Breaking News

കേരളം ദന്ത രോഗികളെ കൊണ്ട് നിറയും ; ഞെട്ടിക്കുന്ന കണക്കുകൾ

കേരളത്തിൽ ഏകദേശം 60 മുതല്‍ 80 ശതമാനത്തോളം പേര്‍ക്ക് വിവിധതരം ദന്തരോഗങ്ങള്‍

dental care

ഡോ.റെജീന റഹിം ബി ഡി എസ് 

മിക്കവാറും ദന്തരോഗങ്ങളുടെയും കാരണം ദന്തശുചിത്വമില്ലായ്മയും ദന്താരോഗ്യ പരിപാലനത്തെക്കുറിച്ചുള്ള അജ്ഞതയുമാണ്. വികസിത രാജ്യങ്ങളില്‍ ദന്തരോഗങ്ങളില്‍ കുറവുവന്നതായി കാണാം. എന്നാല്‍ മൂന്നാം ലോകരാജ്യങ്ങളില്‍ ദന്തരോഗങ്ങള്‍ ക്രമാതീതമായി വര്‍ധിക്കുന്നതു കാണാം.

നമ്മുടെ നാട്ടില്‍ ദന്താരോഗ്യത്തെപ്പറ്റി ആധികാരികമായ പഠനങ്ങള്‍ ഒന്നുമില്ലെങ്കിലും, ചില നഗരങ്ങളില്‍ നടന്ന പഠനങ്ങളില്‍ നിന്നു മനസ്സിലാവുന്നത് കേരളത്തിലെ ഏകദേശം 60 മുതല്‍ 80 ശതമാനത്തോളം പേര്‍ക്ക് വിവിധതരം ദന്തരോഗങ്ങള്‍ ഉണ്ടെന്നാണ്. പുഴുപ്പല്ല്, മോണരോഗങ്ങള്‍ എന്നിവ വളരെ അധികം കാണപ്പെടുന്നു. അല്‍പ്പമൊന്നു ശ്രദ്ധിച്ചാല്‍ മിക്ക ദന്തരോഗങ്ങളും ഒരുപരിധിവരെ നിയന്ത്രിക്കാന്‍കഴിയും.

ദന്തരോഗങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് പുഴുപ്പല്ല്. ഒട്ടിപ്പിടിക്കുന്ന ഭക്ഷണപദാര്‍ഥങ്ങള്‍ സ്ഥിരമായി കഴിക്കുക, കോള പാനീയങ്ങളുടെയും മാധുരപലഹാരങ്ങളുടെയും അമിത ഉപയോഗം, ദന്തശുചിത്വത്തിന്റെ കുറവ് എന്നിവ പുഴുപ്പല്ലിന് കാരണമാവുന്നു.

കുട്ടികള്‍ക്ക് രാത്രിയില്‍ പാല്‍ കൊടുത്തുകൊണ്ട് ഉറക്കുന്നതു കാരണം നാവിന്റെ മേല്‍ഭാഗത്ത് പാല്‍ കെട്ടിക്കിടക്കുകയും അതില്‍ ബാക്ടീരിയക്ക് വേഗത്തില്‍ വളരാന്‍ സാധിക്കുകയും ചെയ്യുന്നു. ഇതുകാരണം ചെറിയ കുട്ടികളുടെ മുന്‍ഭാഗത്തുള്ള പല്ലുകള്‍ക്ക് പെട്ടെന്നതന്നെ കേട് സംഭവിക്കുന്നു. ആദ്യത്തെ പല്ല് മുളയ്ക്കുമ്പോള്‍തന്നെ ഒരു ഈറന്‍ തുണികൊണ്ട് പല്ലുകള്‍ തുടയ്ക്കുകയും, ഒരുവയസ്സുമുതല്‍ ബ്രഷ് ഉപയോഗിച്ച് പല്ലുകള്‍ വൃത്തിയാക്കേണ്ടതുമാണ്. ഏഴുവയസ്സുവരെയെങ്കിലും കുട്ടികളുടെ ബ്രഷ് ചെയ്യല്‍ മാതാപിതാക്കളുടെ നിരീക്ഷണത്തിലാകണം.

ചിപ്സ്, കോള, ചോക്ളേറ്റ് എന്നിവ കുട്ടികള്‍ക്ക് അമിതമായി നല്‍കരുത്. രാത്രി പാല്‍ കുടിക്കുന്ന കുട്ടികള്‍ക്ക് പാല്‍ കൊടുത്തശേഷം മുതുകില്‍ തട്ടുകയും കഴിയുമെങ്കില്‍ കുറച്ചു വെള്ളം കുടിക്കാന്‍കൊടുക്കുകയും ചെയ്യുന്നത് ഗുണകരമാണ്. ഒരുവയസ്സിനുശേഷം കുട്ടികളെ കപ്പില്‍നിന്നു വെള്ളം കുടിക്കാന്‍ പരിശീലിപ്പിക്കണം.

dental-workers

ബ്രഷ് ചെയ്യുമ്പോള്‍ പല്ലിന്റെ എല്ലാ ഉപരിതലങ്ങളിലും എത്തിക്കാന്‍ ശ്രദ്ധിക്കണം. പല്ലിനിടയില്‍ ഭക്ഷണപദാര്‍ഥം കുടുങ്ങുകയാണെങ്കില്‍ ഡെന്റല്‍ ഫ്ളോസ് ഉപയോഗിച്ച് വായ നല്ലവണ്ണം വെള്ളംകൊണ്ട് കുപ്ളിക്കേണ്ടതാണ്.

പുതിയ പഠനങ്ങളില്‍ കാണുന്നത് ഗര്‍ഭിണികളില്‍ നല്ല ദന്തശുചിത്വം ഇല്ലെങ്കില്‍ കുട്ടിയുടെ വളര്‍ച്ചയില്‍ തൂക്കക്കുറവും, പ്രസവസമയം എത്തുന്നതിനു മുമ്പുതന്നെ പ്രസവിക്കാനും ഇടയാകുന്നു. ഗര്‍ഭകാലത്ത് ഹോര്‍മോണുകളുടെ വ്യതിയാനംകൊണ്ട് നിലവിലുള്ള മോണരോഗങ്ങള്‍ മൂര്‍ച്ചിക്കാന്‍ ഇടയാകുന്നു. കൂടാതെ മോണകളില്‍ രക്തസ്രാവവും അമിതവളര്‍ച്ചയും കാണപ്പെടുന്നു. ഈ സമയത്ത് ദന്തപരിപാലനത്തില്‍ കുറവുവന്നാല്‍ നിലവിലുള്ള രോഗം മൂര്‍ച്ഛിക്കുകയും പെരിയോഡോണ്ടൈറ്റിസ് എന്ന രോഗത്തിനും ഇടയാക്കുന്നു. ഗര്‍ഭിണികളില്‍ രാവിലെ ഉണ്ടാകുന്ന ഛര്‍ദി പല്ലുകളുടെ ഉപരിതലത്തെ സാരമായി ബാധിക്കുന്നു. ദിവസവും രണ്ടുനേരം ഫ്ളൂറൈഡ് ടൂത്ത്പേസ്റ്റ് ഉപയോഗിച്ച് വൃത്തിയാക്കേണ്ടതാണ്. രാവിലെ ഛര്‍ദിയുള്ള ഗര്‍ഭിണികള്‍ ഫ്ളൂറൈഡ് മൌത്ത്വാഷ് ഉപയോഗിക്കുന്നത് പല്ലുകളിലെ ഇനാമലുകളെ ശക്തമാക്കാന്‍ സാധിക്കും. ഗര്‍ഭകാലത്ത് നല്ല പോഷകാഹാരങ്ങള്‍ കഴിക്കുന്നത് ഗര്‍ഭിണികള്‍ എന്നപോലെ ഗര്‍ഭസ്ഥ ശിശുവിനും പ്രധാനമാണ്.

മുതിര്‍ന്നവരില്‍ പുഴുപ്പല്ലുകള്‍ കാണാമെങ്കിലും, മോണരോഗം വളരെ സാധാരണമാണ്. അതുപോലെ പല ശാരീരികരോഗങ്ങളുടെ ലക്ഷണങ്ങള്‍ വായില്‍ കണ്ടുവരാറുണ്ട്.
ഇന്ന് സാധാണയായി കണ്ടുവരുന്ന രോഗമാണ് ഡയബറ്റിസ്. ഡയബറ്റിക് രോഗികളില്‍ സാധാരണയായി കണ്ണുകളെയും വൃക്കകളെയും നാഡിവ്യൂഹങ്ങളെയും ബാധിക്കുന്നപോലെ മോണയെയും പല്ലിനുചുറ്റുമുള്ള എല്ലുകളെയും അപകടപ്പെടുത്തുന്നതായി ആധുനിക വൈദ്യശാസ്ത്രം കണ്ടെത്തിയിരിക്കുന്നു. വിവിധ രാജ്യങ്ങളില്‍ നടന്ന പഠനങ്ങളില്‍ കൊളസ്ട്രോളും ഡയബറ്റിസും പോലെത്തന്നെ അനിയന്ത്രിതമായ മോണരോഗങ്ങളും ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും ഇടയാകുന്നു.

ദന്തരോഗങ്ങളെപോലെത്തന്നെ ഇന്ന് വായിലെ ക്യാന്‍സറും ക്രമാതീതമായി വര്‍ധിക്കുന്നു. ഇന്ത്യയില്‍ കാണുന്ന വിവിധ അര്‍ബുദങ്ങളില്‍ 40 ശതമാനം വായ്ക്കുള്ളിലാണ്. ഇന്ന് പുകയിലയുടെയും പാന്‍മസാലയുടെയും ഉപഭോക്താക്കളില്‍ കൂടുതലും യുവാക്കളാണെന്ന സത്യം മറച്ചുവയ്ക്കാന്‍ സാധിക്കില്ല. അതുപോലെ പുകവലിശീലമുള്ള മദ്യപാനികളില്‍ അര്‍ബുദങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത 75 ശതമാനം കൂടുതലാണ്. വായിലെ അര്‍ബുദം മൂലമുള്ള വേദന, അംഗവൈകല്യം, അകാലമരണം എന്നിവ ശ്രദ്ധിച്ചാല്‍ ഒഴിവാക്കാവുന്നതാണ്. ഉണങ്ങാത്ത അള്‍സര്‍, വായ തുറക്കാനുള്ള ബുദ്ധിമുട്ട്, വായില്‍ വെള്ളയോ ചുവന്നതോ ആയ പാടുകള്‍ തുടങ്ങിയ അര്‍ബുദപൂര്‍വ ലക്ഷണങ്ങള്‍ പ്രകടമായാല്‍ ഉടന്‍തന്നെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്.

നമ്മുടെ ദന്താരോഗ്യത്തിന്റെ താക്കോല്‍ നമ്മുടെ കൈയില്‍ത്തന്നെയാണ്. ചിട്ടയായ ഭക്ഷണരീതികള്‍, ക്രമമായ ദന്തപരിപാലനം, പുകയില ഉപയോഗം, മദ്യപാനംപോലുള്ള സ്വഭാവശീലങ്ങള്‍ മാറ്റിവയ്ക്കുകയും ചെയ്താല്‍ ഒരുപരിധിവരെ മിക്ക രോഗങ്ങളും ഇല്ലാതാക്കാനും ചെലവേറിയ ദന്തചികിത്സ ഒഴിവാക്കാനും സാധിക്കുന്നതാണ്. വായിലും പല്ലുകളിലും ഏതെങ്കിലും തരത്തിലുള്ള വ്യത്യാസങ്ങള്‍ അഥവാ രോഗങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ യഥാസമയം ഡോക്ടറെ സമീപിക്കേണ്ടതാണ്.

Comments

comments