Breaking News

ഫെമിനിസ്റ്റുകൾക്ക് ചൂടുവെള്ളത്തിൽ കുളിക്കാമോ എന്തോ? വേഷഭൂഷാദികൾക്കും രാഷ്ട്രീയം ഉണ്ടോ?

samitha5

ഡോ.സാമിത സുജയ് 

എല്ലാവര്‍ക്കും വേഷമേ വേണ്ടൂ. അതുകൊണ്ടാണ് എല്ലാവരും വേഷം കെട്ടുന്നത്.ഫെമിനിസ്റ്റുകളുടെ വേഷത്തെക്കുറിച്ച് വൈഖരിയുടെ പോസ്റ്റ് വായിച്ചിരുന്നു. നമ്മളെപ്പോലുള്ള വെറും സാധാരണക്കാർക്ക് വരെ ഇത്തരം അരുതുകളിൽ നിന്നും വിലയിരുത്തലുകളിൽ നിന്നും രക്ഷയില്ല. നീണ്ട ഞാത്തുള്ള കമ്മലുകളും വലിയ സ്റ്റഡുകളും ഉപയോഗിക്കരുത്, കണ്ണെഴുതരുത്, കളർഫുൾ, മോഡേൺ വേഷങ്ങൾ പാടില്ല …… ഇതൊന്നും ഫെമിനിസത്തിനു ചേരില്ലത്രെ. മാത്രമല്ല, ആത്മാർത്ഥമായ രാഷ്ട്രീയമുള്ളവർക്ക് ഇതിലൊന്നും ശ്രദ്ധ പാടില്ല എന്നും.

ഡീ .. ഈയിടെ മൂക്ക് കുത്തിയപ്പോൾ (സോറി ….മൂക്കുത്തി ഇടാൻ വേണ്ടി കുത്തിയ കാര്യമാണ് 😉 ) ഒരാളുടെ കമന്റ് – ” നിങ്ങളുടെ രാഷ്ട്രീയത്തിന് ഇതുചേരുന്നില്ല” എന്ന് :ഓ, ഫെമിനിസ്റ്റുകൾക്ക് ചൂടുവെള്ളത്തിൽ കുളിക്കാമോ എന്തോ :/ ……. ഇനി ഫെമിനിസം പോട്ടെ.ഗസലുകൾ സവർണ്ണ സംഗീതമാണെന്നും അത് കേൾക്കുന്നത് എലൈറ്റ് ബോധം കൊണ്ടാണെന്നും നുമ്മടെ ഒരു ചങ്ക് ആണ് പറഞ്ഞത്. പകച്ച് പണ്ടാരടങ്ങിപ്പോയി…… ഇങ്ങനെയൊക്കെയാണ് പൊളിറ്റിക്കലി കറക്റ്റായി ജീവിക്കേണ്ടതെങ്കിൽ നുമ്മളില്ലേ….

രാഷ്ട്രീയ ശരികളുടെ ശ്വാസം മുട്ടിക്കുന്ന നിബന്ധനകളെക്കുറിച്ച് ചിന്തിച്ചപ്പോഴാണ് വേഷഭൂഷകളുടെ വിഷയവും സംഗീതാസ്വാദനവും ഒന്നിച്ചെഴുതിയത്, രണ്ടും രണ്ടാവാം…… എങ്കിലും എങ്ങനെയാണ് ഗസലിനോടുള്ള സ്നേഹം ദളിത് രാഷ്ട്രീയത്തിന് വിരുദ്ധമാവുന്നത്?

ഗസൽ പ്രേമികളൊക്കെ ഫോക്ക് സംഗീതത്തെ അവഗണിക്കുന്നവരാണോ? എലൈറ്റ് ക്ലാസ്സാവാൻ ഉള്ള എളുപ്പവഴിയായി ഗസൽ ആസ്വാദനത്തെ കാണുന്നുണ്ടോ? എനിക്കങ്ങനെ തോന്നുന്നില്ല (അങ്ങനെയുള്ളവരുണ്ടാവാം)

എന്റെ കാര്യമെടുത്താൽ, ഞാൻ നാടൻ പാട്ടുകളെ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരാളാണ്. ഗസലും കവ്വാലികളും സിനിമാ ഗാനങ്ങളും കവിതകളും എന്നു വേണ്ട എല്ലാ തരം സംഗീതവും കേൾക്കാറുണ്ട്, കാതിന് ഇഷ്ടപ്പെടുന്നത് എന്തും …. (അതിനി കർണ്ണാട്ടിക്കോ കഥകളിപ്പദമോ ഭക്തിഗാനങ്ങളോ ആയാലും) സംഗീതാസ്വാദനത്തിന്റെ വിഷയത്തിൽ അതാണ് രാഷ്ട്രീയം

samitha-2

വസ്ത്രത്തിന്റെ രാഷ്ട്രീയം (ദി ഫിലോസഫി ഓഫ് ഡ്രെസ്സ്) എന്നപേരില്‍ മിനാറോസസും ലൂസി എഡ്വേഡും ചേര്‍ന്ന് എഴുതിയ ഒരു പുസ്തകമുണ്ട്. ഒരു രാജ്യത്തിന്റെ ഔദ്യോഗിക വസ്ത്രധാരണ രീതികളും സംസ്‌കാരവും ഒക്കെയായി ബന്ധപ്പെടുത്തി എഴുതിയ പഠനങ്ങളാണവ. സായിപ്പ് ഏറെക്കാലം നമ്മെ ഭരിച്ചത് അവന്റെ ഭാഷകൊണ്ട് മാത്രമല്ല വേഷം കൊണ്ടുകൂടിയായിരുന്നു. അതുകൊണ്ടാണ് കൊളോണിയല്‍ അടിമത്തം ഇപ്പോഴും ഉള്ളില്‍ പേറി നടക്കുന്ന നമ്മള്‍ ഔദ്യോഗിക ചടങ്ങുകളിലും, നക്ഷത്ര ഹോട്ടലുകളിലും, മുന്തിയ കലാലയങ്ങളിലും, എന്തിന് സ്വകാര്യ ചാനലുകളില്‍ വാര്‍ത്തവായനക്കാര്‍ വരെ സായിപ്പിന്റെ വേഷം കെട്ടിയെത്തണമെന്ന് നിര്‍ബന്ധം പിടിക്കുന്നത്. ഗാന്ധിജി വസ്ത്രധാരണത്തിന്റെ രാഷ്ട്രീയം തിരിച്ചറിഞ്ഞതുകൊണ്ടാണ് അത്തരം വേഷംകെട്ടലുകളുടെ മുഖത്ത് നോക്കി ആഞ്ഞടിച്ചത്. അര്‍ദ്ധനഗ്നനായ ഫക്കീറായി സ്വയം മാറിയത്. ഇന്ത്യയിലെ ഓരോ കുട്ടിയുടേയും മനസില്‍ അര്‍ദ്ധനഗ്നനായ ഈ ഫക്കീറിന്റെ ചിത്രം പതിഞ്ഞുപോയതുകൊണ്ടാണ്, അല്ലെങ്കില്‍ വേഷംകൊണ്ടു നാം ഗാന്ധിജിയേയും നിരാകരിക്കുമായിരുന്നു.താടി വെച്ചാലും ചുവന്ന കോടി പിടിച്ചതുകൊണ്ടും മാർക്സിസ്റ്റ് ആകുമോ ?

മതപണ്ഡിതര്‍ ധരിക്കുന്ന വേഷങ്ങള്‍ക്ക് പോലും അധികാരത്തിന്റെ ചില ചിഹ്നങ്ങളുണ്ട്. ദൈവം ഹൃദയത്തിലേക്കാണ് നോക്കുന്നതെങ്കിലും മനുഷ്യര്‍, പ്രത്യേകിച്ച് മലയാളികള്‍ വേഷത്തിലേക്കാണ് നോക്കുന്നത്. ”കണ്ടാലറിയില്ലേ?” എന്നാണ് നമ്മള്‍ ചോദിക്കുന്നത്

dayabai

വേഷം കെട്ടാതിരുന്നതിൻറെ പേരിൽ മലയാളി അധിക്ഷേപിച്ചിറക്കിവിട്ട ദയാഭായിയുടെ വാക്കുകൾ ഓർമ്മിപ്പിച്ചുകൊണ്ട് അവസാനിപ്പിച്ചേക്കാം

”മനുഷ്യനെ വേഷവും ഭാഷയും നോക്കി വിലയിടുന്ന ഈ നാട്ടില്‍ സ്‌നേഹത്തിന്റേയും അടിത്തട്ടിലുള്ള ജീവിതങ്ങളുടെ നേരിന്റേയും വ്യാപാരിയാണ് ഞാന്‍. മലയാളിയായ എനിക്ക് ഏറ്റവുമധികം അധിക്ഷേപം സഹിക്കേണ്ടി വന്നിട്ടുള്ളത് കേരളത്തിലെ യാത്രകള്‍ക്കിടയിലാണ്.പാവങ്ങളെ ചൂഷണം ചെയ്യുന്നവര്‍ എന്നെ കുരയ്ക്കുന്ന പട്ടിയെന്നാണ് വിളിക്കുന്നത്. പരിഷ്‌കാരികളും സമ്പന്നരുമായ നിങ്ങള്‍ അധഃകൃതര്‍ എന്ന് വിളിച്ച് പരിഹസിക്കുന്ന ജനങ്ങള്‍ക്ക് നീതി കിട്ടുവോളം ഞാന്‍ കുരച്ചുകൊണ്ടേയിരിക്കും.”.

Comments

comments

Reendex

Must see news