Breaking News

സൗമ്യയ്ക്ക് നീതി ലഭിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് സഹോദരനും അമ്മയും

soumya-and-mother

മകള്‍ക്കു നീതി കിട്ടിയില്ലെങ്കില്‍ താനും മകനും ആത്മഹത്യ ചെയ്യുമെന്ന് സൗമ്യയുടെ അമ്മ സുമതി. സൗമ്യയെ ട്രെയിനില്‍നിന്ന് തള്ളിയിട്ടതിനു തെളിവുണ്ടോയെന്ന സുപ്രീം കോടതിയുടെ പരാമര്‍ശമറിഞ്ഞു പ്രതികരിക്കുകയായിരുന്നു അവര്‍.സഹോദരിക്ക് നീതി ലഭിക്കാത്ത ഈ സമൂഹത്തില്‍ തങ്ങള്‍ ജീവിച്ചിരുക്കുന്നതെന്തിനെന്ന് സൗമ്യയുടെ സഹോദരന്‍ സന്തോഷും ചോദിച്ചു. തന്റെ മകള്‍ ഒരിക്കലും സ്വമേധയാ ട്രെയിനില്‍ നിന്നു ചാടില്ലെന്നു സുമതി പറഞ്ഞു. അവള്‍ക്കിഷ്ടപ്പെട്ട വിവാഹം ഉറപ്പിച്ചശേഷം അവള്‍ ആത്മഹത്യചെയ്യുന്നതെന്തിനെന്നു സുമതി ചോദിച്ചു.

പബ്ലിക് പ്രോസിക്യൂട്ടര്‍ എ.സുരേശന്‍ തന്നെ കേസ് വാദിക്കണമെന്നായിരുന്നു തങ്ങളുടെ ആവശ്യം. എന്നാല്‍ കേന്ദ്രം ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാര്‍ അത് തള്ളുകയായിരുന്നുവെന്നും സന്തോഷ് പറയുന്നു. അവര്‍ ഏര്‍പ്പെടുത്തുന്ന പ്രൊസിക്യുട്ടറെ വെച്ച് വാദിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധം പിടിച്ചു. പുതിയ പബ്ലിക് പ്രൊസിക്യൂട്ടര്‍ക്ക് കേസിനെക്കുറിച്ച് ഒന്നും അറിയില്ലെന്നും സൗമയ്യുടെ കുടുംബം പറയുന്നു. അഡ്വ. സുരേശനെത്തന്നെ വീണ്ടും കേസ് ഏല്‍പിക്കാന്‍ തങ്ങള്‍ വീണ്ടും അപേക്ഷ നല്‍കുമെന്നും അവര്‍ പറഞ്ഞു.

സൗമ്യ വധക്കേസില്‍ ദൃക്‌സാക്ഷി മൊഴികളും മെഡിക്കല്‍ റിപ്പോര്‍ട്ടും ചേര്‍ത്തു വായിച്ച ജസ്റ്റിസ് സുപ്രീം കോടതി ബെഞ്ചിനുമുന്നില്‍ നിരവധി സംശയങ്ങളാണ് ഉയര്‍ന്നുവന്നത്. കൊല്ലപ്പെടാന്‍ കാരണമായ പരുക്കിനെ സംബന്ധിച്ചാണ് അതില്‍ ഏറ്റവും പ്രധാനം. ട്രെയിനില്‍നിന്നു പരുക്കേറ്റ ശേഷമാണു സൗമ്യയെ ഗോവിന്ദച്ചാമി തള്ളിയിട്ടതെന്ന് പൊലീസ് പറയുമ്പോഴും ഇത് കൃത്യമായി സ്ഥാപിക്കുന്നതിന് ആവശ്യമായ തെളിവുകള്‍ നിരത്താന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നത് അനേ്വഷണ സംഘത്തിന്റെ പരാജയമാണ്.

സൗമ്യ ചാടിയതാണെന്നും ഗോവിന്ദച്ചാമി തള്ളിയിട്ടതാണെന്നുമുള്ള മൊഴികളിലെ യാഥാര്‍ഥ്യം കണ്ടെത്താന്‍ അനേ്വഷണ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നത് കേസനേ്വഷണത്തിലെ ന്യൂനതയായി. സൗമ്യക്ക് ആദ്യം പരുക്കേറ്റത് ട്രെയിനിലെ കമ്പാര്‍ട്ട്‌മെന്റില്‍നിന്നു തന്നെയാണെന്നാണ് അനേ്വഷണ റിപ്പോര്‍ട്ടിലുള്ളത്. പുറത്തുവച്ചുണ്ടായ രണ്ടാമത്തെ പരുക്കാണ് മരണ കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെങ്കിലും ആദ്യത്തേത് മരണ കാരണമായിട്ടില്ലെന്ന് തെളിയിക്കാന്‍ അനേ്വഷണ സംഘം പരാജയപ്പെട്ടു. സൗമ്യ ചാടിയതാണെങ്കില്‍ ആദ്യമേറ്റ പരുക്കും മരണത്തിന് കാരണമാകില്ലേയെന്ന ബെഞ്ചിന്റെ ചോദ്യത്തിന് പ്രോസിക്യൂഷന് വ്യക്തമായ മറുപടിയുണ്ടായിരുന്നില്ല.

<1980 ല്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയില്‍ കൊലപാതകവുമായി ബന്ധപ്പെട്ട പരുക്കുകളെക്കുറിച്ച് നിര്‍വചിക്കുന്നുണ്ട്. ഇതുപ്രകാരം, മരണത്തിലേയ്ക്ക് നയിച്ച നിരവധി മുറിവുകള്‍ ശരീരത്തിലുണ്ടെങ്കില്‍ അതില്‍ ആദ്യത്തേതാണ് ഏറ്റവും ഗുരുതരമായികണക്കാക്കുക. മറ്റു മുറിവുകള്‍ ആദ്യത്തേതിന് അനുബന്ധമായി മാത്രമേ കണക്കാക്കൂ.

അല്ലാത്തപക്ഷം, ആദ്യത്തെ മുറിവല്ല മരണ കാരണമെന്ന് അനേ്വഷണഉദ്യോഗസ്ഥര്‍ തെളിയിക്കേണ്ടിവരും. സൗമ്യയുടെ കേസില്‍ അനേ്വഷണ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഇതുണ്ടായില്ല. ഇതേക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും പ്രോസിക്യൂഷന് ശാസ്ത്രീയമായ തെളിവുകള്‍ നിരത്തി മറുപടി പറയാനായില്ല. അതേസമയം, ഇത്തരം വിഷയങ്ങള്‍ വിചാരണകോടതിയും െഹെക്കോടതിയും പരിഗണിക്കാതെ പോയതെന്തെന്നുള്ള ആശങ്കകള്‍ നിയമവൃത്തങ്ങള്‍ ഉന്നയിക്കുന്നുണ്ട്.

സുപ്രീം കോടതി പരമാര്‍ശത്തെ തുടര്‍ന്ന് സര്‍ക്കാരിനെതിരെ മുന്‍ പ്രോസിക്യൂട്ടര്‍ എ.സുരേശന്റെ രൂക്ഷവിമര്‍ശം. സൗമ്യ കേസില്‍ തൃശൂര്‍ അതിവേഗ കോടതിയില്‍ സര്‍ക്കാരിന് വേണ്ടി ഹാജരായത് അഡ്വ. എ. സുരേശനായിരുന്നു. സൗമ്യയെ ഗോവിന്ദച്ചാമി ട്രെയിനില്‍നിന്ന് തള്ളിയിട്ടതിന് തെളിവ് എവിടെയെന്ന ചോദ്യത്തിന് സര്‍ക്കാര്‍ നിയമിച്ച പ്രോസിക്യൂട്ടര്‍ വ്യക്തമായ മറുപടി നല്‍കാതിരുന്നതാണ് കേസിന് വഴിത്തിരിവാകുന്ന രീതിയില്‍ സുപ്രീം കോടതിയുടെ പ്രത്യേക പരാമര്‍ശത്തിനിടയാക്കിയത്.

സര്‍ക്കാര്‍ നിര്‍ദേശപ്രകാരം കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സുപ്രീം കോടതിയില്‍ ഹാജരായ പ്രോസിക്യൂട്ടര്‍ക്ക് െകെമാറിയിരുന്നതായും അഡ്വ. സുരേശന്‍ പറഞ്ഞു. തൃശൂര്‍ അതിവേഗ കോടതിയില്‍ കേസില്‍ ഹാജരായ തന്റെ സംഘത്തിലെ ആരെയെങ്കിലും പ്രോസിക്യൂഷനെ സഹായിക്കാന്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. പ്രോസിക്യൂഷനെ സഹായിക്കാന്‍ തയാറാണെന്നും അറിയിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം നിരാകരിക്കപ്പെട്ടു. അതിനാലാണ് സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകന് വേണ്ടവിധത്തില്‍ മറുപടിനല്‍കാന്‍ സാധിക്കാതിരുന്നതെന്നും സുരേശന്‍ പറഞ്ഞു.

സൗമ്യവധക്കേസില്‍ കീഴ്‌ക്കോടതിയില്‍ ഹാജരായ അഡ്വ. എ. സുരേശനെതന്നെ സുപ്രീം കോടതിയിലും ഹാജരാക്കണമെന്ന് സൗമ്യയുടെ അമ്മ സുമതിയും ആവശ്യപ്പെട്ടിരുന്നു. സുരേശനെ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നു മാറ്റിയതു തന്നെ അറിയിച്ചില്ലെന്നും സുമതി പറയുന്നു.

Comments

comments