Breaking News

തോട്ടങ്ങളും മനുഷ്യാവകാശലംഘനങ്ങളും

r-ajayan-1200x545_c

ആർ അജയൻ

തോട്ടങ്ങളുടെ കാര്യത്തിലെ അന്താരാഷ്ട്ര അനുഭവങ്ങൾ വ്യത്യസ്തമാണ്‌. വനവാസികളുമായുള്ള നിരന്തര സംഘർഷങ്ങൾ, ജല ലഭ്യതയിലെ ഇടിവ്‌, കീടനാശിനികളുടെ അ മിത ഉപയോഗം കാരണമുള്ള മണ്ണ്‌ മലിനീകരണം, എന്നിവയ്ക്ക്‌ അവിടങ്ങൾ സാക്ഷ്യം വഹിക്കുകയാണ്‌. ഇത്തരം വ്യാവസായിക മരത്തോട്ടങ്ങൾ സ്ഥാപിച്ചതിന്റെ ഫലമായി പലയിടങ്ങളിലും ഉണ്ടായ അനുഭവങ്ങൾ നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്‌. ബ്രസീൽ ഏറ്റവും നല്ല ഉദാഹരണമാണ്‌. തടി, പാമോയിൽ, പേപ്പർ തുടങ്ങിയവയുടെ ആഗോള തലത്തിലുള്ള വർദ്ധിച്ച ആവശ്യം നിറവേറ്റുക എന്ന ലക്ഷ്യത്തോടെ ബ്രസീൽ മാത്രമല്ല ഇന്ത്യോനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലും വ്യാവസായിക അടിസ്ഥാനത്തിലുള്ള വൃക്ഷത്തോട്ടങ്ങൾ വനത്തിനുള്ളിൽ വ്യാപകമാക്കി. ഈ രാജ്യത്തിനകത്തും പുറത്തുമുള്ള കോർപ്പറേറ്റ്‌ കമ്പനികൾ വ്യാവസായിക ആവശ്യത്തിനുള്ള മരങ്ങൾ നട്ടു വളർത്തുകയാണ്‌.

ഈ രാജ്യങ്ങളിലെ വ്യാവസായിക തോട്ടങ്ങളുടെ അനുഭവങ്ങൾ വിനാശകരമാണ്‌. പനമരം (പാം ട്രീ) തോട്ടങ്ങളാണ്‌ ഇന്തോനേഷ്യയിൽ 2015 ൽ ഉണ്ടായ വൻ തീപിടുത്തത്തിനു കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്‌. ഇപ്പോഴുള്ള വനമേഖലയ്ക്ക്‌ പുറത്താണ്‌ ഇന്ത്യയിലെ നിർദ്ദിഷ്ട തോട്ടവനങ്ങൾ എന്ന നമ്മുടെ വനനയത്തിന്റെ കരട്‌ പറയുന്നു. ലോകത്തെവിടേയും ഇത്‌ വനത്തിനടുത്തുള്ള ഗ്രാമീണരുടെ പ്രധാനമായും കർഷകരുടെ ഭൂമി ബലം പ്രയോഗിച്ച്‌ തട്ടിയെടുക്കുന്നതിൽ ചെന്നവസാനിച്ചിട്ടുണ്ടെന്ന്‌ കാണാം.ഗ്രാമീണരുടെ മാത്രമല്ല വനത്തിനുള്ളിൽ ജീവിക്കുന്ന ആദിവാസികളും അവിടം വിട്ട്‌ സർക്കാർ ചൂണ്ടിക്കാണിക്കപ്പെടുന്ന സ്ഥലങ്ങളിലേക്ക്‌ പുനരധിവസിക്കപ്പെടും.

അങ്ങനെ അവരുടെ ജീവിതവും ജീവനോപാധികളും വഴിയാധാരമാകും. കാമ്പയുടേയും പുതിയ വന നയത്തിന്റെ ഏറ്റവും പ്രതിലോമകരമായ ഉള്ളടക്കമിതാണ്‌. ഈ നയം നടപ്പിലാക്കിയ വികസ്വര രാജ്യങ്ങളിലെ അനുഭവങ്ങളിലേക്ക്‌ നമ്മുടെ ഭരണാധികാരികൾ ഒന്ന്‌ കണ്ണോടിച്ചു നോക്കുന്നത്‌ നന്നായിരിക്കും. തോട്ടങ്ങളുടെ നിർമ്മാണവുമായി ബന്ധപ്പെട്ടുണ്ടാകുന്ന സാമൂഹ്യവും പാരിസ്ഥിതികവുമായ നീതിക്ക്‌ വേണ്ടിയുള്ള സംഘർഷങ്ങൾ ഭൂലഭ്യത, പരിസ്ഥിതി, നീതി, ബാധ്യതകൾ, വാണിജ്യം, പാട്ടാക്കാലാവധി എന്നിവയിൽ മാത്രം ഒതുങ്ങുന്നതല്ല. സാമ്പത്തികവും, സാംസ്ക്കാരികവുമായതുൾപ്പെടെ അനേകം പ്രശ്നങ്ങൾ ഇതിന്റെ പരിണിത ഫലങ്ങളാണ്‌. പാരിസ്ഥിതിക സംഘർഷങ്ങളെപ്പറ്റി വിവരശേഖരണം നടത്തുന്ന സംഘടനയുടെ 2012 ലെ റിപ്പോർട്ട്‌ പ്രകാരം ഇത്തരം തോട്ടങ്ങൾ നിർമ്മിച്ച പ്രദേശങ്ങളിൽ മനുഷ്യാവകാശ ലംഘനങ്ങൾ പതിവാണ്‌. ഇത്തരം സംഘർഷങ്ങളിൽ കൂടുതൽ ദുരിതം അനുഭവിക്കുന്നത്‌ സ്ത്രീകളാണ്‌ എന്നും ഈ റിപ്പോർട്ട്‌ സൂചിപ്പിക്കുന്നു.

സമാനമായ കാര്യങ്ങൾതന്നെയാണ്‌ വേൾഡ്‌ റെയ്ൻ ഫോറസ്റ്റ്‌ മൂവ്മെന്റ്‌ എന്ന സംഘടനയുടെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്‌. അവരുടെ നിരീക്ഷണത്തിൽ ഇത്തരം കാടുകളിൽ വൻ യന്ത്രങ്ങൾ നിരന്തരമായി ഉപയോഗിക്കുന്നതുകാരണം അവിടെ സൃഷ്ടിക്കപ്പെടുന്ന തൊഴിൽ മുൻപ്‌ കാർഷിക വൃത്തിയിലൂടെ സൃഷ്ടിക്കപ്പെട്ടിരുന്നതിനേക്കാൾ വളരെ കുറവായിരിക്കുമെന്ന്‌ പറയുന്നു. കരട്‌ വനനയം ഇത്തരത്തിലുള്ള ഏതെങ്കിലും പ്രശ്നങ്ങളെപ്പറ്റിയോ അവയുടെ പരിഹാരത്തെപ്പറ്റിയോ ഒരു സൂചനയും നൽകുന്നില്ല.

ഐക്യരാഷ്ട്രസഭ ഭക്ഷ്യ കൃഷി സംഘടന(എഫ്‌എഒ) റിപ്പോർട്ടിന്റെ പ്രസക്ത ഭാഗത്തിൽ പറയുന്നു.“മതിയായ ആസൂത്രണവും നിയന്ത്രണവും സംവിധാനങ്ങളും ഇല്ലാത്തതുമൂലം തോട്ടങ്ങൾ ഉചിതമായ ഇടങ്ങളിലായിരിക്കില്ല നിർമ്മിക്കപ്പെടുന്നത്‌. പ്രദേശത്തിന്‌ അനുയോജ്യമായ വൃക്ഷങ്ങളായിരിക്കില്ല അവിടെ നടുന്നത്‌. തോട്ടങ്ങൾ നിർമ്മിക്കുന്നവർക്ക്‌ സദുദ്ദേശമല്ല ഉള്ളത്‌. മണ്ണിന്റെയും ജലത്തിന്റേയും സ്വഭാവത്തിലെ മാറ്റം പ്രാദേശിക സമൂഹങ്ങളിൽ പല പ്രശ്നങ്ങളും ഉണ്ടാക്കിയേക്കാം. തോട്ടങ്ങളുടേയും മറ്റു മേഖലകളുടേയും വികസന കാര്യത്തിൽ ഭൂവിനിയോഗവുമായി ബന്ധപ്പെട്ട പ്രവേശനങ്ങളും ഉണ്ടാക്കാം”.പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഫോറസ്റ്റ്‌ മാനേജ്മെന്റ്‌ ആണ്‌ ഈ നയരേഖ തയ്യാറാക്കിയിരിക്കുന്നത്‌. 2015 ൽ ഡയറക്ടർ ജനറൽ ഓഫ്‌ ഫോറസ്റ്റിന്റെ നേതൃത്വത്തിൽ ഉള്ള ഒരു പാനൽ വിവിധ സംസ്ഥാനങ്ങളിൽ നിന്ന്‌ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ്‌ ഈ രേഖ, എന്ന്‌ ആണയിട്ട്‌ പറയുമ്പോഴും ഒരു കാര്യം വ്യക്തം. ടി എസ്‌ ആർ സുബ്രഹ്മണ്യം കമ്മിറ്റിയുടെ റിപ്പോർട്ടും കോർപ്പറേറ്റ്‌ താൽപര്യങ്ങളുമാണ്‌ കാമ്പ 2016-ഉം കരട്‌ വനനയവും.

Comments

comments