Breaking News

അത് കൂട്ടക്കൊല തന്നെ ! 83 പേരെ വന്ധ്യംകരണം നടത്തിയത് ഒറ്റ ഉപകരണവും കയ്യുറയും കൊണ്ട്

ഒരു ഡോക്ടർ നടത്തിയ കൂട്ടക്കൊല തന്നെ അതെന്നു ശാസ്ത്രീയ പരിശോധന ഫലം. 13 സ്ത്രീകളാണ് അശ്രദ്ധയ്ക്ക് ജീവൻ ബലി നല്കിയത്. ചത്തീസ് ഗഡിലെ കൂട്ട വന്ധ്യംകരണ ക്യാമ്പിൽ ശസ്ത്രക്രിയക്കിരയായ 83 സ്ത്രീകളിൽ 13 പേർ മരിക്കാനിടയായ സംഭവം ആദ്യം പ്രചരിപ്പിച്ചതുപോലെ എലി വിഷബാധമൂലമല്ലെന്നും ശസ്ത്രക്രിയയിലെ പിഴവ് കാരണമാണെന്നും 16 മാസങ്ങൾക്ക് ശേഷം വിവിധ ലബോറട്ടറി പരിശോധനകളിൽ തെളിഞ്ഞു. 2014 നവംബർ 8 നായിരുന്നു ബിലാഡ്ഡൂരിൽ ജില്ലാ ആശുപത്രിയിലെ സർജൻ ഡോ. ആർ.കെ ഗുപ്ത ഒന്നര മണിക്കൂർകൊണ്ട് 83 സ്ത്രീകൾക്ക് വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയത്. ഓരോ സ്ത്രീക്കും മുന്നോ നാലോ മിനിട്ടുകൊണ്ടാണ് ഗുപ്ത ലക്ഷ്യം നേടിയത്.

ഗവൺമെന്റ് ആശുപത്രികളിലെ ഡോക്ടർമാർ വന്ധ്യം കരണ ശസ്ത്രക്രിയയിൽ ലക്ഷ്യം കൈവരിക്കുന്നതിൽ അലംഭാവം കാണിക്കുന്നുവെന്ന് ആരോപിച്ച് ആരോഗ്യവകുപ്പ് നേരത്തേ സർക്കുലർ ഇറക്കിയിരുന്നു. ഈ പരാതി തീർക്കാനാണ് ഡോക്ടർ തന്റെ തൊഴിൽമൂല്യം പണയം വച്ച് ആ കടും കൈ ചെയ്തത്. 90 മിനുട്ട്കൊണ്ട് 83 ശസ്ത്രക്രിയക്ക് വേണ്ട ശാസ്ത്രീയ മുന്നൊരുക്കങ്ങൾ ഒന്നും തന്നെ നടത്തിയിരുന്നില്ല. ഒരേ ഉപകരണങ്ങളും കൈ ഉറയും ഉപയോഗിച്ചാണ് ഇത്രയും ശസ്ത്രക്രിയകളും പൂർത്തിയാക്കിയതെന്നും പരിശോധനയിൽ തെളിഞ്ഞു. ഇതാണ് അണുബാധയ്ക്ക് പ്രധാനമായും കാരണമായത്‌.

മരിച്ചവരുടെ കുടുബങ്ങളിലെ കുട്ടികളെ സർക്കാർ ദത്തെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പിലാക്കിയിട്ടില്ല. രാജ്യത്ത് നടക്കുന്ന കൂട്ട വന്ധ്യംകരണ ക്യാമ്പുകളുടെ ദുരവസ്ഥയിലേക്ക് വെളിച്ചം വീശുകയാണ് ഇപ്പോൾ ബിലാഡ്പൂരിലെ ഈ ക്യാമ്പിനെ സംബന്ധിച്ച് പുറത്തുവന്ന പരിശോധന റിപ്പോർട്ടുകൾ.

Comments

comments