Breaking News

കോടതി ഇനിയും വീണ്ടും വീണ്ടും ചോദിക്കും തെളിവ് താ.. നമ്മൾ മുഴിച്ച് മേപ്പാട്ട് നോക്കും

saumya-govindachammi

അഡ്വ.കുക്കു ദേവകി

എന്തോരം പുരുഷാരമായിരുന്നു അന്ന് കോടതിയിൽ….ഗോവിന്ദച്ചാമിയെ ശിക്ഷിച്ച ദിവസം… ചിലർ മണ്ണെടുത്തെറിയുന്നു ചിലർ കല്ലെടുത്തെറിയുന്നു ചിലരാകട്ടെ ഇട്ടിരുന്ന ചെരിപ്പൂരി എറിയുന്നു… യൂത്ത് കോൺഗ്രസ് പായലുകളുമുണ്ടായിരുന്നു.. അവർ പോലീസിന്റെ കണ്ണും വെട്ടിച്ച് ഗോവിന്ദച്ചാമിയെ അടിക്കാൻ ശ്രമിക്കുന്നു.. പോലീസാകട്ടെ പായലുകളെയെല്ലാം തുരത്തി വിജയീ ഭാവത്തിൽ ചാമിയെ സുരക്ഷിതമായി ജയിലിലേക്കെത്തിച്ചു…

ഒറ്റ ദിവസം കൊണ്ട് പുണ്യാളൻ മാരായ നമ്മുടെ ചേട്ടൻമാരെക്കണ്ട് കോൾമയിർക്കൊണ്ട കോടതിയിലുണ്ടായിരുന്ന ഈയുള്ളവൾ ഇനി ഒരിക്കലും ഇതുപോലെയൊന്നുണ്ടാവില്ല എന്ന അത്യാഹ്ലദത്തോടെ ഓഫീസിലേക്കും പോന്നു…. എന്നിട്ടോ… നമ്മളിപ്പോൾ “ജിഷ ” വരെയെത്തി… ഇന്നിപ്പോൾ സൗമ്യ കേസ്സിൽ തെളിവു ചോദിക്കുന്നു കോടതി.. ഒരു തെളിവോ വെളിവോ ഇല്ലാതെ സർക്കാർ വക്കീലും….സൂര്യനെല്ലി കേസ്സു മുതൽ പരിശോധിക്കുക എന്തായിരുന്നു കോടതിയുടെ നിലപാട്… ഒരു തിരിച്ചറിയിൽ പരേഡിനു പോലും നിറുത്താതെ നേരെ അദ്ദേഹത്തെ കൊണ്ടുപോയി ഇരുത്തിയത് എല്ലാവർക്കും തിരിച്ചറിയാനായി രാജ്യസഭാ ഉപാധ്യക്ഷ പദവിയിൽ…

ബലാത്സംഗ കേസ്സിലെ തെളിവുകൾ ഇര തന്നെ കോടതിയിലെത്തിക്കണമെന്നു വന്നാൽ എന്താ ചെയ്യാ? വിതുര പെൺകുട്ടി എനിക്ക് കോടതി കയറാൻ വയ്യേയെന്ന് പറഞ്ഞ് ഓടിയൊളിച്ചു.. കവിയൂർ ,കിളിരൂർ, ഐസ് ക്രീം പാർലർ… അങ്ങനെ നീണ്ടുപോകുന്നു….. ഇന്നിപ്പോ ഒരു ചാനൽ ചർച്ചയിൽ ഒരു വക്കീൽ പറയുന്നതു കേട്ടു ഞാനെന്തെങ്കിലും പറഞാൽ പ്രതിഭാഗം അത് ഉപയോഗിച്ചാലോയെന്ന്…. അത് നമ്മുടെ കേസ്സിനെ ദോഷമായി ബാധിക്കുമെന്ന്…

നിങ്ങൾ പറഞ്ഞാലും കൊള്ളാം പറഞ്ഞില്ലെങ്കിലും കൊള്ളാം.. കാര്യങ്ങളെല്ലാം തഥൈവ ച…. ഈ പോലീസുണ്ടാക്കുന്ന കഥകളല്ലേ കോടതിയിലെത്തുന്നത് !! പോലീസാണെങ്കിൽ ഇത്തരമൊരു കേസിൽ ഭൂതക്കണ്ണാടി വെച്ച് പെൺകുട്ടി / സ്ത്രീയുടെ സദാചാരം പരിശോധിച്ച് ഉറപ്പു വരുത്തി കൊണ്ടേ യിരിക്കും…. എന്നിട്ട് കോടതിയിലെത്തിയാലോ അവിടെയും സദാചാരം തന്നെ വിഷയം…. സൂര്യനെല്ലി പെൺകുട്ടിയെ “ബാലവേശ്യാ ” എന്നു വിളിച്ച കോടതിയുണ്ട് നമുക്ക്… ഗോവിന്ദച്ചാമിയെ തൂക്കിലേറ്റണമെന്ന ആഗ്രഹമൊന്നും എനിക്കില്ല… വധശിക്ഷ വിരുദ്ധയാണ് ഞാൻ… പക്ഷെ സൗമ്യയുടെ ഘാതകന് തക്കതായ ശിക്ഷ കിട്ടുകയും വേണം….

ഇനി അടുത്തത് ജിഷ കേസാണ് അതിനൊരു ഉഡായിപ്പ് കഥയും പ്രതിയുമായി വീണ്ടും കോടതിയിലേക്ക്… എന്നിട്ട് കോടതി വീണ്ടും വീണ്ടും ചോദിക്കും തെളിവ് താ.. നമ്മൾ മുഴിച്ച് മേപ്പട്ട് നോക്കും…

Comments

comments