Breaking News

സുപ്രീം കോടതി നിലപാട് കടുപ്പിച്ചതോടെ തമിഴ്‌നാടിന് കാവേരി ജലം നൽകാം എന്ന് കർണ്ണാടക

cauvery27

കാവേരി നദീജല തര്‍ക്കത്തില്‍ സുപ്രീം കോടതി നിലപാട് കടുപ്പിച്ചതോടെ തമിഴ്‌നാടിന് വെള്ളം വിട്ടുനല്‍കാന്‍ കര്‍ണാടക തയ്യാറായി. കാര്‍ഷിക ആവശ്യങ്ങള്‍ക്കായി തമിഴ്‌നാടിന് ജലം വിട്ടു നല്‍കാന്‍ കര്‍ണാടക നിയമസഭയുടെ പ്രത്യേക സമ്മേളനം തീരുമാനിച്ചു. ഇതുസംബന്ധിച്ച പ്രമേയം പാസ്സാക്കിയ നിയമസഭ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ മന്ത്രിസഭയെ ചുമതലപ്പെടുത്തുകയായിരുന്നു. നിയമസഭാ സമ്മേളനത്തിന് ശേഷം മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ജലം വിട്ടുനല്‍കാന്‍ തീരുമാനിച്ച കാര്യം പ്രഖ്യാപിച്ചത്. എന്നാല്‍ എത്ര അളവ് ജലം വിട്ടുനല്‍കുമെന്ന് വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായല്ല. തിങ്കളാഴ്ച രാത്രി മുതല്‍ ആറ് ദിവസത്തേക്ക് 6000 ആറായിരം ഘനയടി വെള്ളം വിട്ടുനല്‍കാന്‍ തന്നെയാണ് തീരുമാനമെന്ന് സൂചനയുണ്ട്.

തമിഴ്‌നാടിന് കാവേരി ജലം വിട്ടുനല്‍കേണ്ടത് അനിവാര്യമായി വന്നിരിക്കുകയാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ നിയമസഭയെ അറിയിച്ചു. മാണ്ഡ്യയിലേയും മൈസൂരിലെയും കാര്‍ഷിക വിളകള്‍ സംരക്ഷിക്കുന്നതിനും കുടിവെള്ള ആവശ്യത്തിനും ജലം നല്‍കിയേ തീരൂ എന്നതാണ് സ്ഥിതി. തമിഴ്‌നാടിന് കര്‍ണാടക 6000 ഘനയടി വെള്ളം വിട്ടുനല്‍കുമ്പോള്‍ തമിഴ്‌നാടിന് സ്വമേധയാ 3000 ഘനയടി ജലം കൂടി ലഭിക്കുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.

സുപ്രീം കോടതി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും വഴങ്ങാത്ത കര്‍ണാടകയുടെ നടപടിയെ കോടതി ഇന്ന് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സുപ്രീം കോടതി നിര്‍ദേശം പാലിച്ച് കര്‍ണാടക ഉത്തമവിശ്വാസം പ്രകടിപ്പിക്കേണ്ടതുണ്ടെന്നായിരുന്നു കോടതിയുടെ പരാമര്‍ശം. ജലം വിട്ടുനല്‍കിയോ ഇല്ലയോ എന്ന കാര്യത്തില്‍ ചൊവ്വാഴ്ച രണ്ട് മണിക്ക് മുമ്പായി തീരുമാനം അറിയിക്കണമെന്നും അതല്ലെങ്കില്‍ ശക്തമായ നടപടികളിലേക്ക് കോടതി നീങ്ങുമെന്നും അന്ത്യശാസനം പുറപ്പെടുവിച്ചതോടെയാണ് വഴങ്ങാന്‍ കര്‍ണാടക തയ്യാറായത്. ഒക്‌ടോബര്‍ ഒന്ന് മുതല്‍ ആറ് വരെ ആറായിരം ഘനയടി വെള്ളം വിട്ടുനല്‍കാനാണ് സുപ്രീം കോടതി നിര്‍ദേശം.

Comments

comments