Breaking News

ഒരു സംസ്ഥാനം ആകെ സരിതയുടെ നാവിൻതുമ്പിൽ ആടിയുലയുന്നു ; ഉമ്മൻ ചാണ്ടിക്ക് 2 കോടിയോളം നല്കിയെന്ന് സരിത

സോളാർ അഴിമതി വിവാദം സംസ്ഥാനത്ത് നാണക്കേടിന്റെ പുതിയ ചരിത്രം ആകുന്നു. ഒരു സാരിത്തലപ്പിൽ സംസ്ഥാനത്തിന്റെ നാണവും മാനവും ആടിയുലയുന്നു. അഴിമതി – സെക്സ് കൂട്ടുകെട്ട് ഒരിക്കൽ കൂടി കേരളത്തെ നാറ്റിക്കുന്നു.    സോളാർ അഴിമതിയും അനുബന്ധ വിഷയങ്ങളും ആരോപിക്കുന്ന ജുഡീഷ്യൽ കമ്മിഷൻ മുമ്പാകെ ഇന്ന് ഹാജരായ സരിത എസ് നായർ സംസ്ഥാന ഭരണത്തെ പിടിച്ചുലച്ച മൊഴിയാണ് നല്കിയത്. സര്‍ക്കാരിനെ സംരക്ഷിച്ച  നിലപാടുകള്‍ മാറ്റി മന്ത്രിമാര്‍ക്കെതിരെ ആരോപണവുമായി സരിത എത്തി എന്നതാണ് സംഭവത്തിലെ പുതിയ വാർത്ത.

മുഖ്യമന്ത്രിക്കു വേണ്ടി തോമസ് കുരുവിളയ്ക്ക് രണ്ടു തവണയായി 1.90 കോടി രൂപ നല്‍കിയെതന്നും വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദിന് 40 ലക്ഷം രൂപ കൈക്കൂലി നല്‍കിയെന്നും സരിത സോളാര്‍ കമ്മിഷന് മൊഴി നല്‍കി.  2012 ഡിസംബര്‍ 27ന് ഡല്‍ഹി ചാന്ദ്‌നി ചൗക്കില്‍ വച്ചാണ് 1.10 കോടി രൂപ ആദ്യം തോമസ് കുരുവിളയ്ക്ക് നല്‍കിയത്. പിന്നീട് തിരുവനന്തപുരത്ത് വച്ച് 80 ലക്ഷം മുഖ്യമന്ത്രിക്ക് വേണ്ടി തോമസ് കുരുവിളയ്ക്ക് നല്‍കി. അറസ്റ്റിലാകുന്നതിന് 14 ദിവസം മുന്‍പാണ് ഈ തുക നല്‍കിയത്.  ഇക്കാര്യം ജിക്കുമോനെ നേരിട്ട് വിളിച്ച് അറിയിക്കുകയും ചെയ്തിരുന്നു. സാമ്പത്തിക ഇടപാടുകള്‍ ജോപ്പനോട് പറയരുതെന്ന് ജിക്കുമോന്‍ നിര്‍ദേശിച്ചു.

സോളാര്‍ ബിസിനസുമായി ബന്ധപ്പെട്ട് താന്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ടിട്ടുണ്ട്.  2011 ജൂണിലാണ് മുഖ്യമന്ത്രിയെ തിരുവനന്തപുരത്തെത്തി ആദ്യമായി കണ്ടതെന്നും സരിത സോളാര്‍ കമ്മിഷന് നല്‍കിയ മൊഴിയില്‍ പറയുന്നു. സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയപ്പോഴാണ് ജോപ്പനെ കണ്ടത്. മുന്‍മന്ത്രി ഗണേഷ്‌കുമാറിന്റെ പി.എ വഴിയാണ് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടത്.  2012 ഫെബ്രുവരി 26ന് രാത്രി 7.30ന് സെക്രട്ടേറിയറ്റില്‍ എത്തി കാണാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. അന്ന് ഒരു അവധി ദിവസമായിരുന്നു. ബിജു രാധാകൃഷ്ണനെതിരെ നടപടി സ്വീകരിക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി. ജോപ്പനുണ്ടായിരുന്നതിനാല്‍ പണത്തെ കുറിച്ച് ഒന്നും സംസാരിച്ചില്ല. മുഖ്യമന്ത്രിയുടെ സ്വകാര്യ ലാന്‍ഡ് ലൈന്‍ ഫോണില്‍ വിളിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ആ ദിവസം തന്നെ ജിക്കുമോനെയും ജോപ്പനെയും സലീംരാജിനെയും ഫോണില്‍ വിളിച്ചു.

മുഖ്യമന്ത്രി പദ്ധതിക്ക് എല്ലാ സഹായവും വാഗ്ദാനം ചെയ്തു. കല്ലേലി ശ്രീധരന്‍ നായര്‍ക്കും മുഖ്യമന്ത്രി ഉറപ്പ് നല്‍കി. വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടെ പി.എ അബ്ബാസിനെ കണ്ട് കിന്‍ഫ്രയുടെ സ്ഥലം നല്‍കാമോ എന്ന് ചോദിക്കാന്‍ നിര്‍ദേശിച്ചു.  പദ്ധതിയുമായി ബന്ധപ്പെട്ട് ജോപ്പനുമായി സംസാരിച്ചാല്‍ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിക്ക് മുഖ്യമന്ത്രിക്ക് ഏഴു കോടി രൂപ നല്‍കണമെന്ന് അദ്ദേഹത്തിന്റെ പഴ്‌സണല്‍ സ്റ്റാഫ് ജിക്കുമോന്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ ഡല്‍ഹിയിലെ സഹായി തോമസ് കുരുവിളയ്ക്ക് പണം കൈമാറാനായിരുന്നു നിര്‍ദേശം. എന്നാല്‍ ഇത്രയും തുക കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇത്രയും പണം ഡല്‍ഹിയിലേക്ക് വിമാനത്തില്‍ കൊണ്ടുപോകാന്‍ കഴിയാത്തതിനാല്‍ ഡല്‍ഹിയില്‍ നിന്നു പണം സംഘടിപ്പിച്ചു നല്‍കാമെന്ന് അറിയിച്ചു. തോമസ് കുരുവിളയെ വിളിക്കാന്‍ ജിക്കുമോന്‍ ആവശ്യപ്പെട്ടു.

2012 ഡിസംബര്‍ 26ന് ഡല്‍ഹിയിലെത്തി തോമസ് കുരുവിളയെ വിളിച്ചപ്പോള്‍ ആദ്യം കേരള ഹൗസില്‍ എത്താന്‍ പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രി കേരള ഹൗസില്‍ എത്തിയില്ല. പിന്നീട് വിജ്ഞാന്‍ ഭവനില്‍ എത്താന്‍ നിര്‍ദേശിച്ചു. ഇവിടെ 45 മിനിറ്റ് കാത്തിരുന്ന ശേഷമാണ് മുഖ്യമന്ത്രി എത്തിയത്. പണത്തിന്റെ കാര്യം എന്തായി എന്ന് അദ്ദേഹം ചോദിച്ചു. പണം തയ്യാറാണെന്ന് താന്‍ അറിയിച്ചു. പിറ്റേന്ന് വൈകിട്ട് നാലിന് ചാന്ദിനി ചൗക്കില്‍ പണവുമായി കാത്തിരിക്കാന്‍ തോമസ് കുരുവിള നിര്‍ദേശിച്ചു. അതുപ്രകാരം ചാന്ദിനി ചൗക്കില്‍ എത്തി. കാറില്‍ എത്തിയ തോമസ് കുരുവിള ഡ്രൈവറെ പുറത്തിറക്കിയ ശേഷം കാറിനുള്ളില്‍ വച്ച് സംസാരിച്ചു. ഇവിടെ വച്ച് 1.10 കോടി രൂപ തോമസ് കുരുവിളയ്ക്ക് കൈമാറിയെന്നും സരിത മൊഴി നല്‍കി. തന്റെ ഡല്‍ഹി യാത്രകളില്‍ തോമസ് കുരുവിള സഹചാരിയാണെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം സോളാര്‍ കമ്മിഷനില്‍ സമ്മതിച്ചിരുന്നു.

വൈദ്യുതി മന്ത്രി ആര്യാടൻ മുഹമ്മദിന്​ 25 ലക്ഷം രൂപ കൈക്കൂലി കൊടുത്തെന്ന്​ സരിത എസ്​. നായർ സോളാർ കമ്മീഷന് ​ നൽകിയ മൊഴിയിൽ പറഞ്ഞു. ആര്യാടന്റെ ഒൗദ്യോഗിക വസതിയായ മൻമോഹൻ ബംഗ്ലാവിൽ വെച്ചാണ്​ പണം കൊടുത്തത്.  25 ലക്ഷം രൂപ കൈമാറി. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് വൈദ്യുതിമന്ത്രിയായ ആര്യാടന്‍ മുഹമ്മദിനെ കാണുകയും കൈക്കൂലി നല്‍കുകയും ചെയ്തത്. സോളാര്‍ പദ്ധതിക്ക് രണ്ടു കോടി രൂപയാണ് ആര്യാടന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇതിനു കഴിയാത്തതിനാല്‍ ചര്‍ച്ചയ്ക്കു ശേഷം ഒരു കോടി രൂപ നല്‍കിയാല്‍ മതിയെന്ന് മന്ത്രി സമ്മതിച്ചു. ഇതില്‍ 25 ലക്ഷം രൂപ മന്ത്രിയുടെ ഓഫീസില്‍ വച്ച് അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ പി.എയ്ക്ക് നല്‍കി. പിന്നീട് ഒരു ചടങ്ങില്‍ വച്ച് 15 ലക്ഷം രൂപയും നല്‍കി. താന്‍ ജയിലിലായതോടെ പദ്ധതി മുടങ്ങി. ജയിലില്‍ നിന്ന് ഇറങ്ങിയ താന്‍ പണം തിരികെ നല്‍കണമെന്ന് ആര്യാടനോട് ആവശ്യപ്പെട്ടുവെങ്കിലും അദ്ദേഹം നല്‍കിയില്ലെന്നും സരിത പറയുന്നു.

Comments

comments