Breaking News

രാജ്യത്തെ ചിന്തിപ്പിക്കേണ്ട വാക്കുകൾ അഥവാ രോഹിത്‌ വെമുലയുടെ ആത്മഹത്യാക്കുറിപ്പ്‌

ഹൈദ്രബാദ് യൂണിവേഴ്സിടിയിൽ ആത്മഹത്യ ചെയ്ത രോഹിത്‌ വെമുലയുടെ ആത്മഹത്യാക്കുറിപ്പ്‌ (പരിഭാഷ)vemula

 


ഗുഡ് മോണിംഗ് ,

നിങ്ങൾ ഈ കത്ത്‌ നിങ്ങൾ വായിക്കുമ്പോൾ ഞാൻ ഇവിടെ ഉണ്ടായിരിക്കില്ല. എന്നോട്‌ അനിഷ്ടം തോന്നരുത് . നിങ്ങളിൽ ചിലർ എന്നെപ്പറ്റി കരുതലുളളവരായിരുന്നു. എന്നെ സ്നേഹിക്കുകയും നന്നായി പെരുമാറുകയും ചെയ്തിരുന്നു. എനിക്ക്‌ ആരെപറ്റിയും പരാതിയില്ല. എനിക്ക്‌ എല്ലായ്പ്പോഴും എന്നോട്‌ മാത്രമേ പ്രശ്നങ്ങൾ ഉണ്ടായിരുന്നുളളു. എന്റെ ശരീരവും ആത്മാവും തമ്മിൽ അകലം വർധിച്ചുവരുന്നതായി എനിക്ക്‌ തോന്നുന്നു. ഞാൻ ഒരു വികാരജീവിയായി മാറിയിരിക്കുന്നു. ഒരു എഴുത്തുകാരനാകണമെന്ന്‌ ഞാൻ എല്ലായ്പ്പോഴും ആഗ്രഹിച്ചിരുന്നു. കാൾ സാഗനെപോലെ ശാസ്ത്രലേഖകൻ. അവസാനം ഈ കത്ത്‌ മാത്രമാണ്‌ എനിക്ക്‌ എഴുതാനായത്‌.
ഞാൻ ശാസ്ത്രത്തേയും നക്ഷത്രങ്ങളേയും പ്രകൃതിയേയും സ്നേഹിച്ചിരുന്നു. അവർ പ്രകൃതിയെ എന്നേ ഉപേക്ഷിച്ചിരിക്കുന്നുവെന്ന്‌ തിരിച്ചറിയാതെ ഞാൻ ജനങ്ങളെയും സ്നേഹിച്ചിരുന്നു. നമ്മുടെ അവബോധം രണ്ടാംതരമാണ്‌. നമ്മുടെ സ്നേഹം രൂപകൽപന ചെയ്യപ്പെട്ടതാണ്‌. നമ്മുടെ വിശ്വാസങ്ങൾ നിറംപിടിപ്പിച്ചവയാണ്‌. നമ്മുടെ മൗലികത കൃത്രിമ കലയിലൂടെ മൂല്യവൽക്കരിക്കപ്പെട്ടതാണ്‌. മുറിവേൽക്കാതെ സ്നേഹിക്കുകയെന്നത്‌ യഥാർഥത്തിൽ ശ്രമകരമായിരിക്കുന്നു.

മനുഷ്യന്റെ മൂല്യം അവന്റെ തൽക്ഷണ സ്വത്വത്തിലേയ്ക്കും സമീപ സാധ്യതയിലേക്കും ചുരുങ്ങിയിരിക്കുന്നു. ഒരുവോട്ടിലേയ്ക്ക്‌, ഒരു അക്കത്തിലേയ്ക്ക്‌, ഒരു വസ്തുവിലേയ്ക്ക്‌. മനുഷ്യൻ ഒരിക്കലും ഒരു ആത്മാവായി പരിഗണിക്കപ്പെട്ടതേയില്ല. നക്ഷത്ര ധൂളിയാൽ രൂപംകൊണ്ട ഒരു മഹദ്‌വസ്തുവായി. പണത്തിലും തെരുവിലും രാഷ്ട്രീയത്തിലും മരണത്തിലും ജീവിതത്തിലും വ്യാപരിക്കുന്ന ഒന്നായി. ഇതുപോലെയൊരു കത്ത്‌ ഞാൻ ആദ്യമായാണ്‌ എഴുതുന്നത്‌. ആദ്യമായി എഴുതുന്ന അവസാനത്തെ കത്ത്‌. അതിന്‌ ആശയ സംവേദനത്തിനായില്ലെങ്കിൽ എന്നോട്‌ പൊറുക്കുക.

ലോകത്തെ തിരിച്ചറിയുന്നതിൽ എല്ലായ്പ്പോഴും എനിക്ക്‌ തെറ്റ്‌ സംഭവിച്ചിരിക്കാം. സ്നേഹത്തേയും വേദനയേയും ജീവിതത്തേയും മരണത്തേയും തിരിച്ചറിയുന്നതിലും. ഒരു അത്യാവശ്യകതയും ഉണ്ടായിരുന്നിരിക്കില്ല. പക്ഷേ ഞാൻ എപ്പോഴും കുതിക്കുകയായിരുന്നു. ജീവിതം തുടങ്ങാനുളള സാഹസികതയിലായിരുന്നു. അതേസമയം മറ്റുചിലർക്ക്‌ ജീവിതം ഒരു ശാപം തന്നെയായിരുന്നു. എന്റെ ജന്മം ഒരു മാരക അത്യാഹിതമായിരുന്നു. ബാല്യത്തിന്റെ ഏകാന്തതയിൽ നിന്ന്‌ എനിക്ക്‌ ഒരിക്കലും രക്ഷപ്പെടാനായില്ല. ഒരിക്കലും വിലമതിക്കപ്പെടാതെ പോയ ബാല്യം. ഈ നിമിഷം ഞാൻ വ്രണിതനല്ല, ദുഃഖിതനല്ല, എനിക്ക്‌ എന്നെപ്പറ്റി യാതൊരു ഉൽക്കണ്ഠയുമില്ല. അത്‌ ദയനീയമാണ്‌. ഇത്‌ ചെയ്യുന്നതിന്റെ പേരിൽ ആളുകൾ എന്നെ ഭീരുവെന്ന്‌ വിളിച്ചേക്കും. പോയിക്കഴിയുമ്പോൾ അവർ സ്വാർഥനെന്നും വിഡ്ഢിയെന്നും കരുതിയേക്കും. എന്ത്‌ വിളിക്കുന്നുവെന്നതിനെപ്പറ്റി എനിക്ക്‌ ഉൽക്കണ്ഠയില്ല. ഞാൻ മരണാനന്തര കഥകളിലും പിശാചിലും ആത്മാവിലും വിശ്വസിക്കുന്നില്ല. എന്തിലെങ്കിലും വിശ്വസിക്കുന്നെങ്കിൽ അത്‌ നക്ഷത്രങ്ങളിലേയ്ക്ക്‌ യാത്ര ചെയ്യാനാവുമെന്നതിലാണ്‌. മറ്റ്‌ ലോകങ്ങൾ അറിയാനാവുമെന്നതിലാണ്‌.
എനിക്ക്‌ ഏഴ്‌ മാസത്തെ ഫെലോഷിപ്പ്‌ ലഭിക്കാനുണ്ട്‌, ഒരു ലക്ഷത്തി എഴുപത്തയ്യായിരം രൂപ. ഈ കത്ത്‌ വായിക്കുന്ന നിങ്ങൾക്ക്‌ എനിക്കുവേണ്ടി എന്തെങ്കിലും ചെയാനാവുമെങ്കിൽ അത്‌ എന്റെ കുടുംബത്തിന്‌ ലഭിക്കുമെന്ന്‌ ഉറപ്പുവരുത്തുക. രാംജിക്ക്‌ നാൽപതിനായിരത്തോളം രൂപ നൽകാനുണ്ട്‌. അത്‌ അദ്ദേഹം ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല. എങ്കിലും ലഭിക്കുന്ന പണത്തിൽ നിന്ന്‌ അത്‌ നൽകണം.

എന്റെ സംസ്കാര ചടങ്ങ്‌ നിശബ്ദവും സുഗമവുമാവട്ടെ. ഞാൻ പെട്ടെന്ന്‌ പ്രത്യക്ഷപ്പെട്ട്‌ പിൻമാറിയതുപോലെ പെരുമാറുക. എനിക്കുവേണ്ടി കണ്ണീർ പൊഴിക്കരുത്‌. ജീവിച്ചിരിക്കുന്നതിനെക്കാൾ സന്തുഷ്ടനാണ്‌ ഞാൻ മരണത്തിലെന്ന്‌ തിരിച്ചറിയുക.

“നിഴലിൽ നിന്ന്‌ നക്ഷത്രങ്ങളിലേയ്ക്ക്‌”

ഉമാ അണ്ണ, ഇതിനുവേണ്ടി താങ്കളുടെ മുറി ഉപയോഗിക്കേണ്ടിവന്നതിൽ ഖേദിക്കുന്നു. ‘എഎസ്‌എ’ കുടുംബത്തിന്‌, നിങ്ങളെ നിരാശപ്പെടുത്തിയതിൽ ഖേദിക്കുന്നു. നിങ്ങൾ എന്നെ വളരെ സ്നേഹിച്ചിരുന്നു. നിങ്ങൾക്ക്‌ വളരെ നല്ല ഭാവി ആശംസിക്കുന്നു.

ഒരിക്കൽ കൂടി അവസാനമായി

ജയ്‌ ഭീം.

ഉപചാരങ്ങൾ എഴുതാൻ മറന്നു.

ഞാൻ സ്വയം മരിക്കുന്നതിൽ മറ്റാർക്കും ഉത്തരവാദിത്തമില്ല. എന്റെ ഈ പ്രവൃത്തിക്ക്‌ മറ്റാരുടേയും പ്രവൃത്തികളോ വാക്കുകളോ പ്രേരകമായിട്ടില്ല. ഇതെന്റെ തീരുമാനമാണ്‌. ഞാൻ മാത്രമാണ്‌ ഇതിന്‌ ഉത്തരവാദി. ഞാൻ പോയശേഷം എന്റെ സ്നേഹിതരെയോ, ശത്രുക്കളെയോ ഇതിന്റെ പേരിൽ ബുദ്ധിമുട്ടിക്കരുത്‌.

Comments

comments