Breaking News

തലസ്ഥാനത്ത് ഓണം വാരാഘോഷത്തിന് ഇന്ന് ഘോഷ യാത്രയോടെ സമാപനം

onam42

ഈവര്‍ഷത്തെ ഓണം വാരാഘോഷത്തിന് സമാപനം കുറിച്ചുള്ള സാംസ്കാരിക ഘോഷയാത്ര ഞായറാഴ്ച നടക്കും. വൈകിട്ട് അഞ്ചരയ്ക്ക് വെള്ളയമ്പലത്ത് മാനവീയം വീഥിയില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം ഫ്ളാഗ് ഓഫ് ചെയ്യും. ടൂറിസംമന്ത്രി എ സി മൊയ്തീന്‍ വാദ്യോപകരണമായ ‘കൊമ്പ്’ മുഖ്യകലാകാരന് കൈമാറും. കുറ്റമറ്റ സുരക്ഷാക്രമീകരണങ്ങളാണ് സമാപനഘോഷയാത്രയുടെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. കേരളത്തിന്റെ നാടന്‍കലകളുടെയും ഇതര കലാവിഭാഗങ്ങളുടെയും സമ്പന്നമായ സമ്മേളനമാകും മണിക്കൂറുകള്‍ നീളുന്ന ഘോഷയാത്ര. വൈകിട്ട് അഞ്ചരയ്ക്ക് ആരംഭിക്കുന്ന ഘോഷയാത്ര രാത്രി എട്ടോടെ കിഴക്കേകോട്ടയിലാണ് സമാപിക്കുക.

ടൂറിസം വാരാഘോഷത്തിന്റെ സമാപനം ഗവര്‍ണര്‍ പി സദാശിവം ഉദ്ഘാടനംചെയ്യും. മുത്തുക്കുടയേന്തിയ കേരളീയവേഷം ധരിച്ച 100 പുരുഷന്മാര്‍ അശ്വാരൂഢ സേനയ്ക്ക് പിന്നിലായി ചേരും. 46 ഇനം കേരളീയ നാടന്‍കലാരൂപങ്ങളും 75 ഫ്ളോട്ടും ഉള്‍പ്പെടെ 150ല്‍പ്പരം ദൃശ്യ– ശ്യാവ്യകലാരൂപങ്ങളും ഘോഷയാത്രയില്‍ അണിനിരക്കും. കേരളീയ കലാരൂപങ്ങള്‍ക്ക് പുറമെ ഒഡിഷ, ഗുജറാത്ത്, മധ്യപ്രദേശ്, ഹരിയാന, കര്‍ണാടക, പുതുച്ചേരി, ആന്ധ്രപ്രദേശ്, തെലുങ്കാന, തമിഴ്നാട് സംസ്ഥാനങ്ങളുടെ വിവിധ കലാരൂപങ്ങളും ചരിത്രത്തിലാദ്യമായി ഓണം സാംസ്കാരിക ഘോഷയാത്രയുടെ ഭാഗമാകും.
ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചാണ് ഫ്ളോട്ടുകള്‍ അവതരിപ്പിക്കുക.

സുരക്ഷാക്രമീകരണങ്ങള്‍ക്കായി കുറ്റമറ്റ സംവിധാനങ്ങള്‍ ഒരുക്കി. മഫ്തി പൊലീസ്, വനിതാ, പിങ്ക് ബീറ്റ് പൊലീസ്, ക്രമസമാധാന സേന തുടങ്ങിയവ ഘോഷയാത്ര നടക്കുന്ന മേഖലകളില്‍ പ്രവര്‍ത്തനമാരംഭിച്ചു. സര്‍ക്കാര്‍, പൊതു, സ്വകാര്യ, ബാങ്കിങ് എന്നീ മേഖലകളായി തിരിച്ച് മികച്ച ഫ്ളോട്ടുകള്‍ക്ക് സമ്മാനങ്ങള്‍ നല്‍കും. ഘോഷയാത്ര യൂണിവേഴ്സിറ്റി കോളേജ് പിന്നിട്ട ശേഷം നിശാഗന്ധിയില്‍ നടക്കുന്ന സമ്മേളനത്തില്‍ ഗവര്‍ണര്‍ മികച്ച ഫ്ളോട്ടുകള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിക്കും.

സമാപനത്തോടനുബന്ധിച്ച് മഞ്ജുവാര്യര്‍ അവതരിപ്പിക്കുന്ന നൃത്തവും മറ്റു കലാപ്രകടനങ്ങളും അരങ്ങേറും. കടുത്ത സാമ്പത്തിക അച്ചടക്കം പാലിച്ചിട്ടും ഏറെ വര്‍ണാഭമായ രീതിയിലാണ് ഇക്കുറി ഓണം വാരാഘോഷം സംഘടിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞവര്‍ഷം 47 ലക്ഷം രൂപ ചെലവഴിച്ച് നടത്തിയ ഓണാഘോഷം ഇക്കുറി 35 ലക്ഷം രൂപ വിനിയോഗിച്ചാണ് സംഘടിപ്പിക്കുന്നത്. എന്നാല്‍, പരിപാടികളുടെ പകിട്ടിലോ, കലാരൂപങ്ങളുടെ എണ്ണത്തിലോ കുറവില്ല. നഗരത്തില്‍ 30 കേന്ദ്രത്തിലാണ് ആഘോഷപരിപാടി നടക്കുന്നത്. വിവിധ കലാപരിപാടികള്‍ കാണുന്നതിന് വന്‍ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. കലാപരിപാടികള്‍ കാണുന്നതിന് ജനം ഒഴുകിയെത്തിയതോടെ വൈകുന്നേരങ്ങളില്‍ നഗരം വീര്‍പ്പുമുട്ടി. സംസ്ഥാന തലസ്ഥാനത്തും എല്ലാ ജില്ലകളിലും നടക്കുന്ന ഓണാഘോഷ പരിപാടികളില്‍ വന്‍ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്.

Comments

comments