Breaking News

കവിതയുടെ സൂര്യകാന്തി

 ഹരീഷ്കുമാർ വി

G.shankarakurup

ഫെബ്രുവരി 2 ജി. ശങ്കരക്കുറുപ്പിന്റെ 38-ാം ചരമവാര്‍ഷികദിനം

ഈ ഭൂമിയിലെ സൗന്ദര്യാനുഭൂതികളില്‍ ആമഗ്നനാവുകയും മധുരമായ ഒരു ആലാപന ശൈലിയിലൂടെ മലയാള ഭാഷയെ സമകാലികരായ മറ്റേത് കവിയേക്കാളും യൗവ്വനയുക്തവും നവീന മുക്തവുമാക്കിത്തീര്‍ക്കുകയും ചെയ്തു അദ്ദേഹം. മനുഷ്യാസ്തിത്വത്തെ കുറിച്ചുള്ള ഉദ്വേഗങ്ങള്‍ മലയാള കവിതയില്‍ ഏറ്റവും കൂടുതല്‍ ആലോസരപ്പെടുത്തിയിട്ടുള്ളത് കുമാരനാശാനെയായിരുന്നു.  പക്ഷേ ആശാന് അതിന് വേദാന്തത്തില്‍ നിന്നോ ബൗദ്ധ, ചിരാക്കളില്‍ നിന്നോ ഉള്ള സമാധാനങ്ങളും ഉണ്ടായിരുന്നു. ജി. അത്രമേല്‍ ആഴത്തിലുള്ള ദാര്‍ശനി വ്യഥകളിലേക്ക് പോയിട്ടില്ല എങ്കിലും മനുഷ്യ ജീവിതത്തിന്റേയും പ്രപഞ്ചത്തിന്റേയും പിടികിട്ടായ്മയ്ക്കും സൗന്ദര്യത്തിനും മുന്നിലെ ശ്രദ്ധാഞ്ജലികളായി മാറുകയാണ് അദ്ദേഹത്തിന്റെ കവിതകള്‍.

വര്‍ത്തമാന കാലത്തിലും ഇത് സാമൂഹ്യ സന്ദര്‍ഭത്തില്‍ പുതിയ മാനങ്ങള്‍ തേടുന്നു എന്നതാണ് ജിയ്ക്കും അദ്ദേഹത്തിന്റെ കവിതയ്ക്കും മരണമില്ല എന്ന വിചാരത്തെ വീണ്ടും ബലപ്പെടുത്തുന്നത്.  ലീലാവതി ടീച്ചര്‍ വളരെ കൃത്യമായി നിരീക്ഷിച്ചിട്ടുള്ളപോലെ ‘വെളിച്ചത്തിന് വേണ്ടിയുള്ള തൃഷ്ണയാണ് ജി കവിതയുടെ സ്വാതമഭാവം’ ഇത് ആത്മീയ തലത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതുമല്ല, മനുഷ്യ ജീവിതത്തിലേക്കും സമൂഹത്തിലേക്കും ഈ വെളിച്ചം കടന്നു വരണമെന്ന് ഈ കവി ആഗ്രഹിക്കുന്നു. അതുകൊണ്ടു തന്നെ രാഷ്ട്രീയമായ പുരോഗമന നിലപാടുകളെ അനുഭാവപൂര്‍വ്വം കവി സമീപിക്കുന്നു.  പാരസ്പര്യത്തിന്റെ ഒരു വലിയ ശൃംഖലാ ബന്ധമായി കവി ഈ വിശ്വ പ്രപഞ്ചത്തെ കാണുന്നു. അതില്‍ സൂര്യകാന്തി എന്ന കുഞ്ഞ് പൂവ് സൂര്യനെ പ്രണയിക്കുന്ന കാമുകിയും നിത്യത എന്ന അമൂര്‍ത്താശയം ഇതളൊടുങ്ങാത്ത താമരയും ആകുന്നു.  മരണം വരനും പ്രാണന്‍ വധുവുമാകുന്നു. അന്യഥാ അശുഭകരങ്ങളായ ജരാനരകള്‍ പോലും അലങ്കാരങ്ങളാകുന്നു. അങ്ങനെയാണ്.
 ‘കാലമെന്‍ മുടിക്കെട്ടില്‍ അണിയിക്കയായ് മുല്ലമാല
    ഫാലത്തില്‍ ചേര്‍ത്തു കഴിഞ്ഞു വരകുറി”
എന്ന് വാര്‍ദ്ധക്യത്തെ സ്വാഗതം ചെയ്യാന്‍ കവി പ്രാപ്തനാകുന്നത്.
  ‘മുരളീ മധുരനാമൊരു ഗായകന്‍
വരും, വിളിക്കും
വാതില്‍ പൂട്ടാതെയക്ഷണം ”
എന്നെഴുതുന്ന ജിയുടെ ഭാവുകത്വം പില്‍ക്കാലത്തെ സാഹിത്യാധുനികതയില്‍ വിരിഞ്ഞ മൃത്യുപാസനയുടെ ഋണാത്മകതയോട്  പുറം തിരിഞ്ഞ് നില്‍ക്കുന്ന ഒന്നാണ്. എന്തെന്നാല്‍ ജിയുടെ കാവ്യവ്യക്തിത്വം നേരത്തെ സൂചിപ്പിച്ചതുപോലെ ഭാരതീയ ദര്‍ശനങ്ങളുടെ അകക്കാമ്പ് ഉള്ളതാണ്.  അത് പാശ്ചാത്യ നഗരീകതയോടുള്ള ഉപരിപ്ലവമായ ആവേശത്തില്‍ നിന്ന് രൂപപ്പെട്ടതും ആയിരുന്നില്ല.  ജിയുടെ ആത്മീയ കാഴ്ചപ്പാടുകള്‍ കേവല ഭക്തിരസപ്രധാനമായ കാവ്യങ്ങളില്‍ നിന്നും വ്യതിരിക്തത പുലര്‍ത്തുന്നു.  അതുകൊണ്ടു തന്നെ മതങ്ങളുടെ ദൈവരൂപങ്ങള്‍ അപൂര്‍വ്വമായി മാത്രമേ അദ്ദേഹത്തിന്റെ കവിതയില്‍ കടന്നു വന്നിട്ടുള്ളൂ. പ്രകൃതി ശക്തിയാണ് ജിയ്ക്ക് ദൈവം. വ്യത്യസ്തമായ എടുത്തുകാണിക്കാവുന്നത് ശിവതാണ്ഡവം എന്ന വിശ്രുത കവിത തന്നെ. ഇതില്‍ പരമശിവന്റെ താണ്ഡവനൃത്തമാണ് ചിത്രീകരിക്കുന്നതെങ്കിലും അണുവിലും ഈ ബ്രഹ്മാണ്ഡത്തിലാകെയും കുടികൊള്ളുന്ന ഊര്‍ജ്ജത്തിന്റെ ചൈതന്യം നടത്തുന്ന നടനമാണ് ജി.  ആ കവിതയില്‍ ആവിഷ്‌കരിക്കുന്നത്. ശിവനൃത്തം ഈ കവിതയില്‍ അസാധാരണമായ കാവ്യലാവണ്യത്തോടെയും അനൈച്ഛികമെന്ന് പറയാവുന്ന പ്രചോദനത്തിന്റെ ഹര്‍ഷമൂര്‍ച്ഛയോടെയും വിവരിക്കപ്പെടുന്നു.

ശിവന്‍ എന്ന നിത്യവിസ്മയം തരുന്ന അപ്രമേയ സങ്കല്‍പ്പത്തെ ഇതിലും മീതെ ആവിഷ്‌കരിക്കാന്‍ മറ്റേതങ്കിലും കവിക്ക് കഴിഞ്ഞിട്ടുണ്ടെന്ന് തോന്നുന്നില്ല.  വ്യോമക്ലേഷം, കെട്ടഴിഞ്ഞു പാറിയും, നക്ഷത്ര രുദ്രാക്ഷമാലചിതറിയും, അമ്പിളിക്കല ഹര്‍ഷവിഹ്വലയായി ചാഞ്ഞതും തൂനിലാവിന്റെ സ്‌നേഹമുതിര്‍ത്തും മതിമറന്നാടുന്ന ആ പ്രപഞ്ച പുരുഷന്‍ ശിരസ്സില്‍ ജലവും നെറ്റിയില്‍ അഗ്നിയും ചൂടുന്നു. ഭൂത, വര്‍ത്തമാന, ഭവിഷ്യന് കാലങ്ങളെ സമീക്ഷിക്കുന്നു.  ആ മുക്കണ്ണുകള്‍ ജീവത്തിയാണ്, ആ സംഹാരമൂര്‍ത്തിയുടെ താണ്ഡവതാളം സ്ഥലസമയങ്ങള്‍ അലിഞ്ഞെത്താവുന്ന, മരണത്തിന്റെ മസ്തകത്തില്‍ കാലുവച്ചുകൊണ്ട് പൊട്ടിച്ചിരിച്ചിരമ്പുന്ന, വിശ്വാത്മാവിന്റെ നൃത്ത വിസമയത്തില്‍ പ്രപഞ്ചം വീണ്ടും വീണ്ടും വികസ്വരമാവുന്നു. പാതി പെണ്ണും പാതി അണുവായ പൂര്‍ണ്ണതയുടെ ഈ നടനകേളി എല്ലാവിധ സര്‍ഹഗ്ഗാവിഷ്‌കാരങ്ങളുടേയും പരമാവധിയുമാണ്. പ്രചോദന തീവ്രതയാല്‍ മാത്രം സ്വയമേവ ആഗതമാവുന്ന കവിതയുടെ ഈ അപൂര്‍വ്വതയ്രക്കു മുമ്പില്‍ സഹൃദയത്വമുള്ള സവിസ്മയം നോക്കി നിന്നു പോകും.

    ‘തിളങ്ങുമാ കണ്ണില്‍ലെച്ചില്‍ പ്രകാശ ലേശം കൊണ്ടു
    കൊളുത്തുന്ന യുക്തിയുടെ കൊച്ചുനാളങ്ങള്‍’ എന്നും
    തിരിച്ചറിയുന്നു ഞങ്ങള്‍ ധര്‍മ്മാധര്‍മ്മ മുഖങ്ങളാ
    ത്തിരി നീട്ടി തിരി നീട്ടി കര്‍മ്മവീഥിയില്‍”
എന്നും പറയുന്നിടത്ത് അനവദ്യവിശാലമായ പ്രപഞ്ച സൗന്ദര്യാനുഭൂതിയില്‍ ഇറങ്ങി സ്വയം നഷ്ടപ്പെട്ടു പോകാത്ത ദുരുതാനുസാരിയും മനുഷ്യ കഥാനുഗായിയുമാണ് മഹാകവി ജി ശങ്കരക്കുറുപ്പ് എന്ന് നാം അറിയുന്നു.  മതേതവും വിശാലവുമായ ദൈവാതീതം പോലുമായ ശാസ്ത്രത്തിന്റേയും യുക്തി ബോധത്തിന്റേയും എതിര്‍ഭാഗത്ത് നിലകൊള്ളാത്തതുമായ ഒരു ആത്മീയതയെ അന്വേഷിക്കുന്ന മനുഷ്യമനസ്സുകള്‍ക്ക് ജിയില്‍ നിന്ന് ഒരുപാട് ആത്മജ്ഞാനം നേടിയെടുക്കാനുണ്ട്.

 

ജീവിതം

ജനനം : 1901 ജൂണ്‍ 3
മരണം : 1978 ഫെബ്രുവരി 2

odakkuzhal1901 ജൂണ്‍ 3-ന് എറണാകുളം ജില്ലയിലെ കാലടിക്കടുത്തുള്ള നായത്തോട് എന്ന സ്ഥലത്ത് ജനിച്ചു. 17-ാം വയസ്സില്‍ ഹെഡ് മാസ്റ്ററായി ജോലിയില്‍ പ്രവേശിച്ചു. 1937-ല്‍ എറണാകുളം മഹാരാജാസ് കോളേജില്‍ അധ്യാപകനായി നിയമിക്കപ്പെട്ടു. 1956-ല്‍ അധ്യാപകജോലിയില്‍ നിന്നും വിരമിച്ചു. 1968 മുതല്‍ 1972 വരെ രാജ്യസഭാംഗമായിരുന്നു.
ഭാവഗാനങ്ങള്‍ക്കു പൊതുവേ ഭാഷയില്‍ സ്ഥിരപ്രതിഷ്ഠ നല്കിയത് ശങ്കരക്കുറുപ്പാണ്. കാല്പനികതയും, യോഗാത്മകതയും അദ്ദേഹത്തിന്റെ കവിതകളില്‍ ശക്തമായ സ്വാധീനം ചെലുത്തിയിരുന്നു. 1965-ല്‍ ഓടക്കുഴല്‍ എന്ന കൃതിക്ക് ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചു. ജ്ഞാനപീഠ പുരസ്‌കാരം ആദ്യമായി ലഭിക്കുന്നത് ജി.ശങ്കരക്കുറുപ്പിനാണ്. കേരള-കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍, സോവിയറ്റ് ലാന്‍ഡ് നെഹ്‌റു അവാര്‍ഡ്, പദ്മഭൂഷണ്‍ തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കവിത, നാടകം, വിവര്‍ത്തനം, ജീവചരിത്രം, കല, വ്യാകരണം, ബാലസാഹിത്യം, ആത്മകഥാസാഹിത്യം, നിരൂപണം എന്നീ ഇനങ്ങളിലായി അമ്പതോളം കൃതികള്‍ രചിച്ചു.
സാഹിത്യ കൗതുകം (മൂന്നാംഭാഗം), വെള്ളിപ്പറവകള്‍, ചെങ്കതിരുകള്‍, ഇതളുകള്‍, ഓടക്കുഴല്‍, സൂര്യകാന്തി, വിശ്വദര്‍ശനം, മുത്തും ചിപ്പിയും, ഓര്‍മകളുടെ ഓളങ്ങളില്‍, ഗീതാഞ്ജലി (വിവര്‍ത്തനം), വിലാസ ലഹരി, ഇളം ചുണ്ടുകള്‍, സാഹിത്യപരിചയം തുടങ്ങിയവയാണ് പ്രധാന കൃതികള്‍. 1978 ഫെബ്രുവരി 2-ന് അദ്ദേഹം അന്തരിച്ചു.

Comments

comments