Breaking News

കണ്ണൂരിൽ വിശപ്പടക്കാനാവാതെ ആദിവാസി പെൺകുട്ടി ജീവനൊടുക്കി

sruthi

ദിവസങ്ങളിലായി ആഹാരം കിട്ടാതെ ആദിവാസി പെൺകുട്ടി ജീവനൊടുക്കി. കണ്ണൂർ ജില്ലയിലെ പേരാവൂർ പഞ്ചായത്ത് ചെങ്ങേറത്ത് പൊരുന്നൻ രവിയുടേയും മോളിയുടേയും മകൾ ശ്രുതിമോളാണ് (15) വിശപ്പ് സഹിക്കാനാവാതെ വീടിനുള്ളിൽ തൂങ്ങിമരിച്ചത്. കേളകം സെന്റ്‌തോമസ് ഹയർ സെക്കന്ററി സ്‌കൂളിലെ 9-ാം ക്ലാസുകാരി വിദ്യാർത്ഥിനിയാണ്. ബുധനാഴ്ച വൈകിട്ടാണ് ശ്രുതിമോളെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. കുടിവെള്ളവും ഭക്ഷണവുമില്ലാതെ വലയുന്ന ആദിവാസികളെ കയ്യൊഴിയുന്ന സർക്കാരിന്റേയും പട്ടിക വർഗ്ഗവകുപ്പിന്റേയും അനാസ്ഥയുടെ ഇരയാണ് ശ്രുതിമോൾ.

ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായെന്നും ഇനിയും വിശപ്പ് സഹിക്കാൻ കഴിയില്ലെന്നും എഴുതിവെച്ചശേഷമാണ് ശ്രുതിമോൾ ജീവനൊടുക്കിയത്. ശ്രുതിയും അച്ചമ്മ ഉപ്പാട്ടിയുമായിരുന്നു കുറേ ദിവസമായി വീട്ടിലുണ്ടായിരുന്നത്. കശുവണ്ടി സീസണായതിനാൽ രവിയും മോളിയും ഇളയമകൾ അക്ഷയയും കൊട്ടിയൂർ പന്ന്യാം മലയിൽ കശുവണ്ടി തോട്ടത്തിൽ കശുവണ്ടി പെറുക്കാൻ പോയിരുന്നു.

ബുധനാഴ്ച ശ്രുതിയുടെ വീടിന് സമീപത്തെ അങ്കണവാടിയിൽ കൗമാരക്കാരായ പെൺകുട്ടികൾക്ക് ക്ലാസ്സുണ്ടായിരുന്നു. എല്ലാവരും ഉച്ചക്ക് ഭക്ഷണം കഴിക്കാൻ വീട്ടിൽ പോയെങ്കിലും ഭക്ഷണമില്ലാത്തതിനാൽ ശ്രുതിമോൾ പോയില്ല. വൈകിട്ട് നാലോടെയാണ് തിരിച്ച് പോയത്. പ്രമേഹരോഗിയായ അച്ചമ്മ കിടന്നുറങ്ങുകയായിരുന്നു. ഈ സമയത്താണ് തൂങ്ങിമരിച്ചതെന്ന് കരുതുന്നു. നോട്ടുബുക്കിൽ മരണക്കുറിപ്പെഴുതി മേശപ്പുറത്ത് വച്ചിരുന്നത് പോലീസ് കണ്ടത്തുന്നു. ശ്രുതിമോളുടെ മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റുമാർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്‌കരിച്ചു.

Comments

comments