Breaking News

ടി.മുരളി;ചരിത്രത്തിൽ ഇടപെട്ട ചിത്രകാരൻ

t murali66

ഹരീഷ്കുമാർ.വി

ചിത്രങ്ങൾ വെറും അലങ്കാരങ്ങളും മസാലക്കൂട്ടുകളുമല്ല, സാംസ്കാരിക നവീകരണത്തിൽ ചിത്രങ്ങൾക്ക് മുഖ്യമായ പങ്കുണ്ടെന്നും, ചിത്രം ഒരു കലാകാരന്റെ ചിന്തകളുടെ ഇരിപ്പിടമാണെന്നും വിശ്വസിക്കുകയും സ്ഥാപിക്കുകയും ചെയ്ത ചിത്രകാരനാണ് ടി.മുരളി. ഒരു വലിയ സാംസ്കാരിക തിരിച്ചറിവിന്റെ വഴിത്തിരിവിൽ തന്റേതായ ചില അടയാളപ്പെടുത്തലുകൾ അദ്ദേഹം ഇതിനകം നടത്തിക്കഴിഞ്ഞു.

image77

ചരിത്രകാരന്മാർ അല്ലാത്ത ചരിത്രത്തിൽ ഇടപെട്ട കലാകാരന്മാരെ കാലം ഓർക്കും .കുമാരനാശാൻ കേവലം ഒരു കവി എന്നതിനപ്പുറം അദ്ദ്ദേഹം ചരിത്രത്തിൽ ഇടപെട്ട ഒരു കവി ആയതുകൊണ്ടാണ് മറ്റു കവിത്രയങ്ങൾക്കു ലഭിക്കാത്ത ഒരു സ്ഥാനം അദ്ദേഹത്തിന് പിന്നീടുള്ള സാഹിത്യ ചരിത്രത്തിൽ  ഉണ്ടാക്കി കൊടുത്തത്.വീണ പൂവിൽ സാമ്പ്രദായിക രചനാസമ്പ്രദായങ്ങളോട് കലഹിച്ചുകൊണ്ടു കടന്നു വന്ന ആശാൻ ദുരവസ്ഥയിൽ എത്തുമ്പോൾ നിലവിലുള്ള സാമൂഹ്യ വ്യവസ്ഥക്കെതിരെയും തീഷ്ണമായി കലഹിക്കുന്നു.അതുകൊണ്ടാണ് ചാത്തനാത്ത് അച്യുതൻ “വീണ പൂവ് ദുരവസ്ഥയുടെ ജനനത്തിനു മുൻപുള്ള പേറ്റു നോവുകൾ മാത്രമായിരുന്നു” എന്ന് നിരീക്ഷിച്ചത്.ദളിത് സാഹിത്യം അല്ലെങ്കിലും ദളിതനെ മനുഷ്യനായി അംഗീകരിച്ചു അവതരിപ്പിച്ച ആദ്യത്തെ സൃഷ്ടിയാണ് “ദുരവസ്ഥ”.അതുകൊണ്ടു തന്നെയാണ് ആശാന്റെ മറ്റെല്ലാ കവിതകളും പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുമെങ്കിലും ദുരവസ്ഥ ഉൾപ്പെടുത്താത്തതും പണ്ട് .കേരളാ യൂണിവേഴ്സിറ്റി പാഠപുസ്തകം ആക്കിയതും പിൻവലിച്ചതും.

അതുകൊണ്ട് അക്കാദമിക് ചരിത്രത്തിനു അപ്പുറം തമ്സ്കരിക്കപ്പെട്ട കീഴാള ജനതയുടെ ചരിത്രവും സംസ്കാരവും പഠനവിധേയമാക്കേണ്ടതും അതിൻറെ പുനർരചന നിർവഹിക്കേണ്ടതും നാം ഓരോരുത്തരുടെയും കടമയാണ്.അതിൽ ഈ കലഘട്ടത്തിൽ ഏറ്റവും നിസ്തുലമായ സംഭാവന നൽകിയ ചിത്രകാരനാണ് ടി. മുരളി.

ചരിത്ര രചനയിൽ വരേണ്യ ചരിത്രകാരന്മാർ ഉപയോഗിച്ചിട്ടുള്ള പദപ്രയോഗങ്ങൾ ശ്രദ്ധിച്ചാൽ തന്നെ ഇവരുടെ മനോഭാവം വ്യക്തമാകും.ഇവിടുത്തെ അടിസ്ഥാന ജനത അവനു വഴി നടക്കാനും തുണി ഉടുക്കാനും മനുഷ്യനായി ജീവിക്കാനും വേണ്ടി നടത്തിയ സമരങ്ങളെല്ലാം അവർക്ക് “ലഹളകൾ” ആയിരുന്നു.(ചാന്നാർ ലഹള ,മാപ്പിള ലഹള , ഈഴവ ലഹള ,പുലയ ലഹളതുടങ്ങിയവ)അതെ സമയം ഇവിടുത്തെ നാട്ടു പ്രമാണിമാരോ ഫ്യൂഡൽ പ്രഭുക്കളോ അവർക്ക് നഷ്ട്ടപ്പെട്ട ചില അവകാശങ്ങൾക്ക് വേണ്ടി മാത്രം നടത്തുന്ന സമരങ്ങൾ എല്ലാം അവർക്കു മഹത്തായ സ്വാതന്ത്ര്യ സമരങ്ങളും ആയിരുന്നല്ലോ?ഒരു ജനതയുടെ ചരിത്രം നശിപ്പിച്ചാൽ മതി ആ ജനതയെ നശിപ്പിക്കാൻ.

അത്തരത്തിൽ നശിപ്പിക്കപ്പെട്ടിട്ടുള്ള നമ്മുടെ ചരിത്രത്തിന്റെ പുനർ രചനയിൽ ടി മുരളി അദ്ദേഹത്തിൻറെ പങ്കു നിർവഹിച്ചു എന്നതുകൊണ്ടാണ് അദ്ദേഹം ചരിത്രത്തിൽ ഇടപെട്ട ഒരു കലാകാരനായി തീർന്നത്.കീഴാള ചരിത്രത്ത്തിലെ ഏറ്റവും ത്രസിപ്പിക്കുന്ന അധ്യായമായ ചേർത്തലയിലെ നങ്ങേലിയെ അദ്ദേഹം ബി ബി സി യുടെ ശ്രദ്ധയിൽ വരെ എത്തിച്ചു’ .

t .murali88

ലോകചരിത്രത്തിൽതന്നെ വിചിത്രമായ ഒരു നികുതി നിഷേധത്തിൻറെ ധീരവും വികാരഭരിതവുമായ ഒരു പെൺ പ്രതിഷേധത്തിന്റെ കഥ 2 നൂറ്റാണ്ടിനു ശേഷം ലോകമാധ്യമ ശ്രദ്ധ നേടിയത് അദ്ദെഅഹത്തിന്റെ ഇടപെടലിലൂടെ ആയിരുന്നു. ബി ബി സി പോലും നങ്ങേലിയുടെ കഥ വാർത്തയാക്കി.

t.murali

അതിന് കാരണമായത് കണ്ണൂർ സ്വദേശി ടി. മുരളിയുടെ ചിത്രങ്ങളും.സാമ്പ്രദായിക ചരിത്രത്തിൽ കുഴിച്ചുമൂടപ്പെട്ട ഒറ്റയാൾ പ്രതിഷേധമായാണ് കീഴാള സ്ത്രീയായ നങ്ങേലിയുടെ കഥ പ്രചരിച്ചിരുന്നത്. അക്കാദമിക് ചരിത്രം കാണിച്ച ഈ നീതികേടിന്റെ ചിത്രങ്ങളാണ് മുരളി കൂടുതലും വരച്ചിട്ടുള്ളത്. അതിലൊന്നാണ് നങ്ങേലിയുടെയും ചിത്രം. ബി.ബി.സിയുടെ വെബ്സൈറ്റിൽ വന്ന വാര്ത്ത ഏറെ ശ്രദ്ധേയമായി. ഇപ്പോൾ മറ്റ് ദേശീയ മാധ്യമങ്ങളിലും വെബ്സൈറ്റുകളിലും സമൂഹമാധ്യമങ്ങളിലും നങ്ങേലിയുടെ ത്യാഗത്തെ പ്രകീർത്തിച്ചുകൊണ്ട് പ്രതികരണങ്ങൾ നിറയുന്നു.

തരിസാപ്പള്ളി ശാസനത്തിൽ  “മുലൈവില” എന്നാണിത് അറിയപ്പെടുന്നത്.മാനുഷയാവയവങ്ങൾക്കു വരെ നികുതി ഏർപ്പെടുത്തിയ തിരുവിതാങ്കൂറിലെ പൊന്നു തമ്പുരാന് വേണ്ടി നികുതിപിരിക്കാൻ വന്ന പ്രവൃത്ത്യാർക്ക് മുന്നിൽ തന്റെ മാറിടം മുറിച്ചുനല്കി പ്രതിഷേധിച്ച് മരിക്കുകയായിരുന്നു നങ്ങേലി.മരണ വാർത്തയറിഞ്ഞെത്തിയ നങ്ങേലിയുടെ ഭർത്താവ് കണ്ടപ്പനും നങ്ങേലിയെ ദഹിപ്പിച്ച ചിതയിൽ ചാടി മരിച്ചു.ഈ കീഴാള ചരിത്രം പശ്ചാത്തലമാക്കി അക്രിലിക്കിലാണ് മുരളി ചിത്രരചന നടത്തിയത്. ഇംഗ്ലീഷ് പത്രങ്ങളിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിലാണ് ബി .ബി.സി. ഇദ്ദേഹവുമായി ബന്ധപ്പെടുന്നത്.തുടർന്നായിരുന്നു അന്ന് വിശദമായ വാർത്ത നനൽകിയത്.

t.murali75

ഇന്ത്യയുടെ പിന്നോക്കാവസ്ഥക്കും അസമത്വ വ്യവസ്ഥിതിക്കും സാംസ്കാരിക ജീർണ്ണതക്കും കാരണമായ ജാതി സമ്പ്രദായത്തിന്റെയും ജാതി ദുരഭിമാനങ്ങളുടെയും വ്യാജ വംശീയ ബോധം അതിന്റെ നരാധമമായ ലക്ഷ്യങ്ങളുമായി ഇപ്പോഴും സജീവമായി നിലകൊള്ളുന്നുണ്ടെങ്കിൽ അതിന്റെ കാരണം സമൂഹത്തിന്റെ ജാഗ്രതയില്ലായ്മയാണ്. ചരിത്രത്തെക്കുറിച്ചുള്ള അറിവില്ലായ്മയാണ്. കള്ള പുരാണേതിഹാസങ്ങളെ ചരിത്രമാണെന്ന് കരുതുന്ന ജനങ്ങളുടെ ബാലിശമായ ബോധ നിലവാരമാണ്. ചെറിയൊരു ലജ്ജ പോലും തോന്നാത്ത വിധം ഇന്ത്യൻ സമൂഹം അടിമത്വത്തെ രാഷ്ട്രീയമായും ജനാധിപത്യമായും തെറ്റിദ്ധരിച്ചിരിക്കുന്നു.എന്ന് വിലയിരുത്തുന്ന അദ്ദേഹം കണ്ണൂർ കക്കാട് സ്വദേശിയാണ്.ഇത്തരമൊരു അവസ്ഥയിൽ നിന്നുകൊണ്ട് തന്നാൽ കഴിയുന്ന ഇടപെടലാണ് ഈ കലാകാരൻ നടത്താൻ ശ്രമിക്കുന്നത്.തിരുവനന്തപുരം ഫൈൻ  ആർട്സ് കോളേജിൽ നിന്ന് പെയിന്റിങ്ങിൽ ബി.എഫ്.എ. ബിരുദവും ടി.മുരളി നേടിയിട്ടുണ്ട്. കേരളത്തിലങ്ങോളമിങ്ങോളം നവോത്ഥാന ചിത്രപ്രദർശനങ്ങൾ നടത്തിവരികയാണ് ഇദ്ദേഹം.

Comments

comments