Breaking News

കോഴിക്കോട് നാടിനെ നടുക്കിയ കൊള്ള ; ഡോക്ടർ ദമ്പതികളെ മയക്കി കവർന്നത് 35 പവനും മൂന്നു ലക്ഷത്തിന്റെ ഡയമണ്ടും

മോഷണം മാത്രമല്ല , ചുവര് നിറയെ അശ്ലീല ചിത്രങ്ങൾ വരച്ചും കഞ്ചാവ് വലിച്ചും കള്ളന്മാർ വിളയാടി

മുപ്പത്തിയഞ്ച് പവൻ സ്വർണാഭരണങ്ങളും മൂന്നു ലക്ഷം രൂപ വിലവരുന്ന വജ്രാഭരണങ്ങളും മൂന്നുലക്ഷം രൂപയും നഷ്ടപ്പെട്ടു

മെഡിക്കൽ കോളേജിലെ ജനറൽ മെഡിസിൻ വിഭാഗം മേധാവി ഡോ. എൻ.കെ തുളസീധരനും ഭാര്യ ഡോ. ബി. മിനിയും താമസിക്കുന്ന മലാപ്പറമ്പ് ദേശോദ്ധാരിണി ക്രോസ് റോഡിലെ മരതകം വീട്ടിൽ ആണ് നാടിനെ നടുക്കിയ കൊള്ള നടന്നത്.

ഡോ. എൻ.കെ തുളസീധരനും ഭാര്യ ഡോ. ബി. മിനിയും പതിവുപോലെ തന്നെയാണ് ആ രാത്രിയും ഉറങ്ങാൻ കിടന്നത്. രാവിലെ അഞ്ചരയോടെ ഇരുവരും സാധാരണ ഉണരും. പക്ഷെ പിറ്റേന്ന് വെളുപ്പിന്  ഇരുവരും ഉണരാൻ കുറച്ചു വൈകി. എഴുന്നേൽക്കുമ്പോൾ പതിവില്ലാത്ത ക്ഷീണവും തോന്നി.  എന്നാൽ, അപ്പോഴൊന്നും അവർ തങ്ങളുടെ മുറിയിൽ മോഷ്ടാക്കൾ കയറിയെന്നോ വൻ കവർച്ച നടത്തിയെന്നോ അറിഞ്ഞില്ല. കിടപ്പുമുറിയുടെ വാതിൽ ആരോ പുറത്ത് നിന്ന് പൂട്ടിയിരുന്നു. ഇതാണ് ആ ഡോക്ടർ ദമ്പതികളെ ഞെട്ടിച്ചത്. പുറത്തുനിന്ന് മുറി തുറപ്പിച്ച് ഇരുവരും ഇറങ്ങിയതോടെയാണ് ആ വീട്ടിൽ രാത്രിയിൽ എന്തൊക്കെ നടന്നുവെന്ന് എല്ലാവരും അറിയുന്നത്.

താഴത്തെ നിലയിൽ ആണ് ഡോക്ടറും ഭാര്യയും കിടക്കുന്നത്. മറ്റൊരു മുറിയിലെ ഷെൽഫ് കുത്തിത്തുറന്ന് സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലായിരുന്നു. തീൻമുറിയോട് ചേർന്ന കിടപ്പുമുറിയിലാണ് ഡോക്ടർ ദമ്പതികൾ ഉറങ്ങിയിരുന്നത്. വേലക്കാരി താഴത്തെ നിലയിൽ മറ്റൊരു മുറിയിലും ഉറങ്ങുന്നുണ്ടായിരുന്നു.   ഡോക്ടർ ദമ്പതികൾ ഉറങ്ങിയ കട്ടിലിനോട് ചേർന്ന് നിലത്തുവച്ചിരുന്ന സേഫിൽ നിന്നാണ് സ്വർണാഭരണങ്ങൾ കവർന്നത്. ഇതിന്റെ താക്കോൽ മേശവലിപ്പിൽ നിന്നെടുത്ത് സേഫ് തുറക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. മുപ്പത്തിയഞ്ച് പവൻ സ്വർണാഭരണങ്ങളും മൂന്നു ലക്ഷം രൂപ വിലവരുന്ന വജ്രാഭരണങ്ങളും മൂന്നുലക്ഷം രൂപയും നഷ്ടപ്പെട്ടു. ട്രെയിൻ ടോയ്ലറ്റുകളിൽ കാണാറുള്ളതുപോലെ വീടിന്റെ ചുവരിൽ മോഷ്ടാക്കൾ അശ്ളീല ചിത്രങ്ങൾ വരച്ചു നിറച്ചിരുന്നു. കൂട്ടത്തിൽ ഹിന്ദിയോട് സാമ്യമുള്ള അക്ഷരങ്ങളിൽ ചില വാക്കുകളും.  രോഗികളെ പരിശോധിക്കുന്ന മുറിയുടെ ചുവരുകളിലാണ് ചിത്രങ്ങളും മറ്റുും വരച്ചിട്ടത്.

ചിത്രരചനയും അന്യഭാഷയിലുള്ള വാക്കുകളും അന്വേഷണത്തെ വഴി തെറ്റിക്കുന്നതിനായാണോ എന്ന സംശയവും പൊലീസിനുണ്ട്. അതിവിദഗ്ധരായ മോഷ്ടാക്കൾ സമയം പോകാൻ നടത്തിയ വിനോദമായും പൊലീസ് ഇതിനെ കാണുന്നുണ്ട്. കാരണം ചില മോഷ്ടാക്കൾ വീടുകളിൽ കയറി രാത്രി മോഷണം നടത്തിയാൽ പുലർച്ചെയായിരിക്കും ഇവിടെ നിന്ന് പുറത്തിറങ്ങുന്നതെന്ന വിവരം പൊലീസിനുണ്ട്. രാത്രി കാലങ്ങളിൽ മോഷണ വസ്തുക്കളുമായി പുറത്തിറങ്ങുമ്പോൾ പട്രോളിംഗ് നടത്തുന്ന പൊലീസ് സംഘത്തിന് മുന്നിൽ ചെന്നുപെടാൻ സാധ്യതയുണ്ട്. നഗരങ്ങളിൽ ഇങ്ങനെ സംഭവിക്കാറുണ്ടെന്ന് മോഷ്ടാക്കൾ തന്നെ പൊലീസിനോട് നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ട്. പുലർകാലമായാൽ ഈ പ്രശ്നമില്ല. രാവിലെ നടക്കാനിറങ്ങുന്നവരുടെ കൂട്ടത്തിൽ സുഖമായി രക്ഷപ്പെടാം.

മോഷ്ടാക്കൾ വീട്ടിലെത്തിയ ശേഷം കഞ്ചാവ് ഉപയോഗിച്ചു. വീടിന്റെ പരിശോധനാ മുറിയുടെ തറയിൽ നിന്നും മുറ്റത്തു നിന്നുമാണ് കഞ്ചാവ് ബീഡിയുടെ കരിഞ്ഞ അംശങ്ങൾ കണ്ടെത്തിയത്.

ധനം സൂക്ഷിച്ചിരിക്കുന്ന വീടാണ് എന്നും അതിന്റെ സ്ഥാനം ഏതൊക്കെ  എന്നും അറിഞ്ഞു തന്നെയാണ് മോഷ്ടാക്കൾ കയറിയതെന്ന് പൊലീസ് കരുതുന്നു. പരിശോധനാ മുറിയിൽ അശ്ളീല ചിത്രങ്ങൾ നിറയ്ക്കാൻ മാത്രം മോഷ്ടാക്കൾക്ക് ഡോക്ടറുമായി മുൻവിരോധം വല്ലതുമുണ്ടായിരുന്നോയെന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. മോഷണദിവസം ഡോക്ടർ ദമ്പതികൾക്ക് പുറമെ മരുമക്കളും പേരക്കുട്ടിയും വീടിന്റെ മുകളിലത്തെ നിലയിൽ ഉറങ്ങുന്നുണ്ടായിരുന്നു.

Comments

comments