Breaking News

മനസ്സായിരുന്നു – കണ്ണാടി

tng 1

 

ലീൻ ബി ജെസ്മസ്

തിരുവനന്തപുരം പ്രസ്സ്‌ക്ലബ്ബില്‍ നിന്ന് ടിഎന്‍ജിയെ വഹിച്ചുകൊണ്ടുള്ള ആംബുലന്‍സ് ശാന്തികവാടത്തിലേക്ക് നീങ്ങുന്നു …
23 വര്‍ഷങ്ങള്‍ക്കപ്പുറം ,മരപ്പാലത്തിനടുത്തുള്ള വാടകവീട്ടില്‍ ആദ്യമായി അദ്ദേഹത്തെ കണ്ട നിമിഷത്തിലാണ്, ഞാനിപ്പോള്‍. ഇന്ത്യാടുഡേയില്‍ നിന്ന് ആള്‍ദൈവങ്ങളുടെ വിഗ്രഹഭഞ്ജനം നടത്തി, നടയിറങ്ങിയ വിപ്ലവകാരിയായ പത്രപ്രവര്‍ത്തകനോടുള്ള ആദരവോടെയാണ് ഞാന്‍ അദ്ദേഹത്തിന്റെ മുന്നിലെത്തിയത്. ഏഷ്യാനെറ്റ് എന്ന പുതിയ ചാനലില്‍ ഒരു കാലികപരിപാടി ആരംഭിക്കുന്നതിനെക്കുറിച്ചായിരുന്നു ചര്‍ച്ച. പിന്നെ, പല ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍. കണ്ണാടി യാഥാര്‍ത്ഥ്യമായി. അച്ചടിമാധ്യമത്തില്‍ നിന്ന് ദൃശ്യമാധ്യമത്തിലെ അവതാരകനായി വാര്‍ക്കപ്പെടുന്നതിന്, ഒരു ചെറു ബാലനെപ്പോലെ അദ്ദേഹമെന്റെ നിര്‍ദ്ദേശങ്ങളെ അനുസരിക്കുന്നതും, ക്രമേണ സ്വന്തം അവതരണശൈലിയിലേക്ക് വളര്‍ന്നുയരുന്നതും എന്റെ സ്വകാര്യഅഭിമാനം. ടി.എന്‍.ഗോപകുമാര്‍ എനിക്കും ടി.എന്‍ജിയായി. വാല്‍സല്യവും കരുതലും കലര്‍ന്ന ഒരു ജ്യേഷ്ഠസഹോദരന്റെ സ്‌നേഹം കണ്ണാടിയ്‌ക്കൊപ്പം നടന്ന രണ്ടു കൊല്ലക്കാലത്തും തുടര്‍ന്നും ടിഎന്‍ജി എനിയ്ക്കായി കരുതിവെച്ചു.

കണ്ണാടിയുടെ എഡിറ്റിംഗ് നടക്കുന്ന പാതിരാവുകളില്‍ സൗഹൃദക്കൂട്ടായ്മകള്‍ക്കിടയില്‍ നിന്ന് ടിഎന്‍ജി ഞങ്ങളെത്തേടിയെത്തുമ്പോള്‍, കയ്യില്‍ തട്ടുദോശയും ഓംലെറ്റുമടങ്ങുന്ന ഒരു പൊതിയുണ്ടാകും. ഈ സ്‌നേഹയാത്രയ്ക്കിടയില്‍ ഞാനറിഞ്ഞത് ടിഎന്‍ജി എന്ന ഉറച്ച ചിന്താഗതികളുള്ള പത്രപ്രവര്‍ത്തകന്റെയുള്ളിലെ ആര്‍ദ്രതയെയാണ്.

tng 3

കണ്ണാടിയുടെ ആദ്യ ചിത്രീകരണം എൻ. ടി. വി. യുടെ ഓഫീസ്സിൽ

കണ്ണാടിയിലെ ചൂടുള്ള രാഷ്ട്രീയറിപ്പോര്‍ട്ടുകളെക്കാള്‍, മാനുഷികതയുടെ ചൂരുള്ള സോഫ്റ്റ്‌സ്റ്റോറികളോടായിരുന്നു ടിഎന്‍ജിക്ക് പ്രണയം. എണ്‍പത്തിയാറ് എപ്പിസോഡുകള്‍ക്ക് ശേഷം കണ്ണാടി പൂര്‍ണ്ണമായും ഏഷ്യാനെറ്റിന് കൈമാറിയെങ്കിലും, ടിഎന്‍ജി എന്ന ഉടയാത്ത സ്‌നേഹത്തിന്റെ കണ്ണാടിയില്‍ ഞാനിടയ്‌ക്കൊക്കെ മുഖം നോക്കി നിന്നു.

നീണ്ട ഇടവേളയ്ക്ക് ശേഷം ഗള്‍ഫിലെ ഒരു അവാര്‍ഡ് ദാനച്ചടങ്ങിലെത്തിയപ്പോള്‍ വേദിയിലേക്ക് നടന്നുകയറാനുള്ള ബുദ്ധിമുട്ടുകള്‍ അദ്ദേഹം സ്വകാര്യമായി പങ്കുവെച്ചു. ദേഹത്തോട് ചേര്‍ത്ത് നിര്‍ത്തി ടിഎന്‍ജിയെ പടികയറ്റുമ്പോള്‍,ദുര്‍ബ്ബലമായ ആ ശരീരത്തിന്റെ പരിക്ഷീണത ഞാന്‍ തിരിച്ചറിഞ്ഞു. പിന്നെയും ഇടവേള.

കൃത്യം രണ്ടാഴ്ചമുമ്പ് ഫ്‌ളവേഴ്‌സ് ടിവി അവാര്‍ഡ് ദാനച്ചടങ്ങില്‍, പുരസ്‌കാരമേറ്റുവാങ്ങാനെത്താമെന്ന് ആഹ്ലാദത്തോടെ സമ്മതം മൂളുമ്പോള്‍ ടിഎന്‍ജിയില്‍ പുതുജീവന്‍ തുടിച്ചിറങ്ങുന്നത് കണ്ടു. ഒപ്പമുണ്ടായിരുന്ന നിഖിലിന് കൈകൊടുത്ത് യാത്ര പറയുമ്പോള്‍, ടിഎന്‍ജി പറഞ്ഞു ”ലീനോട് ഔപചാരികമായൊരു യാത്രപറച്ചിലിന്റെ കാര്യമില്ലല്ലോ” അപ്പോഴദ്ദേഹം എന്റെ കൈകളില്‍ മുറുകെപ്പിടിച്ചിരുന്നു.

(കണ്ണാടിയുടെ ആദ്യ 86 അധ്യായങ്ങളുടെ സംവിധായകനും നിർമാതാവും ആണ് ലേഖകൻ)

tng 2

Comments

comments