ത്രീ വാവിട്ട് കരയാന്‍ തുടങ്ങി. അറിയാവുന്ന ഭാഷയില്‍ കൂടിനിന്നവരെ തെറിയും വിളിച്ചുനോക്കി. പിന്നീട് പോലീസെത്തി കുഞ്ഞ് സ്ത്രീയുടേതാണെന്ന് തെളിയിച്ച ശേഷമാണ് ഇവരെ പോകാന്‍ അനുവദിച്ചത്.

 

kallachi missing kid issue

സ്ത്രീയെ പരസ്യവിചാരണ ചെയ്യുന്ന വീഡിയോയും, ചിത്രങ്ങളും ഒരുനിമിഷം കൊണ്ട് സോഷ്യല്‍ മീഡിയയിലൂടെ പരന്നതാണ് ഇവിടെ നേരിട്ട് പീഡനമേല്‍പ്പിക്കുന്നതിലേറെ പ്രത്യാഘാതമുണ്ടാക്കിയത്. പ്ലീസ്, പ്ലീസ്, പ്ലീസ് വിളിയോടെ നാനാ ഗ്രൂപ്പുകളിലും സ്ത്രീയുടേയും കുഞ്ഞിന്റേയും ഫോട്ടോകള്‍ അങ്ങോട്ടുമിങ്ങോട്ടും തട്ടിക്കളിച്ചു. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന വിഭാഗത്തില്‍പെട്ടതാണെന്ന് തോന്നുന്നു എന്നും കുഞ്ഞിനെ രക്ഷിക്കാന്‍ നിങ്ങളുടെ ഷെയര്‍ കൂടിയേ തീരൂ എന്ന കണ്ണീരോടെയുള്ള അടിക്കുറിപ്പും. അവിടെ കൂടി നിന്ന 20 ആള്‍ക്കാരെങ്കിലും ഫോട്ടോ എടുത്ത് ഗ്രൂപ്പുകളില്‍ ഉടന്‍ പോസ്റ്റു ചെയ്തു. ഇവരെല്ലാം 10 വീതം ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്താല്‍ തന്നെ 200 ഗ്രൂപ്പുകളില്‍ എത്തി. നിമിഷനേരം കൊണ്ട് ലക്ഷക്കണക്കിന്‌ ആള്‍ക്കാരാണ് ഈ പോസ്റ്റ് കാണുന്നത്. ഇവരും കൂടി ഷെയര്‍ ചെയ്താല്‍ പിന്നെ പറയണോ? ലോകം മുഴുവന്‍ ആ കുഞ്ഞും സ്ത്രീയും പരന്നുകൊണ്ടിരുന്നു. അതിന് കാലത്തിന്റേയോ, ദേശത്തിന്റേയോ, ഭാഷയുടേയോ അതിര്‍വരമ്പുകള്‍ ഇല്ലല്ലോ ?

പോലീസ് ഇടപെട്ട് പ്രശ്‌നം പരിഹരിച്ച് സ്ത്രീയും കുഞ്ഞും അവരുടെ വഴിക്കുപോയെങ്കിലും വാട്‌സ് ആപ്പ് പോലുള്ള സോഷ്യല്‍ മീഡിയായിലെ ഫോർവേർഡ്കാർ ഉണര്‍ന്നുകഴിഞ്ഞിരുന്നു. മെനഞ്ഞ കഥകളിൽ ഒന്നിങ്ങനെ . ”തെരുവന്‍പറമ്പത്തെ വീട്ടില്‍ നിന്ന് ഒരു അണ്ണാച്ചി 6 മാസം പ്രായമുള്ള കുഞ്ഞുമായി കടന്നുകളഞ്ഞു. പിന്നീട് ഇവരെ കല്ലാച്ചി ടൗണില്‍ സംശയാസ്പദമായി കണ്ട ഓട്ടോ ഡ്രൈവറുടെ അവസരോചിതമായ ഇടപെടലിലൂടെ പോലീസിനെ വിളിച്ച് കുട്ടിയേയും അണ്ണാച്ചിയേയും സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. പിന്നീട് കുട്ടിയെ രക്ഷിതാക്കള്‍ക്ക് കൈമാറി. പ്രിയമുള്ള സഹോദരന്മാരെ നമ്മള്‍ ജാഗ്രത പാലിക്കുക”– ഈ സന്ദേശം ചിത്രം സഹിതം പരക്കാന്‍ തുടങ്ങി. ഇതുണ്ടാക്കിയ മാന്യശ്രീമാന്റെ രചനാവൈഭവം അപാരം തന്നെ. ഇത് ഷെയര്‍ ചെയ്ത് തങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റി നിര്‍വൃതിയിലാണ്ടവര്‍ രാജ്യത്ത് വളര്‍ന്നുവരുന്ന അസഹിഷ്ണുതയ്‌ക്കെതിരെ വാ തോരാതെ സംസാരിച്ചവരാകാം. വംശവെറിക്കെതിരെ ഘോരഘോരം പ്രസംഗിച്ചു നടന്നവരാകാം, സവര്‍ണ ഫാസിസത്തിനെതിരെ ചുംബിക്കാന്‍ പോയി തല്ലുകൊണ്ടവരാകാം, അസഹിഷ്ണുതയ്ക്കും ഫാസിസത്തിനുമെതിരെ എല്ലാവരും ചേര്‍ന്ന് നൃത്തമാടിയവരുമാകാം.

ഒരിക്കലും ആ സ്ത്രീ അത് തന്റെ കുഞ്ഞല്ല എന്ന് പറഞ്ഞിട്ടില്ല. കുഞ്ഞ് തന്റേതാണെന്ന് ആണയിട്ട് പറയുമ്പോഴും കാഴ്ചക്കാര്‍ അത് അവളുടെ കുഞ്ഞല്ലെന്ന് പറഞ്ഞു. അതിനുള്ള കാരണമായി കണ്ടതാവട്ടെ വിചിത്രമാണ്. നാടോടിക്ക് ജനിച്ചതാണെങ്കില്‍ ഇത്രയും വൃത്തിയുണ്ടാകുമോ? ഇത്രയും ഗ്ലാമറുണ്ടാകുമോ? അവര്‍ക്ക് അവരുടേതായ രീതി ഉണ്ടാവില്ലേ ?

ഇതൊക്കെത്തന്നെയല്ലേ നമ്മുടെ രാഷ്ട്രീയക്കാര്‍ വിഭാവനം ചെയ്യുന്ന അധഃസ്ഥിത വിഭാഗത്തിന്റെ ഉന്നമനം. സ്വന്തം കുഞ്ഞ് കളവുമുതലാണെന്ന ആരോപണം ശരിയല്ലെന്ന് പോലീസ് സ്‌റ്റേഷനിലെത്തി തെളിയിക്കേണ്ട ഒരമ്മയുടെ വേദനയെങ്കിലും ഇവര്‍ക്ക് ഓര്‍മ്മയുണ്ടായിരുന്നില്ലേ? ഇനി തൊഴില്‍ തേടി വിദേശ രാജ്യങ്ങളിലുള്ള മലയാളിക്കാണ് ഇങ്ങനെ ഒരു അനുഭവം ഉണ്ടായതെങ്കിലോ? ചോദിക്കാനും പറയാനും പരിഷ്‌കര്‍ത്താക്കളായ നമ്മളിവിടെ ഉണ്ടാകും. ആ രാജ്യം തന്നെ ഒരുപക്ഷേ പഴഞ്ചനായി ചിത്രീകരിക്കപ്പെട്ടേക്കും.

സോഷ്യല്‍ മീഡിയ വിപ്ലവകാരികളുടെ സാമൂഹ്യ പ്രതിബദ്ധത സമാനമായ രീതിയിലും അല്ലാതെയും പലതവണ ഉണ്ടായിട്ടുണ്ട്. അത്യാവശ്യമായി ഒരു കുട്ടിക്ക് രക്തം വേണമെന്ന മെസേജ് വാട്‌സ് ആപ്പ് ഉണ്ടായ കാലം മുതല്‍ പരക്കുന്നുണ്ട്. അതില്‍ കൊടുത്തിരിക്കുന്ന നമ്പരില്‍ ഒന്നു വിളിക്കാന്‍ പോലും തയ്യാറാകാതെയാണ് മഹാമനസ്‌കര്‍ ഇത്തരം പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നത്. അതായത് സോഷ്യൽ മീഡിയയിലെ സാങ്കേതികമായ പരിമിതികളെ മറികടക്കാൻ മാത്രം നമ്മളിന്നും പഠിച്ചിട്ടില്ല. കുടത്തിൽ നിന്നും തുറന്നു വിട്ട ഭൂതം പോലെ ഫോർവേർഡ്കൾ പരക്കം പായുമ്പോൾ അത് ഷെയർ ചെയ്തവർക്ക് ഒന്നും ചെയ്യാനാകുന്നില്ല.

നേരിട്ടുള്ള പരഭൂഷണങ്ങളെല്ലാം വാട്‌സ് ആപ്പുകളിലാക്കിയിരിക്കുകയാണ് എല്ലാവരും. അതാകുമ്പോള്‍ നല്ല റീച്ചും കിട്ടുമല്ലോ? എന്തും മള്‍ട്ടിമീഡിയ സഹായത്തോടെ മറ്റുള്ളവരില്‍ എത്തിക്കാനുള്ള സാധ്യത പലരും ഉപയോഗിക്കുന്നത് പക്വതയില്ലായ്മയിലൂടെയാണ്. അവിടെ ബുദ്ധിജീവിയും പരിഷ്‌കര്‍ത്താവും ചിന്തകനും സമാനമാകുന്ന കാഴ്ചയാണ് കാണാനാകുന്നത്. ഓരോ ആളുകളും വാര്‍ത്തകള്‍ എത്തിക്കുന്ന മഹാദൗത്യത്തില്‍ ഏര്‍പ്പെട്ട് സ്വയം അപ്‌ഡേറ്റ് ആകാനുള്ള ത്വരയിലാണ്. കിട്ടുന്നതിന്റെ ആധികാരികതയെപ്പറ്റിയോ, വിശ്വാസ്യതയെപ്പറ്റിയോ ആരും ചിന്തിക്കുന്നില്ല. അതൊന്നും ആലോചിക്കാന്‍ സമയമില്ലെന്നതാണ് ശരി.

കഴിഞ്ഞ ആഴ്ച തൃശൂരില്‍ നിന്ന് ആലുവയിലേക്ക് കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്ര ചെയ്ത ദയാബായിക്ക് കണ്ടക്ടറുടെ വായില്‍ നിന്ന് കേള്‍ക്കേണ്ടിവന്നതിനെയൊക്കെ അപലപിച്ച് മറന്നുകഴിഞ്ഞു നമ്മളിപ്പോള്‍. അത് ഒരു കഴിഞ്ഞ അധ്യായം മാത്രമാണ് ഇന്ന്. സമൂഹത്തില്‍ ഉന്നതമായ സ്ഥാനം ലഭിച്ചിട്ടും ആഡ്യത്തത്തിന്റെ വേഷമണിയാന്‍ അവസരമുണ്ടായിട്ടും മറ്റുള്ളവര്‍ക്കുവേണ്ടി ജീവിക്കണമെന്ന പൂതി മനസിലുദിച്ചതാണ് ദയാബായിക്കു പറ്റിയ തെറ്റ്. വേഷവും ഭാഷയും നോക്കി പെരുമാറ്റം നിശ്ചയിക്കുന്ന നമ്മള്‍ക്കിടയില്‍ ദയാബായിയെപ്പോലുള്ളവര്‍ എത്ര നിലവിളിച്ചിട്ടും കാര്യമില്ലെന്ന് തെളിയിക്കുന്ന സംഭവങ്ങള്‍ ഇവിടെ ദൈനംദിനം നടന്നുകൊണ്ടിരിക്കുന്നു. ദയാബായിയുടെ വാക്കുകള്‍ പോലെ ഒരു വെളുത്ത അമ്മയുടെ കറുത്ത മകള്‍ക്ക് ഉണ്ടായ വെളുത്ത മകളായത് കൊണ്ട് പരിഷ്‌കാരികളും സമ്പന്നരുമായ നിങ്ങള്‍ അധഃകൃതരെന്ന് വിളിച്ച് പരിഹസിക്കുന്ന ജനങ്ങള്‍ക്കുവേണ്ടി നീതി കിട്ടുന്ന കാലത്തോളം കുരച്ചുകൊണ്ടേയിരിക്കും.

Comments

comments