Breaking News

ജെല്ലിക്കെട്ടില്‍ കൊമ്പുകോര്‍ക്കുന്ന തമിഴകവും രാഷ്ട്രീയ മുതലെടുപ്പുകളും

jaya jellikkettu

ജെല്ലിക്കെട്ടിന് സുപ്രീം കോടതിവിധിയും പരിസ്ഥിതി സംഘടനകളുടേയും മൃഗസംരക്ഷണ ബോര്‍ഡിന്റെയും എതിര്‍പ്പുകളും മറികടന്ന് അനുമതി നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനവും തുടര്‍ന്നുള്ള സുപ്രീം കോടതി ഇടപെടലും സൃഷ്ടിച്ച രാഷ്ട്രീയ കോലാഹലങ്ങള്‍ ജയലളിതയ്ക്ക് ഗുണകരമാകുന്ന കാഴ്ചയാണ് തമിഴ്‌നാട്ടില്‍. നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കേ വെള്ളപ്പൊക്ക ദുരിതാശ്വാസ കെടുതികള്‍ നേരിടുന്നതിലുണ്ടായ ജലയളിത സര്‍ക്കാരിന്റെ ഗുരുതരമായ വീഴ്ചകള്‍ എ.ഐ.ഡി.എം.കെ. യ്ക്ക് രാഷ്ട്രീയമായി  ഏറെ ക്ഷീണം വരുത്തി വച്ചിരുന്നു. ഇതില്‍ നിന്ന് കരകയറാന്‍ ജെല്ലിക്കെട്ട് വിവാദം ജയലളിതയ്ക്ക് സഹായകമാവുകയാണ്.
കേരളം, തമിഴ്‌നാട്, ഗുജറാത്ത്, മഹാരാഷ്ട്ര, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ പരമ്പരാഗതമായ അനുഷ്ഠാനങ്ങളുടെ ഭാഗമായും കാളകളെ ഉപയോഗിച്ച് നടത്തുന്ന വിനോദ പരിപാടികള്‍ക്കാണ് ഗസറ്റ് വിജ്ഞാപനം മുഖേന കേന്ദ്ര-വനം പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കുകയും തുടര്‍ന്ന് സുപ്രീം കോടതി ഇടപെട്ട് വിജ്ഞാപനം സ്റ്റേ ചെയ്യുകയും ചെയ്തത്. 2011 ല്‍ കാള, കരടി, കടുവ, പുലി, സിംഹം, കുരങ്ങ് എന്നിവയെ പ്രദര്‍ശന വസ്തുവാക്കുന്നതിനും വിനോദ പരിപാടികള്‍ക്ക് ഉപയോഗിക്കുന്നതിനും മന്ത്രാലയം വിലക്ക് കൊണ്ടുവന്നിരുന്നു. 2014 ല്‍ സുപ്രീം കോടതി ഇത് ശരിവെച്ചു. എന്നാല്‍ ജെല്ലിക്കെട്ട് ദേവപ്രീതിക്ക് ചെയ്യുന്നതാണെന്നും അത് ഒഴിവാക്കിയതാണ് ചെന്നെ പ്രളയം പോലുള്ള ദുരന്തങ്ങള്‍ക്ക് വഴിവെച്ചതെന്നും കാണിച്ച് തമിഴ്‌നാട്ടിലെ ചില സമുദായ സംഘടനകള്‍ രംഗത്തിറങ്ങി. പൊങ്കല്‍ ആഘോഷത്തിലെ പ്രധാന പരിപാടികളില്‍ ഒന്നാണ് ജെല്ലിക്കെട്ട്.

jellikettu 1

 

രാഷ്ട്രീയ മുതലെടുപ്പ്
അറ്റോര്‍ണി ജനറല്‍ തടസ്സവാദം ഉന്നയിച്ചിട്ടും തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് കേന്ദ്ര വിജ്ഞാപനം ഇറക്കി മുഖം രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു നരേന്ദ്രമോദി. 2014 മേയ് മാസത്തില്‍ ജെല്ലിക്കെട്ട് നിരോധിച്ച സുപ്രീം കോടതി വിധിക്കെതിരെ റിവ്യൂ പെറ്റീഷന്‍ നല്‍കി കയ്യും കെട്ടി നിന്ന ജയലളിതയ്ക്കും നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പെട്ടെന്ന് വെളിപാട് ഉണ്ടാകുകയായിരുന്നു. ഈ വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാല്‍ ജനപ്രീതി കാംക്ഷിച്ച് തമിഴ്‌നാട്ടിലെ പാര്‍ട്ടികളെല്ലാം നിരോധനം നീക്കണമെന്ന ആവശ്യം മുന്നോട്ട് വച്ചു. മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇത് കാണിച്ച് തിട്ടൂരവും അയച്ചു. തമിഴ് ജനതയ്ക്ക് പൊങ്കല്‍ സമ്മാനം എന്ന മട്ടില്‍ ഈ തീരുമാനം പുറത്തു വിടുന്നത് രാഷ്ട്രീയമായി ഗുണം ചെയ്യുമെന്ന് തമിഴ്‌നാട്ടില്‍ നിന്നുള്ള ബിജെപി കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനും മോദിയുടെ ആസ്ഥാന ഉപദേശകരും ഉപദേശം നല്‍കി. ഇങ്ങിനെ തെരഞ്ഞെടുപ്പ് പ്രതീക്ഷയോടെ ഇറങ്ങിയ ഉത്തരവ് പക്ഷേ സുപ്രീം കോടതി സ്റ്റേ ചെയ്തു.
ജെല്ലിക്കെട്ട് നടക്കുന്ന സ്ഥലങ്ങളിലെല്ലാം പ്രധാനമന്ത്രിയുടെ ഫ്‌ളക്‌സുകള്‍ ഉയര്‍ന്ന് 48 മണിക്കൂറുകള്‍ തികയുംമുമ്പ് സുപ്രീം കോടതി കേന്ദ്രവിജ്ഞാപനം തടഞ്ഞു. ഇതോടെ ജല്ലിക്കെട്ട് പ്രേമികളും പൊതുജനങ്ങളും രോഷാകുലരായി രംഗത്തിറങ്ങുകയും മോദിയുടെ വാള്‍പോസ്റ്റുകള്‍ വലിച്ചുകീറുകയും കട്ടൗട്ടുകള്‍ തകര്‍ക്കുകയും ചെയ്തു. ബിജെപി രാഷ്ട്രീയമായി പ്രതിരോധത്തിലുമായി. കേന്ദ്രവിജ്ഞാപനത്തെ സ്വാഗതം ചെയ്ത തമിഴ്‌നാട്ടിലെ മുഴുവന്‍ രാഷ്ട്രീയകക്ഷികളും സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് മൗനത്തിലുമായി. ജെല്ലിക്കെട്ടുകള്‍ കാണാന്‍ നിരവധി കേന്ദ്രമന്ത്രിമാരും എത്താനിരുന്നതാണ്. ജെല്ലിക്കെട്ടിനെ ചൊല്ലി രാഷ്ട്രീയ കക്ഷികള്‍ തമ്മിലുള്ള പരസ്പര ആരോപണങ്ങളും പഴിചാരലുകളും മാത്രമാണ് തമിഴക രാഷ്ട്രീയ മണ്ഡലത്തില്‍ അലയടിക്കുന്നത്. തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ജെല്ലിക്കെട്ട് നടക്കാതായത് തെക്കന്‍ തമിഴകത്തെ നിരാശയിലാഴ്ത്തി. കേന്ദ്ര വിജ്ഞാപനത്തെ തുടര്‍ന്ന് ജെല്ലിക്കെട്ടിനുള്ള തയ്യാറെടുപ്പുകള്‍ അവസാനഘട്ടത്തിലായിരുന്നു.

INDIA/
ജെല്ലിക്കെട്ടിന്റെ പൈതൃകവും അന്ധവിശ്വാസങ്ങളും
തമിഴ് സാംസ്‌കാരിക പൈതൃക ചിഹ്നമായാണ് ജെല്ലിക്കെട്ടുകള്‍ അറിയപ്പെടുന്നത്. മാട്ടുപൊങ്കലിനോടനുബന്ധിച്ച് നടക്കുന്ന ജെല്ലിക്കെട്ടു മേളകളില്‍ ജാതിമത ഭേദമെന്യേ ജനങ്ങള്‍ പങ്കെടുത്തിരുന്നു. തമിഴരുടെ വീര സാഹസിക വിനോദമായ ജെല്ലിക്കെട്ട് ‘എറുതഴുവല്‍’ ‘മഞ്ജുവിരട്ട്’ എന്നീ പേരുകളിലും അറിയപ്പെടുന്നു. മനുഷ്യനും കാളക്കും ഇടയില്‍ നടക്കുന്ന പോരാട്ടമല്ല, മറിച്ച് മനുഷ്യന് തന്റെ ശേഷിയും വൈഭവവും വെളിപ്പെടുത്തുന്നതിനുള്ള അവസരമായാണ് ഇതിനെ കാണുന്നത്. തമിഴ് പുരാണങ്ങളില്‍ പ്രണയം, സാഹസം, വിവാഹം എന്നിവയ്ക്ക് ജെല്ലിക്കെട്ട് നടത്തിയാണ് തീരുമാനമെടുത്തിരുന്നതെന്ന് സൂചിപ്പിക്കുന്ന കഥാസന്ദര്‍ഭങ്ങള്‍ ഉണ്ട്. ജെല്ലിക്കെട്ടിന് 2000 വര്‍ഷത്തോളം പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു. മധുര ഭാഗത്തു നിന്ന് കണ്ടെടുത്ത 1500 ഓളം വര്‍ഷം പഴക്കമുള്ള ശിലാഫലകങ്ങളില്‍ കാളയുമായി മല്ലുകെട്ടുന്ന യുവാവിന്റെ ചിത്രം കൊത്തിവച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ജെല്ലിക്കെട്ട് നടന്നില്ലെങ്കില്‍ ഗ്രാമങ്ങളില്‍ ദാരിദ്ര്യവും രോഗബാധവും ഉണ്ടാകുമെന്ന അന്ധവിശ്വാസവും ജനങ്ങള്‍ക്കുണ്ട്. ചെന്നെ ദുരന്തം പോലും അത്തരത്തില്‍ ദുര്‍വ്യാഖ്യാനിക്കപ്പെടുന്നുണ്ട്.
ജെല്ലിക്കെട്ടിലൂടെ അടുത്തകാലത്ത് കൊല്ലപ്പെട്ടത് 200 ല്‍ അധികംപേര്‍
മുരണ്ടു നില്‍ക്കുന്ന കാളകള്‍ പലപ്പോഴും പരിഭ്രമത്തോടെ ആള്‍ക്കൂട്ടത്തിലേക്ക് പായും. അതുമൂലം ജെല്ലിക്കെട്ട് കാണാനെത്തുന്നവരും ഏത് നിമിഷവും കാളകളുടെ ആക്രമണത്തിന് ഇരയാകും. ആരെങ്കിലും കാളകളെ പിടിക്കാന്‍ അടുത്തുവന്നാല്‍ തലചരിച്ച് കൊമ്പുകൊണ്ട് ആഞ്ഞ് കുത്തും. കാളകളുടെ പരാക്രമത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കും. ചിലപ്പോള്‍ മരണവും സംഭവിക്കും. രണ്ട് ദശാബ്ദങ്ങള്‍ക്കിടെ തമിഴകത്തില്‍ ജെല്ലിക്കെട്ടുകളില്‍ കൊല്ലപ്പെട്ടത് ഇരുനൂറിലേറെ പേരാണ്.
ആചാരങ്ങളുടെ പേരു പറഞ്ഞ് നടക്കുന്ന ജെല്ലികെട്ടിന്റെ മറവില്‍ കോടികളുടെ വാതുവയ്പാണ് നടക്കുന്നതെന്നും കള്ളപ്പണം ഒഴുക്കാനുള്ള മറയാണിതെന്നും നിരോധനത്തിന് മുന്‍കൈ എടുത്ത മുന്‍ കേന്ദ്ര പരിസ്ഥിതി വകുപ്പ് മന്ത്രി ജയറാം രമേശ് ആരോപിക്കുന്നു.
രണ്ടാമത്തെ മരുമകളെ വെറുതെ ചീത്തവിളിച്ചത് മിച്ചം !
തെരഞ്ഞെടുപ്പ് പ്രതീക്ഷയില്‍ കേന്ദ്രഗവണ്‍മെന്റ് ജെല്ലിക്കെട്ടിന് അനുമതി നല്‍കിക്കൊണ്ട് ഉത്തരവ് ഇറക്കിയപ്പോള്‍ നായ്ക്കളോടാണ് കൂടുതല്‍ താല്‍പര്യമെങ്കിലും, തെരുവ് പട്ടികളെ സംരക്ഷിക്കാന്‍ തിരുവനന്തപുരം നഗരസഭയിലേക്ക് ഫോണ്‍ ചെയ്തു വിരട്ടിയ ഇന്ത്യയുടെ രണ്ടാമത്തെ മരുകള്‍ മനേകാജി മോദിജിയുടെ ഓഫീസിലേക്കും ഒന്ന് വിളിച്ച് വിരട്ടി നോക്കി. പക്ഷേ മോദിജിയുടെ ഓഫീസിലെ ഗുജറാത്തിയായ ഏതോ അലഭ്യ പുലശ്യ ശ്രീമാന്‍ മനേകാജിക്ക് വേണ്ടത് കൊടുത്തു എന്നും മനേകാജി റിസീവര്‍ ഇട്ട് ഓടിക്കളഞ്ഞു എന്നും പറയപ്പെടുന്നു. സുപ്രീം കോടതി വിധി മരുമകള്‍ക്ക് ഉള്ളുകൊണ്ട് രസിച്ചുകാണാനാണ് അതിനാല്‍ സാധ്യത.

” അമ്മയെ തിന്നരുത് ; അച്ഛനെ തല്ലി തല്ലി കൊല്ലാം “

സർക്കാർ നയം അമ്മയെ തിന്നരുത് ; അച്ഛനെ തല്ലാം എന്നതാണ്. പക്ഷെ , അമ്മയെ ഞങ്ങൾ തിന്നുമെന്നും അച്ഛനെ സംരക്ഷിക്കുമെന്നും വെല്ലുവിളിച്ചവരിൽ കേരളത്തിൽ നിന്നുള്ള അഭിനവ നവോദ്ധാന നായകരും ഉണ്ട്. കോടതി പക്ഷെ അവർക്കൊപ്പം ആണ്. ഗോപിതാവിനെ സുപ്രീം കോടതി രക്ഷിച്ചതിലുള്ള ആശ്വാസത്തിലാണ് അവര്‍.

ഇക്കൊല്ലം ജെല്ലിക്കെട്ട് നടക്കാതായാല്‍ നിയമസഭാ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനും ചില സമുദായങ്ങളും ജെല്ലിക്കെട്ട് സംഘാടക സമിതികളും തീരുമാനിച്ചിട്ടുണ്ട്. ഏന്തായാലും ആസന്നമായ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ജെല്ലിക്കെട്ട് മുഖ്യവിഷയമാവുമെന്ന് ഉറപ്പായികഴിഞ്ഞു.

Comments

comments