Breaking News

ജിഷയെ കൊന്ന ശേഷം അമീറുള്‍ സുഹൃത്ത് അനാറുള്‍ ഇസ്ളാമിനൊപ്പം. അസമിലേക്ക് കടന്നത് സഹോദരന്‍ ബദറുള്‍ ഇസ്ളാമിന്റെ സഹായത്തോടെ

Jisha-muder-amee.jpg.image.784.410

പെരുമ്പാവൂരിലെ ദളിത് നിയമവിദ്യാര്‍ത്ഥിനി ജിഷയെ കൊന്നശേഷം അമീറുള്‍ ഇസ്ളാം ട്രെയിനില്‍ അസമിലേക്ക് മടങ്ങിയത് പൊലീസ് തെരയുന്ന സുഹൃത്ത് അനാറുള്‍ ഇസ്ളാമിനൊപ്പം. ജിഷയെകൊന്ന വിവരം ട്രെയിനില്‍വച്ചുതന്നെ അനാറുളിനോട് വെളിപ്പെടുത്തിയതായും അമീറുള്‍ മൊഴി നല്‍കി.

അതിനിടെ അനാറുളിനെ തേടി എസ്പി പി കെ മധുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അസമിലെത്തി. ഷാഡോ എസ്ഐ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ആദ്യം മുതലെ അവിടെയുണ്ട്. സംഭവ ദിവസം ഉച്ചയ്ക്ക് ശേഷം അനാറുള്‍ ഇസ്ളാം, മറ്റൊരു സുഹൃത്ത് ഹര്‍ദത്ത് ബഹ്റ എന്നിവര്‍ക്കൊപ്പം താന്‍ മദ്യപിച്ചതായി അമീറുള്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. ജിഷയുടെ കൊലപാതകം നടന്ന അതേദിവസം തന്നെയാണ് അനാറുള്‍ അസമിലേക്ക് പോയത്. ഇതിനായി നേരത്തെ തന്നെ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് അനാറുളിനെ തേടി പൊലീസ് അസമിലേക്ക് പോയത്. അസമില്‍വച്ച് പൊലീസ് സംഘം നേരത്തെ അനാറുള്‍ ഇസ്ളാമിനെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ സംഭവവുമായി നേരിട്ട് ബന്ധമില്ലെന്ന് ബോധ്യപെട്ടതിനെ തുടര്‍ന്ന് ഇയാളെ നീരീക്ഷണത്തില്‍ വയ്ക്കണമെന്ന് അസം പൊലീസിനോട് ആവശ്യപ്പെട്ട ശേഷം വിട്ടയക്കുകയായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ കിട്ടിയതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുക്കാന്‍ ചെന്നപ്പോഴാണ് അനാറുള്‍ മുങ്ങിയത് അറിഞ്ഞത്.

അതേസമയം ജിഷയെ കൊന്ന ശേഷം പെരുമ്പാവൂരില്‍ തന്നെയുള്ള സഹോദരന്‍ ബദറുള്‍ ഇസ്ളാമിന്റെ സഹായത്തോടെയാണ് അമീറുള്‍ അസമിലേക്ക് കടന്നതെന്ന് അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. കൊലപാതകത്തിനു ശേഷം രാത്രി ഏഴോടെ പത്തു കിലോമീറ്റര്‍ അകലെ വല്ലത്ത് താമസിക്കുന്ന ബദറുളിന്റെ വീട്ടിലെത്തി കുളിച്ച് വേഷം മാറിയ ശേഷമാണ് അമീറുള്‍ അസമിലേക്ക് പോയത്. അസമിലേക്ക് പോകാന്‍ 2500 രൂപ നല്‍കി. ഓട്ടോറിക്ഷ വിളിച്ച് ആലുവയിലെത്തിക്കാന്‍ ഏര്‍പ്പാടാക്കി. കഴിഞ്ഞ ദിവസം പൊലീസ് ചോദ്യം ചെയ്യലിലാണ് ബദറുള്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. എന്നാല്‍ കൊലപാതക വിവരം അറിയില്ലായിരുന്നുവെന്നും മറ്റൊരുസംഘവുമായി അടിപിടിയുണ്ടായെന്നാണ് അമീറുള്‍ പറഞ്ഞതെന്നുമാണ് ഇയാള്‍ മൊഴി നല്‍കിയത്. കൊലപാതകത്തെകുറിച്ച് അറിഞ്ഞശേഷമാണ് അമീറുളിനെ രക്ഷപെടാന്‍ സഹായിച്ചതെന്നു തെളിഞ്ഞാല്‍ ബദറുളിനെയും പ്രതിയാക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു.

അതിനിടെ രാജീവ്ഗാന്ധി ബയോടെക്നോളജി സെന്ററില്‍ നടത്തിയ പരിശോധനയിലും ജിഷയുടെ നഖത്തില്‍ നിന്നും ഭിത്തിയിലെ രക്തത്തില്‍ നിന്നും വേര്‍തിരിച്ച ഡിഎന്‍എ അമീറുളിന്റെ തന്നെയാണെന്ന് സ്ഥിരീകരിച്ചു. ഇത് പൊലീസ് സംഘത്തിന് ഉടന്‍ കൈമാറും. കൊല്ലാനുപയോഗിച്ച കത്തി സംബന്ധിച്ചും ചിത്രം വ്യക്തമാവുകയാണ്. ജിഷയുടെ വീടിന് പുറകില്‍ നിന്ന് ് നാല് ദിവസത്തിന് ശേഷം ലഭിച്ച കത്തിയില്‍ രക്തക്കറ കണ്ടെത്തിയതോടെയാണ് ഇക്കാര്യത്തില്‍ തുമ്പായത്. കത്തി സ്ഥിരീകരണത്തിനായി പരിശോധനയ്ക്കയച്ചു.

എന്നാൽ ഇന്നലെ ” എന്തിനാടാ എന്റെ മോളെ കൊന്നത്?എന്ന ജിഷയുടെ അമ്മ രാജേശ്വരിയുടെ ചോദ്യത്തിനുമുന്നില്‍ അമീറുള്‍ ഇസ്ളാം പതറി. ചോദ്യം ആവര്‍ത്തിച്ചതോടെ “അങ്ങനെ പറ്റി”യെന്നായിരുന്നു മറുപടി. ചൊവ്വാഴ്ച ഉച്ചയോടെ ആലുവ പൊലീസ് ക്ളബ്ബിലെത്തിയാണ് ജിഷയുടെ അമ്മ രാജേശ്വരിയും ചേച്ചി ദീപയും പ്രതി അമീറുളിനെ കണ്ടത്. കോടതിയില്‍ ഹാജരാക്കുംമുമ്പ് മകളുടെ കൊലയാളിയെ കാണണമെന്ന് അമ്മ രാജേശ്വരി പൊലീസിനോട് അഭ്യര്‍ഥിച്ചിരുന്നു. ഇതിനുസരിച്ചാണ് ഇവരെ ആലുവ പൊലീസ് ക്ളബ്ബില്‍ എത്തിച്ചത്. അമീറുളിനെ കണ്ടപ്പോള്‍ തല്ലാന്‍ മുന്നോട്ടാഞ്ഞ രാജേശ്വരിയെ പൊലീസുകാര്‍ പിടിച്ചുനിര്‍ത്തി. ഒരുപ്രാവശ്യമെങ്കിലും തല്ലണമെന്ന് കരഞ്ഞുപറഞ്ഞെങ്കിലും പൊലീസ് സമ്മതിച്ചില്ല. പൊലീസ് കാണിച്ചയാളുമായി മുന്‍പരിചയം ഉണ്ടായിരുന്നില്ലെന്നും നേരത്തെ കണ്ടിട്ടില്ലെന്നും രാജേശ്വരിയും ദീപയും മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

Comments

comments