പേടിക്കേണ്ട മജിസ്ട്രേറ്റിന്റെ വീട്ടിൽ കയറിയത് ആട് ആന്റണിയല്ല. പുള്ളിക്കാരൻ പൂജപ്പുരയിൽ സുഖവാസത്തിലാണല്ലോ? ഇത് ഒറിജിനൽ ഐറ്റം. ജംനാപ്യാരി. ബിലാഡ്പൂർ മജിസ്ട്രേറ്റിന്റെ വീട്ടിലെ പൂന്തോട്ടത്തിൽ കയറി പുല്ലുതിന്നതിനാണ് ആടിനെ അറസ്റ്റ് ചെയ്തത് ചത്തീസ്ഗഢിലെ കൊറിയ ജില്ലയിലാണ് ഈ വിചിത്രമായ അറസ്റ്റ് നടന്നത്. ആടിനും ആടിന്റെ ഉടമയ്ക്കും എതിരെയാണ് കേസ്. ആടിനെ ഒന്നാം പ്രതിയും ഉടമയെ രണ്ടാംപ്രതിയുമാക്കി 2 വർഷം മുതൽ 7 വർഷം വരെ തടവ് വഭിക്കാവുന്ന വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ഉടമയ്ക്കും ആടിനുമെതിരെ സംഘം ചേരൽ (IPC34) വകുപ്പും ചുമത്തിയിട്ടുണ്ട്.
പൂന്തോട്ടത്തിൽ മേഞ്ഞ് നടന്ന് ചെടികളും പച്ചക്കറികളും ഭക്ഷിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ആടിനെതിരെയുള്ളത്. കോടതിയിൽ ഹാജരാക്കിയ ആതിനും ഉടമയ്ക്കും കോടതി ജാമ്യം അനുവദിച്ചു. ജില്ലാ മജിസ്ട്രേറ്റ് ഹേമന്ദ്റാത്തറേയുടെ വീട്ടിലെ പൂന്തോട്ടത്തിലെ സ്ഥിരം ശല്യക്കാരനായിരുന്നു ഈ ആടെന്നും ഉടമയെ പലതവണ ഈ വിഷയത്തിൽ താക്കീത് ചെയ്തതാണെന്നും ചത്തീസ്ഗഢ് പോലീസ് പറഞ്ഞു. മജിസ്ട്രേറ്റ് രേഖാമൂലം പരാതിനൽകിയതിനെ തുടർന്നായിരുന്നു അറസ്റ്റ്.