Smiley face

‘അതൊന്നും നടക്കാൻ പോണില്ലേടോ, താൻ പോയി പണി നോക്ക്’ ; മുഖ്യമന്ത്രിയുടെ മാസ് ഡയലോഗ് വസ്ത്ര വിപണിയിൽ | Pinarayi’s mass dialogue in textile market

pinarai-tea-shirt

‘അതൊന്നും നടക്കാൻ പോണില്ലേടോ, താൻ പോയി പണി നോക്ക്’ ; മുഖ്യമന്ത്രിയുടെ മാസ് ഡയലോഗ് ഇനി ടീ ഷർട്ടിലും.മുഖ്യമന്ത്രി പിണറായി വിജയൻറെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും സൂപ്പർ ഹിറ്റ് ഡയലോഗുകൾ വസ്ത്ര വിപണിയിൽ പുതിയ ട്രെൻഡ് ആകുന്നു.

സ്വാശ്രയമെഡിക്കല്‍ പ്രവേശന വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് സഭനിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഷാഫിപറമ്പില്‍ നല്‍കിയ അടിയന്തിര പ്രമേയ നോട്ടീസിന് മറുപടിയായി പറഞ്ഞതായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ ഈ ഡയലോഗ്. ‘ബഹളം വെച്ചാലും പറയേണ്ടതു പറയും, പോയി വേറേ പണിനോക്കെ’ന്നായിരുന്നു മുഖ്യമന്ത്രി സഭയിൽ പറഞ്ഞത്.

ഒരു രാഷ്ട്രീയക്കാരന്‍റെ മാസ് ഡയലോഗ് ടീ ഷർട്ടാകുന്നത് ഇതാദ്യമാകും. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിയമസഭാ സമ്മേളനത്തിനിടയിലെ വിവാദമായ എന്നാൽ ഏറെ പഞ്ച് നിറഞ്ഞ ഡയലോഗാണ് ഇപ്പോൾ ടീ ഷർട്ടിന്‍റെ രൂപത്തിൽ വിപണി കീഴടക്കുന്നത്.

ജനങ്ങളുടെ അഭിപ്രായങ്ങള്‍ക്ക് ഫെയ്‌സ്ബുക്കിലൂടെ മറുപടി നല്‍കിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വൈറലായ ഡയലോഗാണ് ടി ഷര്‍ട്ടില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. വിമർശനങ്ങൾക്കുപോലും ‘ താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി’ ചെന്നിത്തലയുടെ ഈ മറുപടിയാണ് ടീ ഷർട്ടിന്‍റെ രൂപത്തിലെത്തിയിരിക്കുന്നത്.

മലയാള സിനിമയിലെ പല മാസ് ഡയലോഗുകളും തമാശ നിറഞ്ഞ ഡയലോഗുകളും ടീ ഷർട്ടിന്‍റെ രൂപത്തിൽ ഒരുകാലത്ത് വസ്ത്ര വിപണി കീഴടക്കിയിരുന്നു. പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത്, ഓര്‍മ്മയുണ്ടോ ഈ മുഖം, ചന്തുവിനെ തോല്‍പ്പിക്കാന്‍ ആവില്ല മക്കളെ തുടങ്ങിയവ അവയിൽ ചിലത് മാത്രം.

സോൾട്ട് ആൻഡ് പെപ്പറിലെ അവിയൽ ഗാനത്തോടെ ഡയലോഗുകൾ നിറഞ്ഞ ടീ ഷർട്ടുകൾ യുവാക്കൾക്ക് ഹരമായി മാറി. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ വാക്കുകള്‍ ടി ഷര്‍ട്ടിന്റെ പുറത്തും അച്ചടിച്ചു വരുന്നത്. കോട്ടണ്‍കാപ്പി എന്ന സൈറ്റിലൂടെയാണ് ടി ഷര്‍ട്ട് വില്‍പന നടക്കുന്നത്. 499 രൂപയാണ് ടി ഷര്‍ട്ടിന്റെ വില. വിവിധ നിറങ്ങളിലുള്ള ടി ഷര്‍ട്ട് കടകളിൽ നേരിട്ടും വിപണിയിലെത്തിയിട്ടുണ്ട്.

ടീ ഷർട്ടും പിണറായിയുടെ ഡയലോഗ് പോലെ തന്നെ ഹിറ്റ് ആയിരിക്കുകയാണ്. പിണറായിയുടെ ടീ ഷർട്ടിനാണ് ആവശ്യക്കാർ കൂടുതൽ എന്ന് വസ്ത്ര വ്യാപരികൾ പറയുന്നു.ചെന്നിത്തലയുടേത് അത്രക്ക് ഓളം ആയിട്ടില്ലത്രെ.എന്തായാലും ‘താൻ പോയി പണി നോക്ക് ‘വിപണി കീഴടക്കുകയാണ്.

Comments

comments

Smiley face
Smiley face
Seo wordpress plugin by www.seowizard.org.