Smiley face
Published On: Sat, Nov 12th, 2016

ഒറ്റച്ചിറകുള്ള വർണ ശലഭം മയൂരിക്കിനി പത്തനാപുരം കാരൻ ഉദയനാണു കൂട്ട്‌

Smiley face

mayoori2

ജന്മനാ വലതുകാൽ ഇല്ലാത്ത വന്ദനയെ ജീവിതത്തിലേക്ക്‌ ക്ഷണിച്ചത്‌ പത്തനാപുരം കാര്യാട്ടുമഠത്തിൽ ഉദയൻ നമ്പൂതിരി ആണ്‌. മുൻ രാഷ്ട്രപതി അബ്ദുൾ കലാമിന്റെ കയ്യിൽ നിന്നും നേരിട്ട്‌ പുരസ്കാരം വാങ്ങിയതാണ്‌ വന്ദനയുടെ ജീവിതത്തിലെ ധന്യ നിമിഷം. അടുത്തയിടെ വന്ദനയുടെ നൃത്തം കണ്ട പ്രഭുദേവയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. നേട്ടങ്ങൾ അനേകം ആണെങ്കിലും വന്ദന നേരിട്ട തിക്താനുഭവങ്ങളും നിരവധി

ഒറ്റച്ചിറകുള്ള വർണ ശലഭം, കേരള മയൂരി, തുടങ്ങി നിരവധി വിശേഷണങ്ങൾ സ്വന്തമായുള്ള വന്ദന എന്ന അപൂർവ നർത്തകിക്കു ജീവിതത്തിൽ ഒപ്പം നടക്കാൻ ഒരു കൂട്ടുകാരൻ എത്തി. ജന്മനാ വലതുകാൽ ഇല്ലാത്ത വന്ദനയെ ജീവിതത്തിലേക്ക്‌ ക്ഷണിച്ചത്‌ പത്തനാപുരം കാര്യാട്ടുമഠത്തിൽ ഉദയൻ നമ്പൂതിരി ആണ്‌. ബുധനാഴ്്ച കുടപ്പനക്കുന്ന്‌ ദേവി ക്ഷേത്രനടയിൽ വച്ച്‌ ഉദയൻ വന്ദനയുടെ കഴുത്തിൽ താലി ചാർത്തി.

ബന്ധുക്കളും സുഹൃത്തുക്കളും അടക്കം വലിയൊരു സദസ്‌ ആ മംഗളകർമത്തിന്‌ സാക്ഷ്യം വഹിച്ചു. അഞ്ചാലുംമ്മൂട്‌ പനയം ക്ഷേത്രത്തിലെ ശാന്തിക്കാരനായ ഉദയന്‌ വന്ദനയെ ജീവിതപങ്കാളിയാക്കാൻ വന്ദനയുടെ ജാതിയോ സാമ്പത്തിക പിന്നാക്കാവസ്ഥയോ പ്രതിബന്ധമായില്ല. മാധ്യമങ്ങളിൽ നിന്നും വന്ദനയെ കുറിച്ചറിഞ്ഞ ഉദയൻ മാതാപിതാക്കളുടെയും ഏക സഹോദരിയുടെയും സമ്മതത്തോടെ വന്ദനയുടെ അച്ഛനെ ബന്ധപ്പെടുക ആയിരുന്നു. വന്ദന നൃത്തജീവിതം തുടരണം എന്ന്‌ തന്നെ ആണ്‌ ഉദയനും ആഗ്രഹിക്കുന്നത്‌. നൃത്തത്തെ ഉപാസിക്കുന്ന വന്ദനയുടെ മോഹവും ഇനിയും കലയുടെ ഉയരങ്ങൾ കീഴടക്കണം എന്ന്‌ തന്നെ. ബികോം ബിരുദം നേടിയ വന്ദന ഇപ്പോൾ ഗുരു ഗോപിനാഥ്‌ നടന ഗ്രാമത്തിൽ ജീവനക്കാരി ആണ്‌.

തിരുവനന്തപുരത്തു പേരൂർക്കടയിൽ രവീന്ദ്രന്റെയും വത്സലയുടെയും ഏക മകളായ വന്ദന ഒറ്റക്കാലിൽ ചിലങ്കകെട്ടി ആടി തുടങ്ങിയത്‌ എട്ടാം വയസിൽ. നൃത്തത്തോടുള്ള അഗമ്യമായ പ്രണയം മൂലം ഒരു കാലിന്റെ കുറവ്‌ നൃത്തം അഭ്യസിക്കുന്നതിൽ നിന്നും വന്ദനയെ പിന്തിരിപ്പിച്ചില്ല. ഒരു തരം വാശിയോടെ കൊച്ചു വന്ദന തന്റെ തപസ്‌ തുടരുക തന്നെ ചെയ്തു. കൂലിപ്പണിക്കാരനായ രവീന്ദ്രൻ മകളുടെ ആഗ്രഹം സാധിച്ചു കൊടുക്കാൻ തനിക്കു കഴിയുന്നതിനപ്പുറം പ്രയത്നിച്ചു. പൊയ്ക്കാലിൽ നൃത്തം ചെയ്യുന്ന സുധാചന്ദ്രനെ മാതൃകയാക്കിയ വന്ദന പൊയ്കാൽ പോലും ഇല്ലാതെ മോഹിനിയാട്ടവും കുച്ചിപ്പുടിയും ഭരതനാട്യവും സിനിമാറ്റിക്‌ ഡാൻസും കളിച്ചു കാണികളെ അമ്പരപ്പിച്ചു.

പണിതീരാത്ത കൊച്ചു വീട്ടിൽ പുരസ്കാരങ്ങൾ വെയ്ക്കാൻ ഇടമില്ലാതെ വന്ദനയും കുടുംബവും കഷ്ടപ്പെട്ടു. മുൻ രാഷ്ട്രപതി അബ്ദുൾ കലാമിന്റെ കയ്യിൽ നിന്നും നേരിട്ട്‌ പുരസ്കാരം വാങ്ങിയതാണ്‌ വന്ദനയുടെ ജീവിതത്തിലെ ധന്യ നിമിഷം. അടുത്തയിടെ വന്ദനയുടെ നൃത്തം കണ്ട പ്രഭുദേവയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

നേട്ടങ്ങൾ അനേകം ആണെങ്കിലും വന്ദന നേരിട്ട തിക്താനുഭവങ്ങളും നിരവധി. അംഗീകാരങ്ങൾക്കൊപ്പം അപമാനങ്ങളും ഈ അപൂർവ പ്രതിഭ നേരിട്ടു. പക്ഷെ അനുഗ്രഹീതയായ ഈ കലാകാരിയുടെ സമർപ്പണബോധം അതെല്ലാം നിഷ്പ്രഭമാക്കുക തന്നെ ചെയ്തു. ഇനിയും കേരളം ഈ കലാകാരിയെ തിരിച്ചറിഞ്ഞിട്ടില്ല എന്ന്‌ മാത്രം.

Comments

comments

Smiley face
Smiley face
Seo wordpress plugin by www.seowizard.org.