Breaking News

കുമ്മനേട്ടന് ശനിദോഷവും ശകുനപ്പിഴയും ശനിയിൽ തന്നെ നിർമ്മിച്ച കുറെ താരങ്ങളും

shakuniശകുനി  – ഒരു തിരഞ്ഞെടുപ്പുകാല അവതാരം

ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ അകൗണ്ട് തുറക്കുകയല്ല മത്സരിച്ച് വിജയിച്ച് അധികാരം പിടിച്ചടക്കുക എന്നതാണ് ലക്ഷ്യമെന്ന് ഗുരുജി കുമ്മനം രാജശേഖരേട്ടന്‍ജി ഉദ്‌ബോധിപ്പിക്കുന്നു. അധികാരം പിടിച്ചില്ലെങ്കിലും വേണ്ടില്ല പത്ത് സീറ്റെങ്കിലും പിടിച്ചിരിക്കണം എന്ന് കണ്ണില്‍ ചോരയില്ലാതെ കല്‍പ്പിച്ചിരിക്കുകയാണ് ബി.ജെ.പി യുടെ തലതൊട്ടപ്പന്‍ അമിത് ഷാജി. ഇല്ലെങ്കില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കുമ്മനേട്ടന്‍ജിയുടെ കാര്യം സ്വാഹ !

kummanam dailyreports

ഏത് വിധേനയും ഈ ദൗത്യം നിറവേറ്റാനുള്ള നെട്ടോട്ടത്തിനിടയിലാണ് രാഹുവിന്റേയും കേതുവിന്റേയും അപഹാരം പാര്‍ട്ടിയെ പിടിമുറുക്കിയിരിക്കുന്നത്. ആദ്യം പോയ ലിസ്റ്റുകൾ ഒക്കെ അതെ വേഗതയിൽ മടങ്ങി . കുമ്മനേട്ടൻ പിന്നേം പിന്നേം ലിസ്റ്റുകൾ ഉണ്ടാക്കുന്നെങ്കിലും ഫലം എന്താകുമോ എന്തോ ? ഇപ്പൊ ചില ലിസ്റ്റുകൾ ഇടയ്ക്കിടെ ഷാജി പ്രഖ്യാപിക്കുന്നുണ്ട്. രാഹു സ്ഥിര താമസമാക്കിയ ചില വമ്പൻ താരങ്ങൾ ആണ് ലിസ്റ്റിൽ എന്നത് കുമ്മനെട്ടനെ പിന്നേം പിന്നേം ഞെട്ടിക്കുകയാണ്.

സംസ്ഥാന വ്യപകമായിത്തന്നെ ഈ അപഹാരവും കൂട്ടത്തില്‍ ശനിയും ഉണ്ടെങ്കിലും സീറ്റ് തർക്കത്തിൽ പാലക്കാട്ടാണ് ആദ്യം രാഹു പ്രത്യക്ഷത്തില്‍ ഫണം വിടര്‍ത്തിയാടിയത്. ഇത് തങ്ങള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നതാണെന്നാണ് തിരുവനന്തപുരത്ത് തമ്പടിച്ചിട്ടുള്ള ചില രാഷ്ട്രീയജ്യോത്സ്യന്മാരുടെ അവകാശവാദം.

സംസ്ഥാനത്ത് ബി.ജെ.പി ക്ക് സാധ്യത കല്‍പ്പിക്കപ്പെടുന്ന പത്ത് നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നാണ് പാലക്കാട്. അവിടെ ജയ സാധ്യതയുള്ള ആള്‍ എന്ന നിലയിലും പാര്‍ട്ടിയിലെ തലമുതിര്‍ന്ന നേതാവ് എന്ന നിലയിലും ശോഭാ സുരേന്ദ്രനെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചു. എന്നാല്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വരുന്നതിന് മുമ്പ് തന്നെ പാലക്കാട്ട് പാര്‍ട്ടി പ്രചാരണം ശക്തമാക്കുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് കമ്മിറ്റി തുറക്കാന്‍ തുടങ്ങിയപ്പോഴാണ് ആദ്യം രാഹു കോപിച്ചതും അപഹരിച്ചതും. അമ്പലത്തില്‍ പോയി ദൈവാനുഗ്രഹമൊക്കെ നേടിയ ശേഷം ശോഭാജി ഓഫീസ് തുറക്കാനെത്തിയപ്പോഴേക്കും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സി.ആര്‍ കൃഷ്ണ കുമാര്‍ ഓഫീസ് തുറന്ന് പ്രവര്‍ത്തനം തുടങ്ങി. താന്‍ എത്തുന്നതിന് മുമ്പേ ഓഫീസ് ഉദ്ഘാടനം ചെയ്തതെന്തിനെന്ന് ചോദിച്ചപ്പോള്‍ രാഹുകാലം തുടങ്ങുന്നതിന് മുമ്പേ നല്ല കാര്യമെന്ന നിലയില്‍ ചെയ്തതാണെന്നായിരുന്ന മറുപടി. ഏതായാലും കൃഷ്ണകുമാറിന് രാഹുര്‍ദശയും ശോഭാജിക്ക് കേതുര്‍ദശയുമാണെന്നാണ് ആസ്ഥാന ജോതിഷികള്‍ വിലയിരുത്തുന്നത്. ചുമ്മാതല്ല പാലക്കാട്ട് ബി.ജെ.പി ക്കാര്‍ തമ്മില്‍ അടിയോടടി.

പാലക്കാട്ട് മാത്രമല്ല മഞ്ചേശ്വരം മുതല്‍ പാറശ്ശാല വരെയും പാര്‍ട്ടിക്ക് ശനിദോശവും ശകുനപ്പിഴയുമാണെന്നുമുണ്ട് ജ്യോതിഷ വിധി. കണിച്ചുകുളങ്ങരയിലെ നടേശന്‍ മുതലാളിക്ക് കുറെ വിട്ടുകൊടുക്കണം. ബി.ജെ.പി യുടെ സാധ്യതാ സീറ്റുകള്‍ മുതലാളിക്ക് വേണ്ടെങ്കിലും അവരുടെ ചില സീറ്റുകള്‍ മുതലാളി പറയുന്നവരെ നിര്‍ത്തണമെന്നാണ് മുതലാളിയുടേയും (പിതാവ്) പുത്രന്റേയും പരിശുദ്ധാത്മാവ് അമിത്ഷാജിയുടേയും നിര്‍ദ്ദേശം. അതിനി അതേപടി അംഗീകരിച്ചാലും ബി.ജെ.പി സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിന് എസ്.എന്‍.ഡി.പി നേതാക്കളാരും നേരിട്ടിറങ്ങില്ലെന്നും മുതലാളി പറയുന്നു. അതായത് ബി.ജെ.പി യുമായി മുതലാളിക്ക് വേളിയില്ല സംബന്ധം മാത്രമാണെന്ന് ചുരുക്കം. ഈ സംബന്ധം പാര്‍ട്ടിക്ക് ചീത്തപ്പേരുണ്ടാക്കുമെന്നും ചങ്ങനാശ്ശേരിയിലെ ചില സ്ഥാനി മൂപ്പന്‍മാര്‍ കോപിക്കുമെന്നും ഭയക്കുന്നവരുമുണ്ട് പാര്‍ട്ടിയില്‍.

പാര്‍ട്ടിയില്ലാതെ വീട്ടിലിരുന്ന പി.പി മുകുന്ദനെ വിളിച്ചുണര്‍ത്തി പാര്‍ട്ടിയിലേക്ക് മടങ്ങിവരാന്‍ പ്രേരിപ്പിച്ച കുമ്മനേട്ടന്റെ കാല് കുടത്തില്‍ വീണ അവസ്ഥയാണിപ്പോള്‍. വലിച്ചൂരാനും വയ്യ, വലിഞ്ഞ് നടക്കാനും വയ്യാത്ത അവസ്ഥ. വേലിയിലിരുന്നതിനെ വലിച്ച് വേണ്ടാത്തിടത്ത് വയ്ക്കണമായിരുന്നോ എന്നാണ് വിരുദ്ധ ചേരിക്കാരുടെ ചോദ്യം. റിട്ടയര്‍ ചെയ്തവരും പാര്‍ട്ടി വിട്ടവരും വീട്ടിലിരിക്കണമെന്ന് പോസ്റ്റര്‍ എഴുതി മുകുന്ദേട്ടന്‍ ജിയുടെ വീട്ടുപടിക്കല്‍ ഒട്ടിച്ചവരെക്കുറിച്ചാണ് ഇപ്പോള്‍ പാര്‍ട്ടിയിലെ അന്വേഷണം. മുരളീധരന്‍ പക്ഷമാണോ? കൃഷ്ണദാസ് പക്ഷമാണോ? അതോ പത്മനാഭന്‍ പക്ഷമാണോ എന്നൊന്നും ആര്‍ക്കും യാതൊരുവിധ പിടിയുമില്ല. എന്നാല്‍ ഒരു കാര്യം എല്ലാവര്‍ക്കുമറിയാം. മുകുന്ദേട്ടന്‍ജിയെ പാര്‍ട്ടിയില്‍ എടുക്കുന്നതിനെ ആരൊക്കെയോ എതിര്‍ക്കുന്നുണ്ട് എന്ന്.

ഇത് തന്നെയാണ് ബി.ജെ.പി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ പ്രൊ. കെ രാമന്‍ പിള്ളയുടെയും ഗതി. പാര്‍ട്ടി വിട്ട് ജനപക്ഷം എന്നൊരു പക്ഷമുണ്ടാക്കി വീട്ടിലിരുന്ന രാമന്‍ പിള്ള സാറിനേയും കുമ്മനേട്ടന്‍ജി അങ്ങോട്ട് പോയിക്കണ്ട് പാര്‍ട്ടിയിലേക്ക് മടങ്ങി വരണമെന്ന് അഭ്യത്ഥിച്ചു. അദ്ദേഹമത് സമ്മതിക്കുകയും ചെയ്തു. പഴയകാല സംഘികള്‍ എന്ന നിലയില്‍ ഇവരെല്ലാം തമ്മില്‍ ഇപ്പോഴും നല്ല ബന്ധമാണ്. പക്ഷേ, സംഘത്തിന് പുറത്തുള്ള പരിവാരങ്ങള്‍ക്ക് അതത്ര ദഹിക്കുന്നില്ല. മുകുന്ദനെപ്പോലെ രാമന്‍ പിള്ളയും ഇല്ലത്ത് നിന്ന് പുറപ്പെട്ടതാണ് പക്ഷേ, അമ്മാത്ത് എത്തിയതുമില്ല. മഞ്ചേശ്വരത്ത് കെ. സുരേന്ദ്രനും തിരുവന്തപുരത്ത് നേമത്ത് ഒ. രാജഗോപാലനും വട്ടിയൂര്‍ക്കാവില്‍ കുമ്മനേട്ടന്‍ജിക്കുമെല്ലാം ഏതാണ്ട് ഇതേ അപഹാരങ്ങളുണ്ടെന്നാണ് ജ്യോത്സ്യവിധികള്‍ പറയുന്നത്.

 

Comments

comments