Published On: Tue, Oct 11th, 2016

കരട്‌ വനനയവും കാമ്പ 2016 ഉം കോർപ്പറേറ്റുകൾക്ക്‌ വേണ്ടി | KAMBA2016 for the corporates

r-ajayan-1200x545_c

ആർ അജയൻ

കേന്ദ്രവന മന്ത്രാലയം വനനയത്തിനും പാർലമെന്റ്‌ നിർബന്ധിത വനവൽക്കരണ പദ്ധതി-2016നും രൂപം നൽകിയിരിക്കുന്നു. പരിസ്ഥിതി നിയമങ്ങൾ പരിഷ്ക്കരിക്കുന്നതിന്‌ കേന്ദ്രഗവൺമെന്റ്‌ ചുമതലപ്പെടുത്തിയ ടിഎസ്‌ആർ സുബ്രഹ്മണ്യം കമ്മിറ്റിയുടെ ശുപാർശകളുടെ ചുവട്‌ പിടിച്ചാണ്‌ ഇത്‌. നിലവിലുള്ള വനനയങ്ങൾക്ക്‌ പകരം ഏകീകൃത ബില്ലാണ്‌ ഉദ്ദേശിക്കുന്നത്‌.
ഇപ്പോൾ കോടതി ഇടപെടൽ കൊണ്ട്്‌ പല കോർപ്പറേറ്റ്‌ പ്രോജക്ടുകളും നടപ്പിലാക്കാൻ കഴിയുന്നില്ല. അതിന്‌ വരുത്താൻ ഉദ്ദേശിച്ചുള്ളതാണ്‌ കരട്‌ വനനയം. വന ഭരണത്തിലും മാറ്റം വരും. പ്രധാനമന്ത്രി അദ്ധ്യക്ഷനായ ദേശീയ വന ബോർഡായിരിക്കും ഇനി കാര്യങ്ങൾ തീരുമാനിക്കുക. പ്രതിലോമകരവുമായ ഈ വനനയത്തെക്കുറിച്ചും കാമ്പ 2016 (കോമ്പൻസേറ്ററി അഫോർസ്റ്റേഷൻ ബിൽ 2016) നെ കുറിച്ചും പ്രസക്തമായ ചർച്ചകളോ അഭിപ്രായ പ്രകടനങ്ങളോ ഉയർന്നുവന്നില്ല. പ്രധാനമന്ത്രി ചെയർമാനായ വനബോർഡിന്റെ തീരുമാനങ്ങൾക്ക്‌ സ്റ്റാറ്റ്യൂട്ടറി പദവിയാണ്‌ നൽകാൻ ഉദ്ദേശിക്കുന്നത്‌. ഈ ബോർഡിന്റെ പ്രവർത്തനങ്ങൾ ഏത്‌ ദിശയിലേക്കാണ്‌ പോകുന്നതെന്ന്‌ അനുഭവത്തിന്റെ വെളിച്ചത്തിൽ ഊഹിക്കാവുന്നതേയുള്ളൂ.

വനാവകാശ നിയമം 2006ന്റെ കടയ്ക്കൽ കത്തിവയ്ക്കുന്നതും അട്ടിമറിക്കുന്നതുമാണ്‌ പുതിയ നയവും കാമ്പയും. ആദിവാസികളുടേയും വനാശ്രിതസമൂഹങ്ങളുടെ അവകാശങ്ങളേയും സ്വാതന്ത്രൃത്തേയും ഇല്ലായ്മ ചെയ്യും. വനനയത്തിന്റെ ഉള്ളടക്കത്തെ ചോർത്തിക്കളയുക മാത്രമല്ല വനങ്ങളെ ശോഷിപ്പിക്കുകയും ചെയ്യും. കേന്ദ്ര ബജറ്റിൽ കാമ്പക്ക്‌ നീക്കി വച്ചിരിക്കുന്നത്‌ 40,000 കോടി രൂപയാണ്‌. കാടിനെ നാടാക്കുകയും നാടിനെ കാടാക്കുകയും ചെയ്യുന്ന കാമ്പയിന്മേൽ യാതൊരവകാശവും ആദിവാസികൾക്കോ വനാശ്രിത സമൂഹത്തിനോ ഉണ്ടാകാൻ പാടില്ലെന്നതാണ്‌ കാമ്പയും കരട്‌ വനനയവും ലക്ഷ്യം വയ്ക്കുന്നത്‌. കാമ്പ ബിൽ ഫോറസ്റ്റ്‌ ഉദ്യോഗസ്ഥന്മാർക്ക്‌ അമിതാധികാരമാണ്‌ നൽകിയിരിക്കുന്നത്‌. ഇപ്പോൾ തന്നെ വനമേഖലയിൽ വനംവകുപ്പ്‌ ഉദ്യോഗസ്ഥരുടെ കിരാത ഭരണമാണ്‌ നടക്കുന്നത്‌.

adivasi-sthreekal_569030

ആദിവാസികൾക്ക്‌ ചെറുകിട വിഭവങ്ങൾ എടുക്കാനും ഉപയോഗിക്കാനും നിയമാനുസരണം കാട്ടിലും വനമേഖലയിലും കഴിയുന്നില്ല. വനവകുപ്പ്‌ ഉദ്യോഗസ്ഥന്മാർ ഇതിനെ തടസപ്പെടുത്തി കേസെടുക്കുകയും ആദിവാസികളെ വല്ലാതെ പീഡിപ്പിക്കുകയും ചെയ്യുന്നത്‌ പതിവാണ്‌. ഒരു തരം പട്ടാള ഭരണമാണ്‌ വനത്തിൽ നടമാടുന്നത്‌. തേൻ, മെഴുക്‌, തുടങ്ങിയ ചെറുകിട വനോൽപ്പന്നങ്ങൾ കാട്ടിൽ ജീവിക്കുന്നവർക്ക്‌ നിയമാനുസൃതം എടുക്കാവുന്നതാണ്‌. കാമ്പ നടപ്പിൽ വരുമ്പോൾ ഏക്കർ കണക്കിന്‌ കാട്ട്മരങ്ങൾ വെട്ടി വ്യാവസായികാവശ്യങ്ങൾക്ക്‌ ഉപയോഗിക്കാനാവും. 40,000 കോടി രൂപ നീക്കി വച്ചിരിക്കുന്നതിലൂടെ മരങ്ങൾ വെട്ടി മാറ്റാനും വനേതര പ്രവർത്തികൾ നടത്താനും ഈ ബിൽ അനുവദിക്കുന്നു.

പുതിയ ബിൽ കാടിനുള്ളിൽ നിന്ന്‌ ആദിവാസികളെ പുറത്താക്കി അവരെ വഴിയാധാരം ആക്കും. രാജ്യസഭയിൽ ഭൂരിപക്ഷമുള്ള കോൺഗ്രസ്പാർട്ടി ചില ഭേദഗതികൾ കൊണ്ടുവന്നതല്ലാതെ ഈ ബില്ലിനെ അപ്പാടെ നിരാകരിക്കാൻ തയാറായില്ല. ലക്ഷക്കണക്കിന്‌ വനാശ്രിത സമൂഹങ്ങളുടെ താൽപര്യമല്ല ബിജെപിയേയും കോൺഗ്രസിനേയും നയിച്ചത്‌. കോർപ്പറേറ്റ്‌ താൽപര്യങ്ങൾക്കാണ്‌ അവർ പരിഗണന നൽകിയത്‌. ഭൂമിക്കും വനവിഭവങ്ങളുടേയും മേലുള്ള അവകാശങ്ങൾക്ക്‌ വേണ്ടിയുള്ള നിരന്തര പോരാട്ടങ്ങളുടെ വിജയമായിരുന്നു വനാവകാശബിൽ 2006ലേത്‌. ന്യൂനപക്ഷ ഗവൺമെന്റ്‌ ആയിരുന്ന ഒന്നാം യുപിഎക്ക്‌ ഇടത്‌ പക്ഷ പിന്തുണ നൽകുമ്പോൾ ചില ഉപാധികൾ (പരിപാടികളിന്മേൽ) മുന്നോട്ട്‌ വച്ചിരുന്നു.

അതിൽ പ്രധാനപ്പെട്ടതാണ്‌ വനാവകാശ നിയമം 2006. എന്നാൽ കാമ്പ 2016 ആദിവാസികളേയും ഇതര വനാശ്രിതസമൂഹങ്ങളെയും സംബന്ധിച്ചടത്തോളം കറുത്ത നിയമമാണ്‌. ഇത്‌ പ്രകാരം വനത്തിൽ ഏതെങ്കിലും വനേതര പ്രവർത്തികൾ നടത്തിയാലോ മരങ്ങൾ മുറിച്ചാലോ വനത്തിനു പുറത്ത്‌ വൃക്ഷങ്ങൾ നട്ടു പിടിപ്പിച്ചാൽ മതിയാകും. ഫലത്തിൽ വനത്തിന്റെ യഥാർഥ ഉടമകളെ ആട്ടിപ്പായിച്ചുകൊണ്ട്‌ വനത്തെയും വനാശ്രിത സമൂഹത്തേയും ദ്രോഹിക്കുന്നതാണ്‌ പുതിയ കരട്‌ വനനയവും കാമ്പ 2016. കാടിന്റെ ഉടമസ്ഥാവകാശം ഇല്ലാതാക്കി വനാശ്രിതരുടെ ജീവിതത്തെയും ജീവനോപാധികളെയും കാമ്പ വഴി മുട്ടിക്കുന്നു. കാമ്പക്കും മറ്റ്‌ കരിനിയമങ്ങൾക്ക്‌ അനുരോധമായിട്ടാണ്‌ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്ന കരട്‌ വനനയവും. വനത്തിലെ സ്വാഭാവിക മരങ്ങൾ വെട്ടി നശിപ്പിച്ച്‌ പകരം വ്യാവസായികാവശ്യങ്ങൾക്കുള്ള മരം (തടി) വച്ച്‌ പിടിപ്പിക്കുന്നതാണ്‌ വനനയത്തിന്റെ പ്രധാനകാതൽ. വനം ഏറ്റെടുക്കുകയോ വനത്തിൽ ഏതെങ്കിലും വനേതര പ്രവർത്തികളോ നടത്തിയാൽ പരിഹാരമായി കാമ്പ 2016 നടപ്പിലാക്കിയാൽ മതിയാകും. ഈ ബിൽ യഥാർത്ഥത്തിൽ വനാവകാശ നിയമത്തിന്റെ സത്തയെ അട്ടിമറിക്കുന്നതാണ്‌. വനാശ്രിത സമൂഹത്തെ സംബന്ധിച്ചിടത്തോളം വൻ ദുരന്തവും ദുരിതവുമാണ്‌ കാമ്പ സൃഷ്ടിക്കുന്നത്‌

Jagdalpur Adivas-3

രാജ്യസഭയിൽ ഭൂരിപക്ഷമുള്ള കോൺഗ്രസ്‌ ചില ഭേദഗതികൾ കൊണ്ടുവന്നിരുന്നു. ലക്ഷക്കണക്കിന്‌ വനാശ്രിത സമൂഹത്തിന്റെ മിനിമം അവകാശങ്ങൾ മാത്രം രക്ഷിക്കാനുതകുന്നതായിരുന്നു ഭേദഗതി. കോർപ്പറേറ്റ്‌ താൽപര്യങ്ങളുടെ കാര്യത്തിൽ ബിജെപിയും കോൺഗ്രസും ഒരേ തൂവൽ പക്ഷികളാണെന്നതിന്‌ ഏറ്റവും നല്ല ഉദാഹരണമാണ്‌ ഈ ബിൽ പാസാക്കി എടുക്കുന്നതിന്‌ അവർ സ്വീകരിച്ച യോജിച്ച നിലപാട്‌. ഇടതുപക്ഷം ഒഴികെ പ്രധാന പ്രതിപക്ഷകക്ഷികളെല്ലാം കാമ്പ നിയമത്തിന്‌ അനുകൂലമായ നിലപാടാണ്‌ എടുത്തത്‌. നേരത്തെ ഇടത്പക്ഷത്തിന്റെയും മറ്റ്‌ പുരോഗമന ശക്തികളുടേയും സമ്മർദ്ദത്തിന്റെ ഫലമായിട്ടാണ്‌ വനാവകാശ നിയമം മനസില്ല, മനസോടെയാണ്‌ യുപിഎ പാർലമെന്റിൽ അവതരിപ്പിച്ച്‌ ഐകകണ്ഠേന പാസാക്കിയതും തുടർന്ന്‌ നിയമമാക്കിയതും.

നിലവിലുള്ള വനാവകാശ നിയമം 2016 പല്ലും നഖവുമുള്ളതുമാണ്‌. വനാവകാശ നിയമത്തിന്റെ പിൻബലംകൊണ്ട്‌ മാത്രമാണ്‌ ഒഡിഷയിലെ നിയമഗിരി കുന്നുകളിലെ ഖാനനം, സുപ്രിംകോടതി ഇടപെട്ട്‌ തടഞ്ഞത്‌. അവിടെ ഊരുകൂട്ടങ്ങൾ നിയമാഗിരിയിലെ ഖാനനത്തിനെതിരെ നില കൊള്ളുകയും ഭൂരിപക്ഷം പേരും എതിർത്ത്‌ വോട്ട്‌ ചെയ്യുകയും ചെയ്തപ്പോൾ സുപ്രിംകോടതി ഖാനനം പാടില്ല എന്ന വിധി പ്രസ്താവിക്കുകയുണ്ടായി. അങ്ങനെ വനാവകാശ നിയമം വന്നതോടെ ആദിവാസി ജനതയ്ക്ക്‌ കൂടുതൽ നിയമപരിരക്ഷ ലഭിക്കുവാൻ തുടങ്ങി. ലോകത്തിലെ ഏറ്റവും വലിയ മൈനിംഗ്‌ കമ്പനികളിലൊന്നായ വേദാന്തയെ തങ്ങളുടെ നാട്‌ കൊള്ള ചെയ്യാൻ അനുവദിക്കില്ലെന്ന്‌ ദോക്രയ കന്ത എന്ന നിയമഗിരി കുന്നുകളിലെ ആദിവാസികൾ ഉറപ്പിച്ച്‌ പറഞ്ഞു. ഒഡീഷ സർക്കാർ വേദാന്തയ്ക്ക്‌ നൽകിയ അനുമതിക്കെതിരെ അവർ സുപ്രീകോടതിയെ സമീപിച്ചു. ക്ലയിം ഉന്നയിച്ചില്ലെങ്കിൽ പോലും ആദിവാസികൾക്ക്‌ വനാവകാശനിയമ പ്രകാരം അവകാശമുണ്ടെന്നാണ്‌ സുപ്രിംകോടതി വിധിച്ചത്‌.

വനാവകാശ നിയമപ്രകാരമുള്ള അവകാശങ്ങൾ നടപ്പിലാക്കപ്പെടുന്ന പ്രക്രിയ നടന്നാലും ഇല്ലെങ്കിലും പരമ്പരാഗതമായി വനഭൂമിയിൽ താമസിപ്പിക്കുന്ന ആദിവാസി വിഭാഗങ്ങൾക്ക്‌ അവരുടെ ആവാസ ഭൂമിയിന്മേൽ അവകാശമുണ്ടെന്നാണ്‌ സുപ്രീകോടതി വിധിയുടെ സാരാംശം. പന്ത്രണ്ട്‌ ഊരുകളായിരുന്നു വേദാന്ത കമ്പനിക്ക്‌ പതിച്ചു കൊടുക്കാൻ ഉദ്ദേശിച്ച മേഖലയിലുണ്ടായിരുന്നത്‌. ഒഡിഷ സർക്കാർ ഊരുകളോട്‌ ഖാനനത്തിനുള്ള അനുമതി ചോദിച്ചു. അവർ അത്‌ നിഷേധിച്ചു. ഊരു കൂട്ടങ്ങളുടെ തീരുമാനം സുപ്രിംകോടതിയിൽ സമർപ്പിക്കുകയും കോടതി അത്‌ അംഗീകരിക്കുകയും ഇനി വേദാന്ത കമ്പനിക്കവിടെ കടന്ന്‌ ചെല്ലാൻ കഴിയില്ല. വനാവകാശ പ്രകാരമുള്ള അധികാരത്തിന്റെ ശക്തിയിതാണ്‌. ഈ പശ്ചാത്തലത്തിലാണ്‌ കോർപ്പറേറ്റുകളെ സഹായിക്കാൻ കാമ്പ പാർലമെന്റ്‌ പാസ്സാക്കിയത്‌.

വനനയവും കാമ്പയും പൂരകങ്ങളും ഒന്ന്‌ ചേർന്ന്‌ നിൽക്കുന്നതുമാണ്‌. ഇത്‌ തികച്ചും കോർപ്പറേറ്റുകളെ പ്രീണിപ്പിക്കാനും വനാവകാശത്തെ ഇല്ലാതാക്കാനുമുള്ളതുമാണ്‌. വനത്തെ പരിപോഷിപ്പിക്കുന്നതിനോ വനാശ്രിത സമൂഹങ്ങളുടെ ജീവിതവും ജീവനോപാധികളേയും അല്ല പുതിയ കരട്‌ വനനയം ലക്ഷ്യമിടുന്നത്‌. മറിച്ച്‌ വനവിഭവങ്ങളിലെ ഏറ്റവും പ്രധാനമേറിയ സ്വാഭാവിക മരങ്ങൾക്ക്‌ പകരം വ്യാവസായിക ആവശ്യങ്ങൾക്കുള്ള മരം വെച്ച്‌ പിടിപ്പിക്കുന്നതിനു ഊന്നൽ നൽകുന്നതാണ്‌. ഇത്‌ പല വികസ്വര രാഷ്ട്രങ്ങളിലും ജല ശോഷണത്തിനും കാർഷിക വനമേഖലയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനും കാരണമാകുന്നുവെന്ന അനുഭവങ്ങളിലൂടെ തെളിയിച്ചിട്ടുള്ളതു മാണ്‌.

tribal-colony

വ്യാവസായിക ആവശ്യത്തിനുള്ള മരങ്ങൾ വച്ചുപിടിപ്പിക്കൽ പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. വനമേഖലയുടെ പരിധിക്കു പുറത്ത്‌ വ്യാവസായിക ആവശ്യത്തിനുള്ള വനവൽക്കരണമെന്ന്‌ സൂചിപ്പിക്കുന്ന അഗ്രോ ഫോറസ്ട്രി, ഫാം ഫോറസ്ട്രി എന്നിവയ്ക്ക്‌ ഊന്നൽ നൽകുന്നു. ഇത്തരത്തിൽ വനനയത്തിലെ ചിലഭാഗങ്ങളാണ്‌ പ്രത്യേകം ശ്രദ്ധ ആകർഷിക്കുന്നത്‌. വനനയത്തിൽ ഇപ്രകാരം പറയുന്നു. വനത്തെ ആശ്രയിച്ചു കൊണ്ടുള്ള വ്യവസായങ്ങൾക്ക്‌ പ്രോത്സാഹനം നൽകേണ്ടതുണ്ട്‌. കർഷകരുമായി സഹകരിച്ച്‌ കൊണ്ടുള്ള വനാധിഷ്ഠിത വ്യവസായങ്ങൾക്കായി നേരത്തെ തന്നെ തോട്ടങ്ങൾ സ്ഥാപിച്ചിട്ടുണ്ട്‌. വ്യവസായങ്ങൾക്കുള്ള അസംസ്കൃത വസ്തുക്കളുടെ ലഭ്യതയും പരസ്പര നേട്ടവും ഉറപ്പാക്കിക്കൊണ്ട്‌ ഇത്തരത്തിലുള്ള നയം കൂടുതൽ വികസിപ്പിക്കേണ്ടതാണ്‌.

ഇവിടെ വനാശ്രിത സമൂഹങ്ങൾക്ക്‌ പകരം കർഷകർ എന്ന്‌ ചേർത്തിരിക്കുന്നു. ആ കർഷകൻ ഏത്‌ എന്ന്‌ നയത്തിൽ പ്രസ്താവിക്കുന്നില്ല. കർഷകരെന്നാൽ ടാറ്റയും ഹാരിസൺ പ്ലാന്റേഷൻ പോലെയുമുള്ള കോർപ്പറേറ്റ്‌ കമ്പനികൾ ആണെന്ന്‌ വ്യക്തമാണ്‌. എന്നാൽ വനനയപ്രകാരവും കാമ്പ 2016 നിലവിലുള്ള വനമേഖലക്ക്‌ വെളിയിലേക്ക്‌ കൂടി വനം വ്യാപിപ്പിക്കുക അതു വഴി ഇന്ത്യയുടെ തടി ഇറക്കുമതി കുറയ്ക്കുക എന്നിവ ഈ നയം വിഭാവനം ചെയ്യുന്നു. ഈ കാരണം കൊണ്ട്‌ തന്നെ വനാതിർത്തിയിൽ വർഷങ്ങളായി താമസിക്കുന്നവർ കുടി ഒഴിപ്പിക്കപ്പെടും. മനുഷ്യന്റെ വിവിധ പ്രവർത്തനങ്ങളിൽ പുറം തള്ളുന്ന ഹരിത വാതകങ്ങളുടെ അളവ്‌ കണക്കാക്കാനും അത്തരം പ്രവർത്തനങ്ങളെ തരം തിരിക്കാനും ഉള്ള ഒരു രീതി കരട്‌ വനനയം മുന്നോട്ട്‌ വയ്ക്കുന്നു. ലോഹങ്ങൾ, പ്ലാസ്റ്റിക്‌ തുടങ്ങിയവയ്ക്ക്‌ ബദലാകാൻ പരിസ്ഥിതി സൗഹാർദ്ദപരമായ തടിക്ക്‌ കഴിയുമെന്നതാണ്‌ ഇതിനു നൽകുന്ന ന്യായീകരണങ്ങൾ. തടിയാണ്‌ നല്ലത്‌ എന്ന മുദ്രാവാക്യം ഏറ്റെടുത്തുകൊണ്ട്‌ പ്രചരണ പ്രവർത്തനങ്ങൾ നടത്തണമെന്ന പുതിയ വനനയം ആഹ്വാനം ചെയ്യുന്നു.

Comments

comments

Seo wordpress plugin by www.seowizard.org.