Breaking News

ജ്യോത്സ്യ തലസ്ഥാനം ; സീറ്റ് മോഹികളെ ലക്ഷ്യമിട്ട് അനന്തപുരിയിൽ കൈനോട്ടക്കാരുടെ തിക്കും തിരക്കും

Astrologyകേരളം നിയമസഭ തെരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങിയതോടെ  നാട്ടിലെ ജ്യോത്സ്യന്മാർക്ക് നല്ല കാലം തുടങ്ങിയെന്നു തോന്നുന്നു. തലസ്ഥാനത്താണ് ജ്യോത്സ്യന്മാരുടെ കൂട്ടയിടി. അതോടെ തിരുവനന്തപുരത്തെ ഇടത്തരം ലോഡ്ജ്ജ്  ഉടമകൾക്കും കൊയ്ത്തുകാലം തുടങ്ങി. പൂപ്പൽ പിടിച്ചു കിടന്ന മുറികളൊക്കെ ആഴ്ച്ച കണക്കിനും മാസക്കണക്കിനും വാടക ഇടാക്കി ബോർഡുതൂക്കി ഉഷാറാക്കി.

തിരഞ്ഞെടുപ്പ് അടുത്താൽ ജ്യോത്സ്യന്മാർക്ക് നല്ല കാലമാണ്. ആദ്യം സീറ്റ് ഉറപ്പിക്കാൻ, പിന്നെ ജയിക്കുമോ എന്നറിയാൻ സ്ഥാനാര്ഥികളുടെയും അനുയായികളുടെയും ഒഴുക്കാണ്. സ്വന്തം നേതാക്കളെക്കാളും അണികൾക്കും സീറ്റ് മോഹികൾക്കും വിശ്വാസം ഇക്കൂട്ടരെ ആണെന്ന് ഉറപ്പിക്കാം. തിരുവനന്തപുരത്തെ ഒട്ടുമിക്ക ലോഡ്ജുകളും  ജ്യോത്സ്യരെക്കൊണ്ട് നിറഞ്ഞുകഴിഞ്ഞു. മലയാളികൽ മാത്രമല്ല തമിഴ് നാട്ടുകാരായ ജ്യോത്സ്യന്മാരും കട്ടേം പടോം തത്തേം ഭൂതക്കണ്ണാടിയുമൊക്കെയായി തിരുവനന്തപുരത്തു ചേക്കേറിക്കഴിഞ്ഞു. ഭാവിയെ കുറിച്ചറിയാൻ താല്പര്യമില്ലാത്ത ആരെങ്കിലും ഉണ്ടോ ? പ്രത്യേകിച്ച് രാഷ്ട്രീയക്കാരാകുമ്പോൾ പറയുകയും വേണ്ട.  തന്ത്ര കുതന്ത്രങ്ങൾക്ക്‌ നടുവിലാണല്ലോ തെരഞ്ഞെടുപ്പു പാർട്ടിക്കാരുടെ ജീവിതം?

astro 1രാഷ്ട്രീയത്തിൽ തിളങ്ങാൻ ജ്യോത്സ്യന്മാരെ ആശ്രയിക്കുന്നവരിൽ പാർട്ടി-ജാതി-മത വ്യത്യാസങ്ങൾ ഒന്നുമില്ല. എല്ലാവർക്കും അറിയേണ്ടത് സീറ്റ് കിട്ടുമോ എന്നാണ്. ഇല്ലെങ്കിൽ അതുറപ്പാക്കനുല്ല വഴികളും. ചില പാർട്ടികളുടെ ജില്ല നേതാക്കളും ആർക്കു സീറ്റ് നൽകിയാൽ മണ്ഡലം സ്വന്തമാക്കാം എന്നറിയാനും തങ്ങളെ സമീപിക്കുന്നുണ്ടെന്നാണ് ചില ജ്യോതിഷികൾ ഞങ്ങളോട് രഹസ്യമായി പറഞ്ഞത്. ഇതിനായി സ്ഥാനാർഥി പരിഗണനയിലുള്ള ഡസൻ കണക്കിന് പേരുടെ ഗ്രഹനിലയുമായാണ് ഇവർ എത്തുന്നതെന്നും പറയുന്നു.

ഉന്നത നേതാക്കൾക്ക് മനസലിവുണ്ടായി തങ്ങളെ പരിഗണിക്കാൻ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജ നടത്തുന്നവരും ശത്രു സംഹാരത്തിനു വഴിതേടി എത്തുന്നവരും എല്ലാം സീറ്റ് മോഹികളുടെ കൂട്ടത്തിലുണ്ട്. തങ്ങളുടെ മുന്നിലെത്തുന്നവരെ നിരാശരാക്കാൻ ജ്യോത്സ്യന്മാരും തയാറല്ല. സമയം അനുകൂലം അല്ലെങ്കിൽ പ്രശ്ന പരിഹാര മാർഗ്ഗം ഉപദേശിക്കും , ഇതിനായുള്ള പൂജകൾ പലവിധം ഉണ്ട്. പൂജകൾക്കും ഹോമങ്ങൾക്കും ഫീസായി ഒരു ലക്ഷം രൂപ വരെ വാങ്ങുന്ന ജ്യോതിഷികൾ ഉണ്ട്. തമിഴ്നാട്ടിലെ പേരെടുത്ത രാഷ്ട്രീയ ജ്യോതിഷികൾക്കാണെങ്കിൽ  ദക്ഷിണ ഒരു ലക്ഷത്തിൽ ഒതുങ്ങില്ല. എങ്കിലും പല പ്രധാന നേതാക്കളും തമിഴ്നാട്ടിലെ രാഷ്ട്രീയ ജ്യോത്സ്യന്മാരെയാണ് ആശ്രയിക്കുന്നത്. നാട്ടിലാരും ഇക്കാര്യം അറിയില്ലല്ലോ എന്നതാണ് അതിൻറെ ഗുണം. ഇത് നാടൻ ജ്യോത്സ്യന്മാർക്ക് ഒരു പാരയാണ്. അതുകൊണ്ട് അന്യസംസ്ഥാന ജ്യോത്സ്യന്മാർ ലോഡ്ജുകൾ കയ്യടക്കി തുടങ്ങിയിരിക്കുകയാണ്.

വിപ്ലവ പാർട്ടിക്കാരും പുരോഗമന ചിന്താഗതിക്കാരായി ഭാവിക്കുന്നവരും യുവ നേതാക്കളും എല്ലാം തങ്ങളെ തേടി എത്താറുണ്ടെന്നു  ജ്യോത്സ്യന്മാർ തന്നെ രേഹസ്യമായി സമ്മതിക്കുന്നു. നേരിട്ട് വരാൻ മടിയുള്ളവർ അനുയായികളെയും ബന്ധുക്കളേയുമാണ് ഇതിനായി നിയോഗിക്കുക. നിരവധി വ്യാജ ജ്യോത്സ്യന്മാരും ലോഡ്ജുകളിൽ തമ്പടിച്ചു കഴിഞ്ഞതായാണ് പോലീസിന്  കിട്ടിയിട്ടുള്ള വിവരം. പോലീസ് ലോഡ്ജുകളിൽ തിരിച്ചറിയൽ കാർഡ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.

Comments

comments