Breaking News

പണം വാങ്ങി കുടത്തിലിട്ടെച്ച് കന്നംതിരിവ് കാണിച്ചേക്കരുത്‌

bastard news

വർത്തമാന ദിനപത്രത്തിന് വിലകൂടിയതിന്റെ പേരിൽ ഇന്ന് വരെ ഒരു ഹർത്താലോ ബന്തോ സമരമോ ഇന്നാട്ടിൽ നടന്നിട്ടില്ല. ‘ന്യൂസ് പ്രിന്റിന് വില കൂടി ! ഇന്ന് മുതൽ 1 രൂ. 50 പൈ. കൂട്ടിയിരിക്കുന്നു. ‘ പത്രത്തിന്റെ മൂലയ്ക്കൊരു കുഞ്ഞു കോളത്തിൽ എഴുതിയിട്ടപ്പോഴോന്നും ഞങ്ങൾ വായനക്കാർ തൊട്ടുരിയാടാതെ അതങ്ങ് തരുന്നുണ്ടേ .. ? അപ്പൊ അതും വാങ്ങി കുടത്തിലിട്ടെച്ച് കന്നംതിരിവ് കാണിച്ചേക്കരുത്‌. അച്ചായനോടും , വീരനോടും , പേട്ടയിലെ മധു-മണി-രവി കുടുംബത്തോടും കൂടിയാ പറയുന്നത്.

 

manorama 1

രാവിലെ പത്രം വന്നപ്പോ – അതെ അച്ചായന്റെ മുത്തശ്ശി പത്രം തന്നെ; മനോരമ ! – കണ്ട രണ്ടു വാർത്ത- 1. എട്ടു ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. 2. കൃത്രിമ തേൻ: ഭക്ഷ്യോല്പ്പന്ന സ്ഥാപനം അടപ്പിച്ചു . (11 ജൂൺ 2016 / കൊച്ചി / കോട്ടയം വാർത്തകൾ)

രണ്ടും നല്ല ഗംഭീര വാർത്തകൾ. ഒരെണ്ണം നാല് കോളം. മറ്റേതു രണ്ടു കോളം. വായനക്കാരൻ ആകാംഷാഭരിതൻ. ഇന്നലെ കൂടി നഗരത്തിലെ ഹോട്ടലിൽ നിന്നാ കഴിച്ചത്. രണ്ടു പൊതിയും വാങ്ങി. വീട്ടിലിരുന്നു കുടുംബത്തോടെ തട്ടി. രാവിലെ ആധി ഇല്ലാതിരിക്കുമോ ? എന്നാലും അതേതാ ആ എട്ടെണ്ണം ? എനിക്ക് പൊതിഞ്ഞു തന്നു വിട്ടതും ഇവന്മാരിലാരേലും ആണോ ? അല്ലേലും ഇനി അറിഞ്ഞു വയ്ക്കാമല്ലോ… വായിച്ചു. അക്ഷരം നുള്ളിപ്പെറുക്കി വായിച്ചു. വരികൾക്കിടയിലെ വായനയെ കുറിച്ചു ശാസ്ത്രീയമായി അറിയില്ലെങ്കിലും അങ്ങനെയും വായിച്ചു. എവിടെ ? അത് മാത്രമില്ല. ഏതൊക്കെയാ ഈ ഹോട്ടലുകൾ ? അത് മാത്രം ഇല്ല. ഇതാർക്ക് വേണ്ടിയാ നിങ്ങളീ വാർത്ത ഉണ്ടാക്കുന്നതെന്ന് മനസിലാകുന്നില്ല. ഇത് വായിച്ചാൽ ആർക്കേലും ഒരു ഗുണം വേണ്ടേ ?

honey

കൃത്രിമ തേൻ: ഭക്ഷ്യോല്പ്പന്ന സ്ഥാപനം അടപ്പിച്ചു … തലക്കെട്ട് വെടിക്കെട്ട്‌ ! സ്വന്തം അപ്പന് രക്തം വേണമെങ്കിലും കോളത്തിന്റെയും അക്ഷരത്തിന്റെയും സെന്റീ മീറ്റർ കണക്കും അച്ചടി മഷീടെ ലിറ്റർ കണക്കും പറഞ്ഞ് ഒഴിയുന്ന അച്ചായന്റെ മനോരമ അച്ചു നിരത്തിയത് നാല് കോളം. കാര്യം കാണും. വായിച്ചു. അക്ഷരം നുള്ളിപ്പെറുക്കി വായിച്ചു.  എവിടെ ? അത് മാത്രമില്ല.   അതിലുമില്ല. ഏതു സ്ഥാപനം എന്നോ , ഏതൊക്കെ ബ്രാൻഡുകൾ എന്നോ ഒരു വിവരവും അതിലില്ല. ദേണ്ടെ … അപ്പനില്ലാത്ത ഒരു വാർത്ത കൂടി.

ഈ രണ്ടു വാർത്തയിലും സംഗതി പിടിക്കാൻ പോയ സാറന്മാർ, മാഡങ്ങൾ , പോയ വണ്ടീടെ ബ്രാൻഡ്‌, അതോടിച്ചിരുന്ന അന്തപ്പന്റെ ലൈസന്സ് നമ്പർ , പ്യൂൺ , ശബ്ദവും വെളിച്ചവും നല്കിയ സൌണ്ട്സ് , വലിച്ച സിഗരറ്റിന്റെ എണ്ണം എന്നിവ കൃത്യം നിരത്തി സുഖിപ്പിച്ചതിന്റെ നാല് കോളമാണ് അച്ചായാൻ അറിഞ്ഞോ അറിയാതെയോ നീണ്ടു നീണ്ടു കിടക്കുന്നത്.

‘പ്രമുഖ ആശുപത്രി’, ‘ഒരു സ്വകാര്യ സ്ഥാപനം’, ‘ പ്രമുഖ നേതാവ് ‘ , ‘ സ്വകാര്യ ഭൂമി ‘, ‘ സ്വകാര്യ ഫ്ലാറ്റ് ‘ , ‘ സ്വകാര്യ ചാനൽ ‘ … കണ്ടു മടുത്തു. ‘1000 രൂപയുടെ പിറന്നാൾ കേക്കിൽ ചത്ത എലി – സ്വകാര്യ ബേക്കറിയിൽ പരിശോധന.’  “എവിടാടാ സർക്കാരിന്റെ ബേക്കറി ? “ എന്ന് വായനക്കാരനെ കൊണ്ട് ചോദിപ്പിക്കുകയും മാതാപിതാ സ്മരണകൾ ഇരന്നു വാങ്ങുകയും ചെയ്യുന്നതെന്തിന് ?

ഇനി പറയണം … ചോദിക്കുന്ന പണം എണ്ണിത്തന്ന് ഞങ്ങൾ വാങ്ങിക്കുന്ന പത്രത്തിലെ വാർത്തകൾ ഞങ്ങൾക്ക് വേണ്ടി തരുമോ ? പച്ചയ്ക്ക് ചോദിച്ചാൽ, നല്ല തന്തയ്ക്കു പിറന്ന വാർത്തകൾ തരുമോ ? ഇല്ലങ്കിൽ അടുത്ത ദിവസത്തെ പത്രത്തിൽ മൂലയ്ക്ക് ‘വയറ്റിപ്പിഴപ്പാണേ … ധർമ്മം തരണേ’ എന്ന് അച്ച് നിരത്തി ഇരക്കണം. എന്നാ ഞങ്ങള് പരാതി പറയില്ല.

Comments

comments

Comments are closed.