Breaking News

ഏകീകൃത സിവില്‍ കോഡ്:കേന്ദ്രം നടപടി തുടങ്ങി;പൊതുജനാഭിപ്രായം ചോദ്യാവലി പുറത്തിറക്കി

uniform-civil-code

ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിനെക്കുറിച്ച് പൊതുജനങ്ങളില്‍നിന്ന് അഭിപ്രായങ്ങള്‍ ആരാഞ്ഞ് നിയമ കമീഷന്‍ വെള്ളിയാഴ്ച ചോദ്യാവലി പുറപ്പെടുവിച്ചു. വിവാഹം, വിവാഹമോചനം, ദത്തെടുക്കല്‍, പിന്തുടര്‍ച്ച തുടങ്ങിയ വിഷയങ്ങള്‍ ഏകീകൃത ചട്ടത്തില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ടോയെന്നും ഏകീകൃത കോഡ് വ്യക്തിയുടെ മതസ്വാതന്ത്യ്രത്തിലുള്ള കടന്നുകയറ്റമാകുമോയെന്നും കമീഷന്‍ ആരായുന്നു. സംഘപരിവാര്‍ അജന്‍ഡയായ ഏകീകൃത സിവില്‍ കോഡ് യാഥാര്‍ഥ്യമാക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമാണിത്. മുത്തലാഖിനോടും ബഹുഭാര്യത്വത്തോടും നിക്കാഹ് ഹലാലയോടും വിയോജിപ്പ് അറിയിച്ച് കേന്ദ്ര നിയമന്ത്രാലയം വെള്ളിയാഴ്ച സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുകയും ചെയ്തു.

നിലവിലെ വ്യക്തിനിയമങ്ങളും ആചാരങ്ങളും പ്രത്യേകം ചട്ടവല്‍ക്കരിക്കേണ്ടതുണ്ടോയെന്നും അത് ജനങ്ങള്‍ക്ക് ഗുണം ചെയ്യുമോയെന്നും കമീഷന്‍ ആരായുന്നു. മുത്തലാഖ് നിരോധിക്കണോ തുടരണോ ഭേദഗതികളോടെ തുടരണോയെന്നും കമീഷന്‍ ചോദിക്കുന്നു. ഏകീകൃത സിവില്‍ കോഡ് ഉപാധിയാണോയെന്നും കമീഷന്റെ 16 ചോദ്യങ്ങളിലുണ്ട്.

ശരിയത്ത് ശരിവയ്ക്കുന്നതിനാല്‍ മുത്തലാഖിനെയും ബഹുഭാര്യത്വത്തിനെയും നിയമാനുസൃതമായി പരിഗണിക്കണമെന്ന മുസ്ളിം വ്യക്തി ബോര്‍ഡിന്റെ ആവശ്യം പിഴവേറിയതാണെന്ന് സത്യവാങ്മൂലം പറഞ്ഞു. വിവാഹനിയമങ്ങളില്‍ പാകിസ്ഥാന്‍, സൌദി അറേബ്യ തുടങ്ങി ഇരുപതോളം ഇസ്ളാമിക രാജ്യങ്ങളിലെങ്കിലും നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞു.

വിവാഹമോചന കേസുകളിലും മറ്റും മുസ്ളിംസ്ത്രീകള്‍ വിവേചനം അഭിമുഖീകരിക്കുന്നുണ്ടോയെന്ന ചോദ്യം സുപ്രീംകോടതി സ്വമേധയാ പരിഗണിച്ച് കേന്ദ്രത്തിന്റെയും മറ്റും അഭിപ്രായം തേടുകയായിരുന്നു. ചീഫ് ജസ്റ്റിസ് ടി എസ് താക്കൂര്‍ അധ്യക്ഷനായ ബെഞ്ചാണ് വിഷയം പരിശോധിക്കുന്നത്. മുത്തലാഖിന് ഇരയായ ഷയര ബാനോവരെയും മറ്റും സമര്‍പ്പിച്ച ഹര്‍ജികളും കോടതി പരിഗണിക്കുന്നുണ്ട്. വിഷയത്തില്‍ പ്രതികരണം അറിയിക്കുന്നതിന് കേന്ദ്രത്തിന് നാലാഴ്ച സമയം അനുവദിച്ച് കോടതി സെപ്തംബര്‍ അഞ്ചിന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

സ്വന്തം മതവും ആചാരവും പിന്തുടരാനുള്ള സ്വാതന്ത്യ്രം ഭരണഘടനയുടെ 25–ാംവകുപ്പ് അനുവദിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി മുസ്ളിം വ്യക്തിനിയമ ബോര്‍ഡും ചില മുസ്ളിം സംഘടനകളും സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്. മുത്തലാഖ് ഉള്‍പ്പെടെയുള്ള കീഴ്വഴക്കങ്ങളില്‍ ഇടപെടല്‍ സാധ്യമല്ലെന്നും വ്യക്തിനിയമ ബോര്‍ഡ് അഭിപ്രായപ്പെടുന്നു. വിവാഹത്തിന്റെയും വിവാഹമോചനത്തിന്റെയുമൊക്കെ കാര്യത്തില്‍ മുസ്ളിം വ്യക്തിനിയമത്തിന്റെ അടിസ്ഥാനത്തിലുള്ള ആചാരങ്ങള്‍, വിശുദ്ധ ഖുറാനെ ആധാരമാക്കിയുള്ളതാണെന്നും ഇതില്‍ തിരുത്തലുകള്‍ വരുത്താന്‍ കോടതികള്‍ക്ക് സാധിക്കില്ലെന്നുമാണ് ബോര്‍ഡിന്റെ നിലപാട്.

ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ ആരോഗ്യപരമായ സംവാദമാണ് നിയമ കമീഷന്‍ താല്‍പ്പര്യപ്പെടുന്നതെന്ന് അധ്യക്ഷന്‍ ജസ്റ്റിസ് ബി എസ് ചൌഹാന്‍ പറഞ്ഞു. നിയമങ്ങളുടെ ബഹുസ്വരതയേക്കാള്‍ സാമൂഹികമായ അനീതികള്‍ പരിഹരിക്കുന്നതിന് മുന്‍ഗണന നല്‍കും. ബന്ധപ്പെട്ട എല്ലാവരുടെയും അഭിപ്രായങ്ങള്‍ ആരായും. ഏതെങ്കിലും ഒരു വര്‍ഗത്തിന്റെയോ വിഭാഗത്തിന്റെയോ സമുദായത്തിന്റെയോ ആധിപത്യം കുടുംബനിയമ പരിഷ്കാരങ്ങളുടെ സ്വഭാവത്തെ സ്വാധീനിക്കില്ലെന്ന് ഉറപ്പാക്കും– ജസ്റ്റിസ് ചൌഹാന്‍ പറഞ്ഞു.

Comments

comments