Breaking News

ജിഎസ്ടി ബിൽ ഇന്ന്‌ ലോക്സഭയിൽ:ഇടതും വലതും വേർതിരിയുന്നതെവിടെ?

arun jetly

ഹരീഷ് കുമാർ.വി

ജിഎസ്ടി ഭരണഘടനാ ഭേദഗതി ബിൽ ഇന്ന്‌ ലോക്സഭ പരിഗണിക്കും. സർക്കാരിന്‌ ഭൂരിപക്ഷം ഉള്ളതിനാലും പ്രതിപക്ഷ എതിർപ്പ്‌ ഇല്ലാത്തതിനാലും മൂന്നിൽ രണ്ട്‌ ഭൂരിപക്ഷത്തോടെ ബിൽ പാസാക്കാനാകുമെന്ന പ്രതീക്ഷയിലാണ്‌ കേന്ദ്രസർക്കാർ.
പ്രധാനമന്ത്രി നരേന്ദ്രമോഡി ചർച്ചയിൽ ഇടപെട്ട്‌ ഇന്ന്‌ സംസാരിക്കും. കഴിഞ്ഞയാഴ്ചയാണ്‌ ജിഎസ്ടി ബിൽ രാജ്യസഭ പാസാക്കിയത്‌. രാജ്യസഭയിലെ ബിൽ ചർച്ചയിൽ മോഡി പങ്കെടുക്കാത്തത്‌ വിമർശനത്തിന്‌ ഇടയാക്കിയിരുന്നു.

പതിനാറു വർഷത്തിനു ശേഷമാണ്‌ ബിൽ പാസാകുന്നത്‌. രാജ്യസഭയിൽ ഏഴു മണിക്കൂർ നീണ്ട ചർച്ചയ്ക്കൊടുവിലായിരുന്നു വോട്ടെടുപ്പ്‌. ഏകകണ്ഠമായാണ്‌ ബിൽ പാസാക്കിയത്‌.

GST
സഭയിലുണ്ടായിരുന്ന 203 അംഗങ്ങളും ബില്ലിനെ പിന്തുണച്ചു. രാജ്യസഭയിൽ നടന്ന വോട്ടെടുപ്പിൽനിന്ന്‌ എഐഎഡിഎംകെ വിട്ടുനിന്നിരുന്നു. ബിൽ ലോക്സഭയും പാസാക്കുന്നതോടെ രാജ്യത്ത്‌ ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും ഒറ്റനികുതിയാകും.
കഴിഞ്ഞ വർഷം മെയ്‌ ആറിന്‌ ഒമ്പത്‌ ജിഎസ്ടി ഭരണഘടനാ ഭേദഗതി ബിൽ ലോക്സഭ പാസാക്കിയിരുന്നു. എന്നാൽ രാജ്യസഭയിൽ ബില്ല്‌ പാസാക്കിയെടുക്കാൻ ഭൂരിപക്ഷമില്ലാത്തതിനാൽ സമവായ ചർച്ചകളിലും സെലക്ട്‌ കമ്മിറ്റിയിലും ഉയർന്നുവന്ന നിർദ്ദേശങ്ങൾ ഭേദഗതിയായി ഉൾപ്പെടുത്തിയാണ്‌ രാജ്യസഭ കഴിഞ്ഞയാഴ്ച ബിൽ പാസാക്കിയത്‌. അതുകൊണ്ട്‌ പ്രസ്തുത ഭേദഗതികൾ അടങ്ങുന്ന ബിൽ വീണ്ടും ലോക്സഭ പാസാക്കേണ്ടതുണ്ടെന്നതിനാലാണ്‌ ഇന്ന്‌ പരിഗണിക്കുന്നത്‌.

പുതിയ നികുതി നിരക്കിലേക്ക്‌ മാറുമ്പോൾ സംസ്ഥാനങ്ങൾക്കുണ്ടാകുന്ന വരുമാന നഷ്ടം അഞ്ചുവർഷത്തേക്ക്‌ കേന്ദ്രം നികത്തും, നികുതി പിരിവിലെ തകർക്കങ്ങൾ പരിഹരിക്കാൻ സംസ്ഥാനങ്ങളും കേന്ദ്രവും ഉൾക്കൊള്ളുന്ന കൗൺസിൽ സംവിധാനമുണ്ടാക്കും, ഈ കൗൺസിലിൽ കേന്ദ്രത്തെപ്പോലെ സംസ്ഥാനങ്ങൾക്കും വീറ്റോ അധികാരമുണ്ടാകും, സംസ്ഥാനാന്തര വ്യാപാര ഇടപാടുകളുടെ നിയമത്തിന്റെ കാര്യത്തിൽ കൗൺസിൽ തീരുമാനമെടുക്കും തുടങ്ങിയ ഭേദഗതികളോടെയാണ്‌ ബിൽ രാജ്യസഭ പാസാക്കിയിരുന്നത്‌.കോൺഗ്രസിന്റെ പിന്തുണ ഉറപ്പാക്കുന്നതിനായി എതിർപ്പ്‌ ഉയരാൻ ഇടയുള്ള മേഖലയിലെല്ലാം കാര്യമായ മാറ്റങ്ങൾ ബില്ലിൽ ഉൾപ്പെടുത്തുകയായിരുന്നു.

GST-bill

രാജ്യസഭയിൽ വ്യക്തമായ ഭൂരിപക്ഷമില്ലെങ്കിലും കേന്ദ്രം ഭരിക്കുന്ന എൻഡിഎ സർക്കാരിന്‌ ചരക്ക്‌ സേവന നികുതിയുമായി ബന്ധപ്പെട്ട ബിൽ ഐകകണ്ഠേന പാസാക്കാൻ കഴിഞ്ഞു. വിവിധ ഇനത്തിലുള്ള പരോക്ഷ നികുതികൾ ഏകോപിപ്പിച്ച്‌ ഒരുമിച്ച്‌ ഈടാക്കുകയാണ്‌ ജിഎസ്ടി ബില്ലിലൂടെ ലക്ഷ്യമിടുന്നത്‌. രാജ്യസഭയിൽ ബില്ല്‌ പാസാക്കിയ നടപടി നിരവധി പേരെ അത്ഭുതപ്പെടുത്തി. കൂടാതെ ഇതുമായി ബന്ധപ്പെട്ട്‌ നിരവധി സംശയങ്ങളും ഉയർന്നുവരുന്നു. നികുതി നടപടി ക്രമങ്ങളും വരുമാന ശേഖരണവും ലളിതമാക്കുന്നതിനും സുതാര്യമാക്കുന്നതിനും വേണ്ടിയാണ്‌ ഭരണഘടനയിൽ ഭേദഗതി വരുത്തിയത്‌. ഇതിനെ ഇടതുപാർട്ടികൾ എതിർക്കുന്നുമില്ല. രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തിനുമേലും സാധാരണക്കാരനുമേലും അടിച്ചേൽപ്പിക്കപ്പെടുന്ന സാമ്പത്തികഭാരം സംബന്ധിച്ച ആശങ്കകളാണ്‌ ഇടതുപാർട്ടികൾ ഉയർത്തുന്നത്‌. ബില്ല്‌ പരിശോധിച്ച സെലക്ട്‌ കമ്മിറ്റിയുടെ മുമ്പാകെ ഇതുമായി ബന്ധപ്പെട്ട വിയോജന കുറിപ്പുകൾ നൽകിയിട്ടുണ്ട്‌. ജിഎസ്ടി ബിൽ അന്തിമമായി തയാറാക്കിയ സെലക്ട്‌ കമ്മിറ്റി മുമ്പാകെ സിപിഐ നേതാവ്‌ ഡി രാജ വിയോജനക്കുറിപ്പ്‌ നൽകിയിട്ടുണ്ട്‌.

GST-Reuters-L

സാധാരണക്കാരായ ജനങ്ങളാണ്‌ പരോക്ഷ നികുതി നൽകേണ്ടി വരുന്നത്‌. സാധാരണക്കാരിൽ നിന്നും നികുതി പിരിച്ച്‌ വരുമാനം കണ്ടെത്തുന്നതിലാണ്‌ മോഡി സർക്കാരിന്‌ താൽപര്യം. നികുതി നൽകാൻ ശേഷിയുള്ളവരിൽ നിന്നും ഒരിക്കലും ഇത്‌ ഈടാക്കാൻ സർക്കാർ താൽപര്യപ്പെടുന്നുമില്ല. കഴിഞ്ഞ രണ്ട്‌ ബജറ്റുകളിലും കോർപ്പറേറ്റ്‌ മേഖലയ്ക്ക്‌ ഇളവുകൾ വാരിക്കോരി നൽകിയിരുന്നു. വൻകിട വ്യവസായികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ പ്രത്യക്ഷ നികുതി ഗണ്യമായി വെട്ടിക്കുറച്ചു.

കോർപ്പറേറ്റുകളുടെ ഇംഗിതങ്ങൾക്ക്‌ വഴങ്ങി ഇത്‌ ചെയ്തില്ലെങ്കിൽ സർക്കാരിനെ കുഴപ്പിക്കുമെന്ന്‌ കരുതിയാണ്‌ നരേന്ദ്രമോഡി സർക്കാരിന്റെ നടപടി. യഥാർഥത്തിൽ സർക്കാർ ഖജനാവിനെ കൊള്ളയടിക്കുന്ന നിലപാടാണിത്‌. വൻകിട കോർപ്പറേറ്റുകൾക്ക്‌ ഖജനാവ്‌ കൊള്ളയടിക്കാനുള്ള സാഹചര്യവും കേന്ദ്ര സർക്കാർ ഒരുക്കിക്കൊടുക്കുന്നു. ദേശസാൽകൃത ബാങ്കുകളിലെ നിഷ്ക്രിയ ആസ്തി സംബന്ധിച്ച കണക്കുകൾ തന്നെ ഇതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ്‌. കുത്തക മുതലാളിമാരും വ്യവസായികളും വായ്പയെടുത്ത്‌ തിരിച്ചടയ്ക്കാത്ത പണമാണ്‌ ഈ നിഷ്ക്രിയ ആസ്തി. വായ്പ തിരിച്ചുപിടിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഈ തുകയെ നിഷ്ക്രിയ ആസ്തിയായി ബാങ്ക്‌ മാനേജ്മെന്റുകൾ പ്രഖ്യാപിക്കും. പിന്നീട്‌ ഈ വായ്പകൾ സർക്കാർ എഴുതിത്തള്ളുന്നു.

cash gst

2016 മാർച്ച്‌ 31ലെ കണക്കുകൾ പ്രകാരം 5,39,995 കോടി രൂപയാണ്‌ നിഷ്ക്രിയ ആസ്തിയായി കണ്ട്‌ കേന്ദ്രസർക്കാർ എഴുതിത്തള്ളിയത്‌. സർക്കാരിന്റെ മഹാമനസ്കതയ്ക്ക്‌ കാത്തുനിൽക്കാൻ തയാറാകാത്തവർ ശേഖരിച്ച വായ്പാ തുകയുമായി മുങ്ങുന്നു. ഇതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ്‌ ബിജെപിയുടെ സഹായത്തോടെ രാജ്യസഭയിലെത്തിയ വ്യവസായി വിജയ്‌ മല്യ. 9000 കോടി രൂപയുമായി യൂറോപ്പിൽ അദ്ദേഹം സസുഖം കഴിയുന്നു. നിഷ്ക്രിയ ആസ്തി തിരിച്ചുപിടിക്കുന്നതിനുള്ള നിയമങ്ങൾ നടപ്പാക്കുന്നതിൽ സർക്കാരിന്‌ താൽപര്യമില്ല.

ഇപ്പോഴത്തെ സർക്കാർ മാത്രമല്ല മുമ്പുള്ള യുപിഎ സർക്കാരും ചരക്കുസേവന നികുതി നടപ്പാക്കാനെടുത്ത തീരുമാനത്തിലൂടെ പാവപ്പെട്ടവരുടെ മേൽ അധികഭാരം അടിച്ചേൽപ്പിക്കാനാണ്‌ ശ്രമിച്ചത്‌.ഇടതുപാർട്ടികളെ സംബന്ധിച്ചിടത്തോളം ഇപ്പോൾ പാസാക്കിയ ജിഎസ്ടി ബില്ലിനെ സംബന്ധിച്ച്‌ നിരവധി ആശങ്കകളുണ്ട്‌. എന്നാൽ ഭരണകക്ഷിയായ എൻഡിഎയും രാജ്യസഭയിൽ ഭൂരിപക്ഷമുള്ള കോൺഗ്രസും ബില്ല്‌ പാസാക്കിയതിനെ ചരിത്രവിജയമായാണ്‌ വാഴ്ത്തിപ്പാടുന്നത്‌.

അടുത്ത ബജറ്റിലൂടെയോ അതിന്‌ ശേഷമോ ജിഎസ്ടി ബിൽ നടപ്പാക്കുന്നത്‌ രാജ്യത്തെ പണപ്പെരുപ്പത്തെ പ്രതികൂലമായി ബാധിക്കുമെന്ന്‌ ഭൂരിഭാഗം സാമ്പത്തിക വിദഗ്ധരും സമ്മതിക്കുന്നു. ഇപ്പോഴത്തെ രീതിയിൽ ജിഎസ്ടി നടപ്പാക്കിയാൽ അവശ്യസാധനങ്ങളുടെ വില വീണ്ടും കുതിച്ചുയരും. ഇപ്പോൾ തന്നെ ഇവയുടെ വില ആകാശം മുട്ടിയ അവസ്ഥയിലാണ്‌. ഇത്‌ സാധാരണക്കാരന്റെ ജീവിതം കൂടുതൽ ദുഃസഹമാക്കും. വിലക്കയറ്റം സംബന്ധിച്ച വിഷയം ഈ ആഴ്ച ആദ്യം പാർലമെന്റ്‌ ചർച്ച ചെയ്തിരുന്നു.

india-

വിലക്കയറ്റത്തിൽ എല്ലാപേരും ആശങ്ക രേഖപ്പെടുത്തിയെങ്കിലും ജനങ്ങളുടെ ബുദ്ധിമുട്ടുകൾ സമ്മതിച്ചെങ്കിലും വിലക്കയറ്റം നിയന്ത്രിക്കാനുള്ള നടപടികൾ സംബന്ധിച്ച സൂചന പോലും ഇല്ലായിരുന്നു.അതിനുപകരം വിലക്കയറ്റത്തെ പരസ്യമായി ന്യായീകരിക്കുന്ന നിലപാടുകളാണ്‌ കേന്ദ്രമന്ത്രിമാർ സ്വീകരിച്ചത്‌. സാധാരണക്കാരന്റെ ജീവിതനിലവാരം ഉയർന്നതാണ്‌ ധാന്യങ്ങളുടെ വിലക്കയറ്റത്തിനുള്ള മുഖ്യ കാരണമെന്ന്‌ ഇവർ പറയുന്നു. അതു ശരിയല്ല, സർക്കാരിന്റെ നയങ്ങളാണ്‌ വിലക്കയറ്റത്തിന്‌ കാരണം. അതുകൊണ്ടുതന്നെ വിലക്കയറ്റത്തിനെതിരെ ശക്തമായി പ്രതികരിക്കണം.

റവന്യൂ വരുമാനം കേന്ദ്രത്തിൽ മാത്രം സമാഹരിക്കപ്പെടുന്നത്‌ രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തിന്‌ ഗുരുതരമായ ഭീഷണി ഉണ്ടാകുമെന്നതാണ്‌ മറ്റൊരു ആശങ്ക. അടുത്ത അഞ്ച്‌ വർഷം സംസ്ഥാനങ്ങൾക്ക്‌ വരുന്ന നഷ്ടം നികത്താൻ കേന്ദ്രസർക്കാർ തയാറാണെന്ന്‌ അംഗീകരിച്ചുവെങ്കിലും ഇത്‌ സംബന്ധിച്ച്‌ വ്യക്തമായ ഉറപ്പുകളൊന്നും നൽകിയിട്ടില്ല. കൂടാതെ ജിഎസ്ടി നിരക്ക്‌ 18 ശതമാനത്തിലധികമായി വർധിപ്പിക്കില്ലെന്ന ഉറപ്പും ധനമന്ത്രി അരുൺ ജെയ്റ്റ്ലി നൽകിയിട്ടില്ല. രാജ്യത്തെ പാവപ്പെട്ട ജനങ്ങളെ കൊള്ളയടിച്ച്‌ ദേശദേശാന്തര കോർപ്പറേറ്റുകൾക്ക്‌ വളരാനുള്ള സാഹചര്യമാണ്‌ മോഡി സർക്കാർ ഒരുക്കുന്നത്‌ എന്ന്‌ ഇതിലൂടെ വ്യക്തമാകുന്നു.

നികുതി വരുമാനം വർധിപ്പിക്കുക എന്നതുമാത്രമാണ്‌ മോഡി സർക്കാരിന്റെ ലക്ഷ്യം. അതും പരോക്ഷ നികുതിയിലൂടെ മാത്രം. അതുകൊണ്ടുതന്നെ പ്രത്യക്ഷ നികുതിയും പരോക്ഷ നികുതിയും ആനുപാതികമായി നിയന്ത്രിക്കാനുള്ള സമയമായി. ഇതിൽ നിന്നുള്ള വരുമാനം ആനുപാതികമാക്കണം. കൊള്ളയിലൂടെയും ഉപജാപങ്ങളിലൂടെയും ദശലക്ഷങ്ങൾ കൊള്ളയടിക്കുന്ന കോർപ്പറേറ്റുകളെയും നികുതി നൽകാൻ സമ്മർദം ചെലുത്തണം.

Comments

comments