Breaking News

ഡോക്ടർ വേലു​ക്കുട്ടി അര​യൻ; പ്രകൃതി സ്നേഹികൾ മറക്കരുത് ഈ നവോ​ത്ഥാന നായകനെ

velukkutti arayan

കേരളത്തിൽ പ്രകൃതി സംരക്ഷണത്തിന്റെ ചരിത്രം കിറു കൃത്യമായി എഴുതി വച്ചിട്ടുണ്ടോ എന്നറിയില്ല. എഴുതിയാലും ഇല്ലങ്കിലും ആ ചരിത്രത്തിൽ ഒരിക്കലും വിട്ടുപോകരുത് ഈ പേര് , ഡോക്ടർ വേലു​ക്കുട്ടി അര​യൻ

സമീപ കാലത്ത് സുനാമിയിലൂടെ കേരളത്തിന് വേദനയായ കൊല്ലം കരുനാഗപ്പള്ളി ആലപ്പാട് കടലോരഗ്രമാത്തിലാണ് അദ്ദേഹം ജനിച്ചത്‌. തന്റെ തന്നെ അനു​ഭ​വ​ത്തി​ന്റെയും ഭാവിയിലെ സുരക്ഷിതത്വത്തെ കുറിച്ചുള്ള തന്റെ ഉള്ക്കാഴ്ചകളുടെയും പശ്ചാത്തലത്തിൽ ഡോ.​വേ​ലു​ക്കുട്ടി അര​യൻ 1954 ൽ തിരു​-​കൊച്ചി സർക്കാ​രിന്റെ മുന്നിൽ വച്ച തീര​സം​ര​ക്ഷ​ണ​ത്തിനുള്ള ശാസ്ത്രീയ മാര്ഗ്ഗം ആയിരുന്നു ‘ലാന്റ് റെക്ല​മേ​ഷൻ പദ്ധതി. പ്രൊഫ. എസ്.​കെ.​ഘോ​ഷ്, ഡോ.​വാട്‌സ് എന്നീ വിദ​ഗ്ധ​ന്മാ​രുടെ മുക്ത​ക​ണ്ഠ​മായ അംഗീ​കാ​ര​ത്തിനും പ്രശം​സയ്ക്കും അത് ഇടയാക്കുകയും ചെയ്തു . സർക്കാ​രിൽ നിന്നു​ണ്ടായ വിയോ​ജിപ്പ് മൂലം നട​പ്പി​ലാ​യി​ല്ല. ഒടുവിൽസുനാമി ആ തീരത്തിന്റെ ജീവൽ തുടിപ്പുകളെ കവര്ന്നെടുത്തപ്പോഴും പദ്ധതി നടപ്പിലായിരുന്നില്ല. സുനാമി ദുര​ന്ത​ത്തിന്റെ പശ്ചാ​ത്ത​ല​ത്തിൽ ഡോ. വേലു​ക്കുട്ടി അര​യന്റെ കട​ലാ​ക്ര​മ​ണ​പ്രതി​രോധ പദ്ധതി ഗൗര​വ​മായി പുന​പ​രി​ശോ​ധിക്കാൻ ‘കേര​ള​കൗ​മുദി ഉള്പ്പെടെ നിര​വധി പത്രങ്ങൾ എഡി​റ്റോ​റി​യ​ലു​കൾ എഴു​തു​ക​യു​ണ്ടാ​യി.

velukkutti arayan 1

സ്വാത​ന്ത്ര്യ​സ​മരസേനാ​നി, തിരു​വി​താം​കൂർ സ്റ്റേറ്റ് കോൺഗ്രസ്സ് നേതാ​വ്, അയി​ത്തോ​ച്ചാ​ടന പ്രക്ഷോ​ഭ​നേ​താ​വ്, കേര​ളീയ നവോ​ത്ഥാന നായ​കൻ, അര​യ​സ​മു​ദാ​യോ​ദ്ധാ​ര​കൻ, നിർഭ​യ​നായ പത്രാ​ധി​പർ, പദ്യ​ഗ​ദ്യ​ങ്ങ​ളിൽ പ്രാഗത്ഭ്യം തെളി​യിച്ച സാഹി​ത്യ​കാ​രൻ, തന്റേ​ടി​യായ നിരൂ​പ​കൻ, സാമൂ​ഹ്യ​പ​രി​ഷ്‌കർത്താ​വ്, ‘തിരു​വി​താം​കൂർ രാഷ്ട്രീയ സഭ’ യുടെ സ്ഥാപക നേതാ​വ്, നിര​വധി ട്രേഡ് യൂണി​യ​നു​ക​ളുടെ നേതാ​വ്, വൈജ്ഞാ​നിക ശാസ്ത്ര​രം​ഗ​ങ്ങ​ളിലെ പ്രഗ​ത്ഭൻ, ഗവേ​ഷകൻ, അലോ​പ്പതി – ആയുർവ്വേദം – ഹോമിയോ വിഭാ​ഗ​ങ്ങ​ളിലെ ഭിഷ​ഗ്വ​രൻ, പ്രഭാ​ഷ​കൻ, യുക്തി​വാ​ദി, കലാ​കാ​രൻ, സംഘാ​ട​കൻ, ഹാസ്യ സാഹി​ത്യ​കാ​രൻ, കാർട്ടൂ​ണി​സ്റ്റ്, ചിത്ര​കാ​രൻ തുടങ്ങി വിഭിന്ന രംഗ​ങ്ങ​ളിൽ ഉജ്ജ്വ​ല​മായ സംഭാ​വ​ന​കൾ നല്കി സമൂഹ നവീ​ക​ര​ണ​ത്തിലെ ശുക്ര നക്ഷ​ത്ര​മായി തെളിഞ്ഞ ഡോ.​വി.​വി.​വേ​ലു​ക്കുട്ടി അര​യന്റെ ജീവി​തവും സംഭാ​വ​ന​കളും പക്ഷെ അര്ഹിക്കും വിധത്തിൽ രേഖ​പ്പെ​ടു​ത്താതെ പോയി.

1956 ൽ കേര​ള​ത്തിലെ ആദ്യത്തെ കയർപ്ര​ദർശനം നീണ്ട​ക​ര​യിൽ ഡോക്ടർ വേലു​ക്കുട്ടി അര​യന്റെ നേതൃ​ത്വ​ത്തിൽ സംഘ​ടി​ക്ക​പ്പെ​ട്ടു. തീര​ദേ​ശ​വാ​സി​കൾ നേരി​ട്ടു​വന്ന കഷ്ട​പ്പാ​ടു​കൾ ചർച്ച ചെയ്യു​ന്നതി​​നായി പ്രഥമ തീര​ദേ​ശ​സം​ര​ക്ഷണ സമിതി രൂപീ​ക​രിച്ചു. സമി​തി​യുടെ സ്ഥാപക പ്രസി​ഡന്റ് ഡോക്ടർ വേലു​ക്കുട്ടി അര​യനും സെക്ര​ട്ടറി ഡോ.​ഹെന്റി ഓസ്റ്റി​നു​മാ​യി​രു​ന്നു.

സാഹിത്യകാരാൻ , പത്രപ്രവര്ത്തകൻ

velukkutti arayan 2കേരളത്തിന്റെ പത്രപ്രവര്ത്തന ചരിത്രം കുറിക്കുമ്പോൾ അത് ഡോക്ടർ വേലു​ക്കുട്ടി അര​യൻ എന്ന വ്യക്തിയെ മാറ്റിനിര്ത്തി സാധ്യമല്ല. തുടക്കമായത് ഒരു ഗ്രന്ഥശാല സ്ഥാപിച്ചു കൊണ്ടാണ്. കേര​ള തീരത്തെ ആദ്യത്തെ ഗ്രന്ഥ​ശാല 1908 ൽ പതി​നാലാം വയ​സ്സി​ൽ ചെറി​യ​ഴീ​ക്ക​ലിൽ ‘വിജ്ഞാ​ന​സ​ന്ദാ​യിനി’ എന്ന നാമ​ത്തിൽ ആരം​ഭിച്ച് ചരിത്രം സൃഷ്ടിച്ചു. ശ്രീനാ​രാ​യ​ണ​ഗു​രു, സി.​കേ​ശ​വൻ, സി.​കൃ​ഷ്ണൻ വൈദ്യൻ, സി.​വി.​കു​ഞ്ഞു​രാ​മൻ, കുമാ​ര​നാ​ശാൻ, കെ.​സി.​കേ​ശ​വ​പിള്ള എന്നി​ങ്ങനെ എത്രയോ മഹാ​ര​ഥൻമാ​രു​മായി ഗാഢ​ബന്ധം പുലർത്തു​വാൻ വേലു​ക്കുട്ടി അര​യനു സാധി​ച്ചു. കേശ​വ​നാ​ശാന്റെ ‘സുജ​നാ​ന​ന്ദിനി’ പത്ര​ത്തിൽ സഹ പത്രാ​ധി​പ​രായി പ്രവർത്തി​ക്കു​വാൻ പഠ​ന​ത്തി​നൊപ്പം കഴി​ഞ്ഞ​തോടെ വേലു​ക്കുട്ടി അര​യ​നിൽ ഒരു എഴു​ത്തു​കാ​രന്റെയും പത്ര​പ്ര​വർത്ത​ക​ന്റെയും പ്രതിഭ തിള​ങ്ങു​വാൻ തുട​ങ്ങി.

ഡോക്ടർ അര​യൻ 1917 ൽ ആരം​ഭിച്ച ‘അര​യൻ’ പത്രം മല​യാ​ള​ക്ക​ര​യിലെ മാത്ര​മല്ല, ഇന്ത്യൻ പത്ര​പ്രർത്തന ചരി​ത്ര​ത്തിലെ പ്രഥമ പ്രതി​പക്ഷ പത്ര​മാ​യി. അതി​സാ​ഹ​സി​ക​മായ മുഖ​പ്ര​സം​ഗ​ങ്ങൾ പ്രസി​ദ്ധീ​ക​രി​ച്ചു​കൊണ്ട് ‘അര​യൻ’ പത്രം നിരോ​ധനം ഏറ്റു​വാ​ങ്ങി. പക്ഷെ വിട്ടു​വീ​ഴ്ച​യി​ല്ലാതെ സധൈര്യം മുന്നോ​ട്ടു​പോയ പത്രാ​ധി​പർ ഡോക്ടർ വേലു​കുട്ടി അര​യൻ, ധർമ്മ​പേ​ഷിണി (1942) ഫിഷ​റീസ് മാഗ​സൻ (1948) സമാ​ധാനം (1951), കലാ​കേ​രളം (1952), തീര​ദേശം (1953), ഫിലിം​ഫാൻ (1962), രാജ്യാ​ഭി​മാനി (1943-1947), അര​യ​സ്ത്രീ​ജന മാസിക (1922) അര​യ​കേ​ര​ളം തുട​ങ്ങിയ പ്രസി​ദ്ധീ​ക​ര​ണ​ങ്ങൾ വിവിധ കാല​ഘ​ട്ട​ങ്ങ​ളിൽ പുറ​ത്തി​റ​ക്കി​ക്കൊ​ണ്ടി​രു​ന്നു.

സാഹിത്യ രംഗത്ത് കവി, ഗദ്യ​കാ​രൻ, നിരൂ​പ​കൻ, അട്ട​ക്കഥാ രച​യി​താവ്, നോവ​ലിസ്റ്റ്, കഥാ​കൃ​ത്ത്, ഹാസ്യ​സാ​ഹി​ത്യ​കാ​രൻ, പരി​ഭാ​ഷ​കൻ, കലാ​നി​രൂ​പ​കൻ, നാട​ക​കൃത്ത് എന്നി​ങ്ങനെ സമസ്ത മേഖ​ല​ക​ളിലും കൈമു​ദ്ര​ചാർത്തിയ പ്രതി​ഭാ​ധനൻ കൂടി​യാ​യി​രുന്നു ഡോക്ടർ വേലു​ക്കുട്ടി അര​യൻ. അദ്ദേ​ഹ​ത്തിന്റെ പദ്യ​കു​സു​മാ​ഞ്ജലി എന്ന കാവ്യ സമാ​ഹാ​ര​ത്തിന് ഉള്ളൂർ എസ്.​പ​ര​മേ​ശ്വ​ര​യ്യ​രാണ് അവ​താ​രിക എഴു​തി​യ​ത്. വാസ​വ​ദ​ത്താ​നിർവ്വ​ഹണം എന്ന ഡോക്ടർ അര​യൻ രചിച്ച ആട്ടക്കഥയെ പുക​ഴ്ത്തി​ക്കൊണ്ട് എഴു​തു​വാൻ സാക്ഷാൽ വള്ള​ത്തോൾ നാരാ​യ​ണ​മേ​നോൻ സന്ന​ദ്ധ​നാ​യി. ഒരു പ്രത്യേക ഘട്ട​ത്തിൽ മത​പ​രി​വർത്ത​ന​ത്തി​ലേക്ക് നീങ്ങിയ അരയ സമൂ​ഹത്തെ സ്വസ​മു​ദാ​യ​ത്തിൽ അഭി​മാ​ന​പൂർവ്വം പിടിച്ചു നിർത്തു​വാൻ കിണഞ്ഞു ശ്രമി​ക്കു​കയും അതിൽ വിജ​യി​ക്കുകയും ചെയ്ത ഡോക്ടർ വേലു​ക്കുട്ടി അര​യൻ അതിന്റെ ബോധ​വൽക്ക​രണ സാഹി​ത്യ​മായി രചി​ച്ച​താണ് ‘തിരു​വി​താം​കൂർ അര​യ​മ​ഹാ​ജ​ന​യോഗം’ എന്ന വിനോദ നോവൽ.

പേരിലെ ഡോക്ടർ

കരു ​നാ​ഗ​പ്പള്ളി ആല​പ്പാട്ട് അര​യ​നാണ്ടിവിളാ​കത്ത് കുടും​ബ​ത്തിൽ 1894 മാർച്ച് 11 നാണ് വേലുക്കുട്ടി അര​യൻ ജനി​ച്ച​ത്. അഞ്ചാം വയ​സ്സിൽ സംസ്‌കൃത വിദ്യാ​ഭ്യാ​സവും 12-ാം വയ​സ്സിൽ ചാവർകോട്ട് വൈദ്യൻമാ​രിൽ നിന്നും ആയൂർവ്വേദ പഠ​നവും ആരം​ഭി​ച്ചു. പിന്നീട് ശാസ്ത്രി പരീക്ഷ പാസ്സായി ആ യുവാവ് പര​വൂർ കേശ​വ​നാ​ശാന്റെ ഗുരു​കു​ല​ത്തിൽ ഉപ​രി​പ​ഠ​ന​ത്തി​നായി എത്തി. പിന്നീട് കൽക്കത്തയിൽ നിന്നും ഹോമിയോപ്പതിയിൽ എച്ച് .എൽ. എം. എസ് . പാസ്സായി. അന്ന് സര്ജരി ചെയ്യാൻ കൂടി യോഗ്യത നേടിയ വിദ്യാഭ്യാസം ആയിരുന്നു ഇത്. ഡോക്ടർ എന്ന നിലയിലുള്ള തന്റെ സേവനം മുഴുവൻ അദ്ദേഹം തന്റെ ഗ്രാമത്തിനായി തന്നെ സമര്പ്പിച്ചു.

 

വിവരങ്ങള്ക്ക് കടപ്പാട് : വള്ളിക്കാവ് മോഹൻദാസ്‌

Comments

comments