Breaking News

ഈ ഭരണം ഏത് ദിശയിലേക്കാണ്?

pinarayi isac

ആർ.അജയൻ

കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി കേവല ഭൂരിപക്ഷത്തോടെ അധികാരത്തിൽ വന്നല്ലോ?ഒരു പക്ഷെ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ നേതാക്കൾ പോലും ഇത്രയധികം സീറ്റുകളും വോട്ടുകളും ലഭിക്കുമെന്ന് കരുതിയില്ല.വേണം നമുക്കൊരു പുതു കേരളം ,മത നിരപേക്ഷ അഴിമതി രഹിത വികസിത കേരളം ഇതായിരുന്നു ഇടതു മുന്നണിയുടെ ഇലെക്ഷൻ മാനിഫെസ്റ്റോയുടെ കാതൽ.എല്ലാറ്റിനും ഉപരി സംസ്ഥാനത്തിൻറെ സാമ്പത്തീക സ്ഥിതിയും വികസന പ്രക്രിയയും തകർന്നിരിക്കുകയാണെന്ന് മാനിഫെസ്റ്റോയുടെ ആമുഖത്തിൽ പറയുന്നുണ്ട്.കോർപ്പറേറ്റു കമ്പനികൾക്ക് സഹായം എന്ന നിലയിൽ ആഗോളവൽക്കരണനയങ്ങൾ നടപ്പാക്കുന്നു.ഇതിൻറെ കെടുതി അനുഭവിക്കുന്ന ജനങ്ങൾ വൻപിച്ച പ്രക്ഷോഭത്തിലേക്ക് വന്നുകഴിഞ്ഞിട്ടുണ്ട്.ഇതാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മാനിഫെസ്റ്റോയുടെ കാതൽ.യദാർത്ഥത്തിൽ ഈ ദിശയിലേക്കാണോ മുന്നണിയും അതിൻറെ നേതൃത്വവും പോകുന്നതെന്ന് സംശയിക്കുന്നതിന് ന്യായമായ പ്രവൃത്തികളാണ് ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്.ഈ ഗവണ്മെന്റ് വലതുമുന്നണി ഭരണത്തിന്റെ തുടർച്ചയാണെന്ന് ആരെങ്കിലും വിലയിരുത്തൽ നടത്തിയാൽ അവരെ തെറ്റുപറയാൻ കഴിയുമോ?അതിൻറെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഗീതാ ഗോപിനാഥിനെ മുഖ്യമന്ത്രിയുടെ ഇക്കണോമിക് അഡ്വയ്സിർ ആയി നിയമിച്ചത്.

m.k-damodharan-1

പിണറായി എന്ന മുഖ്യമന്ത്രി തൻറെ വകുപ്പുകളിൽ എല്ലാം ഉപദേഷ്ട്ടാക്കളെ വെച്ചുകൊണ്ടിരിക്കുകയാണ്.നിയമോപദേഷ്ടാവായ എം.കെ.ദാമോദരന് സ്വയം ഒഴിഞ്ഞു പോകേണ്ട സ്ഥിതിയുണ്ടായി.നിയമോപദേഷ്ടാവിൻറെ പ്രവൃത്തികൾ എല്ലാ സീമയും ലംഘിച്ചുകൊണ്ട് മുന്നോട്ടു പോയതിനെതിരെ ജനങ്ങളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും വിമർശനം ഉന്നയിച്ചപ്പോൾ സ്വയം ആ പദവി ഇട്ടെറിഞ്ഞു പോകാൻ എം .കെ ദാമോദരൻ തയ്യാറാകേണ്ടി വന്നു.ഗീതാഗോപിനാഥ് നെ സാമ്പത്തീക ഉപദേഷ്ടാവായി നിയമിച്ചതിലൂടെ ഗവണ്മെന്റ് ഏതു ദിശയിലേക്കാണ് പോകുന്നതെന്ന് വ്യക്തമായിരിക്കുകയാണ്. ഗീതാഗോപിനാഥ് തീവ്ര വലതുപക്ഷ നിയോ ലിബറൽ ശാസ്ത്രജ്ഞയാണ്.കേന്ദ്ര ഗവണ്മെന്റ് പ്ലാനിങ് ബോർഡ് പിരിച്ചുവിട്ടതിൻറെ പശ്ചാത്തലത്തിൽ കേരളത്തിൽ മുൻപെല്ലാം ഉണ്ടായിരുന്നതുപോലെ പ്ലാനിങ് ബോർഡ് ഉണ്ടാകുമോ എന്ന ചോദ്യം പ്രസക്തമാണിവിടെ.പശ്ചിമ ബംഗാളിൽ തീവ്രമായി നടപ്പിലാക്കിയ നവ ഉദാരവൽക്കരണ നയങ്ങളുടെ ഇരകളായ പശ്ചിമ ബംഗാളിലെ ജനങ്ങൾ ഇത്തവണയും സി പി എം  നെതിരെ വോട്ട് ചെയ്തു എന്നത് ഒരു സ്വയം വിമർശനത്തിന് അവരെ പ്രേരിപ്പിക്കുന്നില്ല.മൂന്നു ദശാബ്ദക്കാലം അധികാരത്തിലിരുന്ന ബംഗാളിലെ ഗവണ്മെന്റിന്റെ വ്യവസായ -സാമ്പത്തീക നയങ്ങളുടെ സൃഷ്ടിയാണ് സിംഗൂരും നന്ദിഗ്രാമും എല്ലാം.വ്യവസായ ആവശ്യത്തിനായി കൃഷിയിടങ്ങളെയെല്ലാം പിടിച്ചെടുത്ത് അതിനെതിരെ ബംഗാളിലെ കർഷക ജനത ഉണരുന്ന കാഴ്ചയാണ് നാം കണ്ടത്.എന്നാൽ കേരളത്തിൽ മുഖ്യമന്ത്രി വ്യവസായ വികസന ആവശ്യങ്ങൾക്ക് ഭൂമി ഏറ്റെടുക്കുമെന്ന് അദ്ദ്ദേഹത്തിൻറെ ശക്തമായ ഭാഷയിൽ പ്രഖ്യാപിച്ചു കഴിഞ്ഞു.

ഉദാഹരണമായി ഗയിൽ(GAIL)കഴിഞ്ഞ കാലങ്ങളിൽ അരങ്ങേറിയ നിയോ ലിബറൽ നയങ്ങളുടെ ഫലമായി ലോക മുതലാളിത്ത രാജ്യങ്ങളെ ആകെ ബാധിച്ചിരിക്കുന്ന അതി രൂക്ഷമായ പ്രതിസന്ധി ഈ രാജ്യങ്ങളിലെ സമസ്ത മണ്ഡലങ്ങളെയും ഗുരുതരമായി ബാധിച്ചിരിക്കുകയാണ്.കോടിക്കണക്കായ ജനങ്ങളുടെ ജീവിതം വഴിമുട്ടിയതിൻറെ പ്രതിഷേധവും അതിൻറെ ബഹിർസ്ഫുരണവും വൻപിച്ച പ്രതിഷേധവുമാണ് അമേരിക്ക,ബ്രിട്ടൻ,ഗ്രീസ് ഇറ്റലി,ഫ്രാൻസ്  തുടങ്ങിയ  രാജ്യങ്ങളിൽ അലയടിക്കുന്ന പ്രതിഷേധ സമരങ്ങൾ.ആഗോള മുതലാളിത്ത സാമ്രാജ്യത്വ സാമ്പത്തീക നയങ്ങൾ കൊണ്ട് ഏറ്റവും ഗുണം ലഭിക്കുന്ന കോർപ്പറേറ്റുകളെ രക്ഷിക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന സാമ്പത്തീക വിദഗ്ധരുടെ ഒരു നിര തന്നെ ഉണ്ട് ലോകത്തെവിടെയും.പല സാമ്പത്തീക ശാസ്ത്രജ്ഞരും രാഷ്ട്രീയ നേതൃത്വവും പുത്തൻ സാമ്പത്തീക നയങ്ങൾ അരങ്ങേറിയത് തൊണ്ണൂറുകളിൽ ആണെന്ന് നിര്ണയിക്കാറുണ്ട്.എന്നാൽ 1970 ൽ ബ്രിട്ടനിലെ താച്ചറിസവും അമേരിക്കയിലെ റെയ്‌ഗ്‌ എക്കണോമിക്‌സും ആണ് നവഉദാരവൽക്കരണത്തിനു തുടക്കം കുറിക്കുന്നത്.

ക്ഷേമ രാഷ്ട്രമെന്ന ലക്ഷ്യത്തെ മാറ്റി മരിച്ചുകൊണ്ടു മുന്നേറിയ പുത്തൻ സാമ്പത്തീക നയങ്ങൾ ത്വരിതപ്പെടുത്തുവാൻ ഓരോ രാജ്യങ്ങളിലും ഉദാരവൽക്കരണത്തെ നെഞ്ചേറ്റിയ സാമ്പത്തീക വിദഗ്ദ്ധന്മാർ രംഗപ്രവേശം ചെയ്തിട്ടുണ്ട്.അതിൽ ഒട്ടുമിക്കപേരെയും സർക്കാരിൽ ഇടപെടാൻ മുതലാളിത്ത ഭരണകൂടങ്ങൾ അവസരം നൽകിയിട്ടുമുണ്ട്.അങ്ങനെയാണ് രാജീവ്ഗാന്ധി സുദർശനെ ഉപദേഷ്ട്ടാവാക്കിയത്.ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്ക് മുഖം തിരിക്കണം എന്ന് പരസ്യ ആഹ്വാനം ചെയ്യുകയുംസുദർശനെ ഭരണത്തിൻറെ ഭാഗഭാക്കാക്കുകയും ചെയ്തു.രാജീവ് ഗാന്ധിയുടെ ഭരണത്തിന് ശേഷം ഇന്ത്യയുടെ പുതിയ നയ വ്യതിയാനങ്ങൾ ശക്തമായി പ്രതിഫലിക്കാൻ തുടങ്ങി.1991ൽ നരസിംഹ റാവുവിൻറെ ന്യൂന പക്ഷ ഗവണ്മെന്റ് പുത്തൻ സാമ്പത്തീക നയങ്ങൾ രാജ്യത്ത് നടപ്പിലാക്കിയത് സമ്പദ് വ്യവസ്ഥയിൽ സ്റ്റേറ്റിന് വലിയ പങ്കു വഹിക്കാൻ ഇല്ലെന്ന വലിയ ചുവടു മാറ്റമായിരുന്നു.അതായിരുന്നു നിയോലിബറലിസത്തിന്റെ ഉള്ളടക്കം.മൂലധനത്തിന് എങ്ങനെയും എവിടെയും ചരിക്കാൻ അവസരം നൽകുന്ന സ്വതന്ത്ര കമ്പോള വ്യവസ്ഥ കെട്ടിപ്പടുക്കാനുള്ള പുത്തൻ പുറപ്പാടിൽ പ്രധാനമന്ത്രി നരസിംഹ റാവുവിന് കൂട്ടിനു കിട്ടിയത് മൻമോഹൻ സിംഗ് നെ ആയിരുന്നു.ലോക ബാങ്കിൽ ഉൾപ്പെടെ സേവനം അനുഷ്ഠിച്ച സിവിൽ ഉദ്യോഗസ്ഥനായ മൻമോഹൻ സിങിനെ ധന മന്ത്രിയായി തന്നെ നിശ്ചയിച്ചത് യായാദൃശ്ചികം ആയിരുന്നില്ല.മുൻപ് തന്നെ ഇന്ദിരാ ഗാന്ധി ഐ എം എഫ് ൽ നിന്നും ധന വായ്പ്പ എടുത്തത് ഇത്തരത്തിൽ മറക്കാനാവില്ല.ഒരുപക്ഷെ അക്കാലയളവിലാണ് ഇന്ത്യയുടെ നിയോലിബറൽ രംഗത്തേക്കുള്ള പ്രവേശനം.

geetha_577107

തൊണ്ണൂറുകളുടെ തുടക്ക കാലയളവിൽ ഇന്ത്യ പോലുള്ള നിരവധി വികസ്വര രാജ്യങ്ങളുടെ സാമ്പത്തീക കാര്യങ്ങളുടെ നേതൃ പദവിയിൽ ഐ എം എഫ് ൻറെയും ലോക ബാങ്കിൻറെയും ഏഷ്യൻ വികസന ബാങ്കിൻറെയുമൊക്കെ നേതൃ പദവി അലങ്കരിച്ചിരുന്നവർ എത്തിപ്പെട്ടിരുന്നു.അതും ഒരു അജണ്ട സെറ്റിങ്ങിന്റെ ഉൽപ്പന്നം ആയിരുന്നു.മൂലധനത്തിൻറെ കടന്നു വരവിനും അതിൻറെ പ്രവർത്തനത്തിനും യഥേഷ്ടം സ്വതന്ത്രമായി പ്രവർത്തിക്കുന്നതിനും ആവശ്യമായ നിയമപരവും ഭരണ പരവുമായ നടപടികൾ ഗവണ്മെന്റ് അതിവേഗത്തിൽ തീരുമാനിക്കുകയായിരുന്നു.ഫെഡറൽ ഗവണ്മെന്റുകൾ ഉള്ള രാജ്യങ്ങളെ തങ്ങളുടെ വരുതിക്ക് നിർത്താൻ പുത്തൻ നയങ്ങൾ ശ്രമിക്കുകയും അതിൽ അവർ ഏകദേശം വിജയിക്കുകയും ചെയ്തു.കഴിഞ്ഞ നായനാർ ഗവൺമെന്റും വി എസ് ഗവൺമെന്റും ഇവരുടെ മുന്നിൽ മുട്ടുമടക്കി നിൽക്കുന്ന കാഴ്ചയാണ് നാം കണ്ടത്.ഇടത്തരം ഒരു ഉദാഹരണം ആണ് എ ഡി ബി ബാങ്കിൽ നിന്നുള്ള വായ്പ്പ തരപ്പെടുത്തലും അവർ മുൻവെച്ച ഉപാധികളുടെ അംഗീകാരണവും.പ്ലാനിങ് ബോർഡിനെ നോക്കുകുത്തിയാക്കികൊണ്ട് സാമ്പത്തീക ഉപദേശങ്ങൾ ഇപ്പോൾ എത്തി നിൽക്കുന്ന ഘടനാപരമായ പരിഷ്കാരങ്ങളുടെ ഘട്ടത്തിലാണ്.ഇത്തരുണത്തിലാണ് ഗീതാ ഗോപിനാഥിനെ മുഖ്യ മന്ത്രിയുടെ സാമ്പത്തീക ഉപദേഷ്ട്ടാവായി നിയമിച്ചിരിക്കുന്നത്.അആഗോളവൽക്കരണ നയങ്ങളുടെ ശക്തയായ വക്താവാണവർ.അമേരിക്കയും അവരുടെ നയങ്ങളെയും വാഴ്ത്തുന്ന നിയോലിബറൽ സിദ്ധാന്തത്തിന്റെ ശക്തയായ വക്താവാണ് ഗീതാ ഗോപിനാഥ് എന്ന് ഇതിനകം അവർ തെളിയിച്ചു കഴിഞ്ഞതുമാണ്.

ഹാർഡ്വാർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് പി എച് ഡി നേടിയ അവർ ആ യുണിവേഴ്സിറ്റിയിലെ പി എച് ഡി സൂപ്പർവൈസർ ആണ്.നമ്മുടെ റിസർവ് ബാങ്ക് ഗവര്ണരുടെ പദവിക്ക് തുല്യമാണവരുടെ അമേരിക്കയിലെ പദവി.പ്രതിലോമകരമായ അവരുടെ നിലപാടുകൾ ഇതിനകം തന്നെ അക്കാദമിക-സാമ്പത്തീക മഖലയിൽ ചർച്ച ചെയ്യപ്പെട്ടു കഴിഞ്ഞു.ഇപ്പോൾ കേരളത്തിൽ ലഭിച്ച ഉദ്യോഗ ലബ്ദിയെ തുറന്നുകാട്ടിക്കൊണ്ടുള്ള സോഷ്യൽ മീഡിയകളിലെ അഭിപ്രായ പ്രകടനങ്ങൾ നമുക്ക് വല്ലാത്ത ഉത്ക്കണ്ഠയാണ് ഉളവാക്കിയിരിക്കുന്നത്.

2014 ൽ എൻ ഡി ടി വി ക്ക് അവർ നൽകിയ അഭിമുഖത്തിൽ ഭൂമി ഏറ്റെടുക്കുന്ന ബിൽ   (ഇപ്പോഴത്തെ കരട് ബിൽ അല്ല)പാസാക്കുകയും തൊഴിലാളികൾക്ക് നിലവിലുള്ള നിയമ പരിരക്ഷ ഇല്ലാതാക്കുന്ന പരിഷ്‌ക്കാരങ്ങൾ എത്രയും വേഗം കൊണ്ടുവരണം എന്ന് അഭ്പ്രായപ്പെട്ടിട്ടുള്ളത് കേന്ദ്ര ഗവണ്മെന്റിന്റെ അഭിപ്രായപ്രകടനങ്ങൾക്ക് അനുരോധമായിട്ടാണ്.ഈ അഭിപ്രായ പ്രകടനങ്ങൾ ഡിസംബർ 15 ന് സി എൻ ബി സി ടി വി 18 ചാനലിൽ നാണയപ്പെരുപ്പം ഉണ്ടായതിന്റെ കാരണം വിചിത്രമായിട്ടാണ് അവതരിപ്പിക്കുന്നത്.എന്നാൽ പെട്രോളിന്റെ വില നിയന്ത്രണം എടുത്തുകളഞ്ഞതും ഉത്പാദന വിതരണ രംഗങ്ങളിൽ കുത്തകകളുടെ സ്വാധീനം വർദ്ധിച്ചതുമാണ് വിലക്കയറ്റത്തിന് കാരണം എന്നിരിക്കെ നവലിബറൽ സാമ്പത്തീക ശാസ്ത്രജ്ഞന്മാർ ഒഴികെ മറ്റെല്ലാർക്കും തെറ്റുപറ്റിയെന്ന് അവർ പ്രസംഗിച്ചു.ഇന്ത്യയിലും ഇതര രാജ്യങ്ങളിലും ഗീതാ ഗോപിനാഥ് അറിയപ്പെടുന്നത് നിയോലിബറൽ സാമ്പത്തീകവാദി എന്നാണ്.മൂലധന നിക്ഷേപത്തിൻറെചംക്രമണം കോർപ്പറേറ്റുകൾക്ക് ഗുണമാകും.എന്നു ബോധ്യപ്പെട്ട അനുരോധമായ വാദഗതികൾ മുന്നോട്ടു വെക്കുകയാണ് ഗീതാ ഗോപിനാഥ്.സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിച്ചാൽ മതി സാമ്പത്തീക മുന്നേറ്റത്തിനെന്ന് അവർ തുറന്നടിക്കുന്നു.ഇവിടെയും അവർ ഭൂമി ഏറ്റെടുക്കൽ അനിവാര്യമാണെന്ന് ശക്തിയുക്തം അഭിപ്രായപ്പെടുന്നു.

cash gst

2015 ലെ കേന്ദ്ര ബജറ്റിനെ പറ്റിയുള്ള അവരുടെ ലേഖനത്തിൽ കോർപ്പറേറ്റ് നികുതികൾ വെട്ടിക്കുറച്ചത് സാമ്പത്തീക രംഗത്തിനു കുതിപ്പ് ഉണ്ടാകുമെന്നും വ്യവസായ രംഗം പുഷ്ടിപ്പെടുമെന്നുമാണ് പറഞ്ഞു വെച്ചത്.എന്നാൽ തൊഴിൽ ഉറപ്പു പദ്ധതി, വളം സബ്‌സിഡി തുടങ്ങിയുള്ള എല്ലാ സബ്സിഡികളും നിയന്ത്രണ വിധേയമാക്കണം ,കൂടുതൽ പൊതു മേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കണം എന്നും ഈ ദിശയിൽ പോയാൽ സാമ്പത്തീക വളർച്ചയും സാമ്പത്തീക ഭദ്രതയും നേടാൻ 2015 ലെ ബജറ്റ് ഉതകുമെന്നാണ് ഗീതാ ഗോപിനാഥിന്റെ നിരീക്ഷണം.സർക്കാരിൽ നിന്ന് ആവശ്യത്തിൽ അധികം ക്ഷേമ പ്രവർത്തനങ്ങൾ വാരിക്കോരി ചിലവിടുന്നതിനെ ശക്തമായി എതിർക്കുകയാണ് അവർ.നരേന്ദ്ര മോദിക്കും ഈ അഭിപ്രായമാണ് ഉള്ളത്.

ഇത്തരം വീക്ഷണം വച്ചുപുലർത്തുന്ന ഗീതാ ഗോപിനാഥ് എങ്ങനെയാണ് എൽ ഡി എഫ് മാനിഫെസ്റ്റോയിലെ ജനപക്ഷ നിലപാടുകളെ പിന്താങ്ങുന്നത്?കേരളം മോഡൽ ഇവരുടെ ഉപദേശത്തിൽ മുന്നോട്ടുകൊണ്ടുപോകൽ എങ്ങനെ സാധ്യമാകും?മാനിഫെസ്റ്റോയിൽ പറഞ്ഞിട്ടുള്ള പലതും വിഴുങ്ങുകയാണ് സർക്കാർ.പി പി പി ,ബി ഓ ടി പദ്ധതികൾ റോഡുകൾ, തുറമുഖങ്ങൾ, വിമാന താവളങ്ങൾ,റെയിവേ തുടങ്ങിയവക്ക് ഊന്നൽ കൊടുക്കുന്ന സർക്കാർ കേരളത്തിലെ ലക്ഷോപലക്ഷം ഭൂരഹിതരുടെ നെഞ്ചിലെ നീറ്റൽ,വിലക്കയറ്റം,തൊഴിലില്ലായ്മ തുടങ്ങിയ മൗലീക പ്രശ്നങ്ങൾ എന്നിവയെ കുറിച്ച് ഗവണ്മെന്റിന്റെ നയവും സാമ്പത്തീക ഉപദേഷ്ടാവായ ഗീതാ ഗോപിനാഥിന്റെ നയങ്ങളും എങ്ങനെ ഒത്തുപോകും?വരാൻ പോകുന്ന നാളുകളാണ് ഇതിന് ഉത്തരം നൽകേണ്ടത്.ഡോ.തോമസ് ഐസക് ഇതേക്കുറിച്ചു ഒന്നും തന്നെ പ്രതികരിച്ചിട്ടില്ലെന്നതും ഇവിടെ പ്രസക്തമാണ്.ബംഗാൾ നമുക്ക് പാഠമാകേണ്ടതല്ലേ?സാമ്പത്തീക രംഗം ഉൾപ്പെടെയുള്ള മേഖലകളിൽ ഉപദേശക വൃന്ദത്തെ നിയമിക്കുന്ന പിണറായി സർക്കാർ എന്തിനീ ബിയൂറോക്രാറ്റിസെഷൻ നടത്തുന്നു ?വിഴിഞ്ഞം പദ്ധതിയുടെ നടത്തിപ്പുകാരനായ ജൂനിയർ അദാനി വന്ന് മുഖ്യ മന്ത്രിയെ കണ്ടപ്പോൾ മുഖ്യമന്ത്രി നിലപാട് മാറ്റി.ഇനി എന്തെല്ലാം കാണാൻ പോകുന്നു?നാം ജനങ്ങളുടെ ഇച്ഛാശക്തിയെ പ്രതിഫലിപ്പിക്കുന്ന സർക്കാർ ആവില്ല.ഗീതാ ഗോപിനാഥ് നയിക്കുന്ന സമ്പദ് മേഖലയും അതിൻറെ ഉല്പന്നമാകാൻ പോകുന്ന പുതു കേരളവും,തീർച്ച.

Comments

comments