Breaking News

എന്ന് വരും സാറേ ഈ ‘അഛാ ദിന്‍’ ? കണക്ക് പെട്ടി തുറക്കുമ്പോള്‍ വരുമോ ? 29 ന് കേന്ദ്ര ബജറ്റ്

modi jaitley

ഹരീഷ് കുമാർ വി 

വോട്ടു ചെയ്തവർ ആകെ അക്കിടി പറ്റിയ അവസ്ഥയിലാണ്. രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയുടെ എ ബി സി ഡി അറിയാത്തവർവിഷയമില്ലാതെ മതം മാത്രം ആയുധമാക്കി ഭരണത്തെ അരക്കിട്ടുറപ്പിക്കാൻ ശ്രമിക്കുന്നു. രാജ്യം എങ്ങോട്ട് പോകുന്നുവെന്ന് ജനങ്ങൾ മറന്നു കഴിഞ്ഞു. ബി.ജെ.പി നേതാവ് നരേദ്ര ദാമോദര്‍ ദാസ് മോദി തെരഞ്ഞെടുപ്പിന് ശേഷം മുമ്പ് ഇന്ത്യന്‍ ജനതയ്ക്ക് മുമ്പില്‍ നിരത്തിയിരുന്ന വാഗ്ദാനങ്ങളില്‍ ഭൂരിഭാഗവും ഇന്നും ജലരേഖകളായി തുടരുകയാണ്. ഇതില്‍ പ്രധാനം കള്ളപ്പണം പുറത്തുകൊണ്ടുവരുമെന്നതാണ്. ഇതടക്കമുള്ള പൊതുവായ വാഗ്ദാനങ്ങളുടെ തനിയാവര്‍ത്തനത്തിന് പുറമേ അര ഡസനോളം പുതിയ ‘ ധനകാര്യ ഉള്‍ക്കൈള്ളല്‍ ‘ വാഗ്ദാനങ്ങള്‍ കൂടി 2015 ആഗസ്റ്റ് 15 ന് തന്റെ സ്വാതന്ത്ര്യ ദിന പ്രസംഗത്തിലൂടെ നല്‍കാനും പ്രധാന മന്ത്രി മോദി മടിച്ചുനിന്നില്ല. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കാണെങ്കില്‍ നേതാവിന്റെ ചുവട് പിടിച്ചുള്ള ജനപ്രിയ വാഗ്ദാനങ്ങള്‍ നിരത്താനും തന്റെ ബജറ്റ് രേഖയിലൂടെ കിട്ടിയ അവസരവും പാഴാക്കിയില്ല. എന്നാല്‍ വീണ്ടും പുതിയൊരു ധനകാര്യ വര്‍ഷവും അതിനോടനുബന്ധിച്ചുള്ള ബജറ്റ് രേഖയ്ക്ക് രൂപം നല്‍കാനുള്ള ഭാരിച്ച ബാധ്യതയും കൂടിയാകുമ്പോള്‍ പ്രധാനമന്ത്രിയേക്കാള്‍ സമ്മര്‍ദ്ധത്തില്‍ ആയിരിക്കുന്നത് ധന മന്ത്രി ജെയ്റ്റ്‌ലിയാണ്. പോരെങ്കില്‍ ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട് ഡല്‍ഹി മുഖ്യ മന്ത്രി അരവിന്ദ്് കെജ്‌രി വാളും സ്വന്തം പാര്‍ട്ടി എം. പി. ആയ കീര്‍ത്തി ആസാദും ജെയ്റ്റ്‌ലിക്കുള്ള പങ്കിനെപ്പറ്റി ഒരു തുറന്ന യുദ്ധത്തിലാണെന്ന സാഹചര്യവും ധന മന്ത്രിയുടെ തലവേദന കൂടുന്നുമുണ്ട്.

അതേ സമയം പരിചയ സമ്പന്നനായ ഒരു രാഷ്ട്രീയ നേതാവും പ്രഗത്ഭനായ ഒരു അഭിഭാഷകനും കഴിവുറ്റ ഒരു പാര്‍ലമെന്റേറിയനുമായ അരുണ്‍ ജെയ്റ്റ്‌ലി ഇത്തരം ഭീഷണികള്‍ക്ക് കീഴ്‌പ്പെടാതെതന്നെ ധന മന്ത്രി എന്ന തന്റെ ചുമതലയില്‍ മുഴുകിയിരിക്കുകയാണ്. മാത്രമല്ല ബി.ജെ.പി വിരുദ്ധ മോദി വിരുദ്ധ ശക്തികള്‍ നടത്തി വരുന്ന പ്രചാരണങ്ങള്‍ തീര്‍ത്തും അടിസ്ഥാന രഹിതമാണെന്നും, ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ശക്തിയില്‍ തനിക്ക് പൂര്‍ണ്ണ വിശ്വാസമാണ് ഉള്ളതെന്നും ജെയ്റ്റ്‌ലി ആവര്‍ത്തിച്ച് പ്രഖ്യപിക്കുന്നുമുണ്ട്. ആഗോള സമ്പദ് വ്യവസ്ഥ നേരിടുന്ന കടുത്ത ഭീഷണികള്‍ ഫലപ്രദമായി നേരിടാനും തരണം ചെയ്യാനും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് കഴിയുമെന്ന ശുഭാപ്തി വിശ്വാസക്കാരനുമാണ് ജെയ്റ്റ്‌ലി.

തകര്‍ച്ചയുടെ ഉത്തരവാദിത്തത്തില്‍ നിന്നുള്ള കൈകഴുകല്‍

നാം നേരിടേണ്ടി വരുന്ന പ്രശ്‌നത്തിന്റെയെല്ലാം ഉറവിടം ആഭ്യന്തര സമ്പദ് വ്യവസ്ഥ മാത്രമല്ല എന്ന വാദം ശരിതന്നെ. ആഗോള സമ്പദ് വ്യവസ്ഥയുടെ അസ്ഥിരതയും ചാഞ്ചാട്ട സ്വഭാവവും മൂലം ഉടലെടുക്കുന്ന പ്രശ്‌നങ്ങളും ഉണ്ട്. ഇന്നത്തെ ലോക കമം പഴയതില്‍ നിന്നും തീര്‍ത്തും വ്യത്യസ്ഥമാണ്. ആഗോളത്വമാണ് ഈ ലോക ക്രമത്തിന്റെ സവിശേഷ സ്വഭാവം. സ്വാഭാവികമായും ലോക സമ്പദ് വ്യവസ്ഥുടെ പ്രതിന്ധികള്‍ വിവിധ ദേശീയ സമ്പദ് വ്യവസ്ഥകളിലും പ്രതിഫലിക്കപ്പെടും. വ്യത്യസ്ത രൂപത്തിലും ആഴത്തിലും ഭാവത്തിലുമാണെങ്കിലും. അരുണ്‍ ജെയ്റ്റിലിയുടെ നിസ്സഹായത പ്രകടമാക്കുന്ന വാക്കുകള്‍ ശ്രദ്ധിക്കുക ‘ഒരു രാജ്യവും ഒറ്റപ്പെട്ട നിലയിലുള്ള ദ്വീപല്ല. ഇന്ത്യയും ഇന്ത്യന്‍ ജനതയും ഈ യാഥാര്‍ത്ഥ്യം തിരിച്ചറിയണം. ഗവണ്‍മെന്റിനെ നിശ്ചിതമായി വിമര്‍ശിക്കുന്നവരും ഈ യാഥാര്‍ത്ഥ്യം കണ്ടില്ലെന്ന് നടിക്കരുത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ, തൊണ്ണൂറുകള്‍ക്ക് ശേഷമുള്ള കാലഘട്ടത്തില്‍ ലോക സമ്പദ് വ്യവസ്ഥയുമായും ആഗോള വ്യാപാരവുമായും കൂട്ടിയിണക്കപ്പെട്ടിരിക്കുകയാണ്. ഈ ഗവണ്‍മെന്റല്ല ഈ കരാറുകളുടെയൊന്നും ഉത്തരവാദി. ചരക്കുകളുടേയും സേവനങ്ങളുടേയും കൊടുക്കല്‍ വാങ്ങല്‍ മാത്രമല്ല മൂലധനം, സാങ്കേതികവിദ്യ, മാനേജ്‌മെന്റ് ആളയങ്ങള്‍ തുടങ്ങിയവയുടെ നീക്കങ്ങളും സ്വതന്ത്രമായ നിലയിലാണിപ്പോള്‍ നടന്നുവരുന്നത്. ഇത്തരമൊരു ആഗോളീകരണ പ്രക്രിയയില്‍ വിദേശ ഇന്ത്യക്കാരും അവരുടേതായ പങ്കാണ് വഹിക്കുന്നത്. ഇതെല്ലാം അംഗീകരിക്കുമ്പോള്‍ തന്നെ നാം തിരിച്ചറിയേണ്ടതെന്തെന്നോ? ആഗോള സമ്പദ് വ്യവസ്ഥയില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് വേറിട്ടൊരു അസ്തിത്വം ഉണ്ട്. ആഗോള പ്രതിസന്ധികള്‍ക്കെതിരെ പോരാടാനുള്ള കരുത്തുമുണ്ട് ഇച്ഛശക്തിയുമുണ്ട്. ഈ ഭരണകൂടവും പ്രകടമാക്കുന്നത് അത്തരത്തിലൊരു വികാരം തന്നെയാണ്. ‘ കൈകഴുകൽ ഭംഗിയാക്കാൻ അരുണ്‍ ജെയ്റ്റിലി ഇത്തരം പ്രസംഗങ്ങൾ ആവര്ത്തിക്കുകയും ചെയ്യുന്നുണ്ട്.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നിലവിലുള്ള തകര്‍ച്ചക്ക് കാരണം സമ്പദ് വ്യവസ്ഥാ ബാഹ്യഘടകങ്ങളാണെന്ന് സ്ഥാപിച്ചെടുക്കുകയും അതിലൂടെ മോദി സര്‍ക്കാരിനുള്ള ബാധ്യതയില്ലെന്നും വ്യക്തമാക്കുകയും ചെയ്യുകയെന്ന തത്രപ്പാടിലാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി എന്നാണ് ഇതുവരെ വിശകലനത്തില്‍ നിന്നും നമുക്ക് മനസ്സിലാക്കാന്‍ കഴിയുക. അതേ അവസരത്തില്‍ മോദിയും ജെയ്റ്റ്‌ലിയും സൗകര്യാര്‍ത്ഥം ജനശ്രദ്ധയില്‍ നിന്നും മറച്ചുപിടിക്കാന്‍ വ്യഗ്രതകാട്ടുന്നൊരു വസ്തുത ആഗോള എണ്ണവിപണിയില്‍ തുടര്‍ച്ചയായി വന്നുകൊണ്ടിരിക്കുന്ന വിലത്തകര്‍ച്ച സൃഷ്ടിക്കുന്ന സാഹചര്യമാണ്. വിഭവ സമാഹരണം നടത്താന്‍ ക്ലേശിക്കുന്ന ഭരണ കൂടത്തിന് ഇതിലേറെ സഹായകമായ മറ്റൊരു ഘടകവും ലഭ്യമാകുന്നില്ല. 2014 ജൂണ്‍ മുതല്‍ നാളിതുവരെയായി ആഗോള എണ്ണവിലയില്‍ 70% ത്തോളം വിലക്കുറവാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ചാണെങ്കില്‍ എണ്ണയുടെ ആഭ്യന്തര ഉപഭോഗത്തില്‍ 80% ഇറക്കുമതിയിലൂടെയാണ് നിര്‍വ്വഹിക്കുന്നതെന്നതിനാല്‍ ഈ പ്രതിഭാസം നിസ്സാരമായ നേട്ടമല്ല ഉണ്ടാക്കുന്നത്. മോദി ഭരണകൂടം അധികാരമേല്‍ക്കുന്ന 2014 മെയ് മാസം വരെ പെട്രോളിയത്തിന്റെ വില ബാരല്‍ ഒന്നിന് 115 ഡോളറായിരുന്നതാണ് ഇപ്പോള്‍ 35 ഡോളറില്‍ എത്തി നില്‍ക്കുന്നത് എന്ന് ഓര്‍ക്കുക. അകൗണ്ട് കമ്മിറ്റി (സി.എ.ഡി.) ജി.ഡി.പി. യുടെ 3.6 % വരെ എത്തിയ യു.പി.എ കാലഘട്ടത്തില്‍ നിന്ന് ഇപ്പോള്‍ 1.6 % വരെയായി ഇടിഞ്ഞിട്ടുണ്ടെന്നതും നിസ്സാര കാര്യമല്ല. എന്നാല്‍ ഈ സാഹചര്യങ്ങള്‍ മോദി സര്‍ക്കാരിന്റെ നേട്ടങ്ങളാണെന്ന് അവകാശപ്പെടുന്നതിലാണ് അത്ഭുതം തോന്നുന്നത്. ജെയ്റ്റ്‌ലിയെപ്പോലുള്ളൊരു ധനമന്ത്രിയില്‍ നിന്നും ഒരിക്കലും പ്രതീക്ഷിക്കാന്‍ കഴിയാത്തൊരു അവകാശ വാദമാണിത്. യാഥാര്‍ത്ഥ്യങ്ങളുമായി യാതൊരു വിധത്തിലും പൊരുത്തപ്പെടുത്താന്‍ സാധ്യമല്ലാത്തൊരു അവകാശവാദം. മാത്രമല്ല വികസനാവശ്യങ്ങള്‍ക്കുള്ള ഇറക്കുമതി സാധ്യമാക്കുന്നതിന് പുറമേ പണപ്പെരുപ്പവും വിലക്കറ്റവും രൂക്ഷമായി അനുഭവപ്പെട്ടുവരുന്ന അവശ്യ നിത്യോപയോഗ വസ്തുക്കളുടെ ഇറക്കുമതി വര്‍ദ്ധിപ്പിക്കാനും അവയുടെ ആഭ്യന്തര വിപണി ലഭ്യത ഉറപ്പാക്കാനും ഇതിലേറെ അനുകൂലമായ സാഹചര്യം വേറെ ലഭിക്കുമായിരുന്നുമില്ല. അവശ്യ ഉത്പന്നങ്ങളുടെ വിതരണവും വില നിര്‍ണ്ണയവും വിപണി ശക്തികള്‍ക്ക് വിട്ടുകൊടുക്കാതെ പൊതുവിതരണ സംവിധാനം ശക്തമാക്കാന്‍ മോദി ഭരണകൂടത്തിന് തുറന്നുകിട്ടിയ ഈ അവസരം വിനിയോഗിക്കപ്പെട്ടിട്ടില്ലെന്നതാണ് ഒരിക്കലും സാധൂകരിക്കാനാവാത്ത വീഴ്ചയായിന്നും തിരിച്ചറിയേണ്ടത്.

അച്ഛാദിന്‍ ഇനി എന്ന് ?

ആഗോള എണ്ണ വിലക്കുറവിലൂടെ നമുക്കുണ്ടാകുന്ന നേട്ടങ്ങളെ അപ്പാടെ ജനങ്ങള്‍ക്ക് കൈമാറണമെന്ന ആവശ്യം അതിരുകടന്നതാണെന്ന് അംഗീകരിക്കുമ്പോള്‍ തന്നെ മോദി ഭരണകൂടത്തിന് നേരെ ഉയരുന്ന ഒരു ചോദ്യമുണ്ട് . പിന്നെ എപ്പോഴാണ് നരേന്ദ്ര മേദി വാഗ്ദാനം നല്‍കിയ ‘നല്ലകാലം’ ഇന്ത്യന്‍ ജനതയ്ക്ക് ആസ്വദിക്കാന്‍ കഴിയുകയെന്നതാണ് ഇത്. ഇന്ത്യയിലെ കോര്‍പ്പറേറ്റുരള്‍ക്ക് അത് ഏറെക്കുറെ പൂര്‍ണ്ണമായും കിട്ടുന്നുണ്ട്. ‘അച്ഛാദിന്‍ ‘ അവര്‍ക്കാണ്. കള്ളപ്പണക്കാര്‍ക്കും പൂഴ്ത്തി വെയ്പ്പുകാര്‍ക്കും അവര്‍ പ്രതീക്ഷിച്ച തോതിലോ അതിലേറെയോ സംരക്ഷണം മോദി ഭരണകൂടം നല്‍കുന്നുണ്ട്. പെട്രോളിയം വിലക്കുറവിലൂടെയും തുടര്‍ന്നുള്ള എക്‌സൈസ് തീരുവ വര്‍ദ്ധനവിലൂടെയും കേന്ദ്ര സര്‍ക്കാരിന് കിട്ടുന്ന അധിക റവന്യു വരുമാനം മൂലധന ചെലവ് വര്‍ദ്ധനവിനാവശ്യമായ കാര്യങ്ങള്‍ക്കാണ് വിനിയോഗിക്കുന്നതെന്നാണ് ജെയ്റ്റ്‌ലിയുടെ അവകാശ വാദം. എന്നാല്‍, ഈ അവകാശവാദവും പൊള്ളയാണെന്നതാണ് മൂലധന നിക്ഷേപ മേഖലയുടേയും വ്യാവസായിക ഉത്പാദന മേഖലയുടേയും പ്രതികരണവും പ്രകടനവും പരിശോധിക്കുമ്പോള്‍ തിരിച്ചറിയാന്‍ കഴിയുന്നത്. വ്യാവസായിക വായ്പാ തോത് നാടകീയമായ വിധത്തില്‍ താഴുകയും 5% ത്തില്‍ തന്നെ തുടരുകയുമാണ്. മൂലധന ഉത്പന്നങ്ങളുടെ ഇറക്കുമതികള്‍ 2015 ഏപ്രില്‍ മാസത്തില്‍ 12% ആയിരുന്നത് ഡിസംബര്‍ ആദ്യത്തില്‍ 11.3 % ത്തിലേക്ക് താഴ്ന്നിരിരിക്കുകയാണ്. കോര്‍പ്പറേറ്റുകളുടെ ലാഭത്തോളം തഴോട്ടുതന്നെ. അവര്‍ക്ക് താണ നിരക്കില്‍ ബാങ്ക് വായ്പ കിട്ടുന്നില്ലെന്ന പരാതിയാണ് കുറേകാലമായി കേട്ടുവരുന്നതും. മൊത്തവില സൂചികയും പണപ്പെരുപ്പ നിരക്കും 6 % ത്തില്‍ പരിമിതപ്പെടുത്തി നിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ആര്‍.ബി.ഐ വൃത്തങ്ങള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഉപഭോക്തൃ വില സൂചിക തുടര്‍ച്ചയായി വര്‍ദ്ധിച്ചുവരുന്ന പ്രവണതയാണ് പ്രകടമാക്കുന്നത്.

എ.ഡി.പി വളര്‍ച്ചാ നിരക്കാണെങ്കില്‍ ചൈനയുടേതിനെ അപേക്ഷിച്ച് മെച്ചപ്പെട്ട നിലവാരത്തില്‍ തുടരുന്നുണ്ടെന്ന് നമുക്ക് ഏറെ ആശ്വസിക്കാന്‍ ഇട നല്‍കുന്ന ഒന്നല്ല. നാം ലക്ഷ്യമിട്ട ജി.ഡി.പി നിരക്ക് 8-8.5 % വരെ ആയിരുന്നത് ഇപ്പോള്‍ 7.4% മോ ആകാനാണ് സാധ്യത. വികസിത രാജ്യങ്ങളുടെ വളര്‍ച്ചാ നിരക്കുകള്‍ ഉയരാനിടയില്ലെന്ന ലോകബാങ്കിന്റെ കണക്കുകൂട്ടല്‍ ഇന്ത്യയുടെ കയറ്റുമതി വിപണികളെ ഗുരുതരമായി ബാധിക്കുമെന്നത് ഉറപ്പാണ്. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെ വളര്‍ച്ചാ നിരക്ക് 3% വും റഷ്യയുടേത് 3.4 % വും അമേരിക്കയുടെ ജി.ഡി.പി നിരക്ക് 2 % വും ആണെന്നതോ ‘ബ്രിക്‌സ്’ രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യയാണ് ജി.ഡി.പി വളര്‍ച്ചാ നിരക്കില്‍ ഒന്നാമതെന്ന് സ്വയം ആശ്വസിച്ചടുകൊണ്ടോ പറയത്തക്ക ഗുണമൊന്നുമില്ല കാരണം ആഗോളീകൃത ലോകത്തില്‍ പരസ്പരം ആശ്രയത്വമാണ് വളര്‍ച്ചയ്ക്കും വികസനത്തിനും ആക്കം കൂട്ടുന്ന മുഖ്യ ഘടകം. ഈ പ്രതിഭാസത്തില്‍ നിന്നും വേറിട്ടുനില്‍ക്കാന്‍ ഇന്ത്യക്ക് കഴിയുമെന്നും തോന്നുന്നില്ല.

ആസൂത്രണ കമ്മീഷനെ നോക്കുകുത്തിയാക്കി ‘നീതി ആയോഗ് ‘

ഇന്ത്യയിലെ ഉത്പന്നങ്ങള്‍ക്ക് വിദേശ വിപണികള്‍ ഇല്ലാത്ത സ്ഥിതി വിശേഷത്തിന് ആഗോള മാന്ദ്യമാണ് ഇടയാക്കിയിരിക്കുന്നത്. ഇതിന് പരിഹാരം കണ്ടെത്താന്‍ നമുക്കുമാത്രമായി ഒന്നും ചെയ്യുവാനുമായില്ല അപ്പോള്‍ നമുക്ക് മുന്നിലുള്ള ഏക പോംവഴി ആഭ്യന്തര വിപണിയെ ആശ്രയിക്കുകയാണ്. അതിന് അനിവാര്യമായ മാര്‍ഗ്ഗം കര്‍ഷക ഗ്രാമീണ മേഖലകളുടെ സത്വര വികസനവുമാണ്. ഇന്ത്യന്‍ ജനതയുടെ തൊഴില്‍ വരുമാന അവസരങ്ങള്‍ വിപുലീകരിക്കുകയും അതിലൂടെ അവരുടെ ക്രയശേഷി ഉയര്ത്തുകയുമാണ്. എന്നാല്‍ മോദി ഭരണകൂടം ഇക്കാര്യത്തില്‍ എന്താണ് പ്രത്യേകിച്ച് ചെയ്തത് ?

അതുപോലെ തന്നെ പണ്ഡിറ്റ് നെഹ്‌റുവിന്റെ ഭരണകാലത്ത് സ്ഥാപിതമായ ആസൂത്രണ കമ്മീഷന്റെ പ്രസക്തിയും പകരം നഷ്ടമായിരിക്കുകയാണെന്ന് പ്രഖ്യാപിക്കുകയും ‘നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ട്രാന്‍സ്‌ഫോമിങ്ങ് ഇന്ത്യ അനലോഗ് (നീതി ആയോഗ്) എന്ന പേരില്‍ ഒരു പുതിയ സംവിധാനം ഏര്‍പ്പെടുത്തുകയും ഏതോ ഒരു പുതിയ സംവിധാനം ഏര്‍പ്പെടുത്തുകയും ഏതോ ഒരു അമേരിക്കന്‍ സര്‍വ്വലാശാലില്‍ പണിയെടുത്തിരുന്ന അരവിന്ദ് പനഗാരിയയെ അതിന്റെ മേധാവിയായി പ്രതിഷ്ഠിക്കുകയും ചെയ്തതോടെ ആഗോളീകരണത്തിന്റെയും വിപണനവര്‍ക്കരണത്തിന്റേയും കടന്നാക്രമണം കൂടുതല്‍ ശക്തിപ്പെടുകയാണ് ചെയ്തിരിക്കുന്നത്. ഈ അരവിന്ദ് പനഗാരിയായും മറ്റൊരു യു.എസ് സര്‍വ്വകലാശാലയിലെ ധല ശാസ്ത്ര പ്രൊഫസറായ ജഗദീശ് ഭഗവതിയും ചേര്‍ന്നാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ഏക രക്ഷാ മാര്‍ഗ്ഗവും. ഇന്ത്യന്‍ ജനതയുടെ ദാരിദ്ര്യത്തില്‍ നിന്നുള്ള മോചനവും യാഥാര്‍ത്ഥ്യമാക്കാന്‍ ജി.ഡി.പി. വളര്‍ച്ചാ നിരക്ക് വര്‍ദ്ധന മാത്രമാണെന്ന് സിദ്ധാന്തിക്കുന്നത്. സമ്പത്തിന്റെ തുല്യമായ പങ്കിടലും സാമൂഹ്യ നീതിയും ഇതിന് സഹായകമാവില്ലെന്നും സിദ്ധാന്തവല്‍ക്കരണം നടത്തുക മാത്രമല്ല. വളര്‍ച്ചയോടൊപ്പം സാമൂഹ്യ നീതിയും ഉറപ്പാക്കണമെന്ന് വാദിച്ചിരുന്ന അമര്‍ത്യസെന്നിനെതിരെ കുരിശുയുദ്ധത്തിന് ഗംഗത്തെത്തിയിരിക്കുകയുമാണ്. ഏതായാലും മോദിതന്നെ തന്നിഷ്ട പ്രകാരം കണ്ടെത്തി നിയോഗിച്ച ഡോ. പനഗാരിയയ്ക്കും അദ്ദേഹത്തിന്റെ ‘നീതി ആയോഗ് ‘ ബുദ്ധികേന്ദ്രങ്ങള്‍ക്കും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഇപ്പോള്‍ നേരിട്ടുവരുന്ന നിക്ഷേപസന്ധി പരിഹരിക്കാന്‍ സ്വന്തം നിലയില്‍ ഒരു മാര്‍ഗ്ഗവും നിര്‍ദ്ദേഷിക്കാനില്ലെന്ന് ബോധ്യപ്പെട്ടതോടെ, നീതി ആയോഗിന് പുറത്തുള്ള ധനശാസ്ത്രക്കാരന്‍മാരുടെ സഹായം തേടേണ്ട ഗതികേടാണ് ഉണ്ടായിരിക്കുന്നത്.

ഏതായാലും ഒരു കാര്യം വ്യക്തമാണ്, ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പുതിയ ബജറ്റ് രേഖ അവതരിപ്പിക്കുന്നതിനേക്കാള്‍ പ്രസിദ്ധീകരിക്കാന്‍ പോകുന്ന സാമ്പത്തിക അവലോകന രേഖയില്‍ നേട്ടങ്ങളുടെ പട്ടിക ശിഷ്ഠവും കോട്ടങ്ങളുടെ പട്ടിക സമ്പന്നവുമായിരുക്കും. അതേ അവസരത്തില്‍ പുതിയ വാഗ്ദാനങ്ങളുടെ ദീര്‍ഘമായൊരു പട്ടിക പ്രതീക്ഷിക്കുകയും ചെയ്യും. നയ പ്രഖ്യാപനം ചൂണ്ടു പലകയെങ്കില്‍ കാര്‍ഷിക മേഖലയ്ക്ക് വലിയ പരിഗണന നല്‍കാനാണ് സാധ്യത. ബജറ്റില്‍ ചെറിയ തിരുത്തലുകള്‍ പോരാ കാര്‍ഷിക മേഖലയില്‍ നയങ്ങളിലും പരിപാടികളിലും ഘടനാപരമായ മാറ്റങ്ങള്‍ വേണമെന്നാണ് മോദിയുടെ നിര്‍ദ്ദേശം അതനുസരിച്ചുള്ള ചുവടുകള്‍ ബജറ്റിലും ഉണ്ടാകും. മാറ്റത്തിന്റെ ഗുണഭോക്താക്കള്‍ ആരായിരിക്കും എന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു.

Comments

comments