Breaking News

വിദ്യാർഥികളുടെ ശ്രദ്ധയ്ക്ക് , പ്ലാനറ്റ് 9; സൗരയൂഥത്തില്‍ വീണ്ടും പുതിയ ഗ്രഹം

ഭൂമിയുടെ 10 മടങ്ങ് പിണ്ഡം

സൂര്യനെ വലം വെയ്ക്കാന്‍ 20,000 വര്‍ഷം

 

സൗരയൂഥത്തില്‍ അദൃശ്യമായിക്കിടന്ന ഭീമന്‍ ഗ്രഹത്തിന്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞതായി കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ (കാല്‍ടെക്) ഗവേഷകര്‍ അവകാശപ്പെടുന്നു.  സൗരയൂഥത്തിന്റെ ബാഹ്യ മേഖലയില്‍ ദൈര്‍ഘ്യമേറിയ ഭ്രമണപഥത്തില്‍ സൂര്യനെ ചുറ്റുന്ന ഭീമന്‍ വസ്തു സ്ഥിതി ചെയ്യുന്നതിനുള്ള തെളിവാണ് ഗവേഷകര്‍ക്ക് ലഭിച്ചത്.  ഈ ഗവേഷണം തെളിയിക്കപ്പെട്ടാല്‍ പ്ലാനറ്റ് -9 എന്ന പേരില്‍ ഗ്രഹങ്ങളുടെ എണ്ണം വീണ്ടും 9 ആകും.

ഭൂമിയെ അപേക്ഷിച്ച് 10 മടങ്ങ് ദ്രവ്യമാനം (പിണ്ഡം) ഉള്ള ഈ ഗ്രഹത്തിന് സൂര്യനെ ഒരു തവണ വലം വയ്ക്കാന്‍ 10, 000 വര്‍ഷത്തിനും, 20,000 വര്‍ഷത്തിനും ഇടയ്ക്ക് സമയം വേണം.  ഇത് ഗ്രഹമാണെന്ന കാര്യത്തില്‍ ഗവേഷകര്‍ക്ക് സംശയം ഇല്ല.  കാര്‍ടെക്കിലെ വിഖ്യാത ഗ്രഹശാസ്ത്രജ്ഞനായ മൈക്കല്‍ ബ്രൗണും കോണ്‍സ്റ്റാന്റില്‍ ബട്ട്യാഗിനും ചേര്‍ന്നാണ് പുതിയ ഗ്രഹത്തെ കണ്ടെത്തിയത്.  സൗരയൂഥത്തില്‍ കയ്പര്‍ ബെല്‍റ്റ് എന്നറിയപ്പെടുന്ന വിദൂരമേഖലയില്‍, കുള്ളന്‍ ഗ്രഹമായ പ്ലൂട്ടോയ്ക്കപ്പുറമാണ് പുതിയ ഗ്രഹത്തിന്റെ സ്ഥാനം.

പ്ലൂട്ടോയ്ക്കപ്പുറം കയ്പര്‍ മേഖലയിലെ 13 വസ്തുക്കള്‍ ഏതോ ഒരു ഭീമന്‍ വസ്തുവിന്റെ ആകര്‍ഷണത്താല്‍ ഒരുമിച്ച് നീങ്ങുന്നതിന്റെ പൊരുള്‍ മനസ്സിലാക്കാന്‍ നടത്തിയ ശ്രമമാണ് ഗവേഷകരെ പുതിയ കണ്ടെത്തലിലേക്ക് നയിച്ചത്.  കമ്പ്യൂട്ടര്‍ മാതൃകകളുടെ സഹായത്തോടെ നടത്തിയ ഗണിത പഠനത്തില്‍ കയ്പര്‍ മേഖലയിലെ ആ 13 വസ്തുക്കളുടെ വിചിത്ര ചലനം ഈ ഭീമന്‍ വസ്തുവിന്റെ സാന്നിദ്ധ്യം കൊണ്ടാണെന്ന നിഗമനത്തില്‍ ശാസ്ത്രജ്ഞര്‍എത്തി.  അതാണ് 9-ാം ഗ്രഹത്തിനുള്ള പരോക്ഷ തെളിയാവത്.

”അത്തരമൊരു ഗ്രഹമുണ്ടെങ്കില്‍, അത് നേരിട്ട് നിരീക്ഷിച്ച് കണ്ടെത്താനാകും” എന്ന് ബ്രിട്ടീഷ് ജ്യോതി ശാസ്ത്രജ്ഞന്‍ മാര്‍ട്ടിന്‍ റീസ് അഭിപ്രായപ്പെട്ടു.  ”വലിയ ടെലിസ്‌കോപ്പുകള്‍ ഉപയോഗിച്ചുള്ള നിരീക്ഷണത്തില്‍ അത് കണ്ടെത്തുന്നതുവരെ നമ്മള്‍ ക്ഷമിക്കേണ്ടിവരും” അദ്ദേഹം പറഞ്ഞു.

സൗരയൂഥത്തിലെ 9-ാം ഗ്രഹം എന്ന പദവി 2006 വരെ വഹിച്ചിരുന്നത് പ്ലൂട്ടോ ആണ്.  എന്നാല്‍ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയതോടെ പ്ലൂട്ടോയ്ക്ക് ഗ്രഹപദവി നഷ്ടമായി.  ഇതോടെ സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ എണ്ണം എട്ടായി.  പുതിയ കണ്ടെത്തല്‍ സ്ഥിരീകരിക്കപ്പെട്ടാല്‍ ഗ്രഹസംഖ്യ വീണ്ടും 9 ആകും.  ആസ്‌ട്രോണമിക്കല്‍ ജേണലിന്റെ പുതിയ ലക്കത്തിലാണ് 9-ാം ഗ്രഹം സംബന്ധിച്ച പഠന വിവരങ്ങള്‍ കാല്‍ടെക്ക് ഗവേഷക സംഘം പ്രസിദ്ധീകരിച്ചത്.

Comments

comments