Breaking News

സര്‍വ്വകലാശാലകള്‍ കശാപ്പ് ചെയ്യപ്പെടുമ്പോള്‍

abvp jnu

‘A university stands for humanism for tolrrence, for reasons, for the adventure of, ideas and for the search of truth. It stands for onward march of the human race towards ever higher objectives. If the universities discharge their duties adequately, then it is well with the nation and the people’
– Jawaharlal Nehru

വര്‍ത്തമാനകാല ഇന്ത്യയിലെ അസഹിഷ്ണുതാ രാഷ്ട്രീയത്തിന്റെ ഏറ്റവും ഒടുവിലത്തെ സൂചനകളിലൊന്നായി ജവഹര്‍ലാല്‍ നെഹറു സര്‍വ്വകലാശാലയിലെ ‘ജനവിരുദ്ധ ‘ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള സംഘപരിവാര്‍ – ഭരണകൂട – മാധ്യമ വ്യവഹാരങ്ങളെ വിലയിരുത്താവുന്നതാണ്. ഹൈദരാബാദ് സര്‍വ്വകലാശാലയിലെ ഗവേഷണ വിദ്യാര്‍ത്ഥിയായിരുന്ന രോഹിത് വെമുലയുടെ ആത്മഹത്യ സൃഷ്ടിച്ച ജാതി വിരുദ്ധ വിദ്യാര്‍ത്ഥി പ്രക്ഷേഭങ്ങളേയും ദളിത് ബഹുജന്‍ പൗരസമൂഹ മുന്നേറ്റത്തേയും തടയാന്‍ ഹിന്ദു വലതു പക്ഷത്തിനു ലഭിച്ച തന്ത്രപരമായ ആയുധമാണ് ജെ.എന്‍.യു വിന് മേല്‍ ആരോപിക്കപ്പെടുന്ന ‘രാഷ്ട്രവിരുദ്ധ’ പ്രവര്‍ത്തനങ്ങള്‍ അഥവാ സംഘപരിവാറിന്റെ സ്വഭാവ സര്‍ട്ടിറിഫിക്കറ്റ് പരീക്ഷ ! സര്‍വ്വകലാശാല യൂണിയന്‍ പ്രസിഡന്റും ബീഹാറില്‍ നിന്നുള്ള ഗവേഷക വിദ്യാര്‍ത്ഥിയുമായ കനയ്യകുമാറിനെ രാജ്യദ്രോഹ കുറ്റം ആരോപിച്ച് തീഹാര്‍ ജയിലില്‍ അടച്ചു. രാജ്യദ്രോഹക്കുറ്റത്തില്‍ പങ്കാളികളെന്ന് പറയപ്പെടുന്ന മറ്റ് വിദ്യാര്‍ത്ഥികള്‍ക്കായി രാജ്യത്തിന്റെ നാനാ ഭാഗത്തേക്കും അന്വേഷണങ്ങള്‍ വ്യാപിപ്പിച്ചിരിക്കുന്നു.

അടിയന്തിരാവസ്ഥയ്ക്ക് ശേഷമുള്ള ഭീകരമായ വിദ്യാര്‍ത്ഥി വേട്ട

jnu police

നിയമവാഴ്ചയുടെ ഭരണ ഘടനാ മൂല്യങ്ങളെ വെല്ലുവിളിച്ചുകൊണ്ട് കാമ്പസിനുള്ളിലും ഡല്‍ഹിയിലാകമാനവും പാട്യാല ഹൗസ് കോര്‍ട്ട് കോംപ്ലക്‌സില്‍ പ്രത്യേകിച്ചും അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും നേരെ അതി ഹീനമായ രീതിയില്‍ അരങ്ങേറുന്ന അതിക്രമങ്ങള്‍ പോലീസ് മേധാവിയുടേയും കേന്ദ്ര ആഭ്യന്തര മന്ത്രിയുടേയും മനസ്സ് കൊണ്ടുള്ള സജീവ പങ്കാളിത്തത്തോടെയാണ് നടന്നതെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. നിയമ വാഴ്ച ഉറപ്പാക്കേണ്ട പോലീസുകാര്‍ അഭിഭാഷക വേഷം ധരിച്ച സംഘപരിവാര്‍ ഗുണ്ടകളുടെ അംഗരക്ഷകരായി മാറുന്നു. മഞ്ഞപ്പത്രങ്ങളേപ്പോലും തോല്‍പ്പിക്കുന്ന വിധത്തില്‍ അര്‍ണബ് ഗോസ്വാമിയെപ്പോലുള്ള മാധ്യമ പ്രവര്‍ത്തകര്‍ ( കേരളത്തില്‍ മംഗളം ദിനപത്രം ഈ ദൗത്യം ഭംഗിയായി നിറവേറ്റി വരുന്നുണ്ട്) രാജ്യസ്‌നേഹത്തിന്റെ മുന്നണ്‌പ്പോരാളികളായി രംഗത്തു വരുന്നു. നരേന്ദ്ര മോദിയുടെ പ്രഖ്യാപിത വസതിയായ ‘Make in india’ യില്‍ നിന്ന് ‘Making India Hindu’ വിലേക്ക് രാജ്യം അതിവേഗം നീങ്ങിക്കൊണ്ടിരിക്കുന്നതിന്റെ സൂചനകളാണ് ഇതൊക്കെ.

‘ദി കണ്‍ട്രി വിത്തൗട്ട് പോസ്റ്റോഫീസ്’ (The country without post office) എന്ന പേരില്‍ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ നടത്തിയ സാംസ്‌ക്കാരിക പരിപാടിയെ അഫ്‌സല്‍ ഗുരു അനുസ്മരണമക്കി അവതരിപ്പിക്കുകയും, അവര്‍ പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കി, ഭാരതമാതാവിനെ അപമാനിച്ചു തുടങ്ങിയ വ്യാജയുക്തികള്‍ പറഞ്ഞുമാണ് സംഘപരിവാറിന്റെ വിശ്വസ്തനായ പുതിയ വൈസ് ചാന്‍സിലര്‍ പ്രൊഫ. എം. ജഗദേഷ് കുമാര്‍ സ്ഥാനമേറ്റ ഉടന്‍ തന്നെ അതുവരെ കാമ്പസില്‍ നിലനിന്നിരുന്ന എല്ലാ ജനാധിപത്യ നടപടിക്രമങ്ങളേയും അന്വേഷണ രീതികളേയും പോലീസ് രാജിലൂടെ കാറ്റില്‍പ്പറത്തിയത്. (കാമ്പസിലെ നിയമ ലംഘന പ്രശ്‌നങ്ങളെ പ്രാഥമികമായി അന്വേഷിക്കാന്‍ പ്രൊക്‌ടോറിയല്‍ അടക്കമുള്ള അതി വിപുലമായ സംവിധാനങ്ങള്‍ ജെ.എന്‍.യു വിലുണ്ട്) അങ്ങനെ അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള അതിവിപുലമായ വിദ്യാര്‍ത്ഥി വേട്ടയ്ക്കാണ് ജെ.എന്‍.യു കഴിഞ്ഞ ദിവസങ്ങളില്‍ സാക്ഷ്യം വഹിച്ചത്.

‘പാഞ്ചജന്യ’ത്തിന് നേരത്തെ തന്നെ ജെ.എന്‍.യു ദേശവിരുദ്ധ സര്‍വ്വകലാശാല ആയിരുന്നു

dailyreports

ഇന്ത്യാവിരുദ്ധതയുടെ പേരില്‍ ദേശവിരുദ്ധരായി ഭരണകൂടം പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ ആര്‍.എസ്.എസ് ഹിന്ദി മുഖപ്പത്രമായ ”പാഞ്ചജന്യ” ത്തില്‍ ജെ.എന്‍.യു വില്‍ നടക്കുന്ന ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെ സംഘപരിവാറും അടയാളപ്പെടുത്തിയിരിക്കുന്നു. ഇന്ത്യയെ വിഘടിപ്പിക്കാന്‍ ശ്രമിക്കുന്ന ”ദേശവിരുദ്ധ ശക്തി” കളുടെ ഒരു വലിയ ബ്ലോക്കായിട്ടാണ് ജെ.എന്‍.യു വിനെ വിശേഷിപ്പിക്കുന്നത്. കൂടാതെ നിരന്തരമായി ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്ന ‘നക്‌സലൈറ്റ് സ്റ്റുഡന്റ് യൂണിയന്‍ ആണ് കുറേക്കാലമായി ജെ.എന്‍.യു ഭരിക്കുന്നത്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ അംഗമായുള്ള വിദ്യാര്‍ത്ഥി സംഘടനയും ജെ.എന്‍.യു വില്‍ എ.ഐ.എസ്.എ.യാണ്. ഭണ്‌ഡേവാഡിയില്‍ മാവോയിസ്റ്റ് അക്രമണത്തില്‍ കൊല്ലപ്പെട്ട സി.ആര്‍.പി.എഫ്. സൈനികരുടെ മരണത്തെ ആഘോഷിച്ചതും പാഞ്ചജന്യ ലേഖനം അടിവരയിടുന്നു. കൂടാതെ മാര്‍ക്‌സിസ്റ്റുകാരുടെ അവിശ്വാസ ദര്‍ശനങ്ങള്‍ക്ക് അടിപ്പെട്ട കേരളത്തിലെ ഹിന്ദുക്കളെ പ്രത്യേക ജീവികളായിട്ടാണ് പാഞ്ചജന്യ ലേഖനം അവതരിപ്പിക്കുന്നത്. ബീഫ് കഴിക്കുന്നവര്‍, അവിശ്വാസികള്‍, മതധാര്‍മ്മിക മൂല്യങ്ങള്‍ നഷ്ടപ്പെട്ടവര്‍ തുടങ്ങിയ ആരേപണങ്ങള്‍ ഇതിന്റെ ഭാഗമാണ്. എങ്കിലും ആര്‍.എസ്.എസിന്റെ ഈ ഗൂഢാലോചനയെ പ്രതിരോധിക്കുവാനും പൊതുജന മാധ്യമത്തില്‍ യൂണിവേഴ്‌സിറ്റിയെക്കുറിച്ച് വിശദീകരിക്കുവാനും അന്നത്തെ ജെ.എന്‍.യു വി.സി പ്രൊഫ. സുധീര്‍ കുമാര്‍ സൊപൊറി ധൈര്യം കാണിച്ചിരുന്നു. മറുവശത്ത് കാമ്പസില്‍ പോലീസ് രാജ് നടപ്പിലാക്കുന്ന പുതിയ വി.സി ജെ.എന്‍.യു അപമാനിക്കപ്പെടുമ്പോള്‍ കടുത്ത നിശബ്ദത പാലിക്കുകയും കാമ്പസിന് പുറത്ത് പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികളുടെ സുരക്ഷയില്‍ തനിക്ക് ആശങ്കയുണ്ടെന്ന ലജ്ജാകരമായ വാദഗതി മുന്നോട്ടു വയ്ക്കുകയുമാണ് ചെയ്തത്. ദേശത്തേയും ദേശീയതയേയും ഭാരതമാതാവിനേയും കുറിച്ച് സംസാരിക്കാന്‍ തങ്ങള്‍ക്ക് മാത്രമേ യോഗ്യതയുള്ളൂ – അതിന് രോഹിത് വെമുലമാരും കനയ്യകുമാര്‍ മാരും യോഗ്യരല്ല- എന്ന സംഘപരിവാര്‍ വാദം ഇന്ത്യന്‍ ജനാധിപത്യവ്യവസ്ഥയെ അതിഗുരുതരമായി ബാധിക്കുന്ന ഒരു പ്രശ്‌നമാണ് എന്ന് ഇതിനകം മനസ്സിലായിക്കഴിഞ്ഞു.

ജെ.എന്‍.യു വില്‍ കൊണ്ടുവരുന്ന വിവിധങ്ങളായ ആശയങ്ങളും ഗ്രൂപ്പുകളും പ്രസ്ഥാമങ്ങളും സംഘപരിവാറിന്റെ ഏകശിലാരീതിയിലുള്ള ഇന്ത്യയെ പിന്‍പറ്റുന്നവയല്ല. എന്നാല്‍ ചാതുര്‍വര്‍ണ്ണ്യ വ്യവസ്ഥയെ നെഞ്ചിലേറ്റുന്നവര്‍ മുതല്‍ ഇന്ത്യന്‍ ഭരണഘടനമാറ്റി, സായുധ വിപ്ലവത്തിലൂടെ മര്‍ദ്ദിത ജനതകളുടെ വിമോചനം സ്വപ്നം കാണുന്നവര്‍ക്ക് വരെ ആശയ സംവാദത്തിനുള്ള ഇടം ജെ.എന്‍.യു കാമ്പസില്‍ ഉണ്ടെന്നതാണ് അവിടുത്തെ ജനാധിപത്യത്തിന്റെ പ്രത്യേകത. അക്രമരഹിതമായ രീതിയില്‍ തങ്ങളുടെ ആശയങ്ങളും പരിപാടികളും അവതരിപ്പീക്കാനുള്ള സവിശേഷമായ ഒരു ലിബറല്‍ – ഇടതുപക്ഷ ഇടമാണ് ഇത്തരമൊരു സംവാദം സാധ്യമാക്കുന്നത്. മധ്യ – കിഴക്കന്‍ ഇന്ത്യയിലെ ധാതുസമ്പത്തുള്ള ആദിവാസി മോഖലകളില്‍ മാവോയിസ്റ്റുകളെ നേരിടാനെന്ന പേരില്‍ ഭരണകൂടം നടത്തുന്ന ‘ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ടി’നെപ്പറ്റിയും ആദിവാസികള്‍ക്കിടയില്‍ സേവനം നടത്തുന്ന മുന്‍ ജെ.എന്‍.യു അധ്യാപകര്‍ കൂടിയായ ഡോ. ബിനായക് സെന്നിനെ ‘രാജ്യദ്രോഹക്കുറ്റം’ ചുമത്തി ജയിലിലടച്ചപ്പോഴും ആദിവാസികള്‍ക്കെതിരെ ആദിവാസികളെ ഉപയോഗിച്ചുകൊണ്ട്, ആയുധമണിയിച്ചുകൊണ്ട് ഛത്തീസ്ഗഢ് ഗവണ്‍മെന്റ് രൂപീകരിച്ച ‘സാല്‍വജൂദം’ മലീഷ്യയെ ശക്തമായി എതിര്‍ത്തപ്പോഴും (ഇത്തരം സംഘങ്ങള്‍ നിയമവാഴ്ചയുടെ ലംഘനമായി വിലയിരുത്തിയ സുപ്രീംകോടതി അവയെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും ഇനിയും നടപ്പിലാക്കിയിട്ടില്ല.) ജെ.എന്‍.യു വിലെ വിദ്യാര്‍ത്ഥി പ്രസ്ഥാനം ‘രാജ്യദ്രോം’ നടത്തുന്നു എന്ന രീതിയില്‍ തന്നെയാണ് മുകളില്‍ പറഞ്ഞ ശക്തികള്‍ പ്രതികരിച്ചത്. അമേരിക്കയുമായുള്ള 123 ഉടമ്പടിക്കെതിരെയും കൂടംകുളംമുതല്‍ ജെയ്താപൂര്‍ വരെയുള്ള ആണവപദ്ധതികളെ എതിര്‍ക്കുമ്പോഴും തുറന്നുകാട്ടുമ്പോഴും ഇതേ ആരോപണങ്ങളാണ് വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ നേരിട്ടത്. നവലിബറല്‍ നയങ്ങളുടെ പ്രോദ്ഘാടകനായ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ കാമ്പസിന്റെ പ്രസംഗം തടസ്സപ്പെട്ടപ്പോഴും മിലിട്ടറിസത്തിലൂടെയും ആണവ മിസൈല്‍ ദേശീയതയിലൂടെ തീവ്രഹിന്ദുത്വത്തെ പരിപോഷിപ്പിച്ച മുന്‍ പ്രസിഡന്റ് ഏ.പി.ജെ അബ്ദുള്‍ കലാമിനെ പ്രതിരോധിച്ചപ്പോഴും ജെ.എന്‍.യു വിദ്യാര്‍ത്ഥി പ്രസ്ഥാനം ഇപ്പോള്‍ കേള്‍ക്കുന്ന ആരോപണങ്ങള്‍ തന്നെയാണ് നേരിട്ടത്.

ദൈനംദിന രാഷ്ട്രീയ ഇടപെടലുകള്‍ ‘ദേശ വിരുദ്ധതയോ ?

jnu politics

സംഘപരിവാര ശക്തിയുടെ കണ്ണിലെ ഏറ്റവും വലിയ കരടായി ജെ.എന്‍.യു വിലെ ഇടത് വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ മാറുന്നതെന്തുകൊണ്ട് എന്നതിന് അധികം ആലോചനയൊന്നും ആവശ്യമില്ല. ഇക്കൂട്ടരുടെ കാമ്പസിനകത്തുള്ള ദൈനംദിന രാഷ്ട്രീയ ഇടപെടലുകളില്‍ നിന്നുതന്നെ അത് മനസ്സിലാക്കാന്‍ സാധിക്കും. തങ്ങളുടെ പ്രത്യയശാസ്ത്ര പദ്ധതികളെ വിമര്‍ശിക്കുന്നവരേയും തുറന്നു കാട്ടുന്നവരേയും ‘ദേശവിരുദ്ധര്‍’ , ‘പാക്കിസ്ഥാന്‍ അവനുകൂലികള്‍ ‘, ‘ചൈനാ ചാരന്മാര്‍’ ‘വിഘടനവാദികള്‍ ‘ ‘മാവോയിസ്റ്റുകള്‍’ ‘ഇസ്ലാമിസ്റ്റുകള്‍ ‘പട്ടികള്‍’ ‘പന്നികള്‍’ തുടങ്ങിയ അസംഖ്യം അപരനമങ്ങളാല്‍ വിദ്യാര്‍ത്ഥി സംഘടനയായ എ.ബി.വി.പിയും സമാന ചിന്തഗതിക്കാരും വിശേഷിപ്പിക്കാറുണ്ട്. ഇത് മനസ്സിലാക്കാന്‍ അവര്‍ കാമ്പസില്‍ വിതരണം ചെയ്യുന്ന ലഖുലേഖകളും നോട്ടീസുകളും മാത്രം ശ്രദ്ധിച്ചാല്‍ മതിയാകും. എല്ലാ ദിസവും ഇക്കൂട്ടര്‍ എതിരാളികളെ ഓരോ കാരണത്താല്‍ ദേശവിരുദ്ധരായി, മാതൃരാജ്യത്തോട് കൂറില്ലാത്തവരായി മുദ്രകുത്തും. ജാതീയത, ആദിവാസി പ്രശ്‌നങ്ങള്‍, ലിംഗവിവേചനം, വിദ്യാഭ്യാസത്തിന്റെ വാണിജ്യവല്‍ക്കരണം, പ്രദേശിക അസമത്വങ്ങള്‍, പാലസ്തീന്‍ പ്രശ്‌നം, പീഡിത ദേശീയതകള്‍, അമേരിക്കന്‍ സാമ്രാജ്യത്വം, മിലിട്ടറിസം, സയണിസം തുടങ്ങിയ ദേശീയവും അന്തര്‍ദേശീയവുമായ പ്രശ്‌നങ്ങളില്‍ നിലപാടുകള്‍ പറയുന്ന ഇടത്, ദളിത് ബഹുജന്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങുടെ വാദഗതികളെ ‘ദേശവിരുദ്ധത’ യായി മാത്രമേ ഇവര്‍ക്ക് കാണാനാവുന്നുള്ളു. കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള എല്ലാ പ്രശ്‌നങ്ങളേയും തങ്ങളുടെ വീക്ഷണത്തില്‍ക്കൂടി കാണാത്തവരെ പാക്കിസ്ഥാന്‍കാരായി മുദ്രകുത്തുന്ന ഒരു രാഷ്ട്രീയമാണ് ‘ദൈനംദിന ദേശീയത ‘ (everyday nationalism) എന്ന പേരില്‍ സംഘപരിവാരം കാമ്പസിനകത്തും പുറത്തും മുന്നോട്ടുവയ്ക്കുന്നത്.

സ്വാതന്ത്ര്യം നേടി അറുപത് വര്‍ഷം കഴിഞ്ഞിട്ടും വികസനത്തിന്റെ ഗുണഫലങ്ങള്‍ ഒന്നും ചെന്നെത്താത്ത ആദിവാസിമേഖലകളില്‍ കോര്‍പ്പറേറ്റ് കൊള്ളയടിക്കായി ഭരണകൂടം സ്വന്തം ജനതയ്‌ക്കെതിരായി നടത്തുന്ന സൈനിക നടപടികളുടെ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളേയും പ്രതിഷേധങ്ങളേയും ചത്തീസ്ഗഢിലെ ദണ്‌ഡേവാഡയില്‍ മാവോയിസ്റ്റുകളാല്‍ കൊലചെയ്യപ്പെട്ട സി.ആര്‍.പി.എഫ് ജവാന്‍മാരുടെ മരണം ആഘോഷിക്കലായാണ് ഈ വിഭാഗം പ്രചരിപ്പിക്കുന്നത്. മാത്രമല്ല പശ്ചിമബംഗാളിലെ നന്ദിഗ്രാമിലും, സിംഗൂരിലും ഭൂമി ഏറ്റെടുക്കലിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളെ വിമര്‍ശിച്ചവരെ വികസന വിരുദ്ധരായും രാജ്യവിരുദ്ധതയും വിശേഷിപ്പിക്കാന്‍ ചിലപ്പോഴെങ്കിലും മുഖ്യധാരാ ഇടതുപക്ഷം ശ്രമിച്ചപ്പോള്‍ പോലും ജെ.എന്‍.യു വിലെ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന് പ്രതിരോധിക്കേണ്ടി വന്നിട്ടുണ്ട്.

സംഘപരിവാരത്തിന്റെ സാംസ്‌ക്കാരിക രാഷ്ട്രീയ യുക്തികളെ, അധിനിവേശ പ്രത്യയശാസ്ത്രത്തെ, വിദ്യാഭ്യാസത്തിന്റെ വാണിജ്യവല്‍ക്കരണത്തെ നിരന്തരം ചോദ്യം ചെയ്യുന്ന മൂന്നാം ലോകത്തിലെ ഏറ്റവും രാഷ്ട്രീയ പ്രബുദ്ധമായ കലാലയം എന്ന നിലയിലാണ് യഥാര്‍ത്ഥത്തില്‍ ജെ.എന്‍.യു വിനെ കേന്ദീകരിച്ച് ഇപ്പോള്‍ അതിക്രമങ്ങള്‍ ഉണ്ടാകുന്നത് അധിനിവേശാനന്തര രാജ്യങ്ങളില്‍ ഇപ്പോഴും സമരതീക്ഷണതയും സജീവവുമായ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളും നിലനില്‍ക്കുന്നത് ജെ.എന്‍.യു വില്‍ മാത്രമാണെന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പഠനത്തിനെത്തുന്ന വിദ്യാര്‍ത്ഥികള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. വിദ്യാര്‍ത്ഥി വിപ്ലവങ്ങളും പ്രതിസാംസ്‌ക്കാരിക പ്രസ്ഥാനവും അരങ്ങേറിയ 1960- കളിലെ യൂറോ- അമേരിക്കന്‍ കാമ്പസുകളിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയവുമായി വലിയ കലഹങ്ങളില്ല എന്നുതന്നെ പറയാം. വിദ്യാര്‍തഥികള്‍ രൂപീകരിച്ച ഭരണഘടനയിലൂടെ വിദ്യാര്‍ത്ഥികള്‍ നയിക്കുന്ന ഇലക്ഷന്‍ കമ്മീഷനിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ജെ.എന്‍.യു വിലെ വിദ്യാര്‍ത്ഥി യൂണിയനേയും രാഷ്ട്രീയത്തേയും നിരോധിക്കാനും ഒരു പെട്ടിക്കട അടച്ചുപൂട്ടുന്നതുപോലെ ജെ.എന്‍.യു അടച്ച് മുദ്രവെക്കാനും ഭരണകൂട ശക്തികള്‍ ആവശ്യപ്പെടുന്നത് അതുകൊണ്ടാണ്. അടിസ്ഥാനപരമായി ജനാപത്യത്തേയും മനുഷ്യ അന്തസ്സിനേയും കുറിച്ചുള്ള വിവിധ പരിപ്രേഷ്യങ്ങളാണ് ജെ.എന്‍.യു മുന്നോട്ട് വെയ്ക്കുന്നതെങ്കില്‍ പ്രവര്‍ത്തന സ്വഭാവമുള്ള സാംസ്‌ക്കാരിക ദേശീയതയിലും ചാതുര്‍ വര്‍ണ്ണ്യവ്യവസ്ഥയിലും അടിയുറച്ച ഭൗമ സംസ്‌ക്കാരമാണ് സംഘപരിവാരം ആദര്‍ശവല്‍ക്കരിക്കുന്നത്.

രാഷ്ട്രത്തിന്റെ ഐക്യധാര്‍മ്മിക വ്യവസ്ഥ

ദേശത്തെ ഒരു ആഖ്യാനവും സാങ്കല്‍പ്പിക സമുദായവുമായി കാണുന്ന രീതികള്‍ ദേശീയതകളുടെ പഠനത്തില്‍ ഹോമീഭാഭയോയും ബനഡിക്റ്റ് ആന്‍സേഴ്‌സണേയും പോലുള്ള ചിന്തകള്‍ വികസിപ്പിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ സംഘപരിവാറിന്റെ ദേശീയ ആഖ്യാനങ്ങളേയും സാങ്കല്‍പ്പിക സമുദായത്തേയും പറ്റി മനസ്സിലാക്കുന്നതിലൂടെ മാത്രമേ ഇപ്പോള്‍ ആരോപിക്കപ്പെടുന്ന ‘ദേശവിരുദ്ധതയെ’ കൃത്യമായി മനസ്സിലാക്കാന്‍ കഴിയൂ. സംഘപരിവാർ ആഖ്യാനങ്ങള്‍ ദേശത്തെ ചരിത്രസാഹചര്യങ്ങളുടെ നിര്‍മ്മിതിയായി കാണാന്‍ തയ്യാറല്ല. ദേശം അതി പ്രാചീനവും അനന്തവും ഇടയ്‌ക്കെങ്ങോ കൈമോശം വന്നതും അടിയന്തിരമായി വീണ്ടെടുക്കേണ്ടതുമായ ഒരു വ്യവസ്ഥയായിട്ടാണ് ഇവിടെ സങ്കല്‍പ്പിക്കപ്പെടുന്നത്. ദേശമെന്നത് ഒരു ‘ഐക്യ ധാര്‍മ്മിക വ്യവസ്ഥ’ (harmonious moral order) യാണ്. സംഘപരിവാറിനെ സംബന്ധിച്ച് രാഷ്ട്രത്തിന്റെ ഐകരൂപമുള്ള ധാര്‍മ്മിക ക്രമം രൂപപ്പെടുന്നത് ചാതുര്‍വര്‍ണ്ണ്യവ്യവസ്ഥയിലൂടെയും പുരാണങ്ങളിലൂടെയും സംസ്‌കൃതഭാഷയിലൂടെയും ശ്രുതി- സ്മൃതി ധര്‍മ്മങ്ങളിലൂടെയും അനന്തമായി പ്രവഹിക്കുന്ന ചിരന്തന മൂല്യങ്ങളിലൂടെയുമാണ്. ഇത്തരമൊരു മുല്യ വ്യവസ്ഥയെ അടിസ്ഥാനപ്പെടുത്തിയ ധാര്‍മ്മിക ക്രമത്തിന്റെ രാഷ്ട്രീയവല്‍ക്കരണമാണ് ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ തുടങ്ങിയ ഹിന്ദുത്വ രാഷ്ട്രീയം. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രക്കാരപ്രായോജകരായ കേശവ ബലിറാം ഹെഡ്ഗവാര്‍, മാധവസദാശിവ ഗോള്‍വള്‍ക്കര്‍, വിനായക് ദാമോദര്‍ സവര്‍ക്കര്‍, ബാലകൃഷ്ണ ശിവറാം മൂഞ്ചെ, ശ്യാമപ്രസാദ് മുഖര്‍ജി, ദീന്‍ദയാല്‍ ഉപാധ്യായ തുടങ്ങിയ ചിന്തകര്‍ ശ്രമിച്ചത് അക്രമാസക്തമായ രീതിയിലുള്ള ഹിന്ദുരാഷ്ട്രത്തിന്റെ ധാര്‍മ്മിക ക്രമത്തെ ചിട്ടപ്പെടുത്താനണ്.

അതിനാല്‍തന്നെയാണ്, ജനാധിപത്യം, തുല്യത, സാമൂഹിക നീതി, സഹിഷ്ണുത, ലിംഗനീതി, ബഹുസ്വരത, ന്യൂനപക്ഷങ്ങള്‍ തുടങ്ങിയ സംവര്‍ഗ്ഗങ്ങളേയും ആശയങ്ങളേയും രാഷ്ട്രത്തിന്റെ ധാര്‍മ്മിക ക്രമത്തിനേയും കെട്ടുറപ്പിനേയും ബാധിക്കുന്നതിനാല്‍ അടിസ്ഥാനപരമായി പ്രതിരോധിക്കാന്‍ സംഘപരിവാര ശക്തികള്‍ ആവശ്യപ്പെടുന്നത്. അതുകൊണ്ടാണ് ചരിത്രപരമായ അനീതികളുടെ (Historical injustice) രാഷ്ട്രീയപരവും ധാര്‍മ്മികവുമായ പ്രത്യാഖ്യാതങ്ങളെ പ്രശ്‌നവല്‍ക്കരിക്കുന്ന ദളിത്, ബഹുജന്‍ സ്ത്രീ മുന്നേറ്റങ്ങള്‍ ഇടതുപക്ഷത്തിനകത്തും പുറത്തും സാന്നിധ്യമറിയിക്കുന്ന വര്‍ത്തമാനകാലത്ത് ജെ.എന്‍.യു ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ ‘രാജ്യവിരുദ്ധ’മാകുന്നത്.

ചുരുക്കത്തില്‍ സംഘപരിവാരശക്തികള്‍ ഇന്ത്യ എന്ന രാഷ്ട്രീയത്തിനുമേല്‍ കൃത്യമായി ആരോപിക്കുന്ന സമഞ്ജസമായ ഹൈന്ദവ ധാര്‍മ്മികക്രമത്തെ ജെ.എന്‍.യു വിദ്യാര്‍ത്ഥി പ്രസ്ഥാനം ചോദ്യം ചെയ്യുന്നു എന്നതിനാലാണ് അത്’രാഷ്ട്രവിരുദ്ധ’മാകുന്നത്. രോഹിത് വെമുലയുടെ ആത്മഹത്യക്കുറിപ്പില്‍ സംഘപരിവാരം മറച്ചുവെയ്ക്കുന്ന ചരിത്രപരമായ അനീതിയുടെ, അവര്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ധാര്‍മ്മിക ക്രമത്തിന്റെ പ്രശ്‌ന വല്‍ക്കരണം തന്നെയാണ് ഉന്നയിക്കുന്നതെന്ന് പറയാന്‍ കഴിയും. ചരിത്രത്തിലും വര്‍ത്തമാനത്തിലുള്ള അനീതികളുടേയും അപരവല്‍ക്കരണത്തിന്റേയും യുക്തിമനസ്സിലാക്കുന്ന എല്ലാവര്‍ക്കും ഹിന്ദുരാഷ്ട്രത്തിന്റെ ഐക്യരുപ്യമുള്ള ധാര്‍മ്മിക ക്രമത്തെ വിമര്‍ശിക്കേണ്ടിവരും.

Comments

comments