Smiley face
Published On: Sun, Mar 6th, 2016

മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നിഷേധി സഹോദരന്‍ അയ്യപ്പന്റെ ഒരു ഓർമ്മ ദിനം കൂടി കടന്നു പോകുന്നു

Share This
Tags

ഹരീഷ് കുമാർ വി 

മാർച്ച് 6: മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നിഷേധി സഹോദരന്‍ അയ്യപ്പന്റെ  ചരമവാര്‍ഷികദിനം 

sahodaran ayyappan

‘ഒരായുസ്സുകൊണ്ട് നാല് ജന്മം ജീവിച്ചുതീര്‍ത്ത;വെറും അയ്യപ്പനായി, അയ്യപ്പന്‍ മാഷായി, പുലയനയ്യപ്പനായി, അവസാനം മലയാളിയുടെ എക്കാലത്തെയും പ്രിയപ്പെട്ട നിഷേധിയും, നാരായണഗുരുവിന്റെ തല്ലുകൊള്ളി ശിഷ്യന്‍മാരില്‍ പ്രധാനിയുമായിരുന്ന സഹോദരന്‍ അയ്യപ്പനാണ് ആധുനിക കേരളത്തിന്റെ സൃഷ്ടാവ് എന്ന് നിസംശയം പറയാം.’ – ഇ.എം.എസ്.

ഇ.എം.എസ് തുടരുന്നു ‘ ശ്രീനാരായണ ഗുരുവിന്റെ അടുത്ത ശിഷ്യനായ സഹോദരന്‍ അയ്യപ്പനില്‍ നിന്നാണ് യുക്തിവാദത്തേയും നിരീശ്വര വാദത്തേയും കുറിച്ച് ഞാന്‍ ആദ്യമായി കേള്‍ക്കുന്നത്. കാറല്‍ മാര്‍ക്‌സിനെ കുറിച്ച് കേൾക്കുന്നതിന് മുമ്പുതന്നെ സഹോദരന്റെ ലേഖനങ്ങള്‍ ഞാന്‍ വായിച്ച് പഠിച്ചിരുന്നു. ഒരു തലമുറയാകെ കരുപ്പിടിപ്പിക്കുന്ന കാര്യത്തില്‍ ഇത്രയേറെ സുപ്രധാനമായ പങ്കുവഹിച്ച മറ്റൊരാള്‍ ഈ കാലഘട്ടത്തില്‍ കേരളത്തില്‍ ഉണ്ടായിരുന്നുവോ എന്ന് സംശയമാണ്.’

കേരള ചരിത്രത്തില്‍ വ്യതിയാനം സൃഷ്ടിച്ച ഒരു സുപ്രധാന ബിന്ദുവാണ് അരുവിപ്പുറം പ്രതിഷ്ഠ. എ ഡി. , ബി സി . എന്ന് ചരിത്രത്തെ വേര്‍തിരിക്കുമ്പോലെ അരുവിപ്പുറം പ്രതിഷ്ഠയ്ക്ക് മുമ്പും പിമ്പും ഉള്ള കേരള ചരിത്രത്തെ പഠിച്ചാല്‍ അത് ബോധ്യമാകും. നാരായണ ഗുരു യുഗങ്ങള്‍ തോറും അവതരിക്കുന്ന യുഗപുരുഷന്‍ ഒന്നുമല്ല; അദ്ദേഹം ഒരു യുഗം സൃഷ്ടിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ശിഷ്യന്‍മാരെയെടുത്തുനോക്കിയാല്‍ അവര്‍ വെറും ഭക്ത ശിരോമണികളും ഭജനകൊട്ടുകാരും മാത്രം ആയിരുന്നില്ലെന്ന് കാണാം. അന്ന് കേരളത്തില്‍ ജീവിച്ചിരുന്ന ഇന്റലക്ച്വല്‍സ് എല്ലാം നാരായണ ഗുരുവിന്റെ ശിഷ്യന്‍മാരായിരുന്നു. ‘ ജാതിഭേദമോ മതദ്വേഷമോ കൂടാതെ മനുഷ്യരേവരും സോദരത്വേന വാഴുന്ന മാതൃലോകം’ എന്ന സങ്കല്‍പ്പത്തിന്റെ വിളമ്പരം കൂടിയായിരുന്നു അദ്ദേഹം അരുവിപ്പുറം പ്രതിഷ്ഠയോടൊപ്പം നിര്‍വ്വഹിച്ചത്. ആ ദര്‍ശനത്തിന്റെ പ്രകാശമാണ് ഇവരെയെല്ലാം ഗുരുവിലേക്ക് അടുപ്പിച്ചത്.

സങ്കല്‍പം ചിലപ്പോള്‍ യാഥാര്‍ത്ഥ്യത്തെക്കാള്‍ സത്യമായനുഭവപ്പെടും. പ്രത്യേകിച്ചും പ്രവാചക സ്വഭാവമുള്ള സ്വഭാവഘടനയോട് കൂടിയവര്‍ക്ക്. ( അപ്പോള്‍ ലഭ്യമായ വിവരങ്ങള്‍ വച്ച് നടത്തുന്ന അനുമാനങ്ങളാണല്ലോ ദര്‍ശനങ്ങള്‍) താനനുഷ്ഠിച്ച കര്‍മ്മം സ്വാഭാവികമായ ഒന്നാണെന്നേ ശ്രീനാരായണ ഗുരുവിന് തോന്നിയുള്ളു കാരണം അദ്ദേഹം ജന്‍മനാ സ്വതന്ത്രനായിരുന്നുവല്ലോ? അരുവിപ്പുറം പ്രതിഷ്ഠ നടത്തിയതിന്റെ തൊട്ടടുത്ത വര്‍ഷത്തില്‍ (1889) ല്‍ ജനിച്ച ഒരു കുട്ടിയാണ് പിന്നീട് സഹോദന്‍ അയ്യപ്പനായി വളര്‍ന്നുവന്നത്. ആ കുട്ടിയും ഒരു സ്വതന്ത്രാത്മാവായിരുന്നു. പക്ഷേ, ശ്രീനാരായണ ഗുരുവിനെപ്പോലെ യോഗമാര്‍ഗ്ഗം അവലംബിച്ചില്ല, അത്ഭുത സിദ്ധികളാര്‍ജ്ജിച്ചതുമില്ല. സാധാരണക്കാരുടെ മധ്യത്തില്‍ ഒരു സാധാരണക്കാരനായി അദ്ദേഹം ജീവിച്ചു. അപ്പോഴും ചിന്തയിലും പ്രവൃത്തിയിലും അദ്ദേഹം അസാധാരണത്വം പ്രകടമാക്കി.

പില്‍ക്കാലത്ത് സഹോദരന്‍ ഒരു നിയമസഭാ പ്രസംഗത്തില്‍ ഇങ്ങനെ പറഞ്ഞു ‘എന്റെ ജാതിയേക്കാള്‍ താണതായി ഏതെങ്കിലും ജാതി മനുഷ്യരിലുണ്ടെന്ന് ഞാന്‍ കാണുന്നില്ല. അതിനാല്‍ തന്നെ, ഏതെങ്കിലും ജാതി ഉയര്‍ന്നതാണെന്ന് കരുതുവാന്‍ എനിക്ക് സാധ്യവുമല്ല.’ സ്വഭാവ ഘടനയില്‍ അലിഞ്ഞുചേര്‍ന്ന ഈ വീക്ഷണമാണ്1917 മെയ് മാസത്തില്‍ ജന്മദേശമായ ചെറായിയിലെ ‘മിശ്രഭോജനമായി’ ആവിഷ്‌കൃതമായത്.

ജാതിഭ്രഷ്ട് കല്‍പ്പിചച് പുലയനയ്യപ്പനാകുന്നു

‘ഇളകി മറിഞ്ഞിത് പിറ്റേ ദിവസം
ജനതയശേഷം ബഹളം, ബഹളം
പുലയരൊടീഴവരൊരുമിച്ചുണ്ടത്
ശരിയല്ലെന്ന് ശഠിച്ചു ജനങ്ങള്‍ ‘….
‘ കെട്ടിയണിഞ്ഞഥ ചെത്താന്‍ കയറും
കുട്ടിച്ചേട്ടന്‍ പാതി തെങ്ങില്‍
ഇഴജന്തുപ്പടി താഴെ നോക്കി”
പഴിപറയുന്നു ‘പുലച്ചോന്‍’ മാരെ …… (സംഘ ചരിതം ഓട്ടന്‍തുള്ളല്‍)

മിശ്രഭോജനത്തെ തുടര്‍ന്ന് അദ്ദേഹത്തെ ചെറായി വിജ്ഞാനവര്‍ദ്ധിനി സഭ ഈഴവ സമുദായത്തില്‍ നിന്നും പുറത്താക്കി. അങ്ങനെ പുലയനയ്യപ്പനായി. മൂര്‍ത്തിമമായ ജാതി വ്യവസ്ഥയ്‌ക്കെതിരെ, സ്വാഭാവികമായ മനുഷ്യാവസ്ഥയ്ക്ക് വേണ്ടിയുള്ള വാദമാണ് മിശ്രഭോജന പരിപാടിയടെ കാതല്‍ നിഷേധാത്മകവും രചനാത്മകവുമായ രണ്ടുവശങ്ങള്‍ അതിനുണ്ടെന്നതും അത് അന്ന് അത്രമാത്രം പ്രകമ്പനം സൃഷ്ടിച്ചതിന്റെ കാരണം അതാണ്. കേരളത്തിന്റെ ആചാരഘടനയില്‍ ആണ്ടുകിടന്ന ഈഴവ സമൂഹം അദ്ദേഹത്തെ ജാതി ഭ്രാന്തനാക്കി.

പൊതു ജീവിതത്തില്‍ കെ. അയ്യപ്പന്‍ ബി . എ . ബി.എൽ. നെ ആദ്യം ലോകം ശ്രദ്ധിക്കുന്നത് ഈ ജാതിഭ്രഷ്ടന്‍ എന്ന നിലയ്ക്കാണ്. അദ്ദേഹം പങ്കെടുക്കുന്നതിന്റെ പേരില്‍ സമ്മേളനങ്ങള്‍ കലക്കാന്‍ ഈഴവര്‍ ഉത്സാഹം കാണിച്ചു. അദ്ദേഹത്തെ അവര്‍ തെറികൊണ്ട് അഭിഷേകം ചെയ്തു. വേണ്ടുവോളം അപവാദങ്ങള്‍ പ്രചരിപ്പിച്ചു. മീന്‍ കഴുകിയ വെള്ളവും കശുവണ്ടിക്കറയും ഒഴിച്ചു. തലയില്‍ ഉറുമ്പിന്‍കൂട് കുടഞ്ഞു. കൊടുങ്ങല്ലുരിലിട്ട് വാഴക്കുലയുടെ വാണിക്കടിച്ചു. നിരവധി തവണ ദേഹോപദ്രവം ഏല്‍പിച്ചു. അവസാനം സഹോദരന്റെ ജീവന്‍ തന്നെ അപകടത്തിലാണെന്ന് മനസ്സിലാക്കിയ ശ്രീനാരായണ ഗുരു വര്‍ക്കല നിന്ന് ട്രെയിന്‍ കയറി ആലുവയിലെത്തി. എസ്.എൻ.ഡി.പി. യോഗത്തിന്റെ ആയുഷ്‌ക്കാല പ്രസിഡന്റായിരുന്നിട്ടും ഒരു മിനിട്‌സില്‍പ്പോലും ഒപ്പിട്ടിട്ടില്ലാത്ത നാരായണ ഗുരു സ്വന്തം കയ്യൊപ്പു പതിച്ച ഒരു സന്ദേശമെഴുതി ആലുവയിലും എറണാകുളം ജില്ലയിലും വിതരണം ചെയ്യാന്‍ ആവശ്യപ്പെട്ടു. അതാണ് നാം ഇന്ന് പുസ്തകങ്ങളില്‍ കാണുന്ന അദ്ദേഹത്തിന്റെ കയ്യൊപ്പ് പതിഞ്ഞ
‘ മനുഷ്യന്റെ വേഷം, ഭാഷ, ജാതി എന്നിവ എങ്ങനെ ആയിരുന്നാലും അന്യോന്യം പന്തി ഭോജനവും പരസ്പരം വിവാഹവും ചെയ്യുന്നതില്‍ യാതൊരു ദോഷവുമില്ല” നാരായണ ഗുരു (ഒപ്പ്) എന്ന സന്ദേശം.

തെറിയായി അവർ കരുതി വിളിച്ച പേര് അദ്ദേഹം ആദരവായി സ്വീകരിച്ചു

തെറി വിളിക്കുംമ്പോലെ ഈഴവര്‍ അദ്ദേഹത്തെ വിളിച്ച പേര് ഒരു ഭൂഷണമായി കെ. അയ്യപ്പന്‍ സ്വീകരിച്ചു. ‘പുലയന്‍ അയ്യപ്പൻ’ എന്ന പേരാണത്. സഹോദരന്‍ പത്രം തുടങ്ങി പിന്നീട് സഹോദരന്‍ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങും മുമ്പുവരെ അദ്ദേഹം പുലയനയ്യപ്പന്‍ എന്ന ബിരുദവുമായാണ് സാഭിമാനം നടന്നത്. വീര പൂജാ വാസനയോടെ സകല നേതാക്കളേയും ആനയും അമ്പാരിയും വെടിക്കെട്ടുമായി സ്വീകരിച്ചെഴുന്നള്ളിക്കാന്‍ ഭ്രാന്തമായ ഉത്സാഹം കാണിക്കുന്ന ഈഴവസുദായം ആ പതിവിന് വിപരീതമായി അവര്‍ പാട്ടകൊട്ടിയും കൂക്കിവിളിച്ചും കെ. അയ്യപ്പനെ അധിക്ഷേപിക്കാനാണ് മുതിര്‍ന്നത് എന്ന വയ്തുതയും വിസ്മരിക്കരുത്. ചിന്തയിലും ശൈലിയിലും അദ്ദേഹം എത്രമാത്രം വ്യത്യസ്തനായിരുന്നു എന്ന് മാത്രമല്ല അത് തെളിയിക്കുന്നത് പാരമ്പര്യ നിഷേധം ആ വ്യത്യസ്തതയിലെ പ്രബല ഘടകമയിരുന്നു എന്നും തെളിയിക്കുന്നു. എതിര്‍പ്പും അക്രമണവും അത്രമാത്രം തീവ്രമായതിന്റെ കാരണം മറ്റൊന്നുമല്ല ജാതി മതാദികളും അവയോട് ബന്ധപ്പെട്ട ആചാരാനുഷ്ഠാനങ്ങളും കേരളീയ ജീവിതത്തിന്റെ അടിത്തറയാണ്. അടിത്തറയിലാണ് സഹോദരന്‍ അയ്യപ്പന്‍ ആഘാതം ഏല്‍പ്പിച്ചത്.

‘നാരായണ ബുദ്ധന്റെ
ധര്‍മ്മ രശ്മികളേല്‍ക്കയാല്‍ ഉണര്‍ന്നോരു ജനം
നാഥന്‍, ഉണര്‍ത്തുന്നങ്ങയോടാദരാല്‍ ‘ എന്നാണദ്ദേഹം രാജ്ഞീ സന്ദേശത്തില്‍ പറയുന്നത്.

സാരാംശത്തില്‍ അദ്ദേഹം ശ്രീനാരായണ ഗുരുവിന്റെ അനുയായി തന്നെയാണെന്ന് പലപ്പോഴും അടിവരയിട്ട് സൂചിപ്പിക്കുന്നുണ്ട്. ഗുരു അത് തിരിച്ചും അയ്യപ്പന്റെ കാര്യത്തില്‍ ചെയ്യുന്നുണ്ട്. നാരായണഗുരു എസ്.എൻ.ഡി.പി. യോഗത്തെ തള്ളിപ്പറഞ്ഞത്1916 ലാണ് എന്നറിയാമല്ലോ… 1917 ല്‍ സഹോദരന്‍ മിശ്രഭോജനം സംഘടിപ്പിച്ചത് യാദൃശ്ചികമായല്ല എന്ന് ചിന്തിച്ചാല്‍ മനസ്സിലാകും. അന്ന് യോഗം മുഖപത്രമായിരുന്ന ‘വിവേകോദയം’ അയ്യപ്പനെപ്പോലുള്ള അഭ്യസ്തവിദ്യരായ യുവാക്കള്‍ കാണിക്കുന്നത് ആദര്‍ശക്കൊടുമുടിയില്‍ കയറി നിന്ന് കിഴുക്കാം തൂക്കിയ ചാട്ടമാണ് നടത്തുന്നത് എന്നാണ്. തന്നെയുമല്ല ചെറായിലെ വിജ്ഞാന വര്‍ദ്ധിനി സഭ അയ്യപ്പനെ ജാതി ഭ്രഷ്ട് കല്‍പ്പിച്ചപ്പോള്‍ ‘വിവേകോദയം’ ഒരക്ഷരം മിണ്ടിയില്ല. നാരായണ ഗുരു മാത്രമാണ് പ്രസ്താവന ഇറക്കിയത്.

‘ജാതി വേണ്ട, മതം വേണ്ട
ദൈവം വേണ്ട മനുഷ്യന്
വേണം ധര്‍മ്മം വേണം ധര്‍മ്മം
വേണം ധര്‍മ്മം യഥോചിതം’ എന്ന് സഹോദരന്‍ പ്രഖ്യാപിച്ചപ്പോള്‍ ഗുരുവിന്റെ അടുത്ത് പലരും പരാതിയുമായി ചെന്നതാണ്.  ‘ ഒരു ജാതി ഒരു മതം ഒരു ദൈവം മനഷ്യന്’ എന്നത് അയ്യപ്പന്‍ മാറ്റിപ്പറയുന്നു എന്ന്.ഗുരു പറഞ്ഞതു ‘ അയ്യപ്പന്‍ പറഞ്ഞതാണ് കൂടുതല്‍ ശരി എന്നും’ ഞാന്‍ പറഞ്ഞത് അയ്യപ്പന് മാത്രമേ മനസ്സിലായിട്ടുള്ളൂ.’ എന്നുമായിരുന്നു ഗുരുവിന്റെ മറുപടി.

മതത്തിന്റെ കേന്ദ്രസ്ഥാനത്ത് മനുഷ്യനെ പ്രതിഷ്ഠിച്ചു ഗുരുവും ശിഷ്യനും

ഹ്യുമാനിസമൊക്കെ ഡവലപ്പ് ചെയ്യുന്നതിന് മുമ്പുതന്നെ മതത്തിന്റെ കേന്ദ്രസ്ഥാനത്ത് മനുഷ്യനെ പ്രതിഷ്ഠിച്ചു എന്നതാണ് ശ്രീനാരായണ ഗുരു നടത്തിയ വിപ്ലവം. (‘മതം എന്തായാലും മനുഷ്യര്‍ നന്നായാല്‍ മതി’, മനുഷ്യന് മനുഷ്യത്വമാണ് മതം’) അതില്‍ അന്തര്‍ഭവിച്ചിട്ടുള്ള ധര്‍മ്മബോധമാണ് സഹോദരന്‍ ഏറ്റെടുത്തത്. അതദ്ദേഹത്തില്‍ ഒരു വിശ്വാസ പ്രമാണമായി ദൃഢീഭവിക്കുകയും ചെയ്തു. സഹോദരന്റെ ‘ വേണം ധര്‍മ്മം യഥോചിതം’ എന്ന പ്രയോഗം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ധര്‍മ്മം ഒരിക്കലും സനാതനമല്ല, ദേശ കാല സ്ഥിതിയനുസരിച്ച് മാറുന്നതാണ് ഈ ആശയം എന്ന് ആ പ്രയോഗത്തിലുണ്ട്.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം ശാസ്ത്രവും ശാസ്ത്രീയ വീക്ഷണവും ലോകമെങ്ങും പ്രചരിച്ചുകഴിഞ്ഞിരുന്നു ശാസ്ത്രീയ വീക്ഷണത്തിന്റെ സന്താനമാണ് സ്വാതന്ത്ര്യം, സമത്വം മുതലായ ആശയങ്ങള്‍ പാശ്ചാത്യരുടെ ലിബറല്‍ വീക്ഷണം അക്കാലത്ത് പരിവര്‍ത്തനോന്മുഖമായ പ്രേരണ എന്ന നിലയില്‍ എല്ലായിടത്തും സ്വാധീനം ചെലുത്തിയിരുന്നു. ആ സ്വാധീനം ഉള്‍ക്കൊള്ളുന്ന മനസിക ഘടനയാണ് സഹോദന്‍ അയ്യപ്പന്റെ വ്യക്തിത്വത്തിലെ ചൈതന്യവത്തായ പ്രത്യേകത. അപ്രകാരം ശാസ്ത്രീയ വീക്ഷണത്തോടും മനുഷ്യ സ്വാതന്ത്ര്യ സങ്കല്‍പ്പത്തോടും കൂടി നോക്കുമ്പോള്‍ കേരളീയ ജീവിതം തുലോം പ്രാകൃതമാണെന്ന് തോന്നാതിരിക്കാന്‍ സാധ്യമല്ല. ആ പ്രകൃതാവസ്ഥയ്ക്ക് കാരണമായി നില്‍ക്കുന്നതോ വികലമായ ദൈവ സങ്കല്‍പ്പവും മത വിശ്വാസങ്ങളുമാണ്. അദ്ദേഹം എഴുതുന്നു.

‘ അറിയാത്തതറിഞ്ഞെന്ന്
വ്യഥാ ചൊല്ലി മനുഷ്യരെ
പകുത്തു നിര്‍ത്തിയന്യോന്യം
സ്പര്‍ദ്ധിച്ചു മതങ്ങളും…

മനുഷ്യരെ നാനാ രൂപങ്ങളില്‍ കീഴിമേലാക്കി വിഭജിച്ചതിലൂടെ ജാതി സബ്രദായം മനുഷ്യത്വത്തെ കെടുത്തുകയാണ് ചെയ്‌തെന്ന് പ്രസ്താവിച്ചതിന് ശേഷമാണ് മതത്തേപ്പറ്റി ഈ വാക്കുകള്‍ കുറിച്ചിട്ടുള്ളത്. സഹോദരന്‍ എതിര്‍ത്തത് വികലമായ ദൈവ വിശ്വാസത്തേയാണ്.

‘ ആരുമല്ലെല്ലാം തീര്‍ത്ത കരുണാകരനെന്ന്
പറയും ദൈവത്തിന് വേണ്ടിത്താന്‍ ജീവികളെ
കഠിനം കൊന്നു കള്ളും കുടിച്ച് തെറി പാട്ടും
നാരക ദ്വാരമായും നിന്നിതു ദേവായം!
നോക്കുക, മനുഷ്യന്റെ വിശ്വാസം വിവേകത്തില്‍
കടുവിട്ടോടിപ്പായിപ്പതിച്ച പതനത്തെ’

അതേ സമയം തന്നെ മനുഷ്യബുദ്ധിക്ക് ഉള്‍ക്കൊള്ളാനാവാത്ത വിധം അജ്ഞേയമായിരിക്കുന്ന പ്രപഞ്ചത്തിന്റെ നേര്‍ക്ക് അദ്ദേഹം വിസ്മയ ഭാവം പുലര്‍ത്തുകയും ചെയ്തു. അതിനാല്‍ ധര്‍മ്മ ബോധത്തെയാണ് മനുഷ്യന്‍ ദൈവമായി സ്വീകരിക്കേണ്ടത്. യുക്തിക്ക് നിരക്കുന്ന കൃത്യം അതുമാത്രമാണ്’ നിര്‍മ്മല ധര്‍മ്മ ബോധം നമ്മുടെ ദൈവമല്ലോ? എന്ന് അദ്ദേഹം അസന്ദിഗ്ധമായി വിളംബംരം ലക്ഷ്യം ഒന്നുമാത്രം. ധര്‍മ്മം സാക്ഷാത്കരിക്കുക.

‘ഭോഗങ്ങള്‍ നശ്വര സുഖങ്ങള്‍, മനുഷ്യ ജന്‍മം
ശ്രേയസ്സുനേടുവതിനാണതിനായ് ശ്രമിപ്പിന്‍
ജീവിപ്പതെത്ര ദിനമെങ്കിലുമാട്ടെ, ധര്‍മ്മം
ജീവിച്ച ജീവിതമമോഘതാണു കാമ്യം’

ഇപ്രകാരം ധര്‍മ്മത്തെ പരമപുരുഷാര്‍ത്ഥമായി സ്വീകരിക്കുമ്പോള്‍ പ്രത്യക്ഷ ജീവിതത്തിന്റെ നേര്‍ക്കുള്ള ബാധ്യത ഏറ്റെടുക്കാതിരിക്കാന്‍ ആര്‍ക്കും സാധ്യമല്ല. ജാതിമതാദികളുടെ പേരില്‍ നിലനില്‍ക്കുനനതും, ധര്‍മ്മ നാശകവുമായ ആചാരാനുഷ്ഠാനങ്ങള്‍ക്കെതിരായി അയ്യപ്പന്‍ മാഷിന്റെ ചിന്തയും കര്‍മ്മവും തിരിഞ്ഞതിന്റെ പശ്ചാത്തലം ഇതാണ്. സഹോദരന്റെ ധര്‍മ്മ സങ്കല്‍പ്പത്തില്‍ സ്വാതന്ത്യ, സമത്വം മുതലായ ആദര്‍ശങ്ങള്‍ക്ക് മാത്രമല്ല സ്‌നേഹം, കാരുണ്യം മുതലായ ഭാവങ്ങള്‍ക്കും സ്ഥാനമുണ്ട്. ‘സമഭാവന’ എന്ന കവിതയില്‍ അദ്ദേഹം ധര്‍മ്മത്തിന് നല്‍കിയിരിക്കുന്ന നിര്‍വ്വചനം ഇപ്രകാരമാണ്.

‘വലുതിന്നിര ചെറുതെന്നത്
മൃഗ ജീവിത നിയമം
ചെറുതിന്‍ തുണ വലുതെന്നത്
തന്നെ നരധര്‍മ്മം’

അപ്പോള്‍ മൃഗ ജീവിത നിയമത്തെ പ്രകൃതി നിയമത്തെ തിരുത്തിയാണ് മനുഷ്യന്‍ ധര്‍മ്മം ആവിഷ്‌ക്കരിക്കുന്നത്. ചെറുതിന് തുണയാകുക എന്ന വാദത്തിന് വിപുലമായ വ്യാപ്തിയുണ്ട്. സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടവര്‍ക്ക് സ്വാതന്ത്ര്യം നേടിക്കൊടുക്കാനുള്ള ബാധ്യത അതില്‍ അടങ്ങിയിരിക്കുന്നു. കാരുണ്യം അത്യന്തം വിപ്ലവകരമായ വികാരമാകുന്നു. എന്ന സെന്റ് അഗസ്റ്റിന്റെ വാക്കുകള്‍ ഇവിടെ സ്മരണീയമാണ്. ആരൊക്കെയാണോ നിങ്ങളുടെ കാരുണ്യത്തിന് പാത്രമാകുന്നത്, അവരെയൊക്കെയും മാനുഷീകമായ അന്തസ്സിലേക്ക് വളര്‍ത്തിയെടുക്കാന്‍ നിങ്ങള്‍ യത്‌നിക്കുന്നു. ആ യത്‌നത്തോക്കാള്‍ വലിയ വിപ്ലവം മറ്റെന്താണുള്ളത്? കേരളത്തില്‍ ആ വിപ്ലവം ഏറ്റെടുക്കേണ്ടത് ശ്രീനാരായണ ഗുരുവിന്റെ അനുയായികളാണെന്ന് സഹോദരന്‍ അയ്യപ്പന്‍ തിരിച്ചറിഞ്ഞു. അതേറ്റെടുക്കാന്‍ യോഗ്യത നേടണമെങ്കിലോ? ഈഴവന്‍ പുലയനാവുകയും വേണം. ഏറ്റവും താഴേക്കിടയിലുള്ളതെന്ന് കരുതപ്പെടുന്ന വര്‍ഗ്ഗവുമായി താദാത്മ്യം പ്രാപിച്ചവര്‍ക്കല്ലാതെ മനുഷ്യാവകാശ സംസ്ഥാപനത്തിന് വേണ്ടി പോരാടുക സാധ്യമല്ല. ഈ യുക്തിയുടെ സ്വാഭാവികമായ പ്രവര്‍ത്തനമായിരുന്നു മിശ്രഭോജനം.

യുക്തി ചിന്ത

ശാസ്ത്രീയ വീക്ഷണത്തിന്റെ പ്രബല ഘട്ടമാണ് യുക്തി ബോധം. അതിന് കേരളത്തില്‍ ആദ്യമായി പ്രചാരം നല്‍കിയത് സഹോദരന്‍ അയ്യപ്പനാണ്. ലൗകീകമായ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ ശ്രീ നാരായണ ഗുരു യുക്തിയേയാണ് ആശ്രയിക്കുന്നതെന്ന് അദ്ദേഹത്തിനറിയാം. ആ നിലപാടിന് വികാസം നല്‍കി യുക്തി ബോധത്തെ ഒരു വിമോചക ശക്തിയായി സഹോദരന്‍ അംഗീകരിച്ചു. യുക്തിവാദി മായികയുടെ മുദ്രാവാക്യമായിരുന്ന ശ്ലോകവും അദ്ദേഹം രചിച്ചതാണ്.

‘ യുക്തിയേന്തി മനുഷ്യന്റെ
ബുദ്ധി ശക്തി ഖനിച്ചതില്‍
ലഭിച്ചതല്ലാതില്ലൊന്നും
ലോക വിജ്ഞാന രാശിയില്‍’

ഇതേ യുക്തിബോധം തന്നെ അദ്ദേഹത്തിന് നാരായ ഗുരു ദൈവദശകം രചിച്ചതുപോലെ ‘സയന്‍സ് ദശകം’ എഴുതാന്‍ പ്രേരകമാവുകയും ചെയ്തു.

‘ബുക്കുകള്‍ക്കും പൂര്‍വ്വികര്‍ക്കും
മര്‍ത്യരെ ദാസരാക്കിടും
സമ്പ്രദായം തകര്‍ക്കുന്ന
സയന്‍സിന്നു തൊഴുന്നു ഞാന്‍’

‘ എത്ര തന്നെ അറിഞ്ഞാലും
അനന്തമറിവാകയാല്‍
എന്നുമാരായുവാന്‍ ചൊല്ലും
സയന്‍സിന്നു തൊഴുന്നു ഞാന്‍ ‘

എന്നും മറ്റുമുള്ള അതിലെ ശ്ലോകങ്ങള്‍ ഉള്‍ക്കൊള്ളുന്നത് സ്വാതന്ത്ര്യം എന്ന ആശയമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? ഒരു വിമോചന ശക്തി എന്ന നിലയില്‍ യുക്തിക്ക് ഏറ്റവുമധികം പ്രചാരം നല്‍കിയത് സഹോദരന്‍ അയ്യപ്പനാണ്. പ്രസംഗത്തിലും ലേഖനത്തിലും കവിതയിലും കൂടി അദ്ദേഹം പ്രചരിപ്പിച്ച യുക്തി ബോധം കേരളത്തില്‍ ഒരു ആശയവിനിമയത്തിന് കളമൊരുക്കുകയും ചെയ്തു. യുക്തി ബോധം കേരളീയ പാരമ്പര്യത്തിന്റെ ഭാഗമല്ലെന്ന വാസ്തവം നാം ഇവിടെ ഓര്‍മ്മിക്കേണ്ടതാണ്. വാക്കുകള്‍ കൊണ്ട് ചെപ്പടി വിദ്യ കാട്ടുന്നതിലോ പുകപടലം സൃഷ്ടിക്കുന്നതിലോ മാത്രം അഭിരമിക്കുന്ന ശീലമാണ് നമ്മുടെ പാരമ്പര്യത്തിലുള്ളത്. ഇന്നും കേരളത്തിന്റെ അവസ്ഥ അതുതന്നെയാണ്. ചിന്തയുടെ ഉപാധി എന്ന നിലയില്‍ യുക്തി അവലംബിക്കാന്‍ ത്രാണിയുള്ളവരെ ഇവിടെ കാണാന്‍ കഴിയില്ല. ഇതിനെതിരെ സഹോദരന്‍ നടത്തിയ പോരാട്ടം കേരളത്തിന്റെ മാനസീക ജീവിതത്തില്‍ മികവുറ്റ സംഭാവനയാണ് നല്‍കിയത്.

ഇതേക്കുറിച്ച് മുണ്ടശ്ശേരി മാഷ് എഴുതുന്നത് ഇങ്ങനെയാണ് ‘ സാമൂഹിക ജീവിതത്തിന്റെ എല്ലാ രംഗങ്ങളിലുമായി നാളിതുവരെ സംഭവിച്ചിട്ടുള്ള പല മാറ്റങ്ങളുണ്ടല്ലോ? അവ ഓരോന്നിലും അയ്യപ്പന്‍മാസ്റ്ററുടെ കൈയ്യെത്തിയിട്ടുണ്ട്. മറ്റു വിധത്തില്‍ പറഞ്ഞാല്‍ അദ്ദേഹത്തിന്റെ കൈകൊണ്ട് തിരികൊളുത്തിയിട്ടുള്ള വിപ്ലവങ്ങളെ ഈക്കഴിഞ്ഞ പുരുഷാന്തരത്തില്‍ ഈ കേരളക്കരയില്‍ കത്തിപ്പിടിച്ച് കയറിയിട്ടുള്ളൂ’

വര്‍ണ്ണാശ്രമ ധര്‍മ്മങ്ങള്‍ക്കെതിരെ

ജാതിവ്യവസ്ഥയ്‌ക്കെതിരായി പ്രവര്‍ത്തിക്കാതെ കേരളീയ സമൂഹത്തില്‍ ധര്‍മ്മബോധത്തിന്റെ ശാസ്ത്രമായ യുക്തിയ്ക്ക് അര്‍ത്ഥമുണ്ടാവുകയില്ലെന്ന് സഹോദരന്‍ വാദിച്ചു. ആവാദം രണ്ട് തലങ്ങളിലായിട്ടാണ് പ്രവര്‍ത്തിച്ചത് ഹിന്ദുമതത്തിന്റെ ആധാരശിലയായ വര്‍ണ്ണാശ്രമ ധര്‍മ്മത്തെ നിരാകരിക്കുക എന്നതാണ് ഒരു തലം. അവിടെ മഹാത്മാ ഗാന്ധി, മദനമോഹന മാളവ്യ മുതലായവര്‍ പോലും അദ്ദേഹത്തിന്റെ രൂക്ഷമായ വിമര്‍ശനത്തിന് വിധേയരാകുന്നുണ്ട്. രണ്ടാമത്തെ തലം ഭരണ സംവിധാനത്തില്‍ ആനുപാതികമായ പ്രാതിനിധ്യം എല്ലാ ജാതികള്‍ക്കും നല്‍കുക എന്ന വാദമാണ്. ‘ ഉദ്യോഗസ്ഥ സംവിധാനമാണല്ലോ ഭരണത്തെ സ്ഥിരമായി നിയന്ത്രിക്കുന്നത്? അതിനാല്‍ ജാതികള്‍ക്ക് ജനസംഖ്യാനുപാദികമായ സംവരണം ഉദ്യോഗങ്ങളില്‍ ഉണ്ടോയിരുന്നേ തീരൂ. എങ്കില്‍ മാത്രമേ ജാതി നിര്‍മ്മാര്‍ജ്ജനം സാധ്യമാവുകയുള്ളൂ. സാമുദായിക സംവരണം എന്റെ രാഷ്ട്രീയ സുവിശേഷമാണ് എന്ന വാക്യം സഹോദരന്‍ എപ്പോഴും ആവര്‍ത്തിച്ചുപോകുന്നു. സംവരണവാദമാണ് ദേശീയ വാദമെന്നും സംവരണത്തിനെതിരായ ദേശീയ വാദം മേല്‍ജാതിക്കാര്‍ നിക്ഷിപ്ത താത്പര്യ സംരക്ഷണാര്‍ത്ഥം കൗശല പൂര്‍വ്വം ഉയര്‍ത്തുന്ന ജാതി സംകരക്ഷണവാദം മാത്രമാണെന്നും അദ്ദേഹം ആവര്‍ത്തിച്ചുപോകുന്നു.

സമത്വം സാഹോദര്യം സോഷ്യലിസം

മനുഷ്യര്‍ക്കിടയില്‍ സമത്വം സ്ഥാപിതമാക്കുക എന്നതാണ് എല്ലാ സംഘടിത പ്രവര്‍ത്തനങ്ങളുടേയും മുഖ്യ ലക്ഷ്യമെന്ന് സഹോദന്‍ അയ്യപ്പന്‍ വിശ്വസിച്ചിരുന്നു. (അതിനപ്പുറമുള്ള ‘ മനുഷ്യ സാഹോദര്യം’ എന്ന മനോഹരമായ അവസ്ഥയിയേക്ക് കടക്കാന്‍ സമത്വം സംജാതമാകാതെ നിവൃത്തിയില്ല ) ‘സമഭാവന’ എന്ന പേരില്‍ ഒരു കവിത തന്നെ അദ്ദേഹം രചിച്ചിട്ടുണ്ട്. സമഭാവന എന്ന ആദര്‍ശം താലോലിക്കുന്ന ഏതൊരു വ്യക്തിയും അക്കാലത്ത് സോഷ്യലിസ്റ്റാവുക സ്വാഭാവികമാണ്. രാഷ്ട്രീയത്തില്‍ സഹോദരന്‍ സോഷ്യലിസ്റ്റ് വീക്ഷണമാണ് അവലംബിച്ചത്. റഷ്യന്‍ വിപ്ലവത്തെ സ്വാഗതം ചെയ്തുകൊണ്ട് കേരളത്തില്‍ ആദ്യമായി ലേഖനം എഴുതിയത് സഹോദരനാണ്. ഇതേക്കുറിച്ച് 1920 -ല്‍ ഈഴവോദ്‌ബോധനം എന്നൊരു കവിതയും അദ്ദേഹം എഴുതിയിട്ടുണ്ട്.

‘ നിങ്ങളെപ്പോലെയുള്ള യുവാക്കളേറെക്കാലം
ഭംഗമില്ലാതെ ചെയ്ത ഘോരമാം ത്യാഗത്തിന്റെ
ഫലമായത്രേ മഹാദാസ്യത്തില്‍ കേണ റഷ്യ-
ധരണി വിശ്വോത്തര സ്വതന്ത്ര്യ സൂഭഗയായ്’

ആകവിതയിലൂടെയാണ് മലയാളഭാഷ ആദ്യമായി ‘സഖാക്കളെ’ എന്ന സംബോധനയും കേള്‍ക്കുന്നത്.

‘രചിപ്പിന്‍ വേഗം നിങ്ങളെവിടെ സഖാക്കളെ
ശ്രവിക്കിൻ രോമം ചീര്‍ക്കും താദൃശ ചരിത്രങ്ങള്‍ ‘

മനുഷ്യരുടെ വീക്ഷണത്തിലും അഭിപ്രായത്തിലും മാറ്റം വരാതെ സമുദായ പരിഷ്‌കരണം സാദ്യമല്ലെന്ന നിലപാടായിരുന്നു അദ്ദേഹത്തിന്. തന്റെ നിയമ സഭാമഗത്വം പോലും ആ ലക്ഷ്യത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനത്തിനാണ് അദ്ദേഹം ഉപയോഗിച്ച് പോന്നത്. സ്ത്രീകള്‍ക്ക് സമൂഹത്തിലും രാഷ്ട്രീയത്തിലും പുരുഷന്മാര്‍ക്ക് തുല്യമായ സ്ഥാനം നല്‍കണമെന്ന് അദ്ദേഹം 1930 കളില്‍ തന്നെ വാദിച്ചിരുന്നു. പാശ്ചാത്യ ഫെമിനിസം രൂപം കൊള്ളുന്നതുപോലും എഴുപതുകളിലാണല്ലോ? അതേ ഘട്ടത്തില്‍ തന്നെയാണ് കുടുംബാസുത്രണം ആപേക്ഷണീയമാണെന്നും, അതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നതിന് ഗവണ്‍മെന്റ് പരിശ്രമിക്കണമെന്നും വാദിച്ചത്. അന്നത്തെ നിയമഭാംഗങ്ങളെ ആ വാദം ഞെട്ടിക്കുകയും ചെയ്തു. ഈ രീതിയില്‍ ശാസ്ത്രീയ വീക്ഷണം അവലംബിച്ചതുകൊണ്ട് യുക്തി ബദ്ധമായി അദ്ദേഹം അവതരിപ്പിച്ച ആശയങ്ങളുടെ ലക്ഷ്യം ഒന്നായിരുന്നു. കേരളീയ സമൂഹത്തെ ആധുനീക വല്‍ക്കരിക്കുക. അന്ധ വിശ്വാസങ്ങളിലും പ്രാകൃതാചാരങ്ങളിലും അകപ്പെട്ട് വികൃതമായിത്തീര്‍ന്ന കേരളീയ സമൂഹത്തെ മാനുഷീക മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ പരിവര്‍ത്തിപ്പിക്കുക. സഹോദരന്‍ ആ അടിസ്ഥാനത്തിന്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്ന സന്ദേശം ഇതാണ്.

‘നിങ്ങളില്‍ വിശ്വങ്ങളെ ജയിക്കാന്‍ മതിയായ
മംഗല മഹാശക്തി ഉറങ്ങിക്കിടക്കുന്നു.
അതിനെത്തട്ടി നിങ്ങളുണര്‍ത്ത് വിട്ടീടുകി-
ലതുതാന്‍ കാമധേനു നിങ്ങള്‍ക്കു സഹജരേ’

Comments

comments

Smiley face
Smiley face
Seo wordpress plugin by www.seowizard.org.