Breaking News

മലയാള പത്രപ്രവർത്തന ചരിത്രത്തിൽ ആദ്യത്തെ അഭിമുഖം

guru and ayyappan

മലയാള പത്ര പ്രവർത്തന ചരിത്രത്തിലെ അപൂർവ്വമായ ഒരു രേഖ കണ്ടെത്തിയിരിക്കുന്നു.ശ്രീനാരായണ ഗുരുവുമായി മറവൂർ ഭാസ്കരൻ നായർ നടത്തിയ അഭിമുഖമാണ് അത്.പിന്നീട് നാരായണ ഗുരുവിൻറെ ശിഷ്യത്വം സ്വീകരിച്ച ഭാസ്കരാനന്ദജി എന്ന ഭാസ്കരൻ നായരുടെ ജീവിതത്തെ മാറ്റി മറിച്ച കൂടിക്കാഴ്ച കൂടിയായി മാറി ആ അഭിമുഖം.

kunjiraman & Guru

മലയാള പത്രപ്രവർത്തന ചരിത്രത്തിൽ അഭിമുഖം എന്ന ഏർപ്പാട് ആദ്യമായി നടപ്പിലാക്കിയത് സി.വി കുഞ്ഞുരാമനായിരുന്നുഎന്ന് നമുക്ക് അറിയാം. 1925 ഒക്‌ടോബർ 9-ാം തീയതി കേരളകൗമുദിയിലാണ് മലയാളത്തിലെ ആദ്യത്തെ അഭിമുഖം പ്രസിദ്ധീകരിച്ചു വന്നത്. സി.വി കുഞ്ഞുരാമനും ശ്രീനാരായണ ഗുരുവും തമ്മിലുള്ള അഭിമുഖമായിരുന്നു അത്. പത്രത്തിന് വേണ്ടിയല്ലാതെ നടന്ന മലയാളത്തിലെ ആദ്യ അഭിമുഖം സംഭാഷണം നടത്തിയത് 1707-ൽ തിരുനാവായയിൽ ജനിച്ച വെള്ള നമ്പൂതിരിയാണെന്നാണ് എം.ജി.എസ് നാരായണൻ അഭിപ്രായപ്പെടുന്നത്. സുൽത്താൻ ഹൈദരാലിയുടെ പടയോട്ടം ഭയന്ന് സ്വന്തം വീട്ടുകാരെല്ലാം ഓടിയപ്പോൾ സുൽത്താനുമായി ഒരഭിമുഖം തരപ്പെടുത്താൻ അങ്ങോട്ട് ചെന്ന് കാണുകയായിരുന്നു വെള്ള നമ്പൂതിരി. 1981-ൽ ഇത് എഴുതിവെച്ചതായും എം.ജി.എസ് പറയുന്നു. എങ്കിലും മലയാള പത്രപ്രവർത്തന ചരിത്രത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ ഇന്റർവ്യു സി.വി കുഞ്ഞുരാമനും ശ്രീനാരായണ ഗുരുവും തമ്മിൽ ഉള്ളതുതന്നെ. എന്നാൽ എവിടെയും പ്രസിദ്ധീകരിച്ചിട്ടില്ലാത്ത മറ്റൊരഭിമുഖം അതിനും 5 വർഷം മുമ്പേ (1920) നടന്നിരുന്നു. അതും ശ്രീനാരായണ ഗുരുവുമായിട്ടുതന്നെയാണ്. ഭാസ്‌ക്കരാനന്ദജി എന്ന മറവൂർ ഭാസ്‌ക്കരൻനായർ ആയിരുന്നു അഭിമുഖം നടത്തിയത്.

ശ്രീനാരായണ ഗുരുവുമായി ഭാസ്‌ക്കരാനന്ദജി എന്ന മറവൂർ ഭാസ്‌ക്കരൻ നായരുടെ ജീവിതത്തെ മാറ്റി മറിച്ച ഈ കൂടിക്കാഴ്ച 1920 ഓഗസ്റ്റ് 22 നാണ് നടന്നത്. ആനുകാലികങ്ങളിലോ പുസ്തകങ്ങളിലോ അച്ചടിച്ചിട്ടില്ലാത്ത ഈ അപ്രകാശിത രേഖ ഗുരുവിന്റെ തേജസ്സാർന്ന വ്യക്തിത്വത്തെ ഹൃദയഹാരിയായി വരച്ചിടുന്നു. അഭിമുഖം ഇങ്ങനെ തുടങ്ങുന്നു.

1096 ചിങ്ങമാസം 7-ാം തീയതി കാലത്ത് 7 മണിക്ക് ഞാൻ വർക്കല റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി. ആ സ്ഥലം എനിക്ക് പരിചയമുള്ളതായിരുന്നില്ല. അവിടെ നിന്ന ആരോടോ ശവഗിരിയിലേക്കുള്ള വഴി ചോദിച്ചു.

‘സ്വാമിയെ കാണാൻ പോകുകയാണോ? എന്നാൽ അതാ പോകുന്നു സ്വാമി’ ഒരാൾ എന്നോട് പറഞ്ഞു. എനിക്കൊരത്ഭുതം പോലെ തോന്നി. ഞാൻ അങ്ങോട്ട് ഉത്കണ്ഠയോടെ നോക്കി. വളരെ അകലത്തല്ല. തലയിൽ കൂടി ഒരു മുണ്ട് പുതച്ചുകൊണ്ട് ഒരു വടിയും ഊന്നി ഒരാൾ മുമ്പേ നടന്നുപോകുന്നു. പുറകേ രണ്ട് മൂന്ന് പേരുണ്ട്. ഒരാൾ ഒരു കണ്ഡലു കൈയ്യിലെടുത്തിട്ടുണ്ട്. ഏതാനും നിമിഷം ഞാൻ ഇമവെട്ടാതെ അങ്ങോട്ട് നോക്കി ഒരു കുട്ടിയെപ്പോലെ നിന്നു. പിന്നീട് ആ വഴിയിലേക്ക് ഓടി. ഒരു ചെറിയ കിതപ്പോടെ അവരുടെ കൂട്ടത്തിൽ എത്തി. കുറച്ച് ചുവടുകൾ നടന്നു. പെട്ടെന്ന് സ്വാമി തിരിഞ്ഞുനോക്കി. ഞാൻ താണ് തൊഴുതു. വളരെ ആർദ്രമായി കാണാനില്ലാത്ത ഒരു മന്ദഹാസത്തോടു കൂടി ‘എന്താ’ എന്ന് എന്നോട് ചോദിച്ചു. ഒന്നും മിണ്ടാനാവാതെ ഞാൻ ഒന്ന് രണ്ട് ചുവടുകൾ കൂടി നടന്നു. ശ്വാസവേഗം കൊണ്ട് ഉച്ചത്തിൽ നെഞ്ചിടിക്കുന്നുണ്ടായിരുന്നു. സന്തോഷമോ ഭയമോ എന്തൊക്കെയോ എന്നെ ബാധിച്ചിരുന്നു. സ്വാമി ഒന്നും കൂടി തിരിഞ്ഞുനോക്കി. ഞാൻ ഇടർച്ചയോടുകൂടി പറഞ്ഞു. ‘സ്വാമിയെ കാണാനാണ് വന്നത്’

‘അതാണ് വഴി’ എന്ന് പറഞ്ഞിട്ട് സ്വാമികൾ സാവധാനം മുന്നോട്ടുനടന്നു സ്വാമി പറഞ്ഞതിന്റെ അർത്ഥം എനിക്ക് മനസിലായില്ല. ഞാൻ കൂടെയുള്ളവരെ മിഴിച്ച് നോക്കി. അവരിൽ ഒരാൾ എന്റെ ചെവിയിൽ ഇങ്ങനെ പറഞ്ഞു.

‘ഞങ്ങൾ ഈ കുറുക്കുവഴി ശിവഗിരിയിലേക്ക് പോവുകയാണ് നിങ്ങൾ ആ വഴിയേ ശിവഗിരിക്ക് വരണം’

അത് സമ്മതിച്ച് ഞാൻ ആ വഴിയേ തിരിഞ്ഞു. മൂന്ന് നാല് പേർ അവിടെ കൂടി. അവരും സ്വാമിയെ നോക്കിക്കൊണ്ട് നിൽക്കുകയായിരുന്നു. അതിൽ ഒരാൾ ഇങ്ങനെ പറയുന്നത് കേട്ടു.

‘സ്വാമി ആലുവയിൽ പോയിരിക്കുകയായിരുന്നു. പോയിട്ട് അഞ്ചാറ് ദിവസമേ ആയിട്ടുള്ളു. അങ്ങോട്ട് പോയാൽ ഇത്രവേഗം ഇങ്ങോട്ടുവരിക പതിവില്ല. ഇപ്പോൾ എന്താണാവോ ഇത്രവേഗം തിരിച്ചുപോന്നത്.

എനിക്കൊരു ചിന്താവിഷയമായി. എന്റെ ഇഷ്ടമനുസരിച്ച് അതിനൊരു ഭാഷ്യമുണ്ടാക്കി. സ്വാമി ഇത്രവേഗം തിരിച്ചുവന്നത് എനിക്കുവേണ്ടിയാണ്. ഞാൻ സ്വാമിയെ കാണാൻ ഇന്നിവിടെ വരുമെന്ന് സ്വാമിക്കറിയാം. ആർക്കുമില്ലാത്ത അത്യാഗ്രഹത്തോടുകൂടി താൻ ഇവിടെ വന്നിട്ട് നിരാശനായി മടങ്ങാൻ സ്വാമി സംഗതി വരുത്തുമോ? എത്ര ദീർഘമായ വ്രതമാണ് എന്റെയീ തീർത്ഥയാത്രയ്ക്ക്? സ്വാമി എന്നെ നല്ലവണ്ണം അറിഞ്ഞുകൊണ്ടിരിക്കുകയാണ്. അല്ലെങ്കിൽ ഇന്ന് ഇങ്ങോട്ട് തിരിക്കുകയില്ല നിശ്ചയം. ഞങ്ങൾ ഒരുമിച്ച് തന്നെ ടിക്കറ്റെടുത്തു. മഹാ സിദ്ധൻ! കാരുണ്യവാൻ. അനേകം ആഖ്യാനോപഖ്യാനങ്ങളോടുകൂടിയ ഈ ചിന്താ മണ്ഡലങ്ങളിൽ കൂടി ഞാൻ ശിവഗിരിയിൽ ചെന്നുചേർന്നു.

ഞാൻ അല്പം വിശ്രമിച്ചു സ്വാമി ഒരിടത്ത് ഇരിക്കുന്നതറിഞ്ഞ് അങ്ങോട്ട് ചെന്നു. ഗുരുക്കൻമാരെ ദർശിക്കുന്നത് വെറും കയ്യോടെ ആയിരിക്കരുതെന്ന് ഞാൻ അറിഞ്ഞിരുന്നു. അതിനാൽ കൽക്കണ്ടവും മുന്തിരിങ്ങയും വാങ്ങിക്കൊണ്ട് പോയിരുന്നു. ശാരദാ മഠത്തിന് മുകളിൽ കിഴക്കുവശത്ത് ഒരു ചെറിയ അരയാലിന്റെ തണലിൽ ഒരു ചാരു കസാലയിൽ സ്വാമി ഇരിക്കുന്നത് കണ്ടു. മുമ്പിൽ രണ്ട് വരിയായി കുറേപേർ ഭക്തിപൂർവ്വം തൊഴുത് ഒതുങ്ങി നിൽക്കുന്നുണ്ടായിരുന്നു. സ്വാമി അവരോടായി ഓരോന്നും സംസാരിച്ചുകൊണ്ടും ഇരിക്കുന്നു. ഞാൻ സാവധാനത്തിൽ അടുത്ത് ചെന്ന് ഇലയിൽ കയ്യിൽ വച്ചിരുന്ന കാഴ്ചദ്രവ്യം കാൽക്കൽ വച്ചിട്ട് സാഷ്ടാംഗം നമസ്‌ക്കരിച്ചു. ആ കിടപ്പിൽ അൽപ്പ നിമിഷം കിടന്നുപോയി. പിന്നെ എണീറ്റ് തൊഴുതുകൊണ്ട് ഒരു വശത്തേക്ക് മാറി നിന്നു. സന്തോഷാശ്രുക്കൾ ഒലിക്കുന്നതിനിടയിൽ കൂടി ഞാൻ അദ്ദേഹത്തെ സൂക്ഷിച്ച് നോക്കി. സ്വാമിയും പുഞ്ചിരിയോടുകൂടി എന്നെ കടാക്ഷിച്ചു. ആ നോട്ടത്തിൽ ഏറിയ കാലത്തെ ഒരു പരിചയം മധുരമായി സ്ഫുരിക്കുന്നതായി എനിക്ക് തോന്നി. ആ രംഗം നിശബ്ദമായിരുന്നു.
സ്വാമി എന്നോട് ഇങ്ങനെ കുശലം ചോദിച്ചു.

സ്വാമി : ‘എവിടെയാ സ്ഥലം?’
ഞാൻ : കുന്നത്തൂരാണ്.
സ്വാമി : കുന്നത്തൂരോ? അതെവിടെയാ?
ഞാൻ : കൊട്ടാരക്കര നിന്നും ചവറയിലേക്ക് ഒരു റോഡുണ്ട്. അത് കല്ലടയാറ് കടന്നുപോകുന്നു. ആ ആറിന് സമീപമാണ്.
സ്വാമി : ഇങ്ങോട്ട് ഏത് വഴിയാണ് വന്നത്?
ഞാൻ : അവിടെ നിന്ന് ഏഴുമൈൽ തെക്കോട്ടുനടന്നാൽ കുണ്ടറ എത്താം. അവിടെ നിന്നും റയിലിൽ ഇന്നലെ കൊല്ലത്തുവന്നു. ഇന്ന് അവിടെ നിന്നും റെയിലിൽ ഇങ്ങോട്ട് പോന്നു.
സ്വാമി : റെയിലാപ്പീസിൽ വെച്ച് കണ്ടു അല്ലേ?
ഞാൻ : കണ്ടു.
സ്വാമി : നാമും ഇന്നുതന്നെ ഇവിടെ വന്നുചേർന്നു. ഇവിടെ ഇതിന് മുമ്പ് വന്നിട്ടില്ലല്ലോ?
ഞാൻ : ഇല്ല
സ്വാമി : നല്ല സ്ഥലമാണ്. നല്ല വെള്ളവും കാറ്റുമാണ്.
ഞാൻ : നല്ല സ്ഥലമാണ്.
സ്വാമി : എല്ലാടവും നോക്കിക്കണ്ടോ?
ഞാൻ : ഇല്ല, കണ്ടുകൊള്ളാം.
സ്വാമി : ഇത് കാടുനിറഞ്ഞ കുന്നായിരുന്നു. വളരെ വേലചെയ്താണ് ഇങ്ങനെയാക്കിയത്. താമസിക്കാൻ സുഖമാണ്. താമസിക്കാം.
ഞാൻ : താമസിച്ചുകൊള്ളാം.
സ്വാമി : വിവാഹം കഴിച്ചിട്ടുണ്ടോ?
ഞാൻ : ഇല്ല,
സ്വാമി : കഴിക്കണം
സ്വാമി : പേരെന്താണ്?
ഞാൻ : ഭാസ്‌ക്കരൻ നായർ
സ്വാമി : മറ്റൊരു പേര് കൂടിയുണ്ടല്ലോ?
ഞാൻ : കുഞ്ഞൻ പിള്ള എന്ന് പേരുണ്ട് (എനിക്ക് അത്ഭുതം തേന്നി)
സ്വാമി : ആ പേരിൽ ജാതിയില്ല. കുഞ്ഞുപിള്ള എന്ന് ഈഴവർക്കും മറ്റും പേരില്ലേ?
ഉണ്ട്, ഉണ്ട്, എന്ന് ചിലർ പറഞ്ഞു.
സ്വാമി : ഇവിടെ ജാതിയൊന്നുമില്ല, വ്യത്യാസമില്ല എല്ലാവരും ഒരുമിച്ച് താമസിക്കുന്ന. (എന്നോടായി) ജാതിയുണ്ടോ?
ഞാൻ : ഇല്ല

ജാതിയുണ്ടെങ്കിൽ നായരാകണം എന്ന് തൃപ്പാദങ്ങൾ പറഞ്ഞിട്ടുണ്ട്. ഒരു കൈകൊണ്ട് ഈഴവന്റെ കയ്യിൽ നിന്ന് കള്ളും മറ്റേ കൈകൊണ്ട് പോറ്റിയുടെ കയ്യിൽ നിന്ന് പായസവും ഒരേ സമയത്ത് വാങ്ങിക്കഴിക്കാവുന്ന സ്വാതന്ത്ര്യം നായർക്കേ ഉള്ളൂ എന്ന്.

അഭിമുഖം ഇവിടെ അവസാനിക്കുന്നില്ല. അത് ഇങ്ങനെ തുടരുകയാണ്. അവിടെ നിന്ന് ഭാസ്‌ക്കരൻ നായർ ട്രെയിൻ മാർഗ്ഗം തിരുവനന്തപുരത്തേക്ക് പോന്നതായിപ്പറഞ്ഞുകൊണ്ടാണ് അഭിമുഖം അവസാനിപ്പിക്കുന്നത്. മലയാള പത്രപ്രവർത്തന ചരിത്രത്തിലെ അപൂർവ്വമായ ഈ രേഖ ശൂരനാട് രവിയുടെ ഗ്രന്ഥശേഖരത്തിൽ നിന്നാണ് കണ്ടെടുത്തത്. നിരന്തരമായ യാത്രക്കിടിൽ ശ്രീനാരായണ ഗുരു ഒരുപട് പേരെ കണ്ടു. ചിലരിൽ ഒരു കണ്ണുവെച്ചു. അങ്ങനെ ഗുരു മാർഗ്ഗത്തിൽ സഞ്ചരിച്ച സന്യാസിയായിത്തീർന്നു പിന്നീട് ഭാസ്‌ക്കരാനന്ദജി ആയിമാറിയ മറവൂർ ഭാസ്‌ക്കരൻ നായർ. 1940-കളിൽ ഭാസ്‌ക്കരാനന്ദജി രചിച്ച ‘ഗുരുപാദങ്ങളിൽ’ എന്ന പ്രകാശിത കൃതിയിലാണ് ഈ അഭിമുഖം ഉള്ളത്.

Comments

comments