Breaking News

സൗദി കുടിയിറക്കത്തിലെ ചില കള്ളക്കഥകൾ

indian workers

മാർത്ത എസ്ത്തപ്പാൻ

സൗദി ഓജർ എന്ന നിർമ്മാണ കമ്പനിയിൽ നിന്ന് ജോലി നഷ്ട്ടപ്പെട്ട പതിനായിരത്തോളം ഇന്ത്യക്കാരായ തൊഴിലാളികൾ വഴിയാധാരമായ സംഭവം ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്.ആറുമാസത്തിലധകമായി ഇവർ ശമ്പളവും ഭക്ഷണവും ലഭിക്കാതെ ലേബർ ക്യാമ്പുകളിൽ നരകയാതന അനുഭവിച്ചു വരികയായിരുന്നു.എന്നാൽ ഈ വിവരം ഇന്ത്യാ ഗവണ്മെന്റ് അറിയുന്നത് കുറച്ചു ദിവസങ്ങൾക്ക് മുൻപ് മാത്രമാണ്.അതും തൊഴിലാളികളിൽ ഒരാൾ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് ട്വിറ്റർ സന്ദേശം അയച്ചപ്പോൾ.ജോലി നഷ്ട്ടപ്പെട്ട ഇന്ത്യൻ തൊഴിലാളികൾ മാസങ്ങളായി ഭക്ഷണവും കുടിവെള്ളവും പോലും കിട്ടാതെ പട്ടിണി കിടക്കുകയായിരുന്നോ?അങ്ങിനെയാണ് നമ്മുടെ മാധ്യമങ്ങൾ എല്ലാം റിപ്പോർട്ട് ചെയ്തത്.അത് ശരിയാണെങ്കിൽ അവിടുത്തെ ഇന്ത്യൻ സമൂഹവും ഇന്ത്യൻ എംബസിയും വെറും കാഴ്ചക്കാരായി മാറി നിൽക്കുകയായിരുന്നോ?ഒരു വിദേശ രാജ്യത്ത് ജീവിക്കുന്ന ഇന്ത്യക്കാരുടെ കാര്യങ്ങൾ അന്വേഷിക്കുകയും ആവശ്യം  എങ്കിൽ  അവരുടെ പ്രശ്നങ്ങളിൽ ഇടപെടുകയും ചെയ്യുക എന്നത് ഇന്ത്യൻ എംബസ്സിയുടെയും കോൺസ്റ്റുലേഷനുകളുടെയും ഉത്തരവാദിത്വം അല്ലെ ?സുഷമ സ്വരാജിന് ലഭിച്ച ട്വിറ്റർ സന്ദേശത്തോടെ അതുവരെ ഉറങ്ങുകയായിരുന്ന കേന്ദ്ര ഗവണ്മെന്റും കേരളാ ഗവണ്മെന്റും പെട്ടന്ന് സടകുടഞ്ഞെഴുനേറ്റ പരിഭ്രാന്തി പരത്തുകയായിരുന്നില്ലേ ?

സൗദിയിലെ ഇന്ത്യൻ എംബസി തൊഴിൽ നഷ്ട്ടപ്പെട്ട ഇന്ത്യക്കാരുടെ സഹായത്തിനായി തക്കസമയത്ത് ഇടപെട്ടിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും അവർ ഇക്കാര്യം ഇന്ത്യ ഗവൺമെന്റിനെ എന്തുകൊണ്ട് അറിയിച്ചില്ല എന്ന ചോദ്യം ന്യായമായും ഉയർന്നു വരാം.ഉത്തരവാദിത്തപ്പെട്ട ഇന്ത്യൻ നയതന്ത്ര കാര്യാലയം ഉള്ളപ്പോൾ ഇക്കാര്യം ഇന്ത്യാ ഗവൺമെന്റിനെ അറിയിക്കാൻ ഒരു തൊഴിലാളി വേണ്ടി വരുന്നു.ഇക്കാര്യത്തിൽ ഇന്ത്യൻ എംബസിക്കു മാപ്പർഹിക്കാത്ത വീഴ്ച പറ്റി എന്ന് സമ്മതിക്കേണ്ടി വരും.ഇന്ത്യൻ സമൂഹത്തിലെ ഉന്നതന്മാരുമായാണ് എംബസ്സി ഉദ്യോഗസ്ഥന്മാർക്ക് ചങ്ങാത്തം.സാധാരണക്കാരുടെ പ്രശ്നങ്ങൾ അവരെ അലട്ടാറില്ല.അതെ സമയം സൗദിയിലെ ഇന്ത്യൻ സമൂഹത്തിനും അവരുടെ കർത്തവ്യത്തിൽ നിന്നും ഒഴിഞ്ഞുമാറാൻ കഴിയില്ല.ഇന്ത്യൻ സമൂഹം തൊഴിലാളികൾക്ക് ഭക്ഷണവും മറ്റു സൗകര്യങ്ങളും ലഭ്യമാക്കിയിരുന്നെങ്കിൽ എന്തുകൊണ്ട് മറിച്ചുള്ള മാധ്യമ വാർത്തകൾ വന്നു?അവർ പട്ടിണി കിടക്കുകയായിരുന്നു എന്നല്ലേ സർക്കാരും മാധ്യമങ്ങളും ഒരുപോലെ പ്രചരിപ്പിച്ചത്?

Foreign-workers-

സ്വദേശീവൽക്കരണം മൂലം ജോലി നഷ്ടപ്പെടുന്നതും കുത്തുപാളയെടുത്ത കമ്പനി പൂട്ടിപ്പോകുന്നത് മൂലം തൊഴിൽ നഷ്ടപ്പെടുന്നതും രണ്ടും രണ്ടായിക്കാണാം.കമ്പനി തുടർന്ന് പ്രവര്തത്തിക്കാൻ കഴിയാതെവരുന്ന അവസരത്തിൽ തൊഴിൽ നഷ്ടപ്പെടുന്നവരുടെ മുൻപിൽ മൂന്ന് മാർഗ്ഗങ്ങൾ തുറന്നു കിടക്കുന്നുണ്ട്.സൗദിയിൽ തന്നെ മറ്റൊരു ജോലി ശരിയാക്കി അതിലേക്ക് മാറുക,രാജ്യം വിട്ട് പിന്നീട് തിരിച്ചു വരിക,അതുമല്ലങ്കിൽ എന്നന്നേക്കുമായി രാജ്യം വിടുക.ഇവയിൽ ഏതു സ്വീകരിക്കുന്നതിനും ഒരു വ്യക്തിക്ക് സ്വാതന്ത്ര്യം ഉണ്ട്.എന്നാൽ സ്വദേശിവൽക്കരണം മൂലം ജോലി നഷ്ടപ്പെടുന്നവർക്ക് തിരിച്ചു വരാൻ കഴിയാത്ത വിധം രാജ്യം വിടുക മാത്രമേ നിവൃത്തിയുള്ളൂ.

ഇപ്പോൾ പതിനായിരത്തോളം ഇന്ത്യക്കാർക്ക് തൊഴിൽ നഷ്ടപ്പെട്ടത് സ്വദേശീവൽക്കരണത്തിൻറെ ഫലമല്ല.എന്നാൽ നമ്മുടെ മാധ്യമങ്ങളും സർക്കാരും സ്വദേശീവൽക്കരണം മൂലം തൊഴിൽ നഷ്ട്ടപ്പെട്ട് തിരിച്ചു വരുന്നവരുടെ ഗണത്തിലാണ് ഇവരെയും ഉൾപ്പെടുത്തിയത്.മാഹാസങ്ങളായി വേതനം നൽകാൻ കഴിയാതെ പാപ്പരായ സൗദി ഓജർ എന്ന നിർമ്മാണ കമ്പനിയിലെ ജീവനക്കാരാണ് ജോലി നഷ്ട്ടപ്പെട്ട് ലേബർ ക്യാംപുകളിൽ കഴിയുന്ന ഇന്ത്യക്കാർ അടക്കമുള്ളവർ.ഈ കമ്പനിയിൽ ആകെ 58,000 ജോലിക്കാരാണ് ഉള്ളത്.അതിൽ 4,000 പേരാണ് ഇന്ത്യക്കാർ.ഈ കമ്പനിയുടെ റിയാദ് ജിദ്ദ,മക്ക,മദീന,ജസാൻ,ഹെയിൽ,കിഴക്കൻ പ്രവിശ്യ എന്നീ ശാഖകളിലാണ് ഇവർ ജോലി ചെയ്യുന്നത്.ജോലി നഷ്ട്ടപ്പെട്ടവരിൽ സൗദി പൗരന്മാരായവർ 23% വരും.തൊഴിൽ കരാർ കമ്പനി ഏകപക്ഷീയമായി റദ്ദാക്കുകയായിരുന്നു.എഞ്ചിനീയർമാർ ഉൾപ്പെടെ പലർക്കും കഴിഞ്ഞ 9 മാസമായി ശമ്പളം ലഭിച്ചിട്ടില്ല.അതുകൊണ്ടുതന്നെ ഇവരെല്ലാം കടക്കാരായി മാറിയത് കാരണം അവരുടെ കുടുംബത്തിന് എന്തെങ്കിലും അയച്ചുകൊടുത്തിട്ടും മാസങ്ങളായി.ലെബനോണിലെ മുൻ പ്രധാനമന്ത്രി  സഅദ് അൽഹാരീരിയാണ് ഈ കമ്പനിയുടെ ഉടമ.കടവും മറ്റു സാമ്പത്തീക ബാധ്യതകളുമടക്കം ഈ കമ്പനി ഏറ്റെടുക്കാൻ തയാറാകുന്നവർക്ക് കമ്പനി കൈമാറുന്നതിനെ കുറിച്ച് സർക്കാർ തലത്തിൽ ആലോചനകൾ നടന്നിരുന്നു എന്ന് സ്ഥിരീകരിക്കപ്പെടാത്ത വാർത്തയുണ്ടായിരുന്നു.ഇതിനായി സൗദി അധികൃതർ ഹരീരിയുമായി ചർച്ചകൾ നടത്തിയതായി ചില ലെബനീസ് പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

Workers-

ഏകദേശം 30 ലക്ഷം  ഇന്ത്യക്കാരാണ് സൗദി അറേബ്യായിൽ ഉള്ളതായി കണക്കാക്കപ്പെടുന്നത്.പതിനായിരത്തോളം തൊഴിലാളികൾക്കാണ് ചില കമ്പനികൾ പൂട്ടിപ്പോയതുകാരണം തൊഴിൽ നഷ്ടപ്പെട്ടത്.ഇത്തരം സംഭവങ്ങൾ ഗൾഫ് രാജ്യങ്ങളിൽ ഇത് ആദ്യം അല്ല.ഇതിനു മുൻപും ഇത്തരം സംഭവങ്ങൾ ധാരാളം ഉണ്ടായിട്ടുണ്ട്.അപ്പോഴൊക്കെ ഇന്ത്യൻ സമൂഹത്തിൻറെയും ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളുടെയും അവസരോചിതമായ ഇടപെടലുകൾ കൊണ്ട് പ്രശ്നം അധികം നീണ്ടു പോകാതെയും വഷളാകാതെയും പരിഹൃതമാകാറുണ്ട്.ഇപ്പോഴുണ്ടായ പ്രശ്നവും അത്തരത്തിൽപ്പെട്ട ഒന്നാണ്.

ഈ തൊഴിലാളികളുടെ പ്രശനങ്ങൾ പരിഹരിക്കുന്നതിൽ ഇന്ത്യാ ഗവണ്മെന്റ് ൻറെയും അതിൽ വിദേശകാര്യ വകുപ്പിൻറെയും പ്രത്യേകിച്ച് വിദേശകാര്യ മന്ത്രി സുഷമ സ്വരാജിൻറെയും ഇടപെടലുകളെ കുറച്ചുകാണാതെ തന്നെ പറയെട്ടെ,ഇപ്പോഴുണ്ടായ തൊഴിൽ പ്രശ്നവും സൗദിയിലെ ഇന്ത്യൻ എംബസിയുടെ കാര്യക്ഷമമായ ഇടപെടലുകൾ കൊണ്ട്പരിഹരിക്കാൻ സാധിക്കേണ്ട ഒന്നായിരുന്നു.ഇപ്പോൾ ഇത്തരം ചില ഒറ്റപ്പെട്ട സംഭവങ്ങൾ സൗദിയിലും ഇതര ഗൾഫ് രാജ്യങ്ങളിലും നിലനിൽക്കുന്നുണ്ട്.സ്ഥാപനങ്ങൾ ലെ ഓഫ് ചെയ്യപ്പെടുന്നതും തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടുന്നതും ഒരു പുതിയ പ്രതിഭാസം ഒന്നുമല്ല എന്നർത്ഥം.അമിതവും വഴി തെറ്റിക്കുന്നതുമായ മാധ്യമ പ്രചാരണത്തിൻറെ പിന്നാലെ പോകുന്നവർക്ക് ഇപ്പറയുന്നത് ലാഘവത്തോടെയാണെന്ന തോന്നലുണ്ടാകാം.എന്നാൽ യാഥാർഥ്യ ബോധത്തോടെ പ്രശ്നത്തെ സമീപിക്കുന്നവർക്ക് ഇങ്ങനെ മാത്രമേ ചിന്തിക്കാൻ കഴിയുകയുള്ളൂ.ഒരു ചാനൽ ചർച്ചയിൽ പി.വി.അബ്ദുൾ വഹാബ് എം പി ഈ പ്രശ്നത്തോടനുബന്ധിച്ചുണ്ടായ ഊതി വീർപ്പിച്ച മാധ്യമ ഹൈപ്പിനെ തുറന്നുകാട്ടുകയുണ്ടായി.ചാനൽ അവതാരകന് അത് തീരെ രസിച്ചില്ല.അദ്ദേഹത്തിൻറെ വാദമുഖങ്ങളുടെ കുമിളകൾക്ക് അത്രയേ ആയുസ് ഉണ്ടായുള്ളൂ.

saudi

യുഎഇയിലെ എംഗാര്‍ഡ് ഇലക്ട്രോ മെക്കാനിക്കല്‍ ആന്റ് ജനറല്‍ കോണ്‍ട്രാക്റ്റിങ് കമ്പനി പാപ്പരാവുകയും തൊഴിലാളികള്‍ക്ക് എട്ടു മാസമായി വേതനം നല്‍കുന്നതില്‍ വീഴ്ചവരുത്തുകയും ചെയ്തതിന്റെ ഫലമായി ഇന്ത്യക്കാരും ബംഗ്ലാദേശികളുമായ നൂറിലധികം തൊഴിലാളികള്‍ ഭക്ഷണവും വെള്ളവുമില്ലാതെ വിദൂരസ്ഥലത്തുള്ള ക്യാംപില്‍ ഒറ്റപ്പെട്ടുകഴിഞ്ഞിരുന്നു. അവരില്‍ കുറേ പേരെ ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പ് ഇടപെട്ട് അവരവരുടെ നാടുകളിലേക്ക് അയച്ചു. അവശേഷിച്ച 72 ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഇന്ത്യന്‍ എംബസി കമ്പനിയുമായും ഗവണ്‍മെന്റുമായും ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. ഇങ്ങനെ തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികളുടെ പരാതി പരിഹരിക്കുന്നതില്‍ ഗള്‍ഫ് നാടുകളിലെ ഭരണാധികാരികള്‍ ആവശ്യമായ നടപടിക്രമങ്ങള്‍ ചെയ്തുവരുന്നുണ്ട്. ഓരോ കമ്പനിയും തുടങ്ങുമ്പോള്‍ കെട്ടിവയ്ക്കുന്ന ബാങ്ക് ഗ്യാരന്റി ഈ ആവശ്യത്തിനു വേണ്ടി ഗവണ്‍മെന്റ് ഉപയോഗിക്കുന്നുമുണ്ട്.

ഇന്ത്യൻ തൊഴിൽ മന്ത്രാലയവുമായി കുവൈത്ത് സർക്കാർ ഒരു ഉടമ്പടി ഒപ്പുവെച്ചിട്ടുണ്ട്. ഇതുപ്രകാരം ഒരു തൊഴിലാളി കുവൈത്തിൽ പ്രവേശിക്കുന്നതിന് മുൻപ് തന്നെ തൊഴിൽ കരാർ അംഗീകരിക്കേണ്ടതുണ്ട്.5.5 ലക്ഷം ഇന്ത്യക്കാർ കുവൈത്തിലെ സ്വകാര്യ മേഖലയിൽ മാത്രം ജോലി ചെയ്യുന്നുണ്ട്.ഇതിൽ 4223 പേർ മാത്രമാണ് കഴിഞ്ഞ ഒരു വർഷത്തിനിടക്ക്ഏതെങ്കിലും തരത്തിലുള്ള പരാതി നൽകിയത്.രാജ്യത്തിലെ എല്ലാ പ്രവിശ്യാ ഭരണ കേന്ദ്രത്തിലും തൊഴിലാളികളുടെ പരാതി സ്വീകരിക്കാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.ഓരോ തൊഴിലാളിക്കും വേണ്ടി തൊഴിൽ ഉടമ ബാങ്ക്  ഗ്യാരണ്ടി നൽകേണ്ടതുണ്ട്.ഏതെങ്കിലും കാരണ വശാൽ വേതനം നൽകുന്നത് മുടക്കിയാൽ ഈ ഗ്യാരണ്ടി തുകയിൽ നിന്ന് തൊഴിലാളിക്ക് സഹായം ലഭ്യമാകും.

Saudi king

അബുദാബിയിലെ ഒരു കമ്പനിയിലെ ഇന്ത്യ,ബംഗ്ളാദേശ്,പാകിസ്ഥാൻ ശ്രീ ലങ്കഎന്നിവിടങ്ങളിൽ നിന്നുള്ള നൂറോളം തൊഴിലാളികൾ കഴിഞ്ഞ നവംബർ മുതൽ ശമ്പളം ഒന്നും ലഭിക്കാതെ അടിമപ്പണി ചെയ്യുകയാണ്.അവരുടെ തൊഴിൽ കരാറിന്റെയും വിസയുടെയും ലേബർ കാർഡിന്റെയും റസിഡന്റ് ഐഡി കാര്ഡിന്റെയും കാലാവധി കഴിഞ്ഞിരിക്കുകയാണ്.ഇതൊന്നും പുതുക്കി നൽകാതെ കമ്പനിയുടമ അവരെക്കൊണ്ട് അടിമപ്പണി ചെയ്യിക്കുകയാണ്.ഇവരിൽ 15 പേർ തമിഴ് നാട്ടുകാരാണ്.ഇന്ത്യൻ എംബസി ഇവരുടെ ദുരന്ത കഥ ഇന്ത്യാ ഗവണ്മെന്റിനെ അറിയിച്ചിട്ടുണ്ട്.എന്തെങ്കിലും പരിഹാരമായോ എന്നറിയില്ല.ഫിലിപ്പൈൻസ് ആകട്ടെ തൊഴിൽ നഷ്ട്ടപ്പെട്ട അവരുടെ 97 തൊഴിലാളികളെ അടുത്തിടെ നാട്ടിലേക്ക് തിരിച്ചു കൊണ്ടുവന്നിരുന്നു.

പാപ്പരായ സൗദി ഓജർ കമ്പനി എല്ലാ ബാധ്യതകളോടും കൂടി മറ്റാരെങ്കിലും ഏറ്റെടുക്കുമായിരുന്നെങ്കിൽ ജോലി നഷ്ട്ടപ്പെട്ട തൊഴിലാളികൾക്ക് അവിടെ തന്നെ ജോലിയിൽ തുടരാൻ കഴിയുമായിരുന്നു.നേരത്തെ സൂചിപ്പിച്ചതുപോലെ സൗദി ഗവണ്മെന്റ് ഇത്തരം ഒരു നീക്കം നടത്തിയതായി സ്ഥിരീകരിക്കപ്പെടാത്ത വാർത്ത ഉണ്ടായിരുന്നു.അത് വിജയിച്ചിരുന്നു എങ്കിൽ തൊഴിലാളികൾക്ക് നാട്ടിലേക്ക് മടങ്ങേണ്ട സ്ഥിതിവിശേഷം ഒഴിവാക്കാമായിരുന്നു.

labour camp

കമ്പനികൾ പൂട്ടിപോകുന്നതിനു എണ്ണ വിലയിടിവ് മൂലമുള്ള സാമ്പത്തീക പ്രതിസന്ധി ഇടയാക്കിയിട്ടുണ്ടാകാം.ഇതിനു പുറമെ സ്വദേശി വൽക്കരണം മൂലം ഉളവായ തൊഴിൽ അനിശ്ചിതത്വം ഗൾഫ് നാടുകളിൽ നിന്ന് മലയാളികൾ ഉൾപ്പെടെയുള്ള മലയാളികൾ തിരിച്ചു വരേണ്ടി വരുന്ന ദുരവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്.

sushama-swaraj

തൊഴിൽ തേടി പോകുന്നതിനേക്കാൾ കൂടുതൽ ആളുകൾ ഇപ്പോൾ തൊഴിൽ നഷ്ട്ടപ്പെട്ട് തിരിച്ചു വരുന്നു.കുടിയേറ്റത്തിൽ നിന്ന് കുടിയിറക്കത്തിൻറെ പാതയിലാണ് നാം ഇപ്പോൾ.കൂട്ടം കൂട്ടമായ ഒരു തിരിച്ചു വരവ് ഇപ്പോഴോ സമീപ ഭാവിയിലോ പ്രതീക്ഷിക്കേണ്ടെങ്കിലും ഇപ്പോൾ നേരിയ തോതിൽ തിരിച്ചു വരുന്നവർ തന്നെ കേരളത്തിൻറെ സമ്പദ്ഘടനയിൽ വാൻ പ്രത്യാഘാതങ്ങൾ സൃഷ്ട്ടിച്ചുകൊണ്ടിരിക്കുന്നുണ്ട്.ഗൾഫ് പണ പ്രവാഹത്തിൻറെ ഒഴുക്ക് മന്ദ ഗതിയിൽ ആയാൽ കേരളത്തിൻറെ സമ്പദ്ഘടനയിലും നിർമ്മാണ രംഗത്തും, ഗതാഗതം, സേവനം,കച്ചവടംതുടങ്ങിയ മേഖലകളിലും വൻ പ്രത്യാഘാതം സൃഷ്ട്ടിക്കും.കൂടാതെ മതിയായ സമ്പാദ്യം ഒന്നും ഇല്ലാതെ അവിചാരിതമായി മടങ്ങി വരുന്നവരിൽ ഭൂരിപക്ഷവും കേരളത്തിലെ തൊഴിൽ ഇല്ലായ്മ പ്രശ്നം രൂക്ഷവും സങ്കീർണ്ണവും ആക്കും.ഗൾഫിൽ നിന്ന് മടങ്ങി വരുന്നവരെ പുനരധിവസിപ്പിക്കാൻ പ്രായോഗികമായ ഒരു പദ്ധതിയും ആവിഷ്ക്കരിച്ചു നടപ്പാക്കാൻ ഇതുവരെയും കേന്ദ്ര സംസ്ഥാന സർക്കാരുകൾ ആത്മാർത്ഥമായി ശ്രമിച്ചിട്ടില്ല.കേരളത്തിന് പേരിനെങ്കിലും ഒരു പ്രവാസികാര്യ വകുപ്പുണ്ട്.കേന്ദ്രത്തിൽ ഇപ്പോൾ അത് പോലും ഇല്ല.

jaleel3

2004 ൽ രൂപം കൊടുത്ത മിനിസ്ട്രി ഓഫ് ഓവർസീസ് ഇന്ത്യൻ അഫയേഴ്‌സ്(എം ഒ ഐ എ)ബി ജെ പി സർക്കാർ അധികാരത്തിൽ വന്നപ്പോൾ നിർത്തലാക്കി.വിദേശത്തു ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ ക്ഷേമം ഉറപ്പു വരുത്തുക എന്നത് പ്രധാനമായ ഒരു കടമയായി കേന്ദ്ര സർക്കാർ കാണുന്നില്ല എന്നർത്ഥം.ഓരോ വിദേശ രാജ്യത്തും എത്ര വീതം ഇന്ത്യക്കാരുണ്ടെന്ന കൃത്യമായ കണക്കു പോലും കേന്ദ്ര സർക്കാരിൻറെ കൈവശം ഇല്ല.അതുപോലെ എത്ര മലയാളികൾ ഓരോ ഗൾഫ് രാജ്യത്തും ജോലി ചെയ്യുന്നുണ്ടെന്ന കൃത്യമായ വിവരവും കേരളം സർക്കാരിൻറെ പക്കൽ ഇല്ല.കേരളത്തിൽ നിന്ന് എത്ര പേർ ഗൾഫ് രാജ്യങ്ങളിലേക്ക് പോകുന്നു എന്നോ എത്രപേർ ജോലി നഷ്ടപ്പെടും അല്ലാതെയും മടങ്ങി വന്നു എന്നോ കേരളാ സർക്കാരിനും അറിയില്ല.ഗൾഫിൽ ജോലി ചെയ്യുന്ന മലയാളികളുമായും മറ്റു വിദഗ്ദ്ധരുമായും കൂടിയാലോചിച്ചു ഒരു ക്രിയത്മക പുനരധിവാസ പദ്ധതി ആവിഷ്‌ക്കരിക്കേണ്ട സമയം വൈകി.ഈ പ്രതിസന്ധി ഘട്ടത്തിലെങ്കിലും സർക്കാർ ഇക്കാര്യം ഗൗരവമായി കണക്കിലെടുക്കണം എന്നാണ് പ്രവാസി മലയാളികൾ ആവശ്യപ്പെടുന്നത്.

Comments

comments