Breaking News

അനധികൃത സ്വത്ത്‌: ഡിവൈഎസ്പി ഹരികൃഷ്ണനെതിരെ വിജിലൻസ്‌ കേസെടുത്തു

saritha14

സരിത എസ്‌ നായരെ അറസ്റ്റ്‌ ചെയ്തതുമായി ബന്ധപ്പെട്ട്‌ ആരോപണ വിധേയനായ ഡിവൈഎസ്പി ഹരികൃഷ്ണനെതിരെ അനധികൃത സ്വത്ത്‌ സമ്പാദനത്തിന്‌ വിജിലൻസ്‌ കേസെടുത്തു. ഹരികൃഷ്ണന്റെ ഹരിപ്പാട്ടും കായംകുളത്തുമുള്ള വീടുകളിലും പെരുമ്പാവൂരിലെ ഫ്ലാറ്റിലും റെയ്ഡ്‌ നടത്തിയ വിജിലൻസ്‌ സ്പെഷ്യൽ സെൽ സംഘം വസ്തു ഇടപാടുകളുമായും വരവു ചെലവുമായും ബന്ധപ്പെട്ട നിരവധി രേഖകൾ പിടിച്ചെടുത്തു.

ഡിവൈ എസ്‌ പി ഹരികൃഷ്ണൻ വരുമാനത്തിൽ കവിഞ്ഞ സ്വത്ത്‌ സമ്പാദിച്ചതായി പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതിനെ തുടർന്ന്‌ കോട്ടയം വിജിലൻസ്‌ കോടതിയിൽ ബുധനാഴ്ച എഫ്‌ ഐ ആർ രജിസ്റ്റർ ചെയ്ത ശേഷം സർച്ച്‌ വാറണ്ട്‌ വാങ്ങിയാണ്‌ വിജിലൻസ്‌ സംഘം റെയ്ഡ്‌ നടത്തിയത്‌. ഹരിപ്പാട്ട്‌ ഹരികൃഷ്ണന്‌ രണ്ടു വീടുകളുണ്ട്‌. ഇതിൽ ഒരു വീട്‌ വാടകയ്ക്ക്‌ കൊടുത്തിരിക്കുകയാണ്‌. കായംകുളം വള്ളിക്കുന്നത്ത്‌ നിർമ്മിച്ചിട്ടുള്ള ആഡംബര വസതിക്ക്‌ 75 ലക്ഷം രൂപയാണ്‌ വിജിലൻസ്‌ മതിപ്പുവില കണക്കാക്കിയിട്ടുള്ളത്‌. വള്ളിക്കുന്നത്തെ വീട്‌ ഭാര്യവീട്ടുകാർ പണിതു നൽകിയതെന്നാണ്‌ ഹരികൃഷ്ണൻ നൽകിയിട്ടുള്ള വിശദീകരണം. ഹരികൃഷ്ണന്റെ ഭാര്യാപിതാവ്‌ റിട്ട. ഡിവൈഎസ്പി ഗോപിനാഥനാണ്‌.

ഹരികൃഷ്ണൻ താമസിക്കുന്ന പെരുമ്പാവൂർ- ആലുവ റൂട്ടിലെ രാജമന്ദിർ ഫ്ലാറ്റ്‌ ബിനാമിയാണെന്ന്‌ വിജിലൻസിന്‌ സംശയമുണ്ട്‌. മറ്റൊരാളുടെ പേരിലുള്ള ഈ ഫ്ലാറ്റിലാണ്‌ നിരവധി വർഷങ്ങളായി ഈ ഉദ്യോഗസ്ഥൻ താമസിക്കുന്നത്‌. റെയ്ഡ്‌ നടക്കുമ്പോൾ ഹരികൃഷ്ണൻ പെരുമ്പാവൂരിലെ ഫ്ലാറ്റിൽ ഉണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ ബാങ്ക്്‌ അക്കൗണ്ടുകൾ പരിശോധിക്കുമെന്നും ബിനാമി ഇടപാടുകൾ വിശദമായി അന്വേഷിക്കുമെന്നും വിജിലൻസ്‌ ഉദ്യോഗസ്ഥർ പറഞ്ഞു.

കോൺഗ്രസിലെ ചില പ്രമുഖ നേതാക്കളുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായാണ്‌ ഡിവൈ എസ്‌ പി ഹരികൃഷ്ണൻ അറിയപ്പെടുന്നത്‌. സോളാർ കേസിൽ സരിതാ എസ്‌ നായരെ നടപടിക്രമങ്ങൾ പാലിക്കാതെ അറസ്റ്റ്‌ ചെയ്തതിന്റെ പേരിൽ ഇദ്ദേഹത്തിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിരുന്നു. കണ്ണൂർ തലശേരിയിൽ നിന്ന്‌ എസ്‌ ഐ ബിജു ലൂക്കോസിന്റെ നേതൃത്വത്തിൽ സരിത എസ്‌ നായരെ അറസ്റ്റ്‌ ചെയ്യാനായി പുറപ്പെട്ട പൊലീസ്‌ സംഘത്തെ മറികടന്ന്‌ ഡിവൈ എസ്‌ പി ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം തിരക്കിട്ട്‌ സരിതയെ അറസ്റ്റ്‌ ചെയ്യുകയായിരുന്നു.

സരിതയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ പിടിച്ചെടുത്ത ഉന്നതരുടെ ഒളികാമറാ ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകൾ ഡിവൈ എസ്‌ പി ഹരികൃഷ്ണൻ കോടതിയിൽ ഹാജരാക്കാതെ മുക്കിയെന്നും ഇത്‌ പിന്നീട്‌ അന്നത്തെ ആഭ്യന്തര മന്ത്രിയുടെയും കെപിസിസി പ്രസിഡണ്ടിന്റെയും കൈകളിലെത്തിയെന്നും മുഖ്യമന്ത്രിയെ ബ്ലാക്ക്മെയിൽ ചെയ്യാൻ ഇത്‌ കോൺഗ്രസിലെ ഒരു വിഭാഗം ഉപയോഗിച്ചെന്നും ആരോപണം ഉയർന്നിരുന്നു. ഇദ്ദേഹത്തിനെതിരെ സരിത ഉന്നയിച്ച ആരോപണങ്ങൾ സോളാർ കമ്മിഷന്റെ പരിഗണനയിലാണ്‌.

യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ നാലര വർഷം പെരുമ്പാവൂർ ഡിവൈ എസ്‌ പിയായിരുന്ന ഹരികൃഷ്ണൻ പിന്നീട്‌ ആലുവ റൂറൽ സ്പെഷ്യൽ ബ്രാഞ്ച്‌ ഡിവൈ എസ്‌ പിയായി തുടരുകയായിരുന്നു. ജിഷ വധക്കേസിലെ ആദ്യ അന്വേഷണ സംഘത്തെ മാറ്റിയതിന്റെ തുടർച്ചയായി ഇദ്ദേഹത്തെയും മാറ്റിയെങ്കിലും പകരം പോസ്റ്റിംഗ്‌ നൽകിയിരുന്നില്ല.

ഹരികൃഷ്ണൻ പെരുമ്പാവൂർ ഡിവൈഎസ്പിയായിരിക്കെ അനധികൃത മണ്ണെടുപ്പുമായി ബന്ധപ്പെട്ട്‌ ലഭിച്ച പരാതിയിൽ വിജിലൻസ്‌ സെൻട്രൽ റേഞ്ച്‌ നടത്തിയ അന്വേഷണത്തിൽ ഡിവൈ എസ്‌ പി ഉൾപ്പെടെ ഏതാനും പേർക്കെതിരെ ത്വരിത പരിശോധന നടത്താൻ വിജിലൻസ്‌ ഡയറക്ടർക്ക്‌ ശുപാർശ നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിജിലൻസ്‌ ഡയറക്ടർ ജേക്കബ്‌ തോമസാണ്‌ ഹരികൃഷ്ണനെതിരെ അന്വേഷണം നടത്താൻ വിജിലൻസ്‌ സ്പെഷ്യൽ സെല്ലിന്‌ നിർദേശം നൽകിയത്‌.

Comments

comments

Reendex

Must see news