Breaking News

ആര്‍.എം.പിയുടേത് അവസരവാദ നീക്കം

ലാലുജോസഫ്

തിരുവനന്തപുരം പ്രിയദര്‍ശിനി ഹാളിനു മുന്നില്‍ ഇക്കഴിഞ്ഞ ദിവസം ഒരു ഫ്‌ളക്‌സ് ബോര്‍ഡ് കണ്ടു.  ടി.പി. ചന്ദ്രശേഖരന്‍ മുഷ്ഠി ചുരുട്ടി നില്‍ക്കുന്നത്.  അതിനടിയിലെ വാചകം ”ധീരനായ കമ്മ്യൂണിസ്റ്റ്”.  ടി.പി.യെ എനിക്കറിയില്ല.  കണ്ടിട്ടുമില്ല.  കേട്ടിടത്തോളം ധീരതയുടെ ആള്‍രൂപമായിരുന്നു.  താന്‍ ജീവനുതുല്യം സ്‌നേഹിച്ച പാര്‍ട്ടിയുടെ പരിപാടികളില്‍ വലതുപക്ഷവ്യതിയാനം ഉണ്ടായി എന്ന ധാരണയാണ് ടി.പി.യെ സി.പി.ഐ.(എം)ന് അകത്ത്  ഉള്‍പ്പാര്‍ട്ടി സമരത്തിനും അതിനിടമില്ലാതെ വന്നപ്പോള്‍ പുറത്തു നിന്നും സമരം ചെയ്യാന്‍ പ്രേരിപ്പിച്ചത്.  ടി.പി.യുടെ അരുംകൊല ആരും ന്യായീകരിക്കുന്നതല്ല.  ഉപ്പു തിന്നവനും തീറ്റിച്ചവനും വെള്ളം കുടിക്കണം എന്നത് സാമാന്യ നീതിതത്വമാണ്.  അതിനായുള്ള ആര്‍.എം.പി.യുടെയും കെ.കെ. രമയുടെയും ശ്രമങ്ങള്‍ക്ക് ജനാധിപത്യ വിശ്വാസികള്‍ മനസാ പിന്തുണ നല്‍കുകയും ചെയ്യുന്നു.  ആരോപണ വിധേയമായിരിക്കുന്ന സി.പി.ഐ.(എം) ഏതന്വേഷണവും നേരിടാന്‍ തയ്യാറുമാണ്.  ടി.പി.യുടെ കൊലപാതകം അന്വേഷിച്ച സംസ്ഥാന പോലീസ് ഗൂഢാലോചനയുടെ കുന്തമുന കണ്ടുപിടിച്ചില്ലെന്നും അത് ഭരണ-പ്രതിപക്ഷ കക്ഷികളുടെ ഒത്തുകളിയാണെന്നും കെ.കെ. രമ ആരോപിക്കുന്നത് സ്വാഭാവികം.  ഭര്‍ത്താവിന്റെ അരും കൊലയ്ക്ക് ഉത്തരവാദികളായ ആളുകളെ അന്വേഷിച്ച് കണ്ടെത്തി നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ രമയ്ക്ക് അവകാശമുണ്ട്.   അതിനവര്‍ സി.ബി.ഐ. അന്വേഷണം എന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെടുമ്പോള്‍ അത് ന്യായമല്ല എന്നു കരുതാനും വയ്യ.  സി.ബി.ഐ. കേന്ദ്രസര്‍ക്കാര്‍ കൂട്ടിലടച്ചിരിക്കുന്ന തത്തയാണ് എന്ന് അഭിപ്രായമുള്ള സി.പി.ഐ.(എം) ന് തത്തയെ അല്ല ഭയം.  തത്ത, ആര്‍.എസ്.എസ്. അടുക്കളയില്‍ കാച്ചുന്ന പാല്‍ കുടിച്ച് പൂച്ച പൂച്ച പറയുന്നതിനാണ്.

മന്‍മോഹന്‍സിംഗ്, ഉമ്മന്‍ ചാണ്ടി എന്നീ കോണ്‍ഗ്രസ്സ് ഭരണാധികാരികളെയും കോണ്‍ഗ്രസ്സിന്റെ കേന്ദ്ര സംസ്ഥാന നേതാക്കളേയും സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് കെ.കെ. രമയും ആര്‍.എം.പിയും പലകുറി സമീപിച്ചിരുന്നു.  കേന്ദ്ര സംസ്ഥാന ഭരണപാര്‍ട്ടിയുടെ നേതാക്കളെ പ്രത്യേകിച്ച് ഭരണകര്‍ത്താക്കളെ തങ്ങളുടെ ആവശ്യം നേടിയെടുക്കാന്‍ സന്ദര്‍ശിക്കുന്നത് ജനാധിപത്യത്തില്‍ ഒരു തെറ്റല്ല.  ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരില്‍ കെ.കെ. രമയ്ക്കും ആര്‍.എം.പി.യ്ക്കും വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു.  പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.ഡി.എഫുമായി രഹസ്യധാരണ ഉണ്ടാക്കിയിട്ടുപോലും സി.ബി.ഐ. അന്വേഷണമെന്ന ആവശ്യത്തിന് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് പ്രത്യേകിച്ച് ഒരു പരിഗണനയും ലഭിച്ചില്ല എന്ന് കണ്ടിട്ടാവാം നിലവിലെ കേന്ദ്ര ഭരണകക്ഷിയുടെ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ മുന്നില്‍ കെ.കെ. രമയും ആര്‍.എം.പിയും നിവേദനവുമായി ചെന്നത്.

പ്രധാനമന്ത്രിയുടെയോ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെയോ കുമ്മനം രാജശേഖരന്‍ എന്ന ബിജെപി കേരള സംസ്ഥാന പ്രസിഡന്റിന്റെയോ മുന്നില്‍ ഒരു പരാതിയുമായി ആരെങ്കിലും ചെല്ലുന്നത് ഒരു കുറ്റമായി കണക്കാക്കാനാവില്ല. അത് ജനാധിപത്യ അവകാശവുമാണ്. പക്ഷേ കെ.കെ. രമയും ആര്‍.എം.പി.യുമാകുമ്പോള്‍ അതിന് പകപോക്കല്‍ രാഷ്ട്രീയത്തിന്റെ നിറം വരുന്നു.  ടി.പി. ചന്ദ്രശേഖരന്‍ നെഞ്ചേറ്റിയിരുന്ന പ്രസ്ഥാനത്തിന് രാഷ്ട്രീയമായി തിരിച്ചടി നല്‍കാന്‍ രാഷ്ട്രീയ പ്രതിയോഗികളുടെ മുന്നില്‍ പരാതിക്കെട്ടുമായി ചെല്ലുന്നത് ടി.പി. ചന്ദ്രശേഖരന്‍ പിന്തുടര്‍ന്ന രാഷ്ട്രീയമായിരുന്നോ എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാനാകില്ല.  ടി.പി. ചന്ദ്രശേഖരന്‍ ഒരു കാലത്തും വര്‍ഗ്ഗീയ ഫാസിസ്റ്റ് ചേരിയുടെ സഹായമോ അനുകമ്പയോ നേടിയെടുക്കാന്‍ ആഗ്രഹിച്ചിരുന്ന ഒരാളാണെന്ന് കേട്ടിട്ടില്ല.  ടി.പി. എപ്പോഴും തൊഴിലാളി വര്‍ഗ്ഗ രാഷ്ട്രീയ പ്രസ്ഥാനത്തിനൊപ്പമായിരുന്നു.  തന്റെ പാര്‍ട്ടി, പരിപാടികളില്‍ വ്യതിയാനം വരുത്തുന്നു എന്ന് തോന്നിയപ്പോഴാണ് അദ്ദേഹം മാറിചിന്തിച്ചത്.  അപ്പോഴും വര്‍ഗ്ഗീയ ഫാസിസ്റ്റ് ചേരിക്കനുകൂലമായ ഒരു നിലപാട് ടി.പിയുടെ സ്വപ്നത്തില്‍ പോലും ഉണ്ടായിരുന്നിരിക്കില്ല.  അത് നന്നേ അറിയുന്ന കെ.കെ. രമയും ആര്‍.എം.പിയും ബിജെപി സംസ്ഥാന പ്രസിഡന്റ് നടത്തുന്ന ഒരു പ്രചരണ ജാഥയ്ക്കിടയില്‍ അദ്ദേഹത്തെ കണ്ട് പരാതി ഉന്നയിച്ചത് രാഷ്ട്രീയ പാപ്പരത്വവും വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ആര്‍.എം.പി., സി.പി.ഐ (എം) നെ തോല്‍പ്പിക്കാന്‍ ബിജെപിയുമായി രഹസ്യ ചങ്ങാത്തം ഉണ്ടാക്കാനുള്ള തയ്യാറെടുപ്പും ഉപാധിയുമായിട്ടാണ് മനസ്സിലാക്കേണ്ടത്.  സി.പി.ഐ (എം) നെ തോല്‍പ്പിക്കാന്‍ ബിജെപി എങ്കില്‍ ബിജെപി, അവരെ ഉപയോഗിച്ച് സിബിഐ അന്വേഷണം ഏര്‍പ്പാടാക്കാമെന്നാണ് ആര്‍.എം.പിയുടെ വിശ്വാസം.  ഇത് തൊഴിലാളി വിരുദ്ധ നിലപാടാണ്.  രാഷ്ട്രീയ അവസരവാദമാണ്.

Comments

comments