ജീവൻ പണയപ്പെടുത്തി ഇന്ത്യൻ പത്ര പ്രവർത്തക മാലിനി കാണിച്ച ധീരതയ്ക്കുള്ള മാധ്യമ അവാർഡ് | CPJ award Winner Indian Journelist Malini Subrahmaniam

malini-subramaniam

ലിബി.സി.എസ്

ഇത്തവണത്തെ സിപിജെ അവാർഡിന്‌ അർഹയായത്‌ മാലിനി സുബ്രഹ്മണ്യമാണ്‌. സ്ക്രോൾ ഡോട്ട്‌ ഇൻ എന്ന ഓൺലൈൻ പത്രത്തിനുവേണ്ടി മാലിനി നടത്തിയ റിപ്പോർട്ടിങ്ങിനാണ്‌ അവാർഡ്‌ ലഭിച്ചത്‌. കമ്മിറ്റി ടു പ്രൊട്ടക്ട്‌ ജേർണലിസ്റ്റ്‌ നാലുപേരെയാണ്‌ ഇന്റർനാഷണൽ പ്രസ്‌ ഫ്രീഡം അവാർഡിന്‌ തിരഞ്ഞെടുത്തത്‌. ഈജിപ്ത്‌, ടർക്കി, എൽ സാൽവദോർ, ഇന്ത്യ എന്നീ രാജ്യങ്ങളിലുള്ള പത്രപ്രവർത്തകർക്കാണ്‌ ഇത്തവണ അവാർഡ്‌ നൽകിയത്‌. ആ അവാർഡിന്‌ ഇന്ത്യയിൽ നിന്നും അർഹയായത്‌ മാലിനി സുബ്രഹ്മണ്യവും.മാലിനിക്ക്‌ പുറമെ ഈജിപ്തിൽ നിന്നുള്ള ഫ്രീലാൻഡ്‌ ഫോട്ടോഗ്രാഫർ മെഹമൂദ്‌ അബുസെയ്ദ്‌, ടർക്കിയിലെ ദിനപത്രമായ കുംഹുറിയത്തിന്റെ പത്രാധിപർ കൻ ഡ്യൂൻദാർ, എൽ സാൽവദോറിലെ അന്വേഷണാത്മക റിപ്പോർട്ടർ ഓസ്കാർ മർട്ടിനസ്‌ എന്നിവരാണ്‌ മറ്റ്‌ അവാർഡ്‌ ജേതാക്കൾ.

malini's vehicle22

പത്രപ്രവർത്തനം പലവിധത്തിലുണ്ട്‌. വലിയ വെല്ലുവിളികളൊന്നും നേരിടാതെ സാധാരണ റിപ്പോർട്ടിങ്‌ നടത്തുന്നവരും സംഘർഷഭരിതമായ മേഖലകളിൽ റിപ്പോർട്ടിങ്‌ നടത്തുന്നവരും അന്വേഷണാത്മക റിപ്പോർട്ടിങ്‌ നടത്തുന്നവരുമൊക്കെയായി പലതരം പത്രപ്രവർത്തകർ ഈ മേഖലയിലുണ്ട്‌. വളരെ പ്രതിബദ്ധതയോടെ ചില പ്രത്യേക ലക്ഷ്യത്തോടെ ബോധപൂർവമായ പത്രപ്രവർത്തനം നടത്തുന്നവർക്ക്‌ അംഗീകാരങ്ങളെക്കാൾ അധികം ലഭിക്കുക ഭീഷണിയും ജീവൻവരെ അപായപ്പെടുത്തലുമാണ്‌.

Jagdalpur Adivas-3

ലോകത്തിന്‌ മുൻപിൽ തങ്ങളുടെ സമൂഹത്തിൽ നടക്കുന്ന ഏറ്റവും നിർണായകമായ സംഭവവികാസങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നതിലൂടെ ഈ പത്രപ്രവർത്തകർ അവരുടെ സ്വാതന്ത്ര്യത്തെയും ചിലപ്പോൾ ജീവിതം തന്നെയുമാണ്‌ അപകടപ്പെടുത്തുന്നത്‌. മാലിനി സുബ്രഹ്മണ്യം ഛത്തീസ്ഗഢിലെ മാവോ കേന്ദ്രമായ ബസ്തറിൽ നിന്നും തുടരെ തുടരെ വാർത്തകൾ റിപ്പോർട്ട്‌ ചെയ്യുകയുണ്ടായി. സംഘർഷബാധിതമായ പ്രദേശത്ത്‌ നിന്നും വളരെ അപായസാധ്യത നേരിട്ടാണ്‌ അവർ ഇത്‌ ചെയ്തത്‌.

malinisubramanyam-207x191

ബസ്തറിൽ മാവോ ആക്രമണത്തെ തടയാനെന്നപേരിൽ ഭരണകൂടങ്ങൾ നിയമലംഘനങ്ങൾ നടത്തുന്നതടക്കം മാലിനി തന്റെ റിപ്പോർട്ടിങ്ങിലൂടെ തുറന്നുകാണിക്കുകയുണ്ടായി. മനുഷ്യാവകാശ ലംഘനങ്ങൾ ഒന്നൊന്നായി പുറംലോകം അറിഞ്ഞത്‌ മാലിനിയുടെ റിപ്പോർട്ടിങ്ങിലൂടെയാണ്‌. ഇത്‌ അവരെ ഒരേസമയം മാവോവാദികളുടെയും സർക്കാരിന്റെയും നോട്ടപ്പുള്ളിയും ശത്രുവുമാക്കി മാറ്റി. ചെകുത്താനും കടലിനുമിടയിൽപ്പെട്ട ബസ്തറിലെ മനുഷ്യർക്ക്‌ അവരുടെ ശബ്ദം മാലിനിയിലൂടെ പുറത്തുവരുന്നതിൽ വലിയ ആശ്വാസമായിരുന്നു. എന്നാൽ മാലിനി താമസിക്കുന്ന വീടിനുനേരെ കല്ലേറും ആക്രമണവുമുണ്ടായതോടെ അവർക്ക്‌ വീട്ടിൽ നിന്നും മാറിപ്പോകേണ്ടിവന്നു. സുരക്ഷാസേനയുടെ അഴിഞ്ഞാട്ടം കാരണം ജനങ്ങൾ ഭയചകിതരായാണ്‌ ദിവസങ്ങൾ തള്ളിനീക്കുന്നത്‌. ഇതിനെതിരെ ശബ്ദമുയർത്തുന്നവരെ മാവോയിസ്റ്റുകളായി ചിത്രീകരിച്ച്‌ ഇല്ലായ്മ ചെയ്യുന്ന സംഭവങ്ങൾ മാലിനി പുറത്തുകൊണ്ടുവന്നു. ആദിവാസികളെ അക്ഷരം പഠിപ്പിച്ചിരുന്ന സോണി സോഡി നേരിട്ട ക്രൂരതകൾ മാലിനിയിലൂടെയാണ്‌ ലോകമറിഞ്ഞത്‌. ഇത്തരത്തിൽ ജയിലഴിക്കുള്ളിൽ കഴിയുന്ന നിരപരാധികൾക്കുവേണ്ടി പൊതുസമൂഹ മനഃസാക്ഷി ഉണർത്താൻ മാലിനിയുടെ റിപ്പോർട്ടിങ്ങിനായി. ഇതോടെ മാലിനിക്ക്‌ പിന്തുണയുമായി അഭിഭാഷക സമൂഹവും മാധ്യമപ്രവർത്തകരും രംഗത്തെത്തി.

malini22

ബസ്തറിൽ നിന്നും പെൺകുട്ടികളെ കടത്തിക്കൊണ്ടുപോകുന്ന സംഭവവും മാവോയിസ്റ്റ്‌ കീഴടങ്ങലിന്റെ അന്തർ നാടകങ്ങളും മാലിനി പുറത്തുകൊണ്ടുവന്ന വിവാദ വാർത്തകളാണ്‌. ഗ്രാമീണർക്ക്‌ സുരക്ഷ ഉറപ്പാക്കേണ്ട ഭരണകൂടവും സൈന്യവും അവിടെ ഭീകരത സൃഷ്ടിച്ച്‌ അഴിഞ്ഞാടുന്ന കാഴ്ച മാലിനി വ്യക്തമായ തെളിവുകളോടെയാണ്‌ റിപ്പോർട്ട്‌ ചെയ്തത്‌. എന്നാൽ ഇക്കാര്യത്തിൽ സത്യസന്ധമായ അന്വേഷണം നടത്തുന്നതിന്‌ പകരം മാലിനിക്കെതിരെ ആക്രമണം നടത്താൻ പ്രേരിപ്പിക്കുകയാണ്‌ അവർ ചെയ്തത്‌. മാലിനിയുടെ വിവാദ റിപ്പോർട്ടിങ്ങുകൾക്കുമേൽ മനുഷ്യാവകാശ സംഘടനകൾ അന്വേഷണ നടപടികൾ ആരംഭിച്ചിട്ടുണ്ട്‌. സ്വന്തം ജീവൻ പണയപ്പെടുത്തി മാലിനി കാണിച്ച ധീരതയ്ക്കുള്ള മാധ്യമ അവാർഡാണ്‌ ഇന്നവർക്ക്‌ ലഭിച്ചിരിക്കുന്നത്‌.

Comments

comments

Smiley face
Smiley face
Seo wordpress plugin by www.seowizard.org.