Breaking News

ഇതിനും വേണ്ടി ശംഖുംമുഖം ബീച്ച് എന്ത് പിഴച്ചു ?

ആമി സുബൈദ

രാജപ്രതാപത്തിന്റെ ചരിത്ര ശോഭ പേറുന്ന ഒരു കടൽ തീരത്തിന്റെ പറയാതെ പോയ രാഷ്ട്രീയ മാമാങ്ക ചരിത്രം ഇങ്ങനെയാണ്.

ശംഖുംമുഖം തീരം രാജവംശകാലത്തെ കുടിപ്പകയുടെ അടയാളമാണ്. വേണാട് രാജവംശത്തിന്റെ മുദ്രയായ ശംഖിന്റെ മുഖമെന്ന നിലയിലാണ് കടപ്പുറത്തിന് ഈ പേരുവന്നതെന്ന് ചരിത്രം. ഇപ്പോള്‍ ഈ തീരത്തു നിന്നും പുതിയ തമ്പുരാക്കന്മാരുടെ മുന്നണികളുടെ കിടമത്സരത്തിന്റേതായ കാറ്റാണ് വീശുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ്, സി.പി.എം, സി.പി.ഐ, ബി.ജെ.പി എന്നീ പ്രമുഖ പാര്‍ട്ടികളുടെയെല്ലാം കാസര്‍ഗോഡുനിന്നുള്ള കേരളയാത്രകളുടെ സമാപനം ശംഖുംമുഖം കടല്‍ത്തീരത്താണ്.

പഴയ തിരുവിതാംകൂര്‍ ഭരിച്ച ആയില്യം തിരുനാള്‍ ഉല്ലാസത്തിന് സായാഹ്നങ്ങള്‍ ചെലവിട്ടിരുന്ന ശംഖുമുഖം കൊട്ടാരം തീവെച്ച് നശിപ്പിച്ചത് സഹോദരനോടുള്ള വൈരാഗ്യം നിമിത്തം അനുജന്‍ വിശാഖം തിരുനാള്‍ ആയിരുന്നു എന്ന് പറയപ്പെടുന്നു. ഇന്ന് ജനായത്തയുഗത്തിലും പുതിയ തമ്പുരാക്കന്മാര്‍ സംസ്ഥാന ഭരണം പിടിക്കാന്‍ മുന്നണികളായി ഏറ്റുമുട്ടലിന് ശംഖുംമുഖത്തെ തന്നെ വേദിയാക്കുന്നു എന്നതിലാണ് കൗതുകം.
സമീപകാലത്ത് പുതിയൊരു രാഷ്ട്രീയ പാര്‍ട്ടി കേരളത്തില്‍ ഉദയം ചെയ്തതും ശംഖുംമുഖം തീരത്ത്. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തില്‍ പ്രഖ്യാപിക്കപ്പെട്ട ഭാരത ധര്‍മ്മജനസേനയുടെ രൂപീകരണം കേരള രാഷ്ട്രീയത്തില്‍ പലതുകൊണ്ടും കോളിളക്കം സൃഷ്ടിച്ചാണ് കടന്നുപോയത്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പോര്‍മുഖത്തേക്ക് നീങ്ങുന്ന മുന്നണികളുടെ രാഷ്ട്രീയ ബലപരീക്ഷണത്തിന്റെ വേദിയായി തലസ്ഥാനത്തെ ചരിത്ര പ്രസിദ്ധമായ ശംഖുംമുഖം തീരം മാറുന്നു. ഈ തീരത്തുനിന്ന് മുന്നണികളുടെ കിടമത്സരത്തിന്റേതായി വീശുന്ന കാറ്റില്‍ ആരാവും സെക്രട്ടറിയേറ്റിലേക്ക് നടന്നുകയറുക എന്ന ആകാംഷയാണ് ഇപ്പോള്‍ രാഷ്ട്രീയ കേരളത്തെ ത്രസിപ്പിക്കുന്നത്.

കഴിഞ്ഞ ദിവസം കാസര്‍ഗോഡു നിന്നാരംഭിച്ച കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ നയിക്കുന്ന ജാത ഫെബ്രുവരി 9-ന് സമാപിക്കുന്നത് ശംഖുംമുഖം തീരത്ത്. സംസ്ഥാനത്തെമ്പാടു നിന്നും പ്രവര്‍ത്തകരെയെത്തിച്ച് കൊഴുപ്പിക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. ആളെങ്ങാനും കുറഞ്ഞാല്‍ തന്റെ ആജന്മശത്രുവായ നടേശന്‍ മുതലാളി കണിച്ചുകുളങ്ങരയിലിരുന്ന് കോക്കിരികുത്തുമെന്ന് കെ.പി.സി.സി പ്രസിഡന്റിനറിയാം. തന്നെയുമല്ല സമാപന റാലി ഉദ്ഘാടനം ചെയ്യാന്‍ മരുമകളുടെ പ്രിയപുത്രനും കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷനുമായ രാഹുല്‍ ഗാന്ധി തന്നെ എത്തുമെന്നാണ് നേതാക്കള്‍ പറയുന്നത്.

തൊട്ടുപിന്നാലെ ശംഖുമുഖത്തേക്ക് കടന്നു വരുന്നത് സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാവും പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയന്‍ സഖാവ് നയിക്കുന്ന നവകേരള മാര്‍ച്ച് ആണ്. ഫെബ്രുവരി 14-ന് നവകേരള മാര്‍ച്ചിന്റെ സമാപനം ശംഖുംമുഖം തീരത്ത് തലസ്ഥാന ജില്ലയിലെ ഇടതു മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനമാക്കാനാണ് സി.പി.എം തീരുമാനം. ജില്ലയിലെ 14 നിയോജക മണ്ഡലങ്ങളില്‍ നിന്നുള്ള രണ്ട് ലക്ഷത്തോളം പ്രവര്‍ത്തകര്‍ റാലിയില്‍ അണിനിരക്കും. സി.പി.എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യുന്ന സമാപന സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്ചുതാനന്ദനും, സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനും പങ്കെടുക്കും. ജനുവരി 14-ന് പി.ബി അംഗം പ്രകാശ് കാരാട്ട് ജാഥ ഉദ്ഘാടനം ചെയ്യും. അവിടെയും വി.എസും കൊടിയേരിയും പങ്കെടുക്കുന്നുണ്ട്.

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ കേരളയാത്രയുടെ സമാപനവും ശുംഖുമുഖത്താക്കാന്‍ ആലോചനയുണ്ട്. രാഷ്ട്രീയ ബലപരീക്ഷണത്തിന് ഇടത്-വലത് മുന്നണികള്‍ ശംഖുംമുഖത്തെ തിരഞ്ഞെടുക്കുമ്പോള്‍ ബി.ജെ.പി മാറിയാലത് ശക്തിക്കുറവായി വ്യാഖ്യാനിക്കപ്പെടുമെന്ന ചിന്തയാണ് അവരേയും ശംഖുംമുഖത്ത് എത്തിക്കുന്നത്. ഇടത്-വലത് മുന്നണികളോട് കിടപിടിക്കത്തക്കവിധം പരമാവധി പ്രവര്‍ത്തകരെ ശംഖുംമുഖത്ത് എത്തിക്കാന്‍ തന്നെയാണ് ബി.ജെ.പി-യുടേയും ആലോചന. അഖിലേന്ത്യാ അധ്യക്ഷന്‍ അമിത് ഷായും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ സിംഗും അടക്കമുള്ള മുന്‍നിര നേതാക്കളെ ശംഖുംമുഖത്തെത്തിച്ച് കൊഴുപ്പിക്കാന്‍ അവരും ശ്രമിക്കുന്നുണ്ട്. ഫെബ്രുവരി 10-നാണ് കുമ്മനത്തിന്റെ യാത്രയുടെ സമാപനം. നേരത്തേ 9-ന് അവസാനിപ്പിക്കാനാണ് തീരുമാനിച്ചിരുന്നത് എങ്കിലും സുധീരന്റെ യാത്ര അന്നായതിനാല്‍ പിറ്റേ ദിവസത്തേക്ക് മാറ്റുകയായിരുന്നു.

2009-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ നയിച്ച ജാഥ ശംഖുംമുഖത്ത് സമാപിച്ചതും വിവാദം സൃഷ്ടിച്ചിരുന്നു. അന്ന് മുഖ്യമന്ത്രിയായിരുന്ന വി.എസ്.അച്ചുതാനന്ദന്‍ സമാപന സമ്മേളനത്തിന് എത്തുമോ എന്ന ആകാംഷയാണ് അവസാന നിമിഷം വരെയും നിറഞ്ഞു നിന്നത്. ഒടുവില്‍ എത്തിയ വി.എസിനുള്ള സൂചനയെന്നോണം ബക്കറ്റിലെ വെള്ളത്തിന്റെ കഥ പിണറായി വിജയന്‍ പറഞ്ഞതും ചരിത്രം.

രാജഭരണ കാലം മുതല്‍ ഇന്ന് ജനായത്തകാലം വരെ അധികാരത്തിന് വേണ്ടിയുള്ള കുലംകുത്തിനും കുടിപ്പകയ്ക്കും വേദിയാകുകയാണ് ചരിത്ര പ്രസിദ്ധമായ ശംഖുംമുഖം കടല്‍ത്തീരം. പക്ഷെ , തന്റെ വിരിമാറിനെ വിമർശനത്തിന്റെയും പരിഹാസങ്ങളുടെയും ഗ്വാ ഗ്വാ വിളികളുടെയും വിശ്രമം ഇല്ലാത്ത രാഷ്ട്രീയ വിഹാരമാക്കുന്നവരോട് ശംഖുംമുഖം കടല്‍ത്തീരത്തിന് പരിഭവം ഇല്ലാതിരിക്കുമോ ?

Comments

comments