Breaking News

‘വ്യാജമുട്ട’പ്രചാരണം ജനങ്ങളില്‍ പരിഭ്രാന്തിപരത്തുന്നതിന്;ശാസ്ത്രീയ അടിത്തറയില്ല

egg1-594634-594645

കേരളത്തില്‍ വ്യാജമുട്ട വില്‍പ്പന വ്യാപകമാണെന്ന പ്രചാരണത്തിന് ശാസ്ത്രീയ അടിത്തറയില്ലെന്ന് വിദഗ്ധര്‍. ജനങ്ങളില്‍ പരിഭ്രാന്തി പരത്തുന്നതിന് ഏതോ നിക്ഷിപ്ത കേന്ദ്രങ്ങള്‍ നടത്തുന്ന പ്രചാരണമാണിതെന്ന് ശാസ്ത്രജ്ഞരും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും പറയുന്നു. സങ്കീര്‍ണമായ ജൈവഘടനയുള്ള മുട്ട വ്യാജമായി നിര്‍മിക്കാനാവില്ല. സംശയമുന്നയിച്ച് ചില ഉപഭോക്താക്കള്‍ കൊണ്ടുവന്ന മുട്ടയില്‍ രാസ വസ്തുക്കളൊന്നും കണ്ടെത്താനായില്ലെന്ന് ഇവര്‍ പറഞ്ഞു.

വ്യാജമുട്ട വില്‍ക്കുന്നതായി പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് കാക്കനാട് റീജണല്‍ അനലിറ്റിക്കല്‍ ലബോറട്ടറി അധികൃതര്‍ പാലക്കാട്, ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളില്‍ നിന്നുള്ള സാമ്പിള്‍ പരിശോധിച്ചുവരികയാണ്.തൃശൂര്‍ വെറ്ററിനറി സര്‍വകലാശാലയ്ക്ക് കീഴിലെ മീറ്റ് ആന്‍ഡ് സയന്‍സ് ടെക്നോളജി ലബോറട്ടറിയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള സാമ്പിളുകളുടെ പ്രാഥമിക പരിശോധന നടത്തിയപ്പോഴും ഇവ യഥാര്‍ഥ മുട്ട തന്നെയാണെന്ന് വ്യക്തമായി.

‘ചൈനീസ് മുട്ട’യെന്ന പേരില്‍ നടത്തുന്ന വ്യാജമുട്ട പ്രചാരണത്തെ കണക്കറ്റു പരിഹസിച്ച് പ്രശസ്ത ശാസ്ത്രജ്ഞനും ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിലെ ദുരന്ത ലഘൂകരണ വിഭാഗം തലവനുമായ മുരളി തുമ്മാരുകുടി രംഗത്തുവന്നു. സാധാരണ മുട്ടയെപ്പോലുള്ള ചൈനീസ്മുട്ട പ്രചാരണങ്ങളില്‍ പറയുന്നതുപോലെ നന്നായി പ്രിന്റ്ചെയ്ത് തയ്യാറാക്കണമെങ്കില്‍ ഒരു മുട്ടയ്ക്ക് 5000 രൂപയെങ്കിലും വരും. 5000 രൂപയ്ക്ക് മുട്ടയുണ്ടാക്കി അഞ്ചു രൂപയ്ക്ക് കേരളത്തില്‍ വിറ്റഴിക്കുന്ന ബിസിനസ് മോഡല്‍ ഇപ്പോള്‍ ചൈനയില്‍ ഇല്ല. കേരളത്തിലെ ആദ്യ വ്യാജ കോഴിമുട്ട കണ്ടെത്തുമ്പോള്‍ അഞ്ച് രൂപ വിലയുള്ള മുട്ട 1000 രൂപയ്ക്ക് വാങ്ങാന്‍ താന്‍ തയ്യാറാണ്–മുരളി തുമ്മാരുകുടി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

നിലവിലെ സാഹചര്യത്തില്‍ ഇത് ഊഹാപോഹം മാത്രമാണെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഓണ്‍ലൈന്‍ പ്രസിദ്ധീകരണമായ ‘ലൂക്ക’യില്‍ വിജയകുമാര്‍ ബ്ളാത്തൂര്‍ ചൂണ്ടിക്കാട്ടി. പെട്ടെന്ന് ചൂടില്‍ മുട്ടകള്‍ കേടായിപ്പോകാതിരിക്കാന്‍ കോഴി ഫാമുകാര്‍ കടുപ്പം കൂടിയ പ്രിസര്‍വേറ്റീവുകള്‍ ചേര്‍ക്കുന്നുണ്ടാവാം. തോടിലുള്ള സൂക്ഷ്മസുഷിരങ്ങളിലൂടെ മുട്ടയുടെ ഉള്ളില്‍ അവ എത്താം. കോഴിത്തീറ്റയിലും ഇത്തരം വസ്തുക്കള്‍ ചേര്‍ത്തുകൂടെന്നില്ല. അതുകൊണ്ടാവാം മുട്ട പുഴുങ്ങുമ്പോഴും പൊട്ടിക്കുമ്പോഴും അസ്വാഭാവികത തോന്നുന്നതെന്ന് ലേഖനത്തില്‍ പറയുന്നു.
മുട്ടയുടെ ഘടകങ്ങള്‍ പരിശോധിച്ചതില്‍ അസാധാരണമായൊന്നും കണ്ടെത്താനായില്ലെന്ന് പൌള്‍ട്രി സയന്‍സ് വിദഗ്ധര്‍ വ്യക്തമാക്കി. പല ജില്ലകളിലും ഇത്തരത്തിലുള്ള പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് പരിശോധന നടത്തിയതില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ലെന്ന് ഭക്ഷ്യസുരക്ഷ അസി.കമ്മീഷണര്‍ ശിവകുമാര്‍ ‘ദേശാഭിമാനി’യോട് പറഞ്ഞു. തമിഴ് നാട്ടിലെ നാമക്കലില്‍നിന്നാണ് വ്യാജമുട്ടവരുന്നതെന്ന പ്രചാരണത്തെത്തുടര്‍ന്ന് അവിടെയും അന്വേഷണം നടത്തി. ചൈനയില്‍നിന്ന് ഇന്ത്യയിലേക്ക് മുട്ട ഇറക്കുമതി ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Comments

comments