Breaking News

പരാതി അപകീര്‍ത്തിപ്പെടുത്താനെന്ന് ആദിവാസികള്‍;ഇടമലക്കുടിയില്‍ നരബലി നടന്നിട്ടില്ലെന്ന് പൊലീസ്

tribal-colony
ഇടുക്കിയിലെ ഗോത്രവര്‍ഗ പഞ്ചായത്ത് ഇടമലക്കുടിയില്‍ ആദിവാസികള്‍ക്കിടയില്‍ ദുരാചാരങ്ങള്‍ നടന്നുവെന്ന പരാതി അന്വേഷിക്കാന്‍ മുന്നാറില്‍ നിന്നും പൊലീസ് സംഘം തിങ്കളാഴ്ച ഇടമലക്കുടിയിലെത്തി.ഇടമലക്കുടിയില്‍ പെണ്‍കുട്ടികളെ നരബലി നടത്തിയിട്ടില്ലെന്ന് പൊലീസും സംസ്ഥാന ബാലാവകാശ കമ്മീഷനും പറയുന്നു.

മൂന്നാര്‍ സിഐ സാംജോസിന്റെ നേതൃത്വത്തില്‍ പത്തംഗ സംഘമാണ് ഇടമലക്കുടിയിലെത്തിയത്. മനുഷ്യാവകാശ സംഘടനയെന്ന പേരില്‍ ദേശീയ ബാലാവകാശ കമീഷനാണ് പരാതി നല്‍കിയത്. എന്നാല്‍ അന്വേഷണ സംഘത്തിന് പരാതിയില്‍ കളമ്പില്ലെന്ന് ബോധ്യമായി. ദുരാചാരം നടന്നതായുള്ള ഒരു വിവരവും ലഭിച്ചില്ല. ആദിവാസി സെറ്റില്‍മെന്റിലുള്ള 28 കുടികളിലും തിങ്കളാഴ്ച വൈകിയും അന്വേഷണം നടത്തുകയാണ് പൊലീസ്.

തിങ്കളാഴ്ച പത്തോളം കുടികളില്‍ ഊരുമുപ്പന്‍മാരുമായി പൊലീസ് കൂടികാഴ്ച നടത്തി. എന്നാല്‍ പരാതി വ്യാജമാണെന്നും ആദിവാസി സമുഹത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ബോധപുര്‍വം ചിലര്‍ കെട്ടിചമച്ച കഥയാണിതെന്നും ഇക്കൂട്ടരെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരണമെന്നും ആദിവാസികള്‍ ആവശ്യപ്പെട്ടു. അന്വേഷണസംഘം ജില്ലാ പൊലീസ് മേധാവിക്ക് നല്‍കുന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നടപടി സ്വീകരിക്കുമെന്നാണ് സൂചന.

പരാതി വ്യാജമാണെന്നും വെറും കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ ഒരു സംഘടനയുടെ പേരില്‍ പരാതി ഉന്നയിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു . പരാതിക്കാരന് നരബലി സാധൂകരണത്തിന് തെളിവ് നല്‍കാനും കഴിഞ്ഞിട്ടില്ല. പരാതി നല്‍കിയ ദേശീയ മനുഷ്യാവകാശ സാമൂഹികനീതി കമീഷന്‍ എന്ന സംഘടനയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് അന്വേഷിക്കുമെന്നും ഇടുക്കി ജില്ലാ പൊലീസ് ചീഫ് എ വി ജോര്‍ജ് പറഞ്ഞു.

സമാന പരാതി സംസ്ഥാന ബാലാവകാശ കമീഷനിലും ലഭിച്ചിരുന്നതായി കമ്മീഷന്‍ അധ്യക്ഷ ശോഭ കോശി പറഞ്ഞു. കമീഷന്‍ അംഗങ്ങളും ഇടുക്കി ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറും അടങ്ങിയ സംഘം ഇടമലക്കുടി സന്ദര്‍ശിച്ച് മടങ്ങിയതിനു പിന്നാലെയായിരുന്നു ഇത്. തുടര്‍ന്ന് സമിതിയുടെ അന്വേഷണത്തില്‍ പരാതിയില്‍ ഒരു കഴമ്പുമില്ലെന്ന് ബോധ്യപ്പെട്ടു. എങ്കിലും സംഘടനയുടെ പേരില്‍ ലഭിച്ച പരാതിയെക്കുറിച്ച് പൊലീസ് വകുപ്പിനെ ധരിപ്പിച്ചിരുന്നുവെന്നും അവര്‍ പറഞ്ഞു.

കഴിഞ്ഞ എട്ടുമാസത്തിനിടെ 12 വയസില്‍ താഴെയുള്ള മൂന്നു പെണ്‍കുട്ടികളെ ദേവീപ്രീതിക്കായി നരബലി നടത്തിയെന്നായിരുന്നു സംഘടനയുടെ ആരോപണം. ഡല്‍ഹി കേന്ദ്രമായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള സംഘടനയുടെ ഭാരവാഹിയാണ് പരാതി നല്‍കിയത്. മുമ്പും ഇയാള്‍ നല്‍കിയ പല പരാതികളും കഴമ്പില്ലെന്ന് കണ്ടെത്തിയിട്ടുള്ളതാണ്.

വനം ഉദ്യോഗസ്ഥര്‍, ട്രൈബല്‍ വെല്‍ഫെയര്‍ ഓഫീസര്‍, ഇടമലക്കുടി പഞ്ചായത്ത് അധികാരികള്‍ തുടങ്ങി വിവിധ മേഖലകളിലുള്ളവരില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ തേടിയിരുന്നു. എന്നാല്‍ നരബലി നടന്നതായി ഒരു സൂചനയും ലഭിച്ചില്ല. ഇടുക്കി ജില്ലാ കലക്ടറുടെ അന്വേഷണത്തിലും ഇതുതന്നെയായിരുന്നു ഫലം.

പരാതി നല്‍കിയ സംഘടനയുടെ പേരില്‍ നേരത്തെ ഇടമലക്കുടിയില്‍ ലഘുലേഖ വിതരണം ചെയ്തതായി വിവരമുണ്ട്. ബാലാവകാശ കമ്മീഷന്‍, മനുഷ്യാവകാശ കമ്മീഷന്‍ തുടങ്ങിയവയുമായി നേരിട്ട് ബന്ധമുള്ള സംഘടനയാണെന്ന് തെറ്റിധരിപ്പിക്കുന്ന വിധത്തിലാണ് ലഘുലേഖ പ്രസിദ്ധീകരിച്ചത്. ഇവരുടെ ഉദ്ദേശലക്ഷ്യങ്ങളെക്കുറിച്ച് സര്‍ക്കാര്‍ ഏജന്‍സികള്‍ കൂടുതല്‍ അന്വേഷിക്കുമെന്നാണ് സൂചന. ആദിവാസിമേഖലകളില്‍ കടന്നുകയറി മുതലെടുപ്പിനുള്ള ശ്രമവും സംശയിക്കപ്പെടുന്നു. ഇവര്‍ നല്‍കുന്ന പരാതിയുടെ ആധികാരികത പരിശോധിക്കണമെന്ന നിര്‍ദേശം ദേശീയ ബാലാവകാശ കമ്മീഷന് മുന്നിലുണ്ടെന്നും അറിയുന്നു.

Comments

comments