Breaking News

ജീവന് വേണ്ടിയുള്ള പോരാട്ടം അവസാനിപ്പിച്ച് ലാൻസ് നായിക് ഹനുമന്തപ്പ യാത്രയായി

കടുത്ത മഞ്ഞിനോട് പൊരുതിയ വീര്യം പക്ഷെ വൈദ്യ ശാസ്ത്രത്തിന്റെ മരുന്നുകളോടും യന്ത്രങ്ങളോടും തുണയായില്ല

ജീവിതത്തിലേക്കുള്ള മടങ്ങി വരവിനുള്ള പോരാട്ടം അവസാനിപ്പിച്ച് ലാൻസ് നായിക് ഹനുമന്തപ്പ മരണത്തിനു കീഴടങ്ങി

സിയാച്ചിനിലെ മഞ്ഞിനടിയിൽ നിന്ന് ആറു ദിവസങ്ങൾക്കുശേഷം രക്ഷപെടുത്തിയ ലാൻസ് നായിക് ഹനുമന്തപ്പയാണ്  അന്തരിച്ചത്. ഡൽഹി ആർമി റിസർച് ആൻഡ് റഫറൽ ആശുപത്രിയിൽ 11.45 ഓടെയായിരുന്നു അന്ത്യം. സിയാച്ചിനിൽ നിന്ന് അത്ഭുതകരമായ വിധം ജീവനോടെ രക്ഷപ്പെടുത്താൻ കഴിഞ്ഞുവെങ്കിലും ഇദ്ദേഹത്തിന്റെ ആരോഗ്യനില തീരെ മോശമായിരുന്നു. വൃക്കകളും കരളും പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. കടുത്ത ന്യുമോണിയയും ബാധിച്ചിരുന്നു. തലച്ചോറിലേക്ക് ഓക്സിജൻ ലഭ്യമാകുന്നുണ്ടായിരുന്നില്ല.

മൈനസ് 45 ഡിഗ്രി ശൈത്യത്തിൽ മഞ്ഞുമലയ്ക്കു കീഴിൽ 30 അടി താഴെ ആറുദിവസം കഴിഞ്ഞശേഷമാണ് ഹനുമന്തപ്പയെ രക്ഷാപ്രവർത്തകർ കണ്ടെത്തിയത്. പത്തു സൈനികർ അപകടത്തിൽപ്പെട്ടതിൽ ആരും രക്ഷപ്പെടും എന്നു കരുതിയിരുന്നില്ല. എന്നാൽ അദ്ഭുതകരമായി ഹനുമന്തപ്പയുടെ ശരീരത്തിൽ ജീവൻ നിലനിൽക്കുകയായിരുന്നു.

ഫെബ്രുവരി ആദ്യം ഉണ്ടായ മഞ്ഞുവീഴ്ചയിൽ  പത്തു സൈനികരാണ് അപകടത്തിൽപെട്ടത്. പ്രതികൂല കാലാവസ്ഥ തരണം ചെയ്ത് എത്തിയ രക്ഷാപ്രവർത്തകർക്ക് ഹനുമന്തപ്പയെ മാത്രമാണ് ജീവനോടെ കണ്ടെത്താൻ സാധിച്ചത്. ഉടൻതന്നെ ഹെലികോപ്റ്ററിലും വ്യോമസേനയുടെ പ്രത്യേക ആംബുലൻസ് വഴിയും ഡൽഹിയിലെത്തിച്ച ഹനുമന്തപ്പയുടെ ജീവൻ നിലനിർത്താൻ ആർമി ആശുപത്രിയിൽ വൻ സംഘത്തെയാണ് നിയോഗിച്ചിരുന്നത്. എന്നാൽ രണ്ടു ദിവസത്തെ ചികിത്സയ്ക്കും ഹനുമന്തപ്പയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

ദൈവം വിളികേട്ടില്ല

കര്‍ണാടകയിലെ ധാര്‍വാഡ് ഗ്രാമത്തിലാണ്  ഹനുമന്തപ്പയുടെ കുടുംബം . അമ്മയും ഭാര്യയും ഒന്നരവയസുകാരി മകളും അടങ്ങുന്നതാണ് ഇദ്ദേഹത്തിന്റെ കുടുംബം. ഹനുമന്തപ്പയിൽ ജീവന്റെ തുടിപ്പ് കണ്ടത് മുതൽ ധാര്‍വാഡിലെ ഗ്രാമത്തില്‍ നാട്ടുകാരും ബന്ധുക്കളും പ്രത്യേക പൂജകളിലും പ്രാര്‍ഥനകളിലും മുഴുകിയിരിക്കുകയായിരുന്നു. എന്നാൽ അവരുടെ ദൈവങ്ങളൊന്നും ആ വിളി കേട്ടില്ല. ജീവന്റെ അവസാന തുടിപ്പും നിശ്ചലമാക്കി ആ ധീര സൈനികൻ യാത്രയായി.

Comments

comments